•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

ജിനേഷിന്റെ മരണം കഴിഞ്ഞ് നാലാം ദിവസം. അപകടത്തെ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി. മഹേഷ് ചന്ദ്രന്‍ കളക്ടറുടെ ഓഫീസിലെത്തി. നൂറുപേജുള്ള റിപ്പോര്‍ട്ട് കളക്ടര്‍ സലോമിയെ ഏല്പിച്ചു.
''വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയല്ലോ. കണ്‍ഗ്രാജുലേഷന്‍ എസ്.പി.''സലോമി പറഞ്ഞു.
''താങ്ക്‌യൂ.'' എസ്.പി. മഹേഷ് ചന്ദ്രന്‍ പുഞ്ചിരിച്ചു. 
''വായിച്ചു മനസ്സിലാക്കുന്നതിനുമുമ്പ് എസ്.പി.യുടെ കണ്ടെത്തലൊന്നു  പറയാമോ?'' ആകാംക്ഷയോടെ സലോമി ചോദിച്ചു.
''ഒരു കൊടുംവളവിലാണ് ആക്‌സിഡന്റുണ്ടായത്. ബൈക്ക് ഓവര്‍സ്പീഡിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് എങ്ങനെയോ തെറിച്ചുപോയി. മരണകാരണം ഹെഡ് ഇന്‍ജ്വറിയാണ്. ഡോക്ടര്‍ പത്മനും ഡ്രൈവര്‍ സന്തോഷിനും ജിനേഷിനെ അപകടപ്പെടുത്തണമെന്ന് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. നൂറുശതമാനവും യാദൃച്ഛികമായി സംഭവിച്ച ഒരു ആക്‌സിഡന്റായിരുന്നു അത്. എല്ലാം കാര്യകാരണസഹിതം ഞാന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'' എസ്.പി. പറഞ്ഞു.
''പരിസ്ഥിതിസംഘടനകള്‍ ജുഡീഷ്യല്‍ അന്വേഷണമൊക്കെയാണ് മീഡിയാസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പെട്ടെന്നിങ്ങനെയൊരു മരണമുണ്ടായത് സകലരെയും ആശ്ചര്യപ്പെടുത്തി.'' സലോമി പ്രതികരിച്ചു.
''സര്‍ക്കാരിനു താത്പര്യമുണ്ടെങ്കില്‍ അതു നടത്തട്ടെ. നമ്മളുമായി ബന്ധപ്പെട്ട കാര്യമല്ലല്ലോ. പുഴക്കര വക്കച്ചന്‍ ബോണ്‍ ക്രിമിനലാണ്. ഇതുവരെ ചെയ്ത പാതകങ്ങളില്‍നിന്നെല്ലാം അയാള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടിട്ടേയുള്ളൂ. ജിനേഷിനോട് വക്കച്ചന് ഒടുങ്ങാത്ത പകയുണ്ടായിരുന്നെങ്കിലും മരണത്തില്‍ പങ്കാളിയായിട്ടില്ല.''
''മെഡിക്കല്‍ അസോസിയേഷന്‍ എനിക്കെതിരേ പ്രസ്താവന നടത്തിയിട്ടുണ്ട്. ഡോക്ടര്‍മാരെ സമൂഹമാധ്യമത്തില്‍ അപഹാസ്യരാക്കിയെന്നാണാരോപണം.''
''പ്രസ്താവന മാത്രമല്ല. ഹോം മിനിസ്റ്റര്‍ക്ക് രേഖാമൂലം പരാതി പോയിട്ടുണ്ടെന്നാണറിവ്.''
''ഈ റിപ്പോര്‍ട്ട് ഇന്നുതന്നെ ഞാന്‍ വെളിപ്പെടുത്തും. നമ്മള്‍ ചെയ്യേണ്ടതു ചെയ്‌തെന്ന് പരിസ്ഥിതിസംഘടനകളും പൊതുസമൂഹവും അറിയട്ടെ. എസ്.പി. വളരെ കാര്യക്ഷമമമായി പ്രവര്‍ത്തിച്ചതും മനസ്സിലാക്കട്ടെ.'' സലോമി സൂചിപ്പിച്ചു.
