ഡല്‍ഹി മഹാനഗരത്തെ ചുറ്റിവളഞ്ഞിരിക്കുന്നു ലക്ഷക്കണക്കിനു കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ഗ്രാമങ്ങളില്‍നിന്ന് ട്രാക്ടര്‍ ട്രെയിലറുകളിലും ലോറികളിലുമായി എത്തിയവരാണവര്‍. കര്‍ഷകനും ഭാര്യയും പ്രായമായ മാതാപിതാക്കളും കുട്ടികളുമടക്കം ആറുമാസക്കാലത്തെ താമസത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുമായിട്ടാണ് അവര്‍ എത്തിയിരിക്കുന്നത്. ഡല്‍ഹിനഗരത്തില്‍ പ്രവേശിക്കാന്‍ ജന്തര്‍മന്ദര്‍ ഭാഗത്തും രാംലീലാ മൈതാനത്തിലും പ്രതിഷേധം പ്രകടിപ്പിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞുനിറുത്തുകയായിരുന്നു. വരുംവഴിയില്‍ ഹരിയാനയിലും മറ്റും ബി.ജെ.പി. സര്‍ക്കാരിന്റെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ജലപീരങ്കിയുമെല്ലാം നേരിട്ടാണ് അവര്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശംവരെ
വന്നുചേര്‍ന്നത്. ആംആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി സര്‍ക്കാരിന് ഡല്‍ഹിയിലെ പോലീസ് സേനയുടെമേല്‍ നിയന്ത്രണാധികാരമില്ല. അവിടെ പോലീസ്, ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ, അതായത്, കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണല്ലോ.
ഡല്‍ഹിയിലെ സ്റ്റേഡിയങ്ങളെല്ലാം ജയിലുകളായി പ്രഖ്യാപിച്ച്, പ്രക്ഷോഭണം നടത്തുന്ന കര്‍ഷകരെ അവിടെ തടവിലാക്കാനായിരുന്നു കേന്ദ്രത്തിന്റെ പ്ലാന്‍. പക്ഷേ, സ്റ്റേഡിയങ്ങളുടെ നിയന്ത്രണാധികാരമുള്ള കേജ്‌രിവാള്‍ എതിര്‍ത്തു. അങ്ങനെ ആ പ്ലാന്‍ പൊളിഞ്ഞു. ശൈത്യകാലഡല്‍ഹിയില്‍, തണുപ്പേറിയ രാവുകളില്‍ ട്രെയിലറിലും ലോറിക്കടിയിലുമെല്ലാം പുതച്ചുമൂടിക്കിടന്ന് അവര്‍ നേരം വെളുപ്പിക്കുന്നു. രാജ്യത്തിനു മുഴുവന്‍ അരിയും ഗോതമ്പും ഉത്പാദിപ്പിച്ചുതരുന്ന ഈ ഉത്തരേന്ത്യന്‍കര്‍ഷകര്‍ കൊവിഡിനെയും തണുപ്പിനെയും വെല്ലുവിളിച്ചുകൊണ്ടു സമരം ചെയ്യുന്നു. ഇവരെ ഈ സഹനസമരത്തിലേക്കു തള്ളിവിട്ടതാര്?
ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ നമ്മുടെ കാര്‍ഷികമേഖലയില്‍ സമൂലപരിഷ്‌കരണം കൊïുവന്ന്, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്നു പറഞ്ഞ് മൂന്നു പുതിയ ഓര്‍ഡിനന്‍സുകളിറക്കി. സെപ്റ്റംബറില്‍ ഈ ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്ലുകളവതരിപ്പിച്ചു. വിശദമായ പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും പുറമേ, പൊതുജനാഭിപ്രായംകൂടി തേടിയിട്ടുവേണം ബില്ലുകള്‍ പാസ്സാക്കാന്‍ എന്നു പ്രതിപക്ഷകക്ഷികളെല്ലാം ആവശ്യപ്പെട്ടിട്ടും, ഒട്ടും വഴങ്ങാതെ സര്‍ക്കാര്‍ ലോക്‌സഭയില്‍ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ബില്‍ പാസ്സാക്കിയെടുത്തു. അതു കഴിഞ്ഞാണ് ബി.ജെ.പി.യുടെ ആദ്യകാലംതൊട്ട് സഖ്യകക്ഷിയായിരുന്ന അകാലിദള്‍ സഖ്യം ഉപേക്ഷിച്ച് മന്ത്രിയെ രാജിവയ്പിച്ച് പുറത്തിറങ്ങിയത്.
ബി.ജെ.പി.ക്കു തനിച്ചു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷം 'ഡിവിഷന്‍' ആവശ്യപ്പെട്ടിട്ടും അതിന് അനുവാദം നല്‍കാതെ നിയമം ലംഘിച്ച് ബി.ജെ.പി. ക്കാരനായ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍, ശബ്ദവോട്ടോടെ ബില്‍ പാസ്സായതായി പ്രഖ്യാപിക്കുകയായിരുന്നു! ഒരേയൊരു മെമ്പര്‍ മാത്രം ആവശ്യപ്പെട്ടാലും 'ഡിവിഷന്‍'അനുവദിച്ച് തലയെണ്ണി വോട്ടെടുപ്പു നടത്തണം എന്ന നിയമമാണ് ഒരു കൂസലുമില്ലാതെ ലംഘിക്കപ്പെട്ടത്. ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഈ ബില്ലുകളെല്ലാം പാസ്സാക്കിയെടുത്ത് നിയമമാക്കിക്കൊള്ളാം എന്ന് ആര്‍ക്കോ നല്‍കിയ വാഗ്ദാനം എങ്ങനെയെങ്കിലും നടപ്പാക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ് നാം ഇവിടെ കണ്ടത്.
ഒരു കാര്യം വ്യക്തമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരുമാനവും തൊഴിലും നഷ്ടപ്പെട്ട ജനങ്ങളുടെ വാങ്ങല്‍ ശക്തി തീരെ ക്കുറഞ്ഞുപോയി; വ്യാവസായികോത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി. അപ്പോള്‍ വ്യവസായമേഖലയില്‍നിന്നുള്ള വിറ്റുവരവിനെയും ലാഭത്തെയും മാത്രം ആശ്രയിച്ചാല്‍ കമ്പനികള്‍ക്ക് ഉദ്ദേശിച്ചത്ര ലാഭം നേടാന്‍ എളുപ്പമല്ല.
അതേസമയം, ഇക്കൊല്ലം ഇന്ത്യമുഴുവന്‍ നല്ല മഴ. മണ്‍സൂണിന്റെ ബലത്തില്‍ നല്ല വളര്‍ച്ചാനിരക്ക് കാണിക്കുന്ന കാര്‍ഷികമേഖലയാണ് ശരണം. അവിടെ പ്രവേശിച്ച് കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്തു ലാഭം നേടണംഎന്ന് തീരുമാനിച്ചുറച്ചു അംബാനി, അദാനി തുടങ്ങിയ വന്‍വ്യവസായികള്‍. അവരെ എന്തിലും ഏതിലും സഹായിക്കാന്‍ നില്‍ക്കുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍, ഉടനെ ധൃതിപ്പെട്ട് അവര്‍ക്ക് ഈ മേഖലയിലേക്കു സുഗമമായി പ്രവേശിച്ച് വിജയകരമായി ബിസിനസ് നടത്താന്‍ ആവശ്യമായ മൂന്നു നിയമങ്ങള്‍ തയ്യാറാക്കിയെടുത്തു.
ഇന്ന് കര്‍ഷകര്‍ എതിര്‍ത്തു സമരം ചെയ്ത്, റദ്ദു ചെയ്യാന്‍ ആവശ്യപ്പെടുന്ന നിയമങ്ങളാണ് ഇവ മൂന്നും. ഏതെല്ലാമാണീ മൂന്നു നിയമങ്ങള്‍?
ഒന്ന്, കോണ്‍ട്രാക്ട് കൃഷി നിയമവിധേയമാക്കാനുള്ള നിയമം. രണ്ട്, ഇന്നു കാര്‍ഷികവിഭവങ്ങളുടെ വിപണനരംഗത്ത് മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുത്തകയുള്ള എ.പി.എം.സി. എന്ന അഗ്രികള്‍ച്ചര്‍ പ്രൊഡക്ട്‌സ് മാര്‍ക്കറ്റിംഗ് കമ്മിറ്റിയുടെ 'മണ്ഡികള്‍' എന്നു വിളിക്കുന്ന നാടന്‍ചന്തകളുടെ കുത്തക ഒഴിവാക്കി അവയെ ദുര്‍ബലപ്പെടുത്താനുള്ള നിയമം. മൂന്ന്, കാര്‍ഷികോത്പന്ന വിപണനമേഖലയില്‍ പ്രവേശിക്കുന്ന കമ്പനികള്‍ക്കു ലാഭകരമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കാന്‍വേണ്ടി അവശ്യവസ്തുക്കളുടെ വിലനിയന്ത്രണനിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്ന നിയമം. ഈ നിയമങ്ങള്‍ റദ്ദു ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്തുകൊണ്ട്?
ആദ്യത്തെ നിയമമനുസരിച്ച് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കര്‍ഷകരുമായി കരാര്‍ ഉണ്ടാക്കി ഉത്പന്നം വാങ്ങാനെത്തുന്ന കമ്പനിക്ക് മണ്ഡികള്‍ക്കു പുറത്തും എവിടെ വച്ചു വേണമെങ്കിലും വ്യാപാരം നടത്താം. ഒരു 'പാന്‍ കാര്‍ഡ്' മാത്രമാണ് യോഗ്യത. ഒരു ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. ഈ വ്യാപാരത്തിന്മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതിയില്ല. അതോടെ കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ എ.പി.എം.സിയെയോ മണ്ഡികളെയോ ആശ്രയിക്കേണ്ട കാര്യമില്ല എന്നതായി സ്ഥിതി. മണ്ഡികളില്‍ ഉത്പന്നത്തിന്റെ വിപണനം നടക്കുമ്പോള്‍ 7-8 ശതമാനം നികുതി കൊടുക്കേണ്ടിവരും. മണ്ഡിക്കു പുറത്ത് കരാറുകാരന് ഉത്പന്നം വില്ക്കുമ്പോള്‍ നികുതി കര്‍ഷകനു ലാഭിക്കാം. അതോടെ മിക്ക കര്‍ഷകരും മണ്ഡിയെ ഉപേക്ഷിച്ച് കരാര്‍ക്കമ്പനിയെയോ അവരുടെ ഏജന്‍സിമാരെയോ സമീപിക്കും. ആദ്യവര്‍ഷങ്ങളില്‍ കമ്പനി മോഹവില നല്കി കര്‍ഷകരെ ആകര്‍ഷിക്കാനും ശ്രമിക്കും. അതോടെ മണ്ഡികളില്‍ ബിസിനസ് ഇല്ലാതാകും. മാര്‍ക്കറ്റ് കമ്മിറ്റികളും അവയുടെ ചന്തകളും ബലഹീനമാകുന്നതോടെ കരാര്‍ക്കമ്പനികള്‍ തങ്ങളുടെ വിശ്വരൂപം കാണിക്കാന്‍ തുടങ്ങും. കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും. പല കാരണങ്ങള്‍ (ഗുണനിലവാരം മുതലായവ) ചൂണ്ടിക്കാട്ടി വിലകുറയ്ക്കും. കര്‍ഷകനേതാക്കള്‍ക്ക് ഈ ഭയം മനസ്സിലുണ്ട്. സര്‍ക്കാരിന് മണ്ഡികളില്‍നിന്നു ലഭിച്ചിരുന്ന നികുതിവരുമാനം നഷ്ടമാകുന്നതോടെ സംസ്ഥാനസര്‍ക്കാരുകളും പുതിയ പദ്ധതിയെ എതിര്‍ക്കും. സംസ്ഥാനസര്‍ക്കാരുകളുടെ ഈ വരുമാനം ഇല്ലാതാകുന്നതോടെ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ കഴിവില്ലായ്മ തങ്ങളെ ബാധിക്കുമെന്ന് കര്‍ഷകരും ഭയപ്പെടുന്നു.
