മലയടിവാരത്തുള്ള സ്‌കൂളിലെ വാര്‍പ്പിട്ട മേല്‍ക്കൂരയ്ക്കുള്ളില്‍നിന്ന് രണ്ടു ദിവസത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തോടു വിടപറഞ്ഞ് അരുന്ധതി പതിയെ പുറത്തേക്കിറങ്ങി.
തൊട്ടടുത്ത ഗ്രാമത്തില്‍നിന്ന് തിരഞ്ഞെടുപ്പിനെത്തിച്ചേര്‍ന്നതാണ്. സമയം രാത്രി എട്ടു മണിയായി. മുകളിലാകാശത്ത് പൂര്‍ണനിലാവ്. സന്ധ്യാമേഘങ്ങള്‍ നക്ഷത്രങ്ങളെ ഉമ്മ വച്ചുണര്‍ത്തി വിരിയിച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പ് ഹരിതസൗഹൃദമായതിനാല്‍ പരിസരം നിറയെ ഉത്സവപ്രതീതിയുണര്‍ത്തുന്ന ഓലക്കൂട്ടുകളും കുരുത്തോലത്തോരണങ്ങളും. മുറ്റത്തു നില്‍ക്കുന്ന മരങ്ങളില്‍നിന്ന് പഴുത്ത മഞ്ഞയിലകള്‍ വൃശ്ചികമഞ്ഞുകൊണ്ടു തണുത്ത് നിശ്ശബ്ദമായി താഴേക്കു പൊഴിഞ്ഞുകൊണ്ടിരുന്നു.
കഴിഞ്ഞ ദിവസം പരിചയപ്പെട്ട പാര്‍ട്ടി ഏജന്റുമാര്‍ മടങ്ങിപ്പോയിട്ടില്ല. ഇലക്ഷന്‍ ഡ്യൂട്ടിക്ക് എത്തുന്ന അധ്യാപകരുമായി വളരെപ്പെട്ടെന്നാണു നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ സൗഹൃദത്തിലാവുന്നത്. രണ്ടു ദിവസത്തേക്കു വേണ്ട അവരുടെ ചായ, ചോറ്, രാത്രിയിലെ കിടപ്പു സൗകര്യങ്ങള്‍ എല്ലാത്തിലും അവരുടെ ശ്രദ്ധ ഒരു സാന്ത്വനംപോലെ എത്തും.
ഇന്നലെ വാഹനത്തില്‍നിന്നിറങ്ങിയപ്പോഴേ നാട്ടുകാരില്‍ ചിലര്‍ സ്വീകരിക്കാന്‍ ഓടി അടുത്തെത്തിയിരുന്നു.
ഞാന്‍ സുമേഷ് ട്ടോ ടീച്ചറെ... ഇദ് ഭാസ്‌കരേട്ടന്‍...
അദ് കുമാരേട്ടന്‍... ആ നിക്കണ്ത് പരീദ്ക്കാ... അപ്പറ്ത്ത്ള്ളത് ദാസപ്പന്‍... അയിന്റപ്പറ്ത്തുള്ളത് കോശിച്ചായന്‍. ഒക്കെ പാര്‍ട്ടീന്റാള്‍ക്കാരാണ്.
ഈ രണ്ടീസം എന്താവശ്യണ്ടേലും പറഞ്ഞോളി... ഇദ് മാതൃകാ ബൂത്താ ടീച്ചറെ... എലക്ഷനേയുള്ളൂ ഈടെ പാര്‍ട്ടി..
തിരഞ്ഞെടുപ്പ് കഴിഞ്ഞാ പിന്നെല്ലാരും ഒറ്റക്കെട്ടാ....
അരുന്ധതി എല്ലാവരെയും നോക്കി ചിരിച്ചു.
തിരഞ്ഞെടുപ്പിന്റന്ന് അരുന്ധതിക്കു ക്ഷീണം തോന്നിയപ്പോഴൊക്കെ കുമാരേട്ടന്‍ നല്ല ആട്ടിന്‍ പാലൊഴിച്ച് ചായ കൊടുത്തു. മാസ്‌ക് മാറ്റുമ്പോഴൊക്കെ, സോപ്പും സാനിറ്റൈസറുമായി പരീദ്ക്ക അടുത്തുവന്നു.
ഉച്ചയ്ക്ക് ചോറിനോടൊപ്പം നല്ല വാളന്‍പുളി പിഴിഞ്ഞ പുഴമീന്‍കറിയുമായി കോശിച്ചായനങ്ങ് സല്‍ക്കരിച്ചു. അങ്ങനെ, ഇന്നലെയും ഇന്നുമായി അരുന്ധതി മലയടിവാരത്തിലെ പൗരപ്രമുഖരുടെ സല്‍ക്കാരം നല്ലവണ്ണം അനുഭവിച്ചു.
