അങ്ങകലെ ഒരു നുറുങ്ങുവെട്ടം. മിന്നാമിനുങ്ങാണെന്നു തോന്നി. പക്ഷേ, അതു മിന്നുന്നില്ല; മങ്ങിക്കത്തുന്നതുപോലെ...! സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. കൊടും തണുപ്പാണ്. ''മരംകോച്ചുന്ന തണുപ്പ്'' എന്നൊക്കെ പറയാറുണ്ടെങ്കിലും അതിലൊക്കെ വളരെ കൂടുതലായിട്ടാണ് അനുഭവപ്പെടുന്നത്. മൈനസ് 4 ഡിഗ്രി എന്നു പറയുന്നതു ശാസ്ത്രത്തിന്റെ അളവുമാനദണ്ഡമാണ്; അനുഭവമല്ല. ചുറ്റുപാടുമുള്ള മഞ്ഞുമലകള്‍ അരണ്ട നിലാവെട്ടത്തില്‍ തെളിഞ്ഞുകാണാം. കണ്ണും മൂക്കുമൊഴികെ എല്ലാം കമ്പിളി വസ്ത്രങ്ങള്‍കൊണ്ടു പൊതിഞ്ഞിരിക്കുകയാണദ്ദേഹം.
പക്ഷേ...! ഉള്ളില്‍ തെളിഞ്ഞ കനല്‍ പുറമേയുള്ള തണുപ്പ് ഉരുക്കിക്കളഞ്ഞു. കാരണം, അദ്ദേഹം നില്ക്കുന്നതു പട്ടാളക്യാമ്പിന്റെ സമീപത്താണ്. തന്റെ കീഴിലുള്ള പട്ടാളക്കാരെല്ലാം കൊച്ചുകൊച്ചു ടെന്റുകളില്‍ ഗാഢനിദ്രയിലാണ്; അല്ല, ആയിരിക്കണം. അതാണ് പട്ടാളച്ചിട്ട. പോരെങ്കില്‍ തലേന്നും ഷെല്ലാക്രമണമുണ്ടായതാണ്; അതിന്റെ തലേന്ന് രണ്ടു ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപ്പോള്‍, ടെന്റിനുള്ളില്‍ കണ്ട അരണ്ട വെട്ടം...! അതാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ ജ്വലിച്ച കനല്‍!
അദ്ദേഹം സാവകാശം വെട്ടം കണ്ട ടെന്റിന്റെ അടുത്തേക്കു നീങ്ങി. ശബ്ദമുണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണു നിങ്ങുന്നതെങ്കിലും കാലൊന്നു തെന്നിപ്പോയി; അല്പം സ്വരം ഉണ്ടായി. പെട്ടെന്ന്, ആ വെട്ടം അണഞ്ഞു. കൈയിലുള്ള ടോര്‍ച്ച് തെളിച്ച് അദ്ദേഹം വേഗം നടന്ന് ടെന്റിനുള്ളില്‍ കടന്നു...!
പേടിച്ചരണ്ട പട്ടാളക്കാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കല്‍ വീണു. ''എന്താണിവിടെ?'' പട്ടാളമേധാവിയുടെ ഘനഗംഭീരമായ സ്വരം! അയാള്‍ നിറകണ്ണുകളോടെ ദയനീയമായി, തന്റെ മുമ്പില്‍ നില്ക്കുന്ന മേലുദ്യോഗസ്ഥനെ നോക്കി. അടുത്ത്, ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന കമ്പിളിപ്പുതപ്പ് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. ''എന്താണിതില്‍?'' അടുത്ത ചോദ്യം. വിറയ്ക്കുന്ന കൈകൊണ്ട് അയാള്‍ ഒരു മെഴുകുതിരിക്കഷണം ഉയര്‍ത്തിക്കാട്ടി. മറുകൈയില്‍ ഉണ്ണിയേശുവിന്റെ ഒരു കൊച്ചുരൂപം!
നിമിഷനേരത്തെ കനത്ത നിശ്ശബ്ദത! വെടിവച്ചുകൊല്ലാന്‍ മാത്രം ഗൗരവതരമായ കുറ്റം; അതിനുള്ള പരമാധികാരവും അദ്ദേഹത്തിനുണ്ട് പക്ഷേ...! 'കിടന്നുറങ്ങ്' എന്നുമാത്രം പറഞ്ഞിട്ട് ഉദ്യോഗസ്ഥന്‍ നടന്നകന്നു.
