ഭാരതത്തിലെ മുദ്രണാലയപ്രേഷിതത്വത്തിനു തുടക്കം കുറിക്കുകയും ആയിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ആലുവ എസ്.എച്ച്. ലീഗ് ശതാബ്ദിയുടെ നിറവില്‍. അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പായുടെ അനുഗ്രഹാശിസുകളോടെ കേരളത്തിലെത്തിയ സ്‌പെയിനില്‍നിന്നുള്ള കര്‍മ്മലീത്താ മിഷനറിമാരാണ് വൈദികപരിശീലനകേന്ദ്രത്തിലെന്നപോലെ എസ്.എച്ച്. ലീഗിനും അടിസ്ഥാനമിട്ടത്.
1682 ല്‍ വരാപ്പുഴയില്‍ ആരംഭിച്ച് രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം 1886 ല്‍ പുത്തന്‍പള്ളിയിലേക്കു മാറ്റിസ്ഥാപിച്ച വൈദികപരിശീലനകേന്ദ്രത്തിലാണ് എസ്.എച്ച്. ലീഗ് പ്രവര്‍ത്തിക്കുന്നത്. 1920 ല്‍ ധന്യന്‍ ഫാ. സഖറിയാസ് ഒസിഡിയാണ് എസ്.എച്ച്. ലീഗിന് തുടക്കം കുറിച്ചത്.
ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ 'മാക്‌സിമും ഇല്യൂദ്' എന്ന ചാക്രികലേഖനത്തിലെ 'മിഷന്‍പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക' എന്ന ആഹ്വാനമനുസരിച്ച് സുവിശേഷമൂല്യങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് ഇത് ആരംഭിച്ചത്.
1920 ഒക്‌ടോബര്‍ 15 ന് 'മതവും ചിന്തയും' എന്ന ആദ്യപ്രതി മുതല്‍ ലഘുലേഖകളുടെ രൂപത്തിലായിരുന്നു എസ്എച്ച് ലീഗ് പുറത്തിറങ്ങിയത്. സുവര്‍ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 1970 മുതല്‍ ഇത് മാസികരൂപത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. വിശ്വാസ-ധാര്‍മികവിഷയങ്ങളുടെ ശാസ്ത്രീയവും പ്രായോഗികവുമായ വിവരണങ്ങള്‍ എസ്.എച്ച്. ലീഗ് കൈകാര്യം ചെയ്യുന്നുണ്ട്. 1932 മുതല്‍ ലീഗിന്റെ പ്രവര്‍ത്തനം മംഗലപ്പുഴസെമിനാരിയിലേക്കു മാറ്റി.
കുടുംബനവീകരണം ലക്ഷ്യമിട്ട് 1924 ല്‍ 'കത്തോലിക്കാ കുടുംബം' എന്ന ഒരു മാസികയും സഭയുടെ പ്രേഷിതദൗത്യത്തിന് ഊര്‍ജം പകരാന്‍ 1943 മുതല്‍ 'പ്രേഷിതകേരളം' എന്ന മാസികയും സഖറിയാസച്ചന്റെ നേതൃത്വത്തില്‍ എസ്.എച്ച് ലീഗില്‍നിന്നും പ്രസിദ്ധീകരിച്ചു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളര്‍ത്തിക്കൊണ്ട് പ്രേഷിതകേരളം ഇന്നും കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്ന് പ്രസിദ്ധീകരിച്ചുവരുന്നു.
ബൈബിള്‍ വിവര്‍ത്തനരംഗത്തും എസ്.എച്ച്. ലീഗിന്റെ സംഭാവനകള്‍ അമൂല്യമാണ്. ഫാ. ജോണ്‍ കുന്നപ്പള്ളിയുടെയും ഫാ. മാത്യു വടക്കേലിന്റെയും നേതൃത്വത്തില്‍ 1940 ല്‍ പഴയ നിയമഗ്രന്ഥങ്ങളുടെ വിവര്‍ത്തനം പൂര്‍ത്തിയാക്കി.
ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, ധാര്‍മികശാസ്ത്രം, ബൈബിള്‍വിജ്ഞാനീയം എന്നീ മേഖലകളിലെ പുസ്തകങ്ങളാണ് എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍, ഓഡിയോ വേര്‍ഷന്‍ തുടങ്ങി ആധുനികഗ്രന്ഥശാലയാകാനാണ് ശതാബ്ദി വര്‍ഷത്തില്‍ എസ്.എച്ച്. ലീഗിന്റെ ശ്രമം. ഇ-ബുക്ക് രംഗത്തേക്കും പുസ്തകങ്ങളുടെ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിലേക്കും ചുവടുവച്ചു കഴിഞ്ഞു.