എന്താ... ടീച്ചറേ പൂവ്വാനായോ? മഞ്ഞു കൊള്ളാണ്ട് വരാന്തേമ്മല് കയറി നിന്നോളി... തലേദിവസം പരിചയപ്പെട്ടവരില്‍ ഒരാളാണ്. പഞ്ചായത്തിലെ കുറച്ച് കാരണവന്‍മാരും ചെറുവാല്യക്കാരും സ്‌കൂളിന്റെ അതിര്‍വരമ്പില്‍നിന്ന് വൃശ്ചികമാസത്തിലെ കുളിര് നുകര്‍ന്നുകൊണ്ട് തിരഞ്ഞെടുപ്പിന്റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
പൂവ്വാണ്... ഒരോട്ടോ വിളിക്കണം... ടീച്ചറ് എങ്ങോട്ടാ... പുറകില്‍നിന്നൊരു സ്വരം കേട്ടു...
തിരിഞ്ഞുനോക്കിയപ്പോള്‍ വെള്ളിവരമ്പിട്ട നിലാവിന്റെ നിഴലില്‍നിന്ന് മഞ്ഞവെളിച്ചം വീഴ്ത്തി ഒരു ബുള്ളറ്റ് മുരണ്ടുകൊണ്ട് അടുത്തുവരുന്നു..
തന്റെ ബൂത്തിനനുവദിച്ച പോലിസാണ്. യുവ സുന്ദരന്‍.. കണ്ടപ്പോള്‍ പോലീസാണെന്നു കരുതിയില്ല..
രാത്രി മാവിന്‍ചുവട്ടില്‍ ഉറങ്ങാതെ പോളിങ് ബൂത്തിനു കാവലിരുന്നപ്പോഴാണ് പോലീസാണെന്ന് അറിഞ്ഞത്. പുഞ്ചിരിയും പരിചയഭാവവും കാണിച്ചപ്പോഴും അരുന്ധതി ഗൗനിച്ചില്ല.. ഇലക്ഷന്‍ കഴിഞ്ഞിറങ്ങുമ്പോ ഫോണ്‍ നമ്പര്‍ ചോദിക്കുമോ എന്ന ഭയത്താല്‍ അകന്നുനിന്നു.
മുറ്റത്ത് ചന്ദ്രപ്രഭയൊഴുകുന്നു... ആകാശം മിന്നുന്നുണ്ട്. പണ്ടെപ്പോഴോ വാല്യക്കാരി വെള്ളയോടൊപ്പം മൂവന്തിക്കു നിലാവ് കാണാന്‍ പുറത്തിറങ്ങിനിന്നതും, പ്രായമായ പെണ്‍കുട്ടികള്‍ ത്രിസന്ധ്യയ്ക്ക് പൊറത്തെറങ്ങിക്കൂടാ.... പിതൃക്കള്‍ ഒപ്പമിങ്ങുപോരും എന്ന മുത്തശ്ശിയുടെ ശാസന കേട്ട് അകത്തേക്കു പാഞ്ഞുകയറിയതും അരുന്ധതി ഓര്‍ത്തു..
ടീച്ചറേ.... ഇനീപ്പോ ഓട്ടോയ്ക്കു പോണ്ട, ഇലക്ഷന്‍ കഴിഞ്ഞതല്ലേ... എല്ലാര്‍ക്കും തെരക്കായിരിക്കും.. ഞാന്‍ കൊണ്ടാക്കിത്തരാം... എങ്ങോട്ടാന്നു പറഞ്ഞാല്‍ മതി... ചെറുപ്പക്കാരന്‍ പറഞ്ഞു.
കോഴിക്കോടിനാണ്. മനസ്സില്‍ എന്തോ ആലോചിച്ചുറപ്പിച്ച് അരുന്ധതി പറഞ്ഞു.
