ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള യാത്രയാണ് നമ്മുടെ ഓരോ ദിവസവും. പുതുവര്‍ഷപ്പുലരിയിലെ നമ്മുടെ ചിന്ത ഇതുതന്നെയാകണം. ചെറുപ്പകാലത്ത് നക്ഷത്രങ്ങളുണ്ടാക്കുക എന്നത് ക്രിസ്മസ്‌കാലത്തെ ഏറ്റവും വലിയ ഒരാഘോഷമായിരുന്നു. നക്ഷത്രത്തിനകത്ത് വെളിച്ചം കൊടുത്തെങ്കിലേ നക്ഷത്രം പ്രകാശിക്കുകയുള്ളൂ. എന്റെ ചെറുപ്പകാലത്ത് മണ്ണെണ്ണവിളക്ക് നക്ഷത്രത്തിനുള്ളില്‍ വച്ചുകൊടുക്കുമായിരുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശമാണ് രാത്രി മുഴുവന്‍ നക്ഷത്രത്തെ പ്രകാശിപ്പിച്ചിരുന്നത്. അന്നെനിക്കു മനസ്സിലായ ഒരു കാര്യമാണ്, ഉള്ളില്‍ വെളിച്ചം ഉണ്ടെങ്കിലേ പുറം പ്രകാശിക്കുകയുള്ളൂ. ഈ ഉള്‍വെളിച്ചം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ ജീവിതങ്ങള്‍ അന്ധകാരമയമാകുന്നത്. ഉള്‍വെളിച്ചമെന്നു പറയുന്നത് ദൈവം തരുന്ന വെളിച്ചംതന്നെയാണ്. അത് ഉള്‍ക്കണ്ണുകൊണ്ട് പുറംലോകത്തെ കാണുന്ന വിധത്തില്‍ ജീവിതത്തെ സ്വസ്ഥവും വിശുദ്ധവുമായി കൊണ്ടുനടക്കുന്ന വെളിച്ചമാണ്. ഹൃദയത്തില്‍, മനസ്സില്‍ അപ്രകാരമുള്ള നന്മയുണ്ടെങ്കില്‍ ജീവിതത്തില്‍ അതു പ്രതിഫലിക്കുകയും ചെയ്യും. ജീവിതം മറ്റുള്ളവര്‍ക്കു വെളിച്ചമാകുന്നത് ഉള്ളിലുള്ള നന്മകൊണ്ടാണെന്ന് നാം തിരിച്ചറിയണം.
ഇന്നു പ്രബോധനത്തിന്റെ യാതൊരു കുറവുമില്ല. പക്ഷേ, പ്രചോദനത്തിനു കുറവുണ്ട്. ജീവിതമാതൃകകൊണ്ടു പ്രചോദനം കൊടുക്കാതെ നമ്മുടെ സഭയും സമൂഹവും രാജ്യവും മെച്ചമാവുകയില്ല.
സഭ സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കുവയ്ക്കപ്പെടണം. സാമ്പത്തികപങ്കുവയ്ക്കപ്പെടല്‍ മാത്രമല്ല ഇവിടെ വേണ്ടത്. എത്രമാത്രം യേശുക്രിസ്തുവിനെ ഏറ്റു പറയുകയും യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഒരു സുവിശേഷകന്റെ പ്രധാന ധര്‍മം.
ലളിതജീവിതം, വിശുദ്ധമായ ജീവിതമാതൃക, സ്‌നേഹം, അനുരഞ്ജനം, പങ്കുവയ്ക്കല്‍ എന്നീ അഞ്ചുമേഖലകളില്‍ പൊതുസമൂഹത്തിനു നാം മാതൃകയാകണം. യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന മേഖലകളാണിത്. ഈ ഇമേജ് കൊടുത്താല്‍ മാത്രമേ യേശുക്രിസ്തു സഭയിലും സമൂഹത്തിലും പകരുകയുള്ളൂ, അല്ലെങ്കില്‍ പറയപ്പെടുകയുള്ളൂ.
കൊറോണയും പ്രളയവുമൊക്കെ വന്നിട്ടും യേശുക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്ന രീതികളിലും മേഖലകളിലും നമുക്കു മാറ്റമുണ്ടാകുന്നില്ല. ഒരിടവക സകല ജനത്തിനുംവേണ്ടിയുള്ള സദ്വാര്‍ത്തയാകണം. പൊതുസാക്ഷ്യം കൊടുക്കാന്‍ ഇടവകസമൂഹത്തിനാകണം. ഇടവകാംഗങ്ങള്‍, നാനാജാതിമതസ്ഥരായ ഇടവകയിലെ സഹോദരര്‍ ഇവരിരുകൂട്ടരും ഇടവകയിലെ മക്കളാണ്. ഇവര്‍ക്ക് യേശുക്രിസ്തുവിനെ പകര്‍ന്നുകൊടുക്കാന്‍ നമുക്കു കഴിയണം. പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും കഴിയുന്നവരായാല്‍ കോടതികളില്‍ കേസും വ്യവഹാരങ്ങളുമായി കയറിയിറണ്ടേണ്ടി വരില്ല.
