സി. മേരി ബനീഞ്ഞ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ മേരി ബനീഞ്ഞ അവാര്‍ഡ് പ്രഫ. തോമസ് കണയംപ്ലാവനും, വാനമ്പാടി അവാര്‍ഡ് റവ. ഡോ. ജേക്കബ് കട്ടയ്ക്കലിനും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. പാലാ ബനീഞ്ഞാ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റവ. ഡോ. ജോസഫ് തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ റവ. സിസ്റ്റര്‍ ജെയ്‌സ്, ഡോ. ഡേവിസ് സേവ്യര്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, പ്രിന്‍സ് വി.സി. തയ്യില്‍, സി. ബര്‍ണദിത്ത്, സി. ഷൈനറ്റ് മരിയ എന്നിവര്‍ സംസാരിച്ചു. ബെനീഞ്ഞാമ്മയെക്കുറിച്ച് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതി ജെറി അമല്‍ദേവ് ഈണം പകര്‍ന്ന ഗാനം കുമാരി റോസു ഡേവിസ് ചടങ്ങില്‍ ആലപിച്ചു. ബനീഞ്ഞാമ്മയുടെ 'ഹനുമാന്റെ അനന്തിരവന്‍' എന്ന കവിതയുടെ ഓട്ടന്‍തുള്ളല്‍രൂപം കുമാരി അഭിരാമി അവതരിപ്പിച്ചു. കുമാരി കാവ്യ ഭാസ്‌കര്‍ ബനീഞ്ഞാമ്മയുടെ 'എങ്ങുപോയ് വല്യമ്മച്ചി' എന്ന കവിത ആലപിച്ച് വേദിയെ ഭാവസാന്ദ്രമാക്കി.
ഇരുന്നൂറില്‍പ്പരം കവിതകളും എഴുപതോളം ഗ്രന്ഥങ്ങളും രണ്ടു മഹാകാവ്യങ്ങളും (വേദസാഗരം, ക്രിസ്തുഗീതാമൃതം) പ്രഫ. തോമസിന്റേതായുണ്ട്. ഗ്രന്ഥകാരനും പ്രഭാഷകനും ഭാഷാപണ്ഡിതനുമായ ഡോ. കട്ടയ്ക്കല്‍ ഭര്‍തൃഹരിയുടെ ശൃംഗാരശതകം, നീതിശതകം, വൈരാഗ്യശതകം എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ബൈബിള്‍ വാക്യങ്ങള്‍ സഹിതം വിവര്‍ത്തനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും വ്യാഖ്യാനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അക്വീനാസ്-ശങ്കര-രാമാനുജ മധ്വദര്‍ശനങ്ങള്‍, അദൈ്വതവേദാന്തധര്‍മ്മശാസ്ത്രം, ലോകമതങ്ങള്‍, ക്രിസ്തുദര്‍ശനം തുടങ്ങി 113 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഫാ. കട്ടയ്ക്കല്‍.