വാഹനം ബുള്ളറ്റാണ്.. താന്‍ ധരിച്ചിരിക്കുന്നത് സാരിയാണ്. നേരേ ഇരിക്കുവാന്‍ വയ്യ, ഒരു വശത്തേക്കു മാത്രമായി ഒതുങ്ങണം. അരുന്ധതി സാവധാനം ബുള്ളറ്റിന്റെ പിറകില്‍ കയറി.. കാറ്റുകൊണ്ട് നഗ്‌നമാകാന്‍ സാധ്യതയുള്ള വെളുത്ത അടിവയറും മുതുകും കോട്ടണ്‍ സാരിയുടെ മറവിലേക്ക് ഒതുക്കി വച്ചു. തന്റെ യാത്ര തുടങ്ങുകയാണ്. പ്രായം പതിനെട്ടു തികഞ്ഞിട്ടും, താലി കഴുത്തില്‍ വീണിട്ടും, അഞ്ചക്കശമ്പളം പേറുന്ന ജോലി കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അരുന്ധതിയുടെ ആകാശത്ത് വിലക്കു വീണ സൂര്യനും ചന്ദ്രനുമായിരുന്നു. അങ്ങനെ വിലക്കുകള്‍ ലംഘിച്ച യാത്രയില്‍ രാവുണര്‍ന്ന് ആദ്യമായി അരുന്ധതിയോടു തന്റെ കഥ പറയാന്‍ തുടങ്ങി. സൂര്യനസ്തമിച്ച്, നഗ്‌നരൂപിയായ നഗരം വര്‍ണങ്ങളിലലിഞ്ഞ് അരുന്ധതിയുടെ മുന്നില്‍ മലര്‍ന്നു കിടന്നു. പൂക്കുന്ന താരകങ്ങള്‍. പ്രണയിനിയായ നിലാവ്. കുന്നുകള്‍ തഴുകി വരുന്ന തണുത്ത കടല്‍ക്കാറ്റ്... രാത്രിയില്‍ കൂട്ടത്തോടെ ഉയര്‍ന്നുപറക്കുന്ന മിന്നാമിനുങ്ങുകള്‍. പാതയോരങ്ങളില്‍ പൂത്ത പൂമരങ്ങള്‍. കടലയും കപ്പലണ്ടിയും പൊരിയും വില്‍ക്കുന്ന വഴിക്കച്ചവടക്കാര്‍... കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ ഒഴുകുന്ന വാഹനങ്ങള്‍.. നഗരത്തിന്റെ നെഞ്ചില്‍ പുതുതായി മൊട്ടിട്ട പാര്‍ക്കിലിരുന്ന് യുവതീയുവാക്കള്‍ കൊഞ്ചിയുലയുന്നു.. രാവിന്റെ നേര്‍ത്ത മര്‍മരങ്ങള്‍.. മുന്നിലേക്കുള്ള യാത്രയില്‍ തണുപ്പ് അരുവിപോലെ ഒഴുകി കടല്‍പോലെ പതഞ്ഞ് തന്റെ ശരീരത്തിനുമേല്‍ കുളിരായി നിറയുന്നത് അരുന്ധതി അറിഞ്ഞു.. മുന്നിലിരിക്കുന്ന ആളെ കെട്ടിപ്പിടിക്കുവാന്‍ തോന്നി. വേണ്ട.. പോലീസിനെ പ്രലോഭിപ്പിക്കണ്ടാ.
രാവ് അങ്ങനെ പല ദൃശ്യങ്ങളുടെയും കഥകള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ബുള്ളറ്റ് കോഴിക്കോട് നഗരത്തില്‍ എത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിര്‍ത്തിക്കോളൂ. ബുള്ളറ്റ് നിര്‍ത്തി. യുവ സുന്ദരനോടു നന്ദി പറഞ്ഞു സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ അരുന്ധതിയുടെ മുഖം ചന്ദ്രോദയം നേരത്തേ കണ്ട നീലത്താമരപോലെ വിടര്‍ന്നിരുന്നു..
അരുന്ധതി ബസ്സിലേക്കു കയറി സൈഡ് സീറ്റിലിരുന്നു. ഒരല്പസമയം കഴിഞ്ഞപ്പോള്‍ താനിതുവരെ പേരുപോലും ചോദിക്കാന്‍ മറന്ന ആ യുവാവ് ബസ്സിനരികിലേക്ക് ഓടിവരുന്നത് കണ്ടു... ഇങ്ങളിതെങ്ങോട്ടാ... ടീച്ചറേ...? ഇത് അടിവാരത്തേക്കുള്ള ബസ്സാണ്. വീണ്ടും അങ്ങോട്ടേക്കുതന്നെ തിരിച്ചു പോവ്വാണോ? അരുന്ധതിയുടെ ചുണ്ടില്‍ കുസൃതിയുടെ നേരിയ തിളക്കം പ്രത്യക്ഷപ്പെട്ടു.
ഒരു പോലീസുകാരന്റെ സംരക്ഷണത്തില്‍ താന്‍ കവര്‍ന്നെടുത്ത, രാത്രിയുടെ സഞ്ചാരസ്വാതന്ത്യം. ബസ് മുന്നിലേക്കു ഇരച്ചുതുടങ്ങി... ടീച്ചറേ... ഇങ്ങക്ക് ബസ് മാറ്യോ?
മുന്നിലേക്കിരമ്പിത്തുടങ്ങിയ ബസ്സിന്റെ കിതപ്പിനിടയില്‍ ചെറുപ്പക്കാരന്റെ ചോദ്യത്തെ അവഗണിച്ച് ഒരു ബുള്ളറ്റിന്റെ പുറകിലിരുന്ന് രാത്രി യാത്ര ചെയ്യണമെന്നുള്ള തന്റെ ചിരകാലസ്വപ്നം പൂവണിഞ്ഞതിന്റെ ആനന്ദനിര്‍വൃതിയില്‍ അരുന്ധതി മലയടിവാരത്തിനടുത്തുള്ള തന്റെ ഗ്രാമത്തിലേക്കു തിരിച്ച് യാത്ര തുടങ്ങി.