•  2 May 2024
  •  ദീപം 57
  •  നാളം 8
വിളക്കുമരം

ആദര്‍ശരാഷ്ട്രീയത്തിലെ അപൂര്‍വനക്ഷത്രം

തൃശൂരിനടുത്ത് ഒല്ലൂര്‍ ഇടക്കുന്നിവാര്യത്തായിരുന്നു ആധുനികകൊച്ചിയുടെ രാഷ്ട്രീയചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ കഥാപുരുഷനായിരുന്ന ഇക്കണ്ടവാര്യരുടെ ജനനം. കൊച്ചിരാജ്യത്തെ മൂന്നു പ്രസിദ്ധ ദിവാന്‍ജിമാര്‍ ഈ കുടുംബത്തില്‍നിന്നുള്ളവരായിരുന്നു.
ഇക്കണ്ടവാര്യരുടെ പിതാവ് മേലേടത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിയും അമ്മ ഇടക്കുന്നിവാര്യത്തെ പാറുക്കുട്ടി വാരസ്യാരുമായിരുന്നു. ഇക്കണ്ടവാര്യര്‍ ഉള്‍പ്പെടെ ആറു മക്കളായിരുന്നു അവര്‍ക്ക്. 1890 ഏപ്രില്‍ മാസത്തില്‍ ജനനം. തികഞ്ഞ ഭക്തനായിട്ടായിരുന്നു ബാല്യം. സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന അമ്മാവന്‍ ഉഴുത്രവാര്യരാണ് ഇക്കണ്ടന്റെ വിദ്യാഭ്യാസചുമതല ഏറ്റെടുത്തിരുന്നത്.
എറണാകുളം മഹാരാജാസിലും മദ്രാസ് പ്രസിഡന്‍സി കോളജിലും തിരുവനന്തപുരം ലോ കോളജിലുമായാണ് ഇക്കണ്ടവാര്യര്‍ പഠിപ്പു പൂര്‍ത്തിയാക്കിയത്.
മദ്രാസില്‍ പഠിക്കുന്ന കാലത്താണ് ഇക്കണ്ടവാര്യരില്‍ ദേശീയബോധം ആഴമായി പതിഞ്ഞത്. 1914 ല്‍ മദ്രാസില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷികസമ്മേളനവും ആ സമ്മേളനത്തിലെ ശ്രീനിവാസശാസ്ത്രിയുടെ പ്രസംഗവും വാര്യരെ വല്ലാതാകര്‍ഷിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നു മടങ്ങിയെത്തിയ ഗാന്ധിജി നടത്തിയ മദിരാശിസന്ദര്‍ശനവും വാര്യര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. ആനി ബസന്റിന്റെ ഹോം റൂള്‍ പ്രസ്ഥാനത്തിലും വാര്യര്‍ ആകൃഷ്ടനായിരുന്നു.
പ്രാക്ടീസ് തുടങ്ങിയത് തൃശൂര്‍ ജില്ലാക്കോടതിയിലാണ്. പിന്നീട് കൊച്ചി ചീഫ് കോടതിയിലേക്കു മാറി. പ്രമുഖ അഭിഭാഷകനായിരുന്ന കോമ്മാട്ടില്‍ അച്യുതമേനോന്റെ ജൂനിയറായിട്ടായിരുന്നു തുടക്കം. സര്‍ക്കാരുദ്യോഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും വാര്യര്‍ അതിനു വഴങ്ങിയില്ല. മുപ്പതാം വയസ്സിലായിരുന്നു വിവാഹം. ചേന്നംഗലം കോഴിക്കോട്ട് തറവാട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു വധു. 
കേസുകളും തര്‍ക്കങ്ങളും കോടതിവ്യവഹാരങ്ങളുമൊക്കെ നിവൃത്തിയുള്ളിടത്തോളം പറഞ്ഞുതീര്‍ത്തു രമ്യപ്പെടുത്തുന്ന ശൈലിയും സമീപനവുമായിരുന്നു വാര്യരുടേത്. മന്ത്രിയായി ചാര്‍ജെടുക്കാന്‍ പോയത് കോടതിയില്‍നിന്നായിരുന്നു. മുഖ്യമന്ത്രിപദം രാജിവച്ച് തിരികെപ്പോയതും കോടതിയിലേക്കു തന്നെ.
കായികരംഗത്തും വാര്യര്‍ താത്പര്യമെടുത്തിരുന്നു. ടെന്നീസിലും ഫുട്‌ബോളിലുമായിരുന്നു വാര്യര്‍ക്കു കമ്പം. പതിനെട്ടു വര്‍ഷത്തോളം തൃശൂര്‍ നഗരസഭാംഗമായ ഇക്കണ്ടവാര്യര്‍ മൂന്നുവര്‍ഷം മുനിസിപ്പല്‍ ചെയര്‍മാനുമായി. വാര്യര്‍ ചെയര്‍മാനായിരിക്കുമ്പോഴാണ് തൃശൂരിലെ പ്രസിദ്ധമായ വിദ്യുച്ഛക്തിസമരം. ദിവാന്‍ ഷണ്‍മുഖം ചെട്ടി തൃശൂരിലെ വൈദ്യുതി വിതരണച്ചുമതല ഒരു വിദേശക്കമ്പനിക്കു നല്കിയതെന്നതായിരുന്നു സമരത്തിനു കാരണം. ദിവാനും സര്‍ക്കാരും പ്രക്ഷോഭണം അടിച്ചമര്‍ത്താനാണു ശ്രമിച്ചത്. നേതാക്കളെല്ലാം ജയിലിലായി. ഡോ. എ.ആര്‍. മേനോന്‍, സി.ആര്‍. ഇയ്യുണ്ണി മാസ്റ്റര്‍, ഇക്കണ്ടവാര്യര്‍, സി. കുട്ടന്‍നായര്‍ തുടങ്ങിയ നേതാക്കളെല്ലാം സമരത്തിനിറങ്ങി.
1925 ലാണ് കൊച്ചിയിലാദ്യമായി ഒരു നിയമസഭ നിലവില്‍ വന്നത്. ഇക്കണ്ടവാര്യര്‍, കെ. അയ്യപ്പന്‍, ഡോ. എ.ആര്‍. മേനോന്‍, കെ.എം. സീതിസാഹിബ്, അമ്പാട്ട് ശിവരാമമേനോന്‍, പി. കുമാരനെഴുത്തച്ഛന്‍ തുടങ്ങിയ പ്രഗല്ഭര്‍ അതിലെ അംഗങ്ങളായിരുന്നു. നിയമസഭയുണ്ടായി പത്തുവര്‍ഷം കഴിഞ്ഞാണ് കൊച്ചിയില്‍ കോണ്‍ഗ്രസുണ്ടായത്. സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന പേരില്‍ ടി.കെ. നായരുടെ നേതൃത്വത്തിലായിരുന്നു ഇത്.  ഈ പാര്‍ട്ടിക്കു ബദലായി ഉടലെടുത്ത കൊച്ചിന്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലായിരുന്നു ഇക്കണ്ടവാര്യര്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു രാജിവയ്ക്കുന്നതുവരെ ഏതാണ്ട് പതിനേഴുവര്‍ഷത്തോളം ഇക്കണ്ടവാര്യര്‍ കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു. 
ഇക്കണ്ടവാര്യര്‍ തികഞ്ഞ ഒരു   ഗാന്ധിയനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നേരത്തെതന്നെ അംഗമായിച്ചേരുകയും ചെയ്തു.  ദേശീയപ്രസ്ഥാനവുമായി കൊച്ചിയിലെ ജനങ്ങളെ കൂടുതല്‍ ഗാഢമായി ബന്ധിപ്പിക്കുവാന്‍ എസ്. നീലകണ്ഠയ്യര്‍ പ്രസിഡന്റും വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ ജനറല്‍ സെക്രട്ടറിയുമായി കൊച്ചി രാജ്യപ്രജാമണ്ഡലം നിലവില്‍ വന്നു. ഇരിങ്ങാലക്കുടയില്‍ നടന്ന ഒന്നാംവാര്‍ഷികത്തോടെ പ്രജാമണ്ഡലം കൊച്ചിയിലെ ശക്തമായ ജനകീയപ്രസ്ഥാനമായി. ഇക്കണ്ടവാര്യര്‍, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, എസ്. നീലകണ്ഠയ്യര്‍, ജി.എസ്. ധാരാസിംഗ്, സി.ആര്‍. ഇയ്യുണ്ണി തുടങ്ങിയവരായിരുന്നു പ്രജാമണ്ഡലത്തിന്റെ മുന്‍നിരനായകര്‍. പ്രജാമണ്ഡലം പ്രസിഡന്റായതോടെയാണ് ഇക്കണ്ടവാര്യര്‍ കൊച്ചിന്‍ജനതയുടെ അനിഷേധ്യനേതാവായിത്തീരുന്നത്. സ്വാതന്ത്ര്യം സമീപസ്ഥമായതോടെ കൊച്ചിയില്‍ പാര്‍ട്ടികളുടെ എണ്ണം കൂടി. മന്ത്രി പറമ്പി ലോനപ്പന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് പാര്‍ട്ടിയും കെ. അയ്യപ്പന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയും, ടി.കെ. നായരുടെ നേതൃത്വത്തിലുള്ള പ്രോഗ്രസ്സീവ് പാര്‍ട്ടിയുമെല്ലാം പ്രജാമണ്ഡലത്തിനു പുറമേ രാഷ്ട്രീയശക്തികളായി. എങ്കിലും ജനസമ്മിതിയില്‍ മുന്നില്‍ നിന്നത് പ്രജാമണ്ഡലംതന്നെ. കൊച്ചിയിലെ ഭരണസംവിധാനം ജനകീയമായതോടെ ഇടക്കാല മന്ത്രിസഭയില്‍ പ്രജാമണ്ഡലത്തിന്റെ പ്രതിനിധികളായി പനമ്പിള്ളിയും ഇയ്യുണ്ണി മാസ്റ്ററും നിശ്ചയിക്കപ്പെട്ടു. അവര്‍ക്കു പുറമേ ടി.കെ. നായരും കെ. അയ്യപ്പനുമാണ് മന്ത്രിമാരായത്. സ്വാതന്ത്ര്യലബ്ധിയോടെ ഇടക്കാലമന്ത്രിസഭ അധികാരമൊഴിയുകയും പുതിയ തിരഞ്ഞെടുപ്പിനുള്ള വിളംബരമാകുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലത്തിനു വന്‍വിജയമാണുണ്ടായത്. തുടര്‍ന്ന് ഇക്കണ്ടവാര്യര്‍ നിയമസഭാകക്ഷികളുടെ നേതാവായി. അധികാരത്തോടു പ്രത്യേകപ്രതിപത്തിയൊന്നുമില്ലായിരുന്നുവെങ്കിലും കെ.പി. മാധവന്‍ നായരെപ്പോലുള്ള നേതാക്കളുടെ സമ്മര്‍ദംമൂലം ഇക്കണ്ടവാര്യര്‍ മുഖ്യമന്ത്രിയാവാന്‍ സമ്മതിച്ചു. 
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഭരണം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മറ്റു മന്ത്രിമാര്‍ക്കും സ്വീകാര്യമായി. മന്ത്രിമാരുടെ ശമ്പളം അഞ്ഞൂറുരൂപയായി നിശ്ചയിച്ച മുഖ്യമന്ത്രി, മന്ത്രിമാരൊന്നും സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ക്ഷേത്രപ്രവേശനവിളംബരം ഉള്‍പ്പെടെ ഒട്ടേറെ ഭരണനടപടികള്‍ സ്വീകരിക്കുവാന്‍ ഇക്കണ്ടവാര്യര്‍ക്കു കഴിഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവ് തിരുക്കൊച്ചിയില്‍ രാജപ്രമുഖനായി. തിരുവിതാംകൂര്‍ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയും. പ്രായംകൊണ്ടും നിയമസഭാപരിചയത്തിലും സീനിയര്‍ ആയിരുന്നിട്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇക്കണ്ടവാര്യര്‍ ഒരവകാശവും ഉന്നയിച്ചില്ല. പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയില്‍ കൃഷി, ജലസേചന, റവന്യൂ മന്ത്രിയായി വാര്യര്‍ തുടര്‍ന്നു. മന്ത്രിസഭയില്‍ ഒന്‍പതു മന്ത്രിമാരുണ്ടായിരുന്നു. അതധികമാകുമെന്നും അഞ്ചു മന്ത്രിമാര്‍ മതിയാകുമെന്നും ക്യാബിനറ്റില്‍ അഭിപ്രായമുണ്ടായി. തുടര്‍ന്ന് വാര്യര്‍ മന്ത്രിസ്ഥാനവും താമസിയാതെ നിയമസഭാംഗത്വവും രാജിവച്ചു. കുറച്ചുകാലം അദ്ദേഹം ഫുഡ് പ്രൊഡക്ഷന്‍ ബോര്‍ഡിന്റെ അനുദ്യോഗസ്ഥ ചെയര്‍മാനായിരുന്നു. പിന്നീടുണ്ടായ കെ.പി.സി.സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വാര്യര്‍ മത്സരിക്കണമെന്ന് പലരുമാവശ്യപ്പെട്ടു. പക്ഷേ, അതു സംബന്ധിച്ച ആലോചനായോഗങ്ങളില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും പാര്‍ട്ടിയില്‍ കണ്ട ചേരിതിരിവുകളും പാര്‍ട്ടി അധ്യക്ഷസ്ഥാനം വേണ്ടെന്നു വയ്ക്കാന്‍ വാര്യരെ പ്രേരിപ്പിച്ചു. പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ഗാന്ധിയന്‍ സര്‍വോദയ പ്രസ്ഥാനങ്ങളിലായി. കേന്ദ്ര പബ്ലിക് സര്‍വ്വീസ് കമ്മീഷനിലേക്കു പരിഗണിക്കപ്പെട്ടപ്പോഴും വാര്യര്‍ അതു നിരസിച്ചു. 