ഇന്ന് സമുദായാംഗങ്ങള്‍ തമ്മിലും ഇടവകാതിര്‍ത്തിക്കുള്ളില്‍ വ്യക്തികള്‍ തമ്മിലുമൊക്കെ എത്രമാത്രം കേസുകളാണു നിലനില്ക്കുന്നത്. എവിടെയാണ് നാം അനുരഞ്ജനത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നത്? എല്ലാ ദിവസവും രാവിലെ ദിവ്യബലിയുടെ ആരംഭത്തില്‍ അനുരഞ്ജിതരായിത്തീര്‍ന്നീടാം, നവമൊരു പീഠമൊരുക്കീടാം എന്നു നാം പാടുന്നുണ്ട്. ഈ അനുരഞ്ജനം നടത്താന്‍ നാം ആത്മാര്‍ത്ഥമായി തയ്യാറായിട്ടുണ്ടോ? ഗുരുവിന്റെ സ്‌നേഹത്തോടെയാണോ നാം യാഗമര്‍പ്പിക്കുന്നത്? ഗുരുവിന്റെ സ്‌നേഹത്തോടെ നാം ബലിയര്‍പ്പിച്ചിരുന്നെങ്കില്‍ ലോകത്തെ തകിടം മറിക്കുമായിരുന്നു. നീ ആരാണെന്നും നിന്നിലുള്ളതാരാണെന്നും നീ അറിഞ്ഞിരുന്നെങ്കില്‍ നിനക്കീ ലോകത്തെ തകിടംമറിക്കാനാവുമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതോര്‍മിക്കാം. ഞാനാരാണെന്ന് എനിക്കറിയാം. എന്റെ ഉള്ളിലുള്ളതും ആരാണെന്നും എനിക്കറിയാം.
പക്ഷേ, ഈ അറിവ് ബുദ്ധിയില്‍മാത്രം ഒതുങ്ങിനില്ക്കുകയാണ്. മനഃസാക്ഷിയിലേക്കു പോകുന്നില്ല. മനഃസാക്ഷിയിലേക്കു പോയിരുന്നെങ്കില്‍ ലോകത്തെ തകിടംമറിക്കാന്‍ കഴിയുമായിരുന്നു. സ്‌നേഹം അറിവാണ്, തിരിച്ചറിവാണ്. തിരിച്ചറിവ് ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം അനുരഞ്ജനമാണ്. ഈ അനുരഞ്ജനത്തിന്റെ സുവിശേഷം പ്രഘോഷിക്കാനാവാത്തതാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ എതിര്‍സാക്ഷ്യം. ആ മേഖലയില്‍ തിരുത്തല്‍ വരുത്താതെ സ്‌നേഹത്തിന്റെ നവലോകം കെട്ടിപ്പടുക്കാന്‍ നമുക്കാവില്ല.
ആദിമസഭയില്‍ മുട്ടുപാടുള്ളവര്‍ ഉണ്ടായിരുന്നില്ല എന്നതിന്റെ അര്‍ത്ഥം അവരുടെയിടയില്‍ തര്‍ക്കങ്ങളില്ലായിരുന്നു എന്നാണ്. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും രണ്ടും രണ്ടാണ്. അഭിപ്രായവ്യത്യാസങ്ങള്‍ മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകും. പക്ഷേ, അതു തര്‍ക്കങ്ങളിലേക്കും പരിഹരിക്കാന്‍ കോടതികളിലേക്കും പോകുമ്പോള്‍, വഴിയില്‍വച്ചു രമ്യപ്പെടാന്‍ പറഞ്ഞ യേശുക്രിസ്തുവിനെയാണ് വലിച്ചിഴച്ചു കോടതി കയറ്റുന്നത്. ആ യേശു കോടതിയിലെ പ്രതിക്കൂട്ടിലിരുന്നുകൊണ്ട്, സാക്ഷിമുറിയിലിരുന്നുകൊണ്ട്, നാം ദൈവം സാക്ഷിയായി പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു വേദനയോടെ കാണുന്നു. കോടതികളില്‍ അനേകം സാക്ഷ്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തെ സാക്ഷിയാക്കി പറയുന്ന പച്ചക്കള്ളങ്ങള്‍ നീറുന്ന വേദനയോടെ എനിക്കു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. കോടതികളില്‍നിന്ന് യേശുക്രിസ്തുവിനെ പുറത്തേക്കിറക്കണം. നമ്മുടെ ഇടവകയിലും നാം ജീവിക്കുന്ന ചുറ്റുപാടുകളിലും ജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷികളാവണം.
''അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടി ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു'' (അപ്പ. 2:46). ആദിമക്രൈസ്തവസമൂഹത്തിന്റെ ജീവിതശൈലിയെക്കുറിച്ച് ബൈബിള്‍ പറഞ്ഞുതരുന്നതാണിത്. അങ്ങനെ അനുദിനം ദൈവാലയത്തില്‍ ഒരുമിച്ചുകൂടുമ്പോള്‍ മാത്രമേ ഞാന്‍ അംഗമായിരിക്കുന്ന എന്റെ സഭയിലൂടെ എനിക്ക് യേശുക്രിസ്തുവിനെ കിട്ടുകയുള്ളൂ. എന്റെ ബാറ്ററി യേശുക്രിസ്തുവാണ്. ആ ബാറ്ററി ഫുള്‍ചാര്‍ജിലായിരിക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ തര്‍ക്കങ്ങളില്ല, വിവേചനങ്ങളില്ല, അസമത്വങ്ങളില്ല. തലമുറകളിലൂടെ നമുക്ക് വിശ്വാസം കൈമാറുവാന്‍ കഴിയണം. പുതിയ തലമുറയ്ക്ക് ഈ വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്നില്ലെങ്കില്‍ അവര്‍ക്കു ലഭിക്കുന്നത് പ്രചോദനമില്ലാത്ത പ്രബോധനം മാത്രമായിരിക്കും. സുവിശേഷമാകാതെ സുവിശേഷമേകാനാവില്ല.
സഭയ്ക്ക് ധാരാളം സ്ഥാപനങ്ങളുണ്ട്. പൊതുസ്റ്റാറ്റിസ്റ്റിക്‌സ് ഉണ്ട്. പക്ഷേ, ഈ സ്റ്റാറ്റിസ്റ്റിക്‌സ് പൊതുസമൂഹത്തോടു പറയുമ്പോള്‍ യേശുക്രിസ്തു അവിടെ പ്രഘോഷിക്കപ്പെടുന്നുണ്ടോ? കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാനാവില്ല, ആരാധിക്കാന്‍പോലുമാവില്ല. ധനികന്റെ വാതില്‍ തുറന്നിടുന്നത് ദരിദ്രന്റെ മുമ്പിലാണ് എന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. എന്റെ ഉപയോഗം കഴിഞ്ഞുള്ള എന്റെ സ്വത്തിന്റെ അവകാശി പുറത്തുള്ളവനാണ്. മൂന്നാംകണ്ണ്, അതായത്, മനഃസാക്ഷിയുടെ കണ്ണ് തുറക്കാന്‍ പറ്റാതെ പോകുന്നതാണ് ഈ തലമുറയുടെ ദുരന്തം. ശക്തമായ ഉള്‍ബോധ്യങ്ങള്‍ ഇല്ലാതെപോകുന്നു. ആ ഉള്‍ക്കാഴ്ചകളുടെ അഭാവം നാളത്തെ സഭയിലും സമൂഹത്തിലും പ്രതിഫലിക്കുമെന്നു തീര്‍ച്ചയാണ്.
നമുക്കൊരു തുറന്ന ദൈവാലയവും അവിടെ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഒരു ദൈവവുമുണ്ടെന്ന് അക്രൈസ്തവരുള്‍പ്പെടെയുള്ള എല്ലാ ജനപദങ്ങളും മനസ്സിലാക്കണം. ഇടവക / സഭ ഞങ്ങളുടേതുംകൂടിയാണെന്ന തോന്നല്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവണം.
പ്രചോദനമാതൃകകള്‍ ഇല്ലാതെ പോകുന്നത് ആധുനികസഭയും സമൂഹവും അനുഭവിക്കുന്ന വലിയ വെല്ലുവിളിയാണ്. ഇതാണ് വഴി, ഇതിലേ വാ എന്നു പറയാന്‍ പറ്റണമെങ്കില്‍ വഴി അറിയുന്നവരും ആ വഴിയേ നടക്കുന്നവരുമാകണം നാം. ഇന്നുള്ള പ്രശ്‌നം വഴി അറിയാം, പക്ഷേ, വഴിയേ നടക്കുന്നില്ല, കാണിച്ചുകൊടുക്കുന്നവര്‍ മാത്രമാകുന്നു എന്നതാണ്.
ഞാനാകണം എന്റെ വീട്ടിലെ സുവിശേഷം. എന്റെ മക്കള്‍ വായിക്കുന്നത് എന്നെയാകണം. എന്റെ ജീവിതപങ്കാളി വായിക്കുന്ന ആദ്യത്തെ അധ്യായം ഞാനായിരിക്കണമെന്ന് ഓരോ കുടുംബനാഥനും കുടുംബനാഥയും നിര്‍ബന്ധം വയ്ക്കണം. എന്നെക്കുറിച്ച്, എന്റെ കുടുംബത്തെക്കുറിച്ച് എന്റെ ചുറ്റുപാടുമുള്ളവരുടെ ഇംപ്രഷന്‍ എന്താണെന്നും ചിന്തിക്കണം. ഒന്നു തുറന്നുനോക്കാനും അഴിച്ചുപണിയാനും നമുക്കു സാധിച്ചാല്‍ മാത്രമേ ജീവിതനവീകരണം സാധ്യമാവൂ.