അദ്ദേഹം ക്യാബിനുള്ളില്‍ കയറി. കിടക്കാന്‍ മനസു വരുന്നില്ല. കസേരയിലിരുന്നു. ചിന്തകള്‍ പലതും മാറിമാറി മനസിനുള്ളില്‍ തെളിഞ്ഞു കടന്നുപോകുന്നു. നേര്‍ക്കുനേര്‍നിന്നുള്ള യുദ്ധം... തെരുതെരെ മുഴങ്ങുന്ന തോക്കിന്റെ ഗര്‍ജനം... ഷെല്ലുകള്‍ കണ്‍മുമ്പില്‍ വന്നു പതിക്കുന്ന നേര്‍ക്കാഴ്ച... കൂട്ടത്തിലുള്ള ജവാന്മാര്‍ നിലംപറ്റെ പതുങ്ങിക്കിടക്കുന്ന രംഗം... ഷെല്‍വര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വീരജവാന്മാരുടെ മൃതദേഹങ്ങള്‍... പരുക്കേറ്റ് രക്തമൊലിപ്പിച്ചുകിടക്കുന്നവര്‍... അംഗഭംഗം വന്നവര്‍... പക്ഷേ, തളരാതെ... ശത്രുനിരയിലേക്കു കടന്നാക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന നിമിഷങ്ങള്‍... യുദ്ധത്തില്‍ വിജയം വരിച്ചുവന്നപ്പോള്‍ ലഭിച്ച സ്വീകരണം... ലഭിച്ച സൈനികസേവാ മെഡല്‍... ഗുഡ്‌സര്‍വീസ് എന്‍ട്രി മെഡല്‍... ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയില്‍നിന്നു സാച്ചിംഗ് ഗ്ലയിസര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന നിമിഷം...!
ഈ സംഭവപരമ്പരകളെല്ലാം മിന്നിമറഞ്ഞെങ്കിലും നിറകണ്ണുകളോടെ ഒരു കൈയില്‍ മെഴുകുതിരിയും മറുകൈയില്‍ ഉണ്ണിയേശുവിന്റെ കൊച്ചുരൂപവുമായി നില്ക്കുന്ന ആ ചെറുപ്പക്കാരന്റെ ചിത്രം മായാതെ നില്ക്കുന്നു!
അറിയാതെ, അദ്ദേഹം ഒരുപാട് പുറകോട്ടു പോയി. അദ്ദേഹം ഇപ്പോള്‍ എത്തിനില്ക്കുന്നത് താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലാണ്. അവിടേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്, കര്‍ണപുടങ്ങളില്‍ പ്രതിധ്വനിച്ചുനിന്ന ഈരടികളും:
ശാന്തരാത്രി തിരുരാത്രി
പുല്ക്കുടിലില്‍ പൂത്തൊരു രാത്രി
വിണ്ണിലെ താരകള്‍ മന്നിലിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി
ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു
ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു...
തന്റെ വീടിനു തൊട്ടടുത്ത കത്തോലിക്കാപ്പള്ളി അദ്ദേഹത്തന്റെ മനസില്‍ തെളിഞ്ഞു. ക്രിസ്മസ് ദിനത്തില്‍ കൂട്ടുകാരുടെകൂടെ പുല്ക്കൂട്ടില്‍ പിറന്നുകിടക്കുന്ന ഉണ്ണിയേശുവിനെ കാണാന്‍ പോകുന്നത്... പുഞ്ചിരിച്ചുകിടക്കുന്ന ഉണ്ണിയേശുവിന് കൂട്ടുകാര്‍ മുത്തം കൊടുക്കുന്നത്... ഒരിക്കല്‍ ആരും കാണാതെ തനിയെ പോയി ഉണ്ണിക്ക് ഒരു മുത്തം കൊടുത്തിട്ട് ഇറങ്ങി ഓടിപ്പോയത്... ഹൈന്ദവനായ താന്‍ അതു ചെയ്തതു പാപമായിപ്പോയോ എന്ന പേടി... സ്വന്തം വീട്ടില്‍ പുല്ക്കൂടുണ്ടാക്കാന്‍ പറ്റാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ വീട്ടിലെ പുല്ക്കൂട് ഉണ്ടാക്കാന്‍ സഹായിച്ചത്... വീട്ടിലെ അനുവാദം കൂടാതെ കരോള്‍ ഗാനസംഘത്തില്‍ ചേര്‍ന്നു പാട്ടുപാടാന്‍ പോയത്...
നിദ്രാവിഹീനമായ ആ രാത്രി കടന്നുപോയത് അദ്ദേഹം അറിഞ്ഞില്ല. സമയം 5 മണി! അദ്ദേഹം കണ്ണുകളുയര്‍ത്തി താന്‍ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ഗദ്‌സമെന്‍തോട്ടത്തില്‍ ഇരുകൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന യേശുവിന്റെ ചിത്രത്തിലേക്കു നോക്കി. ആ യേശു പിറന്ന ദിവസമാണത് - ക്രിസ്മസ് രാത്രി! അതിന്റെ ഓര്‍മയിലാണല്ലോ ആ ചെറുപ്പക്കാരന്‍ അവന്റെ എല്ലാമെല്ലാമായ യേശുവിനെ ഓര്‍ക്കാന്‍... നമിക്കാന്‍... ആരാധിക്കാന്‍ പട്ടാളച്ചിട്ടപ്രകാരം മാരകശിക്ഷയ്ക്കര്‍ഹമായ മഹാപാപം അല്ല, മഹാപുണ്യം ചെയ്തത്. അവനെ ശിക്ഷിക്കാതിരുന്നതു പാപമല്ല, പുണ്യമാണ്. അദ്ദേഹം സമാധാനിച്ചു. പക്ഷികളുടെ കളകളാരവം അദ്ദേഹത്തിന്റെ ചിന്തയെ അംഗീകരിച്ചുകൊണ്ട് അവരും ഈശ്വരനെ വാഴ്ത്തി.