വാഷിംഗ്ടണ്‍: 'മണ്ണില്‍നിന്ന് എല്ലാമെടുക്കുന്നത് നല്ലതല്ല. തിരിച്ചുകൊടുക്കുക എന്നൊരു നിയമമുണ്ട്. എന്തെല്ലാം നിങ്ങള്‍ മണ്ണില്‍നിന്നെടുക്കുന്നോ അതെല്ലാം തിരിച്ചുകൊടുക്കണം' - പറയുന്നത് ഡോ. രത്തന്‍ലാലാണ്. ഇക്കൊല്ലത്തെ ലോകഭക്ഷ്യസമ്മാനം നേടിയ ഇന്ത്യന്‍-അമേരിക്കന്‍ ശാസ്ത്രജ്ഞന്‍.
മണ്ണുസംരക്ഷണത്തിന് ആവിഷ്‌കരിച്ച നൂതനവിദ്യകളിലൂടെ 50 കോടിയിലേറെ ചെറുകിടകര്‍ഷകരുടെ ജീവനോപാധി സംരക്ഷിച്ച ശാസ്ത്രജ്ഞനെന്നാണ് അമേരിക്കയിലെ അയോവ ആസ്ഥാനമായുള്ള വേള്‍ഡ് ഫുഡ് പ്രൈസ് ഫൗണേ്ടഷന്‍ ഡോ. ലാലിനെ വിശേഷിപ്പിക്കുന്നത്. നാലു ഭൂഖണ്ഡങ്ങളിലായി അഞ്ചു പതിറ്റാണ്ടു നീളുന്ന പ്രവര്‍ത്തനങ്ങളാണ് എഴുപത്തഞ്ചുകാരനായ അദ്ദേഹം നടത്തിയത്. ഇതിലൂടെ 200 കോടിയിലേറെപ്പേര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണവും പോഷകാഹാരവും ലഭ്യമായി. കോടിക്കണക്കിനു ഹെക്ടര്‍ ഭൂമി സ്വാഭാവികരീതിയില്‍ സംരക്ഷിക്കപ്പെട്ടു.
മണ്ണിനെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷ്യോത്പാദനം മെച്ചപ്പെടുത്തുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ചതിനും കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമായാണ് കാര്‍ഷികമേഖലയിലെ നൊബേല്‍ എന്നറിയപ്പെടുന്ന പുരസ്‌കാരം ലഭിച്ചത്. രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) പുരസ്‌കാരത്തുകയായി ഡോ. രത്തന്‍ലാലിനു ലഭിക്കുക. ഭാവിയിലെ മണ്ണുഗവേഷണത്തിനും പഠനത്തിനുമായി ഈ തുക സംഭാവന ചെയ്യുകയാണ് അദ്ദേഹം.
പഞ്ചാബ് കാര്‍ഷികസര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ് ലാല്‍. അതിനുശേഷം അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ഇവിടത്തെ കോളജ് ഫോര്‍ ഫുഡ്, അഗ്രിക്കള്‍ച്ചറല്‍, എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ അധ്യാപകനാണ്. 1987 ല്‍ 'ഹരിതവിപ്ലവത്തിന്റെ പിതാവ്' എം.എസ്. സ്വാമിനാഥനാണ് ലോകഭക്ഷ്യപുരസ്‌കാരം ആദ്യം ലഭിച്ചത്