•  2 May 2024
  •  ദീപം 57
  •  നാളം 8
ഹരിതപാഠം

ഇ-മാലിന്യം എന്ന വിപത്ത്‌

ഇലക്‌ട്രോണിക്‌വിപ്ലവം ആധുനികമനുഷ്യജീവിതത്തിനു ധാരാളം ഭാവാത്മകമായ ഫലങ്ങള്‍ ഉളവാക്കിയിരിക്കുന്നുവെന്നതു വാസ്തവമാണ്. ഈ സദ്ഫലങ്ങള്‍ക്കു സമാന്തരമായി വന്നിരിക്കുന്ന വിപത്താണ് ഇ-മാലിന്യം. ഉപയോഗകാലം കഴിഞ്ഞതോ അല്ലാത്തതോ ആയ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രകൃതിയിലേക്കു നിക്ഷേപിക്കുന്നതാണ് ഇ-മാലിന്യം. ഉപേക്ഷിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍, ഡേറ്റാ കേബിളുകള്‍, ചാര്‍ജറുകള്‍, മെമ്മറിക്കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍-ഫോണ്‍ ബാറ്ററികള്‍, കമ്പ്യൂട്ടര്‍ അനുബന്ധസാധനങ്ങളായ കീബോര്‍ഡ്, മൗസ്, പ്രിന്റര്‍, മോണിറ്റര്‍, മൈക്ക്, സ്‌കാനര്‍, മദര്‍ ബോര്‍ഡ്, മോഡം, കാട്രഡ്ജുകള്‍, സിഡികള്‍, പെന്‍ഡ്രൈവുകള്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് അവന്‍, ടോസ്റ്റര്‍, ഇലക്ട്രിക് കെറ്റില്‍, ഫുഡ് പ്രോസസര്‍, ഡിവിഡി, മ്യൂസിക് പ്ലെയര്‍, വാക്വം ക്ലീനര്‍, വിവിധ തരം ബള്‍ബുകള്‍ എന്നിവയെല്ലാം ഇ-മാലിന്യങ്ങളില്‍പ്പെടുന്നു.
ഇന്ത്യയില്‍ ഒരു വര്‍ഷം ഉണ്ടാകുന്നത് 18.5 ലക്ഷം ടണ്‍ ഇ-മാലിന്യമാണ്. 1,20,000 ടണ്‍ ഇ-മാലിന്യമാണ് മുംബൈയില്‍ ഒരു വര്‍ഷം ഉണ്ടാകുന്നത്. വര്‍ഷംതോറും 25 ശതമാനം വര്‍ദ്ധനവ് ഇ-മാലിന്യങ്ങള്‍ക്ക് ഉണ്ടാകുന്നു. ലോകത്ത് ഏറ്റവുമധികം ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രാജ്യങ്ങള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്‍ അപകടകാരികളായ ധാരാളം വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഉപയോഗപ്രദമായവ വീണ്ടും ഉപയോഗിക്കുകയും അല്ലാത്തവയെ സംസ്‌കരിക്കുകയുമാണു വേണ്ടത്. ഇ-മാലിന്യത്തില്‍ 10 ശതമാനം മാത്രമാണ് വീണ്ടും ഉപയോഗിക്കുന്നത്. മിക്ക ഇ-ഉത്പന്നങ്ങളിലും ആയിരത്തോളം വ്യത്യസ്തഘടകങ്ങളുണ്ട്. വിവിധ രാസപദാര്‍ത്ഥങ്ങളാണ് ഇവയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഏറ്റവുമധികം ഉള്ളത് ഈയം (ഹലമറ) ആണ്. ലെഡ്, ടിന്‍, കാഡ്മിയം, മെര്‍ക്കുറി എന്നിവ മണ്ണില്‍നിന്നോ അന്തരീക്ഷത്തില്‍നിന്നോ മനുഷ്യന്റെ ഉള്ളിലെത്തിയാല്‍ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കും.
ഇ-മാലിന്യസംസ്‌കരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. ലാന്റ് ഫില്ലിംഗ്, ഇന്‍സിനറേഷന്‍, റീസൈക്ലിംഗ്, റീയൂസ് എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളുണ്ട്. ഇവയില്‍ ആദ്യ രണ്ടു മാര്‍ഗ്ഗങ്ങളിലും വീണ്ടും അപകടങ്ങളുണ്ട്. ഇ-മാലിന്യങ്ങള്‍ ഇല്ലാതാക്കുവാന്‍ ശാസ്ത്രീയവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാവണം. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പരിസ്ഥിതി സൗഹൃദ അസംസ്‌കൃതവസ്തുക്കള്‍ കഴിവതും ഉപയോഗിക്കുവാന്‍ ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒഴിവാക്കാനാകും. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ അടുത്ത ദശാബ്ദത്തോടെ ഇ-മാലിന്യം അഞ്ചിരട്ടി വര്‍ദ്ധിക്കുമെന്നാണ് വിശ്വസനീയപഠനങ്ങള്‍ തെളിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2011 ല്‍ കേന്ദ്രഗവണ്‍മെന്റ് ഇ-വെയ്സ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിംഗ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുകയുണ്ടായി. ഇ-മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം സുരക്ഷിതമാക്കുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കാനും അധിവസിക്കുന്ന ഭൂമി മാലിന്യവിമുക്തമാക്കാനുമുള്ള ശ്രമങ്ങള്‍ അടിയന്തരമായി നടത്തപ്പെടേണ്ടതാണ്.


(തുടരും)

Login log record inserted successfully!