•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

ഓര്‍മിക്കുമോ നമ്മള്‍ മാതൃഭാഷാമഹത്ത്വം?

ലോകം മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിവസം മാറ്റിവച്ചിട്ടുണ്ട് - ഫെബ്രുവരി 21. അന്താരാഷ്ട്രമാതൃഭാഷാദിനം. 
യുനെസ്‌കോ 1999 നവംബര്‍ 17-നാണ്, അന്താരാഷ്ട്രാമാതൃഭാഷാദിനാചരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിനു പ്രേരണയായത് കാനഡായില്‍ താമസിക്കുന്ന രണ്ടു ബംഗ്ലാദേശുകാര്‍ അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് അയച്ച കത്താണ്. അത് 1998ലായിരുന്നു. ഇതിനുപിന്നാലെയായിരുന്നു യുനെസ്‌കോയുടെ പ്രഖ്യാപനം ഉണ്ടായത്. 
2007മേയ് 16-ന് യു.എന്‍ ജനറല്‍ അസംബ്ലി യുനെസ്‌കോയുടെ പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി. എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകമെങ്ങും അന്താരാഷ്ട്ര മാതൃഭാഷാദിനമായിരിക്കും. 2008 അന്താരാഷ്ട്ര മാതൃഭാഷാവര്‍ഷമായി ആചരിക്കാനും തീരുമാനമെടുത്തു. 
ഐക്യരാഷ്ടസഭ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത് സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഫലമായിരുന്നില്ല. അതിന്റെ പിന്നില്‍ ബംഗ്ലാദേശിന്റെ സമ്മര്‍ദമാണുണ്ടായിരുന്നത്. അതിന്റെയും പിന്നില്‍ ഒരു ചരിത്രമുണ്ട്. 
1947- ലാണല്ലോ ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലീം ഭൂരിപക്ഷ ദേശങ്ങള്‍ ചേര്‍ത്തു പാക്കിസ്ഥാന്‍ എന്ന രാജ്യം രൂപമെടുത്തത്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തും തെക്കുകിഴക്കു ഭാഗത്തുമായി രണ്ടു ഭൂഭാഗങ്ങള്‍. ആദ്യത്തേതു പശ്ചിമപാക്കിസ്ഥാനും രണ്ടാമത്തേതു പൂര്‍വപാക്കിസ്ഥാനും. ഇന്ത്യന്‍ സംസ്ഥാനമായ ബംഗാളിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് പൂര്‍വപാക്കിസ്ഥാനായി മാറിയത്. ഇരുഭാഗങ്ങളും തമ്മിലുള്ള ദൂരം 1800 കി.മീറ്റര്‍. 
രണ്ടു പാക്കിസ്ഥാനുകളിലെയും സംസാരഭാഷ വ്യത്യസ്തമായിരുന്നു. പശ്ചിമപാക്കിസ്ഥാനില്‍ ഉര്‍ദുവും പൂര്‍വപാക്കിസ്ഥാനില്‍ ബംഗ്ലായും. പൂര്‍വ്വപാക്കിസ്ഥാന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട്, 1948-ല്‍ പാക്കിസ്ഥാന്‍രാഷ്ട്രത്തിന്റെ ഔദ്യോഗികഭാഷ ഉര്‍ദുവായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പൂര്‍വപാക്കിസ്ഥാ
ന്‍കാരുടെ പ്രതിഷേധങ്ങള്‍ സൈനികശക്തികൊണ്ട് അടിച്ചമര്‍ത്തി. 
പക്ഷേ, ബംഗാളികളുടെ മാതൃഭാഷാഭിമാനം അങ്ങനെയങ്ങു വഴങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല. അവര്‍ പ്രതിഷേധം തുടര്‍ന്നു. 1952 ഫെബ്രുവരിയില്‍ ധാക്കാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ മാതൃഭാഷ ബംഗ്ലാ ഔദ്യോഗികഭാഷയായി അംഗീകരിച്ചുകിട്ടണ
മെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭം ലാത്തിച്ചാര്‍ജ്ജിലും വെടിവയ്പിലും കലാശിച്ചു. വെടിവയ്പില്‍ അഞ്ചു വിദ്യാര്‍ഥികള്‍ രക്തസാക്ഷികളായി. അതു ഫെബ്രുവരി 21-നായിരുന്നു.
മാതൃഭാഷയ്ക്കുവേണ്ടി ഇത്തരത്തിലൊരു പ്രക്ഷോഭവും രക്തസാക്ഷിത്വവും ലോകചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. 1971-ല്‍ പൂര്‍വപാക്കിസ്ഥാന്‍ സ്വതന്ത്രമായി. പുതിയ രാഷ്ട്രത്തിനു നല്‍കിയതു മാതൃഭാഷയുടെ പേരുതന്നെ - ബംഗ്‌ളാദേശ്. മാതൃഭാഷതന്നെ ഔദ്യോഗികഭാഷയുമായി. 
ഭാഷയുടെ കാര്യത്തില്‍ ഇത്രയ്ക്ക് ആവേശം വേണ്ടല്ലോ എന്നൊരു ചോദ്യം ചിലരില്‍നിന്നെങ്കിലും ഉണ്ടായേക്കാം. മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം എത്ര വികാരഭരിതമാണ് എന്നറിയാത്തവര്‍ക്കു മാത്രമേ ഇത്തരത്തില്‍ സംശയാലുക്കളാകാന്‍ കഴിയൂ. മാതൃഭൂമിയും മാതൃഭാഷയും ഏതൊരു വ്യക്തിയുടെയും ആത്മാവില്‍ പതഞ്ഞുയരുന്ന രണ്ടു വികാരങ്ങളാണ്. 
ഭാഷയുടെ ആദ്യകാലനിര്‍വചനം ആശയപ്രകാശനത്തിനുള്ള ഉപാധിയെന്നായിരുന്നു. അതു തികച്ചും അപര്യാപ്തം. ഭാഷയില്ലാതെ മറ്റു ജീവികളും ആശയപ്രകാശനം സാധിക്കുന്നുണ്ടല്ലോ. ഭാഷ ആത്മാവിഷ്‌കാരത്തിനുള്ള മാധ്യമവും ഗ്രഹണധാരണകള്‍ക്കുള്ള ഉപകരണവുംകൂടിയാണ്. അതിന് എന്തെങ്കിലുമൊരു ഭാഷ പോരേ എന്ന ചോദ്യവും ഉണ്ടാകാം. വസ്തുതകളുടെ സൂക്ഷ്മസ്ഥിതി മനസ്സിലാകുമ്പോള്‍ ആ ചോദ്യം അശാസ്ത്രീയവും  അയുക്തികവുമാണെന്നു വ്യക്തമാകും. 
മാതൃഭാഷയ്ക്കുപുറമേ പലരും പല ഭാഷകള്‍ സ്വായത്തമാക്കാറുണ്ട്. ആധുനികകാലഘട്ടത്തില്‍, പ്രത്യേകിച്ചും ആഗോളവത്കൃതയുഗത്തില്‍ ഇത് അനിവാര്യമാണുതാനും. അതുകൊണ്ടു പക്ഷേ, മാതൃഭാഷയുടെ പ്രാധാന്യം കുറയുന്നില്ല. മാതൃഭാഷ പെറ്റമ്മയാണെന്നും മറ്റു ഭാഷകള്‍ പോറ്റമ്മമാരാണെന്നും മഹാകവി വള്ളത്തോളിന്റെ ഒരു സാദൃശ്യകല്പനയുണ്ട്. മാതൃഭാഷയിലൂടെ സ്വായത്തമാക്കിയ അറിവും ഭാഷാപരിജ്ഞാനവും അടിസ്ഥാനമാക്കിയാണ് മറ്റു ഭാഷകളുടെ പഠനത്തിലേക്കും പ്രയോഗത്തിലേക്കും നമ്മള്‍ കടന്നുകയറേണ്ടത്. 
ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ ആധുനിക വിദ്യാഭ്യാസം പ്രചാരത്തിലായതും നമ്മള്‍ പരിഷ്‌കൃതലോകസാഹചര്യങ്ങളിലേക്കു പ്രവേശിച്ചതും. സ്വാഭാവികമായിത്തന്നെ, അന്നത്തെ അധ്യയനഭാഷയും ഭരണഭാഷയും ഇംഗ്ലീഷായിരുന്നു. ഇന്ത്യക്കാരെ നല്ല ഗുമസ്തന്മാരാക്കുക എന്നതിനപ്പുറത്ത് വിദ്യാസമ്പന്നരായ ലോകപൗരന്മാരാക്കി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമൊന്നും സായ്പ് രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതിക്കുണ്ടായിരുന്നില്ല. മാതൃഭാഷയിലൂടെ പഠിച്ചു വിദഗ്ധരാകുന്നതിനു പകരം ഇംഗ്ലീഷിലൂടെ തപ്പിത്തടഞ്ഞു ശരാശരിക്കാരാകാനേ അക്കാലത്തെ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞുള്ളൂ. ഇക്കാര്യത്തിലും അപവാദങ്ങളില്ലെന്നല്ല, ഏതു കാര്യത്തിലും അതു സാധാരണമാണല്ലോ. 
