അന്നം തരുന്നവര്‍ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ്. പക്ഷേ, അന്നം തരുന്നവനെ അടിച്ചോടിക്കുന്നതാണ് ഡല്‍ഹിയില്‍ കണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദകാര്‍ഷികനിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തല്ലിച്ചതച്ചു. വെല്ലുവിളികള്‍ നോക്കാതെ സമരത്തിനെത്തിയ വയോധികര്‍ അടക്കമുള്ള കര്‍ഷകര്‍ക്കു നേരേയാണ് പോലീസ് ബലപ്രയോഗവും കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചത്.
കതിരു കാക്കുന്ന കര്‍ഷകന്റെയും അതിരു കാക്കുന്ന ജവാന്റെയും ചോരയും നീരുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കരുത്തും ജീവവായുവും. കര്‍ഷകരുടെ അധ്വാനത്തിലൂടെ മാത്രമേ ജനതകള്‍ക്കു ഭക്ഷണം ലഭ്യമാകൂ. അരിയും ഗോതമ്പും പയര്‍വര്‍ഗങ്ങളും സവോളയും കിഴങ്ങും പച്ചക്കറികളും പഴങ്ങളും ഭക്ഷ്യയെണ്ണകളും സുഗന്ധവ്യഞ്ജനങ്ങളും നാളികേരവും മത്സ്യവും മാംസവും മുട്ടയും പാലും കാപ്പിയും തേയിലും റബറും തുടങ്ങി ഉപ്പും മുളകും കടുകും വരെ ഉത്പാദിപ്പിക്കുന്ന കര്‍ഷകരില്ലാതെ മനുഷ്യരാശിക്കു നിലനില്‍ക്കാനാകില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കര്‍ഷകന്റെ വിയര്‍പ്പില്ലാതെ ഒരു നേരത്തേ ഭക്ഷണം കിട്ടില്ല.
അതിശൈത്യത്തിലും വീറോടെ
ഉത്തരേന്ത്യയിലാകെ ശൈത്യകാലം തുടങ്ങിക്കഴിഞ്ഞു. രാത്രികളില്‍ ആറു ഡിഗ്രി സെല്‍ഷ്യസാണ് താപനില. കേന്ദ്രസര്‍ക്കാരിന്റെ വിവാദകര്‍ഷകനിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭവുമായി ഡല്‍ഹി ചലോ സമരത്തില്‍ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിനു കര്‍ഷകര്‍ തെരുവിലും ട്രക്കുകളിലുമാണു കൊടുംതണുപ്പിനെ വകവയ്ക്കാതെ ഉറങ്ങുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും കഴിക്കുന്നതും വസ്ത്രങ്ങള്‍ മാറ്റുന്നതുമൊക്കെ തെരുവില്‍.
മാസങ്ങള്‍ തെരുവില്‍ കിടക്കേണ്ടിവന്നാലും വിവാദ കര്‍ഷകവിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണു കര്‍ഷകസംഘടനാ നേതാക്കളുടെ പ്രഖ്യാപനം. മൂന്നു മാസത്തേക്കുള്ള ഗോതമ്പും അരിയും അടക്കം റേഷന്‍സാധനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ചെറുസംഘങ്ങള്‍ തിരികെ നാട്ടില്‍ പോയി കൂടുതല്‍ കര്‍ഷകരും സാധനങ്ങളുമായി മടങ്ങിവരുമെന്നും കര്‍ഷകനേതാക്കള്‍ പറഞ്ഞു. സിക്കുകാരുടെ ഗുരുവായ ഗുരുനാനാക്കിന്റെ ജയന്തിപോലും ഹരിയാന-ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളിലാണ് പഞ്ചാബികളായ കര്‍ഷകര്‍ തിങ്കളാഴ്ച ആചരിച്ചത്.
കൊമ്പന്മാരും മുട്ടുമടക്കിയ ശക്തി
സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ഉപാധി വച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഉത്തരേന്ത്യയിലെ ചങ്കുറപ്പുള്ള കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. ഡല്‍ഹി അതിര്‍ത്തിക്കടുത്തുള്ള ബുറാഡിയിലെ നിരങ്കാരി മൈതാനിയിലേക്കു പോയാല്‍ മാത്രമേ കര്‍ഷകരുമായി ചര്‍ച്ചയൂള്ളൂവെന്നു പ്രഖ്യാപിച്ച മന്ത്രിയോടു പോയി പണിനോക്കാനാണു കര്‍ഷകര്‍ പറഞ്ഞത്. ഏതെങ്കിലും മൈതാനