•  2 May 2024
  •  ദീപം 57
  •  നാളം 8
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കാട്ടുപോത്ത്

കേരളത്തിലെ കാടുകളില്‍ ആനയും കടുവയും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനം കാട്ടുപോത്തിനുതന്നെ. മണംപിടിക്കാനുള്ള  കാട്ടുപോത്തിന്റെ കഴിവ് അപാരമാണ്. ഇവയെ കാട്ടിയെന്നും കാട്ടുകാളയെന്നുമൊക്കെ ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്. പറമ്പികുളം, തേക്കടി, വയനാട് എന്നിവിടങ്ങളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു. കേരളത്തിലെ കാട്ടുപോത്തിന് ഇരുണ്ട തവിട്ടുനിറമാണ്. കാലുകളുടെ മുട്ടിനുതാഴെ വെള്ളനിറമായിരിക്കും. അര്‍ദ്ധവൃത്താകൃതിയിലാണ് കൊമ്പുകള്‍.
കൂട്ടത്തോടെയാണ് ഇവയെ കാണുക. അപൂര്‍വമായി ഒറ്റയ്ക്കും സഞ്ചരിക്കുന്നു. ആണും പെണ്ണും കുട്ടികളും ഒന്നിച്ചാണ് കാണപ്പെടുന്നത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ചുമതല പ്രധാനമായും അമ്മയ്ക്കു തന്നെ. ഇക്കാര്യത്തില്‍ കൂട്ടത്തിലെ മറ്റുള്ളവയും സഹായിക്കാറുണ്ട്. ആദ്യനാളുകളില്‍ പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞ് നാലോ അഞ്ചോ മാസത്തിനുള്ളില്‍ പുല്ലും തിന്നുതുടങ്ങുന്നു.
വളര്‍ച്ചയെത്തിയ കാട്ടുപോത്തിന് ഒരു ടണ്‍വരെ ഭാരമുണ്ടാവാം. ഇതിന് അസാമാന്യശക്തിയുണ്ടെങ്കിലും  പൊതുവേ ശാന്തസ്വഭാവമാണ്. മനുഷ്യന്റെ സാമീപ്യമറിഞ്ഞാല്‍ ഓടിയൊളിക്കും. ശ്രവണശക്തിയും കാഴ്ചശക്തിയും  അത്രയേറെയില്ലെന്നതാണ് വസ്തുത. ആണ്‍പോത്തിനു രണ്ടു മീറ്റര്‍വരെ ഉയരം വയ്ക്കാറുണ്ട്. കൊമ്പിന്റെ നീളം ഒരു മീറ്ററോളം വരും. തല ഉയര്‍ന്നുനില്‍ക്കും.
ബൈസണ്‍ എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന കാട്ടുപോത്തിന്റെ ശാസ്ത്രനാമം ബോസ്ഗാറസ് എന്നാണ്. പൊതുവേ ചതുപ്പുപ്രദേശമാണ് കാട്ടുപോത്തുകള്‍ക്കിഷ്ടം. പുല്ലും ഇലകളുമാണ് ഭക്ഷണം. ആന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സസ്യാഹാരം തിന്നുന്നത് കാട്ടുപോത്തുതന്നെ. വയലുകള്‍പോലെയുള്ള  ചതുപ്പുസ്ഥലങ്ങളും ജലാശയങ്ങളുമൊക്കെയുള്ള പ്രദേശങ്ങളാണ് പോത്തുകള്‍ താവളമാക്കുന്നത്. സ്വാഭാവികവനപ്രദേശത്തു പോത്തിന്‍പറ്റങ്ങള്‍ മേയുന്ന  കാഴ്ച കൗതുകമുണര്‍ത്തുന്നതാണ്.

 

Login log record inserted successfully!