എസ്.പി. മഹേഷ് ചന്ദ്രന്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു. കളക്ടറെ സല്യൂട്ട് ചെയ്തിട്ട് ഓഫീസില്‍നിന്നിറങ്ങി.
സലോമി, ജിനേഷിനെക്കുറിച്ചോര്‍ത്തു. അവന്‍ എത്ര നിസ്വാര്‍ഥനായ ചെറുപ്പക്കാരനായിരുന്നു! യാതൊരു പ്രലോഭനങ്ങളിലും വീഴാതെ അവന്‍ പ്രവര്‍ത്തിച്ചു. ജീവിച്ചു. കാറിടിച്ചു തെറിപ്പിച്ചപ്പോഴും അവന്റെ ബൈക്കിന്റെ ബോക്‌സില്‍നിന്നു ചിതറിവീണത് പരിസ്ഥിതി സ്‌നേഹം പ്രചരിപ്പിക്കാനുള്ള ലഘുലേഖകളായിരുന്നു! ജിനേഷിന്റെ മരണം സാധാരണമായ ഒരപകടമാണെന്ന് എസ്.പി. കണ്ടെത്തിയിരിക്കുന്നു! അദ്ദേഹത്തിന്റെ കണ്ടെത്തല്‍ കൃത്യമായിരിക്കുമോ? അങ്ങനെയൊരു  സംശയം പിന്നെയും മനസ്സില്‍ പറ്റിപ്പിടിച്ചുനില്‍ക്കുന്നതുപോലെ കളക്ടര്‍ സലോമിക്കു തോന്നി. അവനില്ലാത്ത ആ കുടുംബത്തിന്റെ ഭാവി എന്താകും? ചിന്തകള്‍ മുറിച്ചുകൊണ്ട് സെല്‍ ഫോണ്‍ ശബ്ദിച്ചു. സലോമി അതെടുത്തു.
''ഹലോ, കളക്ടറുടെ നമ്പരല്ലേ?''
''അതെ, എവിടുന്നാ?''
''ഹോം മിനിസ്റ്ററുടെ ഓഫീസില്‍നിന്നാ. എടുത്തിരിക്കുന്നത് കളക്ടര്‍തന്നെയാണോ?''
''അതെ.''
''ഹോള്‍ഡ് ചെയ്യണം. മിനിസ്റ്റര്‍ക്കു സംസാരിക്കാനാ.''
നിമിഷങ്ങള്‍ കഴിഞ്ഞു.
''ഹലോ...'' മന്ത്രി സുധീന്ദ്രന്റെ മുഴക്കമുള്ള ശബ്ദം.
''ഹലോ സാര്‍... കളക്ടര്‍ സലോമിയാണ്.''
''സലോമീ, ആ പരിസ്ഥിതി പ്രവര്‍ത്തകന്റെ മരണം സംബന്ധിച്ച് എന്‍ക്വയറി നടത്തിയതിന്റെ റിപ്പോര്‍ട്ട് കിട്ടിയോ?''
''കിട്ടി  സാര്‍. അത് നാച്വറല്‍ ആക്‌സിഡന്റാണെന്നാ എസ്.പി.യുടെ കണ്ടെത്തല്‍.''
''നന്നായി. എന്‍ക്വയറിയുടെ ഭാഗമായി ആ ഡോക്ടറെ ക്വസ്റ്റ്യന്‍ ചെയ്തതിന് വലിയ ആക്ഷേപമുയര്‍ന്നിരിക്കുകാ. ഡോക്ടറെ ക്വട്ടേഷന്‍കാരനെന്നു സംശയിച്ചെന്നാണ് പരാതി.''
''ശ്ശൊ! എസ്.പി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തെന്നേയുള്ളൂ സാര്‍.''