കര്‍ഷകരുടെ മറ്റൊരു വലിയ ഭയം മാര്‍ക്കറ്റ് കമ്മിറ്റികളും ചന്തകളും ബലഹീനമാകുന്നതോടെ പ്രധാന ഉത്പന്നങ്ങളായ നെല്ലിനും ഗോതമ്പിനും ഇന്നു ലഭിക്കുന്ന വിലസംരക്ഷണം നഷ്ടമായേക്കും എന്നതാണ്. പഞ്ചാബിലെയും ഹരിയാനയിലെയും പ്രധാനകൃഷികളാണ് നെല്ലും ഗോതമ്പും. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് നമുക്ക് ആവശ്യത്തിനു ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പട്ടിണിമരണം വളരെ സാധാരണമായിരുന്നു. ക്രമേണ, പഞ്ചവത്സരപദ്ധതികളിലൂടെ ജലസേചനസൗകര്യം വര്‍ദ്ധിച്ചു. (ഭക്രാനംഗല്‍, ഹിരാക്കുഡ്). 1960 കളുടെ മദ്ധ്യത്തില്‍ ഉയര്‍ന്ന ഉത്പാദനശേഷിയുള്ള ഹൈബ്രിഡ് വിത്തുകളുമെത്തി. അങ്ങനെ കാര്‍ഷികോത്പാദനം വന്‍തോതില്‍ ഉയര്‍ന്നു. അതോടൊപ്പം, കര്‍ഷകനെ എന്നും ഭയപ്പെടുത്തിയിരുന്ന ഒരു ദുരന്തം, വിളവെടുപ്പിന്റെ സമയത്തുണ്ടാകുന്ന വിലത്തകര്‍ച്ച ഒഴിവാക്കാനുള്ള നടപടികളും വന്നു. വിളവെടുപ്പിന്റെ സമയത്ത് അധികം ഉത്പന്നം പെട്ടെന്ന് വിപണിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന വിലയിടിവ് ഒഴിവാക്കാനായി താങ്ങുവില നിര്‍ണ്ണയിച്ച്, ആ വിലയ്ക്ക് ഉത്പന്നം സര്‍ക്കാര്‍ സംഭരിക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. ആണ്ടുതോറും ഉത്പാദനച്ചെലവ് കണക്കാക്കി ഈ സംഭരണവില, താങ്ങുവില, അതായത്, മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന എം.എസ്.പി. കര്‍ഷകന് ഉറപ്പായതോടെ, ആത്മവിശ്വാസത്തോടെ ഉത്പാദനം ഉയര്‍ത്താന്‍വേണ്ടി പണമിറക്കാനും പാടുപെടാനും കര്‍ഷകനു ധൈര്യമായി.
പഞ്ചാബിലെ കര്‍ഷകര്‍ ഉത്പന്നവുമായി മാര്‍ക്കറ്റ് കമ്മിറ്റിയുടെ മണ്ഡിയില്‍ എത്തുന്നു. അവിടെ നടക്കുന്ന ലേലത്തില്‍ ലഭ്യമാകുന്ന വില തൃപ്തികരമാണെങ്കില്‍ ചരക്ക് കൈമാറുന്നു. വില തൃപ്തികരമല്ലെങ്കില്‍ അവിടെത്തന്നെയുണ്ട് ഫുഡ്‌കോര്‍പ്പറേഷന്റെ താങ്ങുവില സംഭരണകേന്ദ്രം. അവിടെ ഉത്പന്നം നല്‍കുന്നു. മൂന്നു ദിവസത്തിനകം അയാള്‍ക്കു താങ്ങുവില ലഭിക്കുന്നു.
