മൗനം. ഘനീഭൂത ദുഃഖാസ്പദമൗനം.
അദ്ദേഹത്തെയും തന്നെയും മൗനദുഃഖത്തിലാഴ്ത്തിയത് അന്യരല്ല. സ്വന്തം മകളാണ്. ധന്യ.
കുട്ടിക്കാലത്തേ അവള്‍ ശാഠ്യക്കാരിയായിരുന്നു. വലുതായപ്പോള്‍ വാശിയുംകൂടി. അതാണ് തങ്ങളെ ധിക്കരിച്ച് വീടുവിട്ട് നീരജിന്റെകൂടെ അവള്‍ പോയത്.
ദുഃഖവും ദേഷ്യവും അമര്‍ത്തിപ്പിടിച്ച് വെറുപ്പോടെ അദ്ദേഹം പറഞ്ഞു:
''പുകഞ്ഞ കൊള്ളി!''
എല്ലാം തികഞ്ഞ പെണ്ണോ ആണോ ഭൂമിയില്‍ ഇല്ലല്ലോ. എന്നിട്ടും നീരജിനെ എല്ലാം തികഞ്ഞവനെന്ന് ധന്യ വിശേഷിപ്പിച്ചു. മനശ്ചാഞ്ചല്യമില്ലാതെ അവള്‍ പടിയിറങ്ങി.
അമ്മയച്ഛന്മാരെ തത്കാലത്തേക്കു മാത്രം സ്‌നേഹിച്ചവള്‍ കാമിച്ചു കാന്തനാക്കിയവനെ എക്കാലത്തേക്കും സ്‌നേഹിക്കുമെന്ന് എങ്ങനെ വിശ്വസിക്കും?
ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുപോയെങ്കിലും ദുഃഖം മാത്രം നിലനിന്നു.
എന്നിട്ടും തനിക്കു മകളെ പൂര്‍ണമായും മറക്കാനോ വെറുക്കാനോ കഴിഞ്ഞില്ലെന്നതാണ് നേര്. അമ്മമാരെല്ലാം ഇങ്ങനെയായിരിക്കുമോ?
ധന്യ ഒരമ്മയായി എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോള്‍ പേരക്കുഞ്ഞിനെ കാണാന്‍ കൊതി തോന്നി. താന്‍ ഭാര്യ മാത്രമല്ലെന്നും അമ്മയും ഇപ്പോള്‍ മുത്തശ്ശിയുമാണെന്നും അദ്ദേഹത്തോടു പറഞ്ഞാലോ എന്നും, ചെന്നു കാണാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചാല്‍ അത് അദ്ദേഹത്തെ വേദനിപ്പിച്ചാലോ എന്നും വിചാരിച്ച് മൗനദുഃഖത്തെ കനപ്പിച്ചു.
തന്റെ മനസ്സിന്റെ വിങ്ങല്‍ മനസ്സിലാക്കിയതുകൊണ്ടാവാം അദ്ദേഹം പറഞ്ഞു:
''ലക്ഷ്മിക്ക് അവളെയും കുഞ്ഞിനെയും കാണണമെന്നുണ്ടാവും അല്ലേ? അവര്‍ അര്‍ഹിക്കുന്നില്ലെങ്കിലും നമുക്ക് എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാം. ഇന്നുതന്നെ നമുക്ക് അവരെ ചെന്നു കാണാം.''
അത്രത്തോളം താഴാന്‍ അദ്ദേഹത്തിനു കഴിയുമെന്നു കരുതിയതല്ല. ആനന്ദക്കണ്ണീരൊഴുക്ക് തുടച്ചുകൊണ്ട് അദ്ദേഹത്തെ തൊഴുതു. അപ്പോള്‍ അറിയുമായിരുന്നില്ല കൂടുതല്‍ സങ്കടപ്പെടേണ്ടിവരുമെന്ന്.
അവിടെ ചെന്നപ്പോള്‍, നീരജ് പുച്ഛത്തോടെ പറഞ്ഞു:
''ക്ഷണിക്കാതെ വരിക ഭിക്ഷക്കാരാണ്. അല്ലെങ്കില്‍ പിരിവുകാര്‍. ഇരുകൂട്ടര്‍ക്കും ഇവിടെ പ്രവേശനമില്ല. ധന്യേ നീ എന്തു പറയുന്നു?''
''നീരജിനോട് ഞാന്‍ എന്നെങ്കിലും യോജിക്കാതിരുന്നിട്ടുണ്ടോ?'' മറുചോദ്യം മറുപടിയാക്കി അവള്‍.
ഞെട്ടിത്തരിച്ചുപോയി.
അപമാനഭാരത്തോടെ ഒരക്ഷരമുരിയാടാതെ തിരിഞ്ഞുനടക്കവേ പെട്ടെന്ന് അദ്ദേഹത്തിന്റെ കാലിടറി. അതു ഹൃദയത്തുടിപ്പിന്റെ താളം തെറ്റിയതിന്റെ സൂചനയായിരിക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു.
മനസ്സില്‍ കയറ്റിവയ്ക്കപ്പെട്ട മൗനദുഃഖഭാരം ഇറക്കിവയ്ക്കാന്‍ ആറടി മണ്ണിലേ കഴിയൂ എന്നുണ്ടോ?