''സമ്മതിച്ചു. അതു തെറ്റല്ല. പക്ഷേയിപ്പോള്‍ നാളെ സകല ഡോക്ടര്‍മാരും പണിമുടക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകാ. അവര് പണിമുടക്കിയിട്ട് ഏതെങ്കിലും രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പഴി സര്‍ക്കാരിന്റെ തലയിലാകും. എങ്ങനെയെങ്കിലും അതൊന്നു തീര്‍പ്പാക്കണം. പൊല്ലാപ്പാണ്.'' 
''ഞാനെന്തു ചെയ്യണമെന്നാണ് സാര്‍?''
''ഒന്നും ചെയ്യണ്ട. ഇത്തരം കാര്യങ്ങളില്‍ എന്‍ക്വയറി പ്രഖ്യാപിക്കുമ്പോള്‍ ആലോചിക്കണം. പരിസ്ഥിതിക്കാരുടെ സമ്മര്‍ദം കാണും. അവരെ എങ്ങനെയും കൈകാര്യം ചെയ്യാം. ഡോക്ടര്‍  മാരൊന്നടങ്കം എതിരായാല്‍ പ്രശ്‌നമാകും. മേലില്‍ ശ്രദ്ധിക്കണം. ശരി.'' ഹോംമിനിസ്റ്റര്‍ പറഞ്ഞുനിര്‍ത്തി. 
മന്ത്രി ശാസിക്കുമെന്നാണ് സലോമി കരുതിയത്. ഒന്നുമുണ്ടായില്ല. വളരെ കാര്യമായി ഒരു ഉപദേശം തന്ന് അദ്ദേഹം നിര്‍ത്തി. ഒരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത് അഭിമാനക്ഷതമുണ്ടാക്കിപോലും! എന്തൊരു ചിന്താഗതി. ചില വിഭാഗത്തില്‍പ്പെട്ടവര്‍ തെറ്റുകുറ്റങ്ങള്‍ക്ക് അതീതരാണെന്നു സ്ഥാപിക്കുന്നു. സംഘടിതശക്തികള്‍ പലപ്പോഴും സമൂഹത്തെ വെല്ലുവിളിക്കുകയാണ്. 
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അഡ്വക്കേറ്റ് സുമിത്ര കളക്ടറെ കാണാനെത്തി. അവളുടെ രൂപഭാവങ്ങള്‍ ആകെ മാറിപ്പോയിരുന്നു. ജിനേഷിന്റെ മരണം ഏറ്റവും തളര്‍ത്തിയത് സുമിത്രയെയാണ്. അവര്‍ ഒരേ തൂവല്‍പ്പക്ഷികളായിരുന്നല്ലോ. 
''സുമിത്രാ, എനിക്ക് ജിനേഷിന്റെ സംസ്‌കാരത്തിനു വരണമെന്നുണ്ടായിരുന്നു. കോണ്‍ഫെറന്‍സായിപ്പോയി. കഴിഞ്ഞില്ല.'' 
''ഒരുപാട് ആളുകളുണ്ടായിരുന്നു. എം.പി.യും എം.എല്‍.എ.മാരുമൊക്കെ വന്നു. എന്തു കാര്യം? അവന്‍ പോയില്ലേ? ആ കുടുംബം തകര്‍ന്നില്ലേ?'' സുമിത്ര പറഞ്ഞു.
''ആരുണ്ട് ഇനിയവര്‍ക്കൊരു സഹായത്തിന്?''
''അവന്റെ സംസ്‌കാരം നടന്ന ദിവസം ആ വീട്ടില്‍ വൈകിട്ടാരുമില്ലായിരുന്നു. ഞാനന്നവിടെ താമസിച്ചു. വളരെ നിര്‍ബന്ധിച്ച് കുറച്ചൊക്കെ കഴിപ്പിച്ചു. രാത്രി ഞങ്ങള്‍ ഒട്ടുമുറങ്ങിയില്ല. അവന്റെ എരുമ പതിവില്ലാതെ കരയുകയായിരുന്നു. അതിനും എന്തൊക്കെയോ മനസ്സിലായതുപോലെ.''