പുതിയ നിയമം വന്ന്, നികുതി ലാഭിക്കാനും ആദ്യം ലഭിക്കുന്ന മോഹവില കീശയിലാക്കാനും കര്‍ഷകര്‍ കരാറുകാരെ സമീപിച്ചാല്‍ മാര്‍ക്കറ്റ് കമ്മിറ്റിയും ചന്തയും തകരും. അവിടെ പ്രവര്‍ത്തിക്കുന്ന സംഭരണ ഏജന്റും അപ്രത്യക്ഷനാകും. ഫുഡ് കോര്‍പ്പറേഷനെ അതിനകം സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചെന്നും വരാം. താങ്ങുവിലസമ്പ്രദായവും വിസ്മൃതമായേക്കാം. അപ്പോള്‍ പഴയ ദുര്‍ഭൂതം, വിളവെടുപ്പു സമയത്തെ വിലയിടിവ്, വീണ്ടും പ്രത്യക്ഷപ്പെടും. ഈ അപകടം മണക്കുന്ന കര്‍ഷകര്‍ ആണ്ടുതോറും താങ്ങുവില പുതുക്കിനിര്‍ണ്ണയിക്കുന്ന പതിവ് തുടരണമെന്നും കമ്പനിയുമായി ഉണ്ടാക്കുന്ന കരാറില്‍ നിശ്ചയിക്കുന്ന വില ഈ എം.എസ്.പി. എന്ന താങ്ങുവിലയെക്കാള്‍ കുറയാന്‍ പാടില്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
മൂന്നാമത്തെ നിയമം, അവശ്യവസ്തു വില നിയന്ത്രണനിയമത്തിന്റ ഭേദഗതിയാണല്ലോ. ധാന്യങ്ങള്‍, സസ്യഎണ്ണ, പയറ്, പരിപ്പ്, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യവസ്തുക്കള്‍ ഒരു പരിധിക്കു മുകളില്‍ ശേഖരിച്ചുവയ്ക്കുന്നതിന് നിയന്ത്രണമുണ്ട്, ഈ നിയമത്തില്‍. ഉത്പന്നം ശേഖരിച്ചുവച്ച് വിപണിയില്‍ കൃത്രിമക്ഷാമമുണ്ടാക്കി, വില ഉയര്‍ത്തി, കൊള്ളലാഭം ഉണ്ടാക്കുന്ന പ്രവണതയെ തടുക്കാനാണ് സ്റ്റോക്ക് പരിധി ഈ നിയമത്തില്‍ 1950 കളില്‍ത്തന്നെ നിര്‍ണ്ണയിച്ചിരുന്നത്. ഇപ്പോള്‍ ഈ പരിധികള്‍ എടുത്തുകളഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഉത്പന്നം വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും വളരെയധികം ഉത്പന്നം സ്റ്റോക്ക് ചെയ്യാന്‍ കഴിയണം. അപ്പോള്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്നത്ര ലാഭം നേടാന്‍ കഴിയൂ. അങ്ങനെ ലാഭം നേടാന്‍ അവര്‍ക്ക് അവസരമൊരുക്കാനായി സ്റ്റോക്ക് പരിധികള്‍ നീക്കം ചെയ്തിരിക്കുകയാണ്.
ചുരുക്കത്തില്‍, മൂന്നു നിയമങ്ങളും കര്‍ഷകര്‍ക്കുവേണ്ടിയല്ല കാര്‍ഷികവിപണിയിലിറങ്ങുന്ന കമ്പനികള്‍ക്കു ലാഭകരമായി പ്രവര്‍ത്തിക്കാന്‍ അരങ്ങൊരുക്കുന്നവയാണ് എന്നു പറയേണ്ടിയിരിക്കുന്നു. പക്ഷേ, 'ഒരു രാജ്യം, ഒരു വിപണി,' എന്ന ആകര്‍ഷകമായ ഒരു മുദ്രാവാക്യം മുഴക്കി പുതിയ പദ്ധതിയെ 'മാര്‍ക്കറ്റ്' ചെയ്യുന്നു.
എ.പി.എം.സി.യും താങ്ങുവിലസമ്പ്രദായവും ഇല്ലാതായാല്‍ കര്‍ഷകന്‍ വലിയ കമ്പനികളുടെ ഇരയായിത്തീരുമെന്നറിയാവുന്ന നേതാക്കള്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നു. എം.എസ്.പി. - താങ്ങുവില - തുടരും, എന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വാക്കിനപ്പുറം എന്തുറപ്പിനാണ് പ്രസക്തി എന്ന് സര്‍ക്കാര്‍വക്താക്കള്‍ ചോദിക്കുന്നു. അപ്പോള്‍, ജലരേഖകളായിത്തീര്‍ന്നിരിക്കുന്ന നിരവധി വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി നല്‍കിയ കാര്യം കര്‍ഷകരും ചൂണ്ടിക്കാണിക്കുന്നു. അഞ്ചുദിവസത്തെ ചര്‍ച്ചകള്‍ പരാജയപ്പെട്ടുകഴിഞ്ഞു.
ഡല്‍ഹിയിലെ രാത്രികള്‍ അനുദിനം തണുപ്പേറിയവയായിത്തീരുന്നു. അതേസമയം, പ്രക്ഷോഭണത്തിന്റെ ചൂട് നിലനിറുത്താന്‍ കര്‍ഷകര്‍ക്കു കഴിയട്ടേ യെന്നു നമുക്കു പ്രാര്‍ത്ഥിക്കാം;