ഭൂദാനയജ്ഞം തുടങ്ങിയപ്പോഴും വാര്യര്‍തന്നെയായി നേതാവ്. കൊച്ചിരാജ്യംതന്നെ ഇക്കണ്ടവാര്യര്‍ തിരുവിതാംകൂറിനു ദാനം ചെയ്തുവല്ലോ എന്നു പരിഹസിച്ചവരുമുണ്ടായിരുന്നു. എന്നാല്‍, സര്‍വോദയ - ഭൂദാനപ്രസ്ഥാനങ്ങളിലും വാര്യരുടെ നേതൃത്വത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങള്‍ വന്നതോടെ വാര്യര്‍ക്കും മനസ്സു മടുത്തു. തന്റെ ആരാധ്യരായ നേതാക്കളായിരുന്ന ആചാര്യ വിനോബാജിയുടെയും ജയപ്രകാശ് നാരായണിന്റെയും തന്റെ കാര്യത്തിലുണ്ടായ നിസ്സംഗതയും സജീവപ്രവര്‍ത്തനങ്ങളില്‍നിന്നെല്ലാം പിന്മാറുവാന്‍ വാര്യര്‍ക്കു പ്രേരണയായി. സ്വന്തമാവശ്യങ്ങള്‍ക്കുപോലും പലപ്പോഴും ഇക്കണ്ടവാര്യരുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. മരണത്തിന് ആറുമാസംമുമ്പ് ഏതെങ്കിലുമൊരു ആശ്രമത്തിലോ മറ്റോപോയി ജീവിക്കുന്നതിനെക്കുറിച്ചുപോലും വാര്യര്‍ ആലോചിച്ചിരുന്നു. അത്യാവശ്യസുഖസൗകര്യങ്ങളുണ്ടായിരുന്ന സ്വഭവനം വിട്ട് ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിഞ്ഞിരുന്ന സ്വന്തം ഇളയ സഹോദരിയുടെ അടുത്തുചെന്ന് താമസിക്കുവാനാണ് വാര്യര്‍ ഇഷ്ടപ്പെട്ടത്. രോഗിയായതോടെ ക്ലേശങ്ങളും കൂടി. 1977 ജൂണ്‍ എട്ടാം തീയതി ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു ഇക്കണ്ടവാര്യരുടെ അന്ത്യം. 
ജീവിതത്തിലുടനീളം ആദര്‍ശസമ്പന്നനായിരുന്ന ഇക്കണ്ടവാര്യര്‍ക്ക് അധികാരമോഹം അശേഷം ഉണ്ടായിരുന്നില്ല. എന്നിട്ടും വിധി അദ്ദേഹത്തെ നാലു തവണ പ്രജാമണ്ഡലത്തിന്റെ പ്രസിഡന്റാക്കി. കൊച്ചിയില്‍ മന്ത്രിയും മുഖ്യമന്ത്രിയുമായി. തിരുക്കൊച്ചിയിലും മന്ത്രിയായി. തികഞ്ഞ ശുദ്ധാത്മാവായിരുന്നു വാര്യര്‍. സ്വന്തം അഭിപ്രായങ്ങളില്‍ കുറച്ചൊരു നിര്‍ബന്ധബുദ്ധിയുമുണ്ടായിരുന്നു. രാഷ്ട്രീയതന്ത്രങ്ങള്‍ തനിക്ക് അജ്ഞാതമായിരുന്നതുകൊണ്ട് പലപ്പോഴും അധികാരപദവികളില്‍നിന്ന് അദ്ദേഹത്തെ അനായാസമൊഴിവാക്കാന്‍ വാര്യരുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഒട്ടും പ്രയാസമുണ്ടായില്ല. സഹപ്രവര്‍ത്തകരില്‍നിന്നും താനാദരിച്ചിരുന്ന ചില നേതാക്കളില്‍നിന്നുപോലും തനിക്കേറ്റ അമ്പുകള്‍ സൃഷ്ടിച്ച ആഴപ്പെട്ട മുറിവുകളോടെയാണ് ഇക്കണ്ടവാര്യര്‍ കടന്നുപോയത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ അപൂര്‍വശോഭയോടെ തിളങ്ങുന്ന ഒരാദര്‍ശനക്ഷത്രമായി ഇക്കണ്ടവാര്യര്‍ ഇന്നും നിലനില്ക്കുന്നു.

 

Login log record inserted successfully!