''നിങ്ങള്‍ രണ്ടും ഒരേ മനസ്സുള്ളവരായിരുന്നു. എല്ലാവരും പ്രകൃതിയെ നശിപ്പിക്കുമ്പോള്‍, കൊള്ളയടിക്കുമ്പോള്‍ അതിനെതിരേ പ്രതികരിച്ച രണ്ടു മനുഷ്യര്‍. ജിനേഷ് അവന്‍ സ്‌നേഹിച്ച ഈ ഭൂമിയില്‍ ഇനിയും എത്രയോ വര്‍ഷം ജീവിക്കേണ്ടതായിരുന്നു. ഓര്‍ക്കാപ്പുറത്ത് ഒന്നും മിണ്ടാതെ കടന്നുപോയി.'' 
''ജിനേഷിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് വന്നു.'' സലോമി പറഞ്ഞു.
''എന്താ നിഗമനം? പറഞ്ഞേ?''
''സ്വാഭാവികമായ അപകടമരണം. മനഃപൂര്‍വമല്ലാത്ത നരഹത്യ.''
''അല്ല. മേഡം. നിശ്ചയമായും കൊലപാതകമാണത്. എനിക്കറിയാം. ഞങ്ങള്‍ പിന്മാറില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തിക്കും. അവന്റെ ആത്മാവിന് നീതി കിട്ടാതെ ഞാന്‍ പിന്മാറില്ല.'' സുമിത്ര വികാരാധീനയായി പറഞ്ഞു. സലോമി, സുമിത്ര പറഞ്ഞതിനോട് അനുകൂലിക്കുകയോ വിയോജിക്കുകയോ ചെയ്തില്ല. 
''എന്താ മേഡം ഒന്നും പറയാത്തത്. എസ്.പി.യുടെ അന്വേഷണത്തില്‍ തൃപ്തിയുണ്ടോ കളക്ടര്‍ക്ക്?'' അഡ്വക്കേറ്റ് സുമിത്ര മുഖത്തുറ്റുനോക്കി ചോദിച്ചു.
''മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ ഡോക്ടറുടെ കാറാണ് ജിനേഷിനെ ഇടിച്ചിട്ടത്. ദീര്‍ഘകാലമായി അദ്ദേഹ ത്തിന്റെ കാറോടിച്ചിരുന്ന ഡ്രൈവര്‍ക്കാണ് പിഴവ്. സംഭവമറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ അന്വേഷണത്തിനുത്തരവിട്ടു. പ്രഗല്ഭനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥനാണ് മഹേഷ് ചന്ദ്രന്‍. അദ്ദേഹത്തിന്റെ കഴിവില്‍ പിഴവുണ്ടാകുമെന്നു കരുതുന്നില്ല.'' സലോമി പറഞ്ഞു.
''മൂഢവിശ്വാസമാണത്. മുമ്പ് പല കേസുകളിലും കോടതി ശാസിച്ചിട്ടുള്ളയാളാണ് എസ്.പി. മഹേഷ് ചന്ദ്രന്‍. എനിക്കദ്ദേഹത്തെ നേരിട്ടറിയാം.'' അഡ്വക്കേറ്റ് സുമിത്ര സലോമിയുടെ അഭിപ്രായം ഖണ്ഡിച്ചു. പ്രക്ഷുബ്ധമായ ഒരു മാനസികാവസ്ഥയിലാണവരെന്ന് സലോമിക്കു തോന്നി. അവര്‍ മറുപടി പറഞ്ഞില്ല.