ഉള്ളിലേക്കു തുറക്കുന്ന വാതില്‍ മാതൃഭാഷയാണ്. ഏതു പുതിയ അറിവും അതിലൂടെ ഉള്‍ക്കൊള്ളുമ്പോഴേ പൂര്‍ണവ്യക്തതയോടെ മനസ്സില്‍ പതിയൂ. ആവിഷ്‌കാരത്തിനുള്ള ഏറ്റവും തെളിമയാര്‍ന്ന മാധ്യമവും മാതൃഭാഷതന്നെ. ഉള്ളില്‍നിന്നുള്ള സ്വാഭാവികപ്രവാഹമാണ് മാതൃഭാഷയിലൂടെ സംഭവിക്കുന്നത്. അന്യഭാഷയിലൂടെയുള്ള ഗ്രഹണത്തിനും ധാരണത്തിനും ആവിഷ്‌കാരത്തിനും പരിമിതികളുണ്ട്. ഇക്കാരണത്താലാണു വിദ്യാഭ്യാസവിദഗ്ധര്‍ അധ്യയനമാധ്യമം മാതൃഭാഷയായിരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നത്. 
ഇന്ത്യയെപ്പോലെ ഭാഷാവൈവിധ്യമുള്ള ഒരു രാഷ്ട്രത്തിന് ഒരു പൊതുഭാഷ അല്ലെങ്കില്‍ ഔദ്യോഗികഭാഷ വ്യവസ്ഥ ചെയ്യുക എളുപ്പമുള്ള കാര്യമല്ല. 1949 നവംബര്‍ 26-ന് അംഗീകരിച്ച നമ്മുടെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നതു 14 ഭാഷകളായിരുന്നു. പിന്നീടു പല ഘട്ടങ്ങളിലായി 8 ഭാഷകള്‍ കൂട്ടിച്ചേര്‍ത്തതുവഴി പട്ടികയിലെ ഭാഷകളുടെ എണ്ണം 22 ആയി. 
ഭരണഘടനയിലെ 343 മുതല്‍ 351 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഭാഷാപരമായ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. ഏറ്റവും അധികം ജനങ്ങളുടെ മാതൃഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ടത്തിന്റെ ഔദ്യോഗികഭാഷയായി നിശ്ചയിക്കപ്പെട്ടു. എന്നല്ല, ഹിന്ദിയുടെ പ്രചാരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തു. 

എങ്കിലും ആദ്യത്തെ 15 വര്‍ഷത്തേക്ക് രാഷ്ട്രത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷ് ആയിരിക്കണമെന്നും ഭരണഘടന നിര്‍ദേശിച്ചിരുന്നു. നൂറ്റാണ്ടുകളായി ഔദ്യോഗികഭാഷയായിരുന്ന ഇംഗ്ലീഷിന്റെ സ്ഥാനത്ത് പെട്ടെന്നു ഹിന്ദിയെ പ്രതിഷ്ഠിക്കുക ബുദ്ധിപൂര്‍വകമോ പ്രായോഗികമോ ആയ നടപടി ആകുമായിരുന്നില്ലല്ലോ. അതോടൊപ്പം, 15 വര്‍ഷംകൊണ്ട് ഇംഗ്ലീഷിന്റെ സ്ഥാനത്തു ഹിന്ദി സ്വീകരിക്കാനുള്ള സന്നദ്ധത ഇന്ത്യന്‍ജനതയ്ക്കുണ്ടാകുമെന്നു ഭരണഘടനാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നു എന്നും കരുതേണ്ടിയിരിക്കുന്നു. 
