മഞ്ഞുപൂക്കും ഡിസംബര്‍മരങ്ങള്‍തന്‍
ചില്ലകള്‍വി,ട്ടുദയസങ്കീര്‍ത്തനം,
മെല്ലെമെല്ലെ ജനുവരിപ്പച്ചമേല്‍
ചെന്നു തൊട്ടു ചിലമ്പു ചാര്‍ത്തുന്നു.
നന്മകള്‍, നവജീവിതാദര്‍ശ-
പ്പൊന്നുരച്ചു കുറിതൊട്ടൊരുങ്ങി,
നല്ലകാലം നമുക്കു നേരുന്നു
അന്നദാതാക്കളാം വെളിച്ചങ്ങള്‍!
നേരുനേരെന്നുറക്കെച്ചിലയ്ക്കും
ജീവിതങ്ങള്‍, കിളികള്‍, കിനാക്കള്‍,
വന്നിതാ പുതുവര്‍ഷമേ, നിന്‍വിരല്‍-
ത്തുമ്പുതൊട്ടു വിളിക്കുന്നു നമ്മെ!
ഭാവുകങ്ങള്‍, മനുഷ്യത്വമേ നിന്‍
ഭാവഗീതമുയിര്‍ക്കട്ടെ നിത്യം.
പാവനങ്ങള്‍, ഭവനങ്ങള്‍ തോറും
സ്‌നേഹമേ, നീ തിരി തെളിച്ചാലും!
അല്ലയോ പ്രിയമാര്‍ന്ന ജനുവരി-
ച്ചന്ദ്രികേ, നിന്‍ ചുരുള്‍മുടിച്ചാര്‍ത്തില്‍
വന്നു ചുംബിച്ചിടംപാടുനില്‍പ്പാ-
ണന്തമറ്റോരനുഗ്രഹജാലം!