''പരിസ്ഥിതിക്കുവേണ്ടി ജീവാര്‍പ്പണം ചെയ്ത ഒരു മഹാത്മാവാണ് ജിനേഷ്! അവന്റെ രക്തസാക്ഷിത്വം സമൂഹം കണ്ടില്ലെന്നു നടിച്ചേക്കാം. അവന് രക്തസാക്ഷിമണ്ഡപവും ഓര്‍മദിനവും ഉണ്ടാകാനിടയില്ല. ഞങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരുടെ ഹൃദയങ്ങളിലെങ്കിലും അവനെന്നും ജീവിക്കും. വളരെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകത്തിലെ പ്രതികളെയും പ്രേരണനല്‍കിയവനെയും വിലങ്ങുവയ്ക്കുംവരെ എനിക്കു വിശ്രമമില്ല.'' അഡ്വക്കേറ്റ് സുമിത്ര അത്രയും പറഞ്ഞിട്ട് ഇറങ്ങിപ്പോയി. സലോമിക്ക് ഒരു കാര്യം വ്യക്തമായി. സുമിത്ര ജിനേഷിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. സമാനമനസ്‌കരായ അവര്‍ തമ്മില്‍ വിവാഹിതരാകേണ്ടതായിരുന്നു. പരിസ്ഥിതി സുരക്ഷയ്ക്കുവേണ്ടി ഒരുമിച്ചു പോരാടേണ്ടവരായിരുന്നു. ഒന്നുമുണ്ടായില്ല. നല്ല മനസ്സുള്ളവര്‍ക്കേ പ്രകൃതിയെ സ്‌നേഹിക്കാന്‍ കഴിയൂ. വിധി എത്ര ക്രൂരമായി പ്രവര്‍ത്തിക്കുന്നു. വെറും ഇരുപത്തിയേഴാമത്തെ വയസില്‍ ജിനേഷിനെ കൊത്തിയെടുത്തിരിക്കുന്നു!
സലോമിയുടെ സെല്‍ ഫോണ്‍ ശബ്ദിച്ചു. ഇത്തിരി ടെന്‍ഷനോടെയാണ് അതെടുത്തത്. സുമലതയുടെ കോളാണ്.
''ഹലോ സുമാ..... എന്താ വിശേഷം?''
''അമ്മ വൈകുന്നേരമെത്തി.''
''ഹൊ! എന്നോടു പറയാതെ  അപ്രതീക്ഷിതമായ വരവാണല്ലോ.''
''മഠത്തിലെ ജോലീന്നു പിരിഞ്ഞു. ഇനിയെന്നും മോളുടെ കൂടെയാണെന്നു പറഞ്ഞു.'' 
''നല്ല വാര്‍ത്തയാണല്ലൊ. ഞാന്‍ പരമാവധി നേരത്തെയെത്താം. എന്തായാലും എട്ടുമണിയെങ്കിലും കഴിയും.''
'അതു മതി. അമ്മയ്ക്ക് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തോളാം. എങ്കില്‍ വയ്ക്കുകാണേ.''
സുമലത കോള്‍ കട്ടാക്കി. 
ഒന്‍പതു മണിക്ക് ബംഗ്ലാവിലെത്തിയ മകളെ സെലീന ഓടിയെത്തി സ്വീകരിച്ചു.
''എന്റെ മോളേ, അമ്മേടെ ജോലി പോയെടീ.'' സെലീന വിശേഷം പറഞ്ഞു.
''പിരിച്ചുവിട്ടോ അമ്മയെ?'' സലോമി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്. 
''ങും. വേറേ ഒരുത്തിയെ അവര്‍ക്കു കിട്ടി.''
''നന്നായി. ഇനിയമ്മയിങ്ങനെ കുശിനിക്കാരിയായി പണിചെയ്യുന്നതൊക്കെ എനിക്കു കുറച്ചിലാ. ഈ പെണ്ണിനൊരു ചെറുക്കനെപ്പോലും കിട്ടുകേല.''
സെലീനയുടെ മുഖത്ത് ദുഃഖത്തിന്റെ നിഴല്‍ പരന്നു.
''എന്റെ മോള് ഇത്രേം നല്ല ജോലീലെത്തിട്ടും ചെലവന്‍മാര് കാലന്റെ മകളാണെന്നു പറഞ്ഞ് ഇപ്പഴും ആക്ഷേപിക്കുകാ. എങ്ങനെ സഹിക്കും നമ്മള്.''
''അതെ, ഞാന്‍ കാലന്‍ മാത്തന്റെ മകളാ. എനിക്കത് അപമാനമല്ലമ്മേ. അഭിമാനമാ. എല്ലാരും വിളിക്കട്ടെ. അങ്ങനെതന്നെ വിളിക്കട്ടെ.'' സലോമി വികാരാധീനയായി.


(തുടരും)

 

Login log record inserted successfully!