എന്നാല്‍, സംഭവിച്ചതു മറിച്ചാണ്. 15 വര്‍ഷംകൊണ്ടു പ്രാദേശികഭാഷാവികാരം കൂടുതല്‍ ശക്തമായി. ഹിന്ദിവിരോധം ദക്ഷിണേന്ത്യയിലെയും പൂര്‍വേന്ത്യയിലെയും സംസ്ഥാനങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. ഇക്കാര്യത്തില്‍ ഏറ്റവും അധികം വികാരം കൊണ്ടതും ആപത്കരമായി പ്രതിഷേധിച്ചതും തമിഴ്‌നാടായിരുന്നു.
ഈ സാഹചര്യത്തിലാണ്, സി.എസ്. കോത്താരി അധ്യക്ഷനായുള്ള ദേശീയ വിദ്യാഭ്യാസകമ്മീഷന്റെ റിപ്പോര്‍ട്ട് 1966 ജൂണില്‍ സമര്‍പ്പിക്കപ്പെടുന്നത്. മൂന്നു ഭാഷകളെ കൂട്ടിക്കെട്ടിയുള്ള ത്രിഭാഷാനയമാണു കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. പ്രാദേശികഭാഷ, ഇംഗ്ലീഷ്, ഏതെങ്കിലും ഒരു ആധുനിക ഇന്ത്യന്‍ ഭാഷ എന്നതായിരുന്നു ക്രമം.  1968-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ത്രിഭാഷാനയം ഔദ്യോഗികമായി അംഗീകരിച്ചു. 
ഭരണഘടനയുടെ അനുച്ഛേദം 345, ഓരോ സംസ്ഥാനത്തിനും അവരവര്‍ക്കു താത്പര്യമുള്ള ഭാഷ ഔദ്യോഗികഭാഷയായി നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ പ്രാഥമികഘട്ടവിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അനുച്ഛേദം 350 പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു. ഉപരിവിദ്യാഭ്യാസത്തിന്റെ അധ്യയനമാധ്യമം എന്തായിരിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. ഈ തീരുമാനം ബഹുജനതാത്പര്യം മുന്‍നിര്‍ത്തിയാകാം. മറിച്ച്, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനത്തെയും ഭാവിയെയും കുറിച്ച് കൃത്യമായ പഠനം നടത്തി, അതിന്റെ കണ്ടെത്തലുകള്‍ അനുസരിച്ചുമാകാം. 
ഈ പശ്ചാത്തലത്തിലാണു മലയാളത്തെയും മലയാളിയുടെ ഭാഷാഭിമാനത്തെയുംകുറിച്ചുള്ള ചിന്തകള്‍ പ്രസക്തമാകുന്നത്. ഒറ്റവാക്യത്തില്‍പ്പറഞ്ഞാല്‍, മലയാളിയെപ്പോലെ മാതൃഭാഷാഭിമാനമില്ലാത്ത ഒരു ജനത ലോകത്തൊരിടത്തും കാണുകയില്ല. ഇംഗ്ലീഷറിയുന്നവന്‍ മാന്യന്‍ എന്നൊരു വികലധാരണ മലയാളിയുടെ അപകര്‍ഷബോധത്തെ പാതാളത്തോളം താഴ്ത്തിക്കളഞ്ഞു എന്നുതന്നെ പറയാം. മാതൃഭാഷ അധ്യയനമാധ്യമമാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴും എന്ന മട്ടിലായിരുന്നു കേരളീയരുടെ ആശങ്ക. അതുമൂലം ഉചിതമായ തീരുമാനം യഥാസമയം കൈക്കൊണ്ടു മുന്നേറാന്‍ നമ്മുടെ ജനകീയഭരണസംവിധാനത്തിനു കഴിയാതെയുംപോയി. 
ഫലമോ? 'അമ്മാത്തുനിന്നു പുറപ്പെട്ടു ഇല്ലത്തൊട്ടെത്തിയുമില്ല' എന്ന ധര്‍മസങ്കടത്തിലായിപ്പോയി കേരളജനത. ഇംഗ്ലീഷറിഞ്ഞുകൂടാത്തവര്‍ ഇംഗ്ലീഷ് പഠിപ്പിച്ച വിദ്യാഭ്യാസരംഗം സമസ്ത മേഖലകളിലും കേരളത്തിന്റെ സര്‍ഗശക്തി കെടുത്തിക്കളഞ്ഞു. കുറച്ചുപേരെ വിദേശരാജ്യങ്ങളില്‍ ഗുമസ്തപ്പണിക്കു പറഞ്ഞുവിടാന്‍ കഴിഞ്ഞു എന്നതേ നേട്ടമായുള്ളൂ. ശാസ്ത്രസാഹിത്യരംഗങ്ങളില്‍ മലയാളിക്കു ലോകനിലവാരത്തിലേക്കുയരാന്‍ കഴിയാതെപോയതിന്റെ പ്രധാനകാരണം നമ്മുടെ അശാസ്ത്രീയമായ അധ്യയനമാധ്യമം തന്നെയാണ്. 
മാതൃഭാഷ അറിഞ്ഞു കൂടാത്ത കുട്ടി, കുടുംബത്തിന്റെയും  സമൂഹത്തിന്റെയും അഭിമാനചിഹ്നമായി മാറുന്ന ദയനീയാവസ്ഥ കേരളത്തിലേ ഉണ്ടാകൂ. മലയാളിയുടെ കഥയില്ലാത്ത ആംഗലഭാഷാദാസ്യത്തിനുനേരേ നമ്മുടെ പ്രിയ കവി കുഞ്ഞുണ്ണിമാഷ് ചൊരിഞ്ഞ രൂക്ഷപരിഹാസം ഇങ്ങനെ: 
''ജനിക്കുംനാളുതൊട്ടെന്റെ
 മകനിംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ -
ങ്ങിംഗ്‌ളണ്ടില്‍തന്നെയാക്കി ഞാന്‍!''
2015 ഡിസംബര്‍ 17 നു മാത്രമാണ് മലയാളം ഔദ്യോഗികഭാഷയാക്കിക്കൊണ്ടുള്ള നിയമത്തിനു കേരള നിയമസഭ അംഗീകാരം നല്കിയത്. 2017 മേയ് ഒന്നുമുതല്‍ മലയാളം കേരളത്തിന്റെ ഔദ്യോഗികഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും പുറത്തുവന്നു. വൈകിയെത്തിയതാണെങ്കിലും വിവേകം അഭിനന്ദനാര്‍ഹമാണല്ലോ. എങ്കിലും ഉദ്യോഗസ്ഥതലത്തില്‍ ആ വിവേകം ഇന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. പഴയ സര്‍ക്കാര്‍ വിലാസം ഭാഷയില്‍ ഇപ്പോഴും ഉത്തരവുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. മലയാളത്തില്‍ ഉത്തരവുകള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടാണത്രേ. പഴയ ഉത്തരവുകളിലെ ആണ്ട്, മാസം, തീയതികള്‍ മാത്രം മാറ്റിയെഴുതി പുതിയ ഉത്തരവിറക്കുകതന്നെയെളുപ്പം. 
ഹൈക്കോടതിവരെയുള്ള കോടതികളിലെ ഭാഷയും പ്രാദേശികഭാഷകളിലാക്കിക്കൊണ്ട്  നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കു ഭരണഘടന അംഗീകാരം നല്കിയിട്ടുണ്ട്. സാധാരണക്കാര്‍ നീതിക്കുവേണ്ടി കയറിയിറങ്ങുന്ന ഇടങ്ങളില്‍നിന്ന് അവന്റെ മാതൃഭാഷയില്‍ത്തന്നെ പരിഹാര ഉത്തരവുകള്‍ ലഭിക്കേണ്ടത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. വൈകാതെ ഇതും സാധ്യമാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. 
മാതാവും മാതൃഭൂമിയും സ്വര്‍ഗത്തെക്കാള്‍ വലുതാണെന്ന് നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നത് ആദികവി വാല്മീകിയാണ്. അക്കൂട്ടത്തില്‍ മാതൃഭാഷയെക്കൂടി നമുക്ക് ഉള്‍പ്പെടുത്താം. 
മാതൃഭാഷയ്ക്കുവേണ്ടി ബലിദാനം നടത്തിയ അഞ്ചു വിദ്യാര്‍ത്ഥികളുടെ സ്മാരകമായ ധാക്കയിലെ 'ഷാഹിദ് മിനാര്‍' ബംഗ്ലാഭാഷാഭിമാനികള്‍ക്കു പുണ്യസ്ഥലമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 21 ന് അവര്‍ അവിടെയെത്തി പുഷ്പാര്‍ച്ചനയും അനുസ്മരണപരിപാടികളും നടത്തുന്നു. മാതൃഭാഷാമഹത്ത്വത്തിന്റെ പ്രഖ്യാപനം. 

Login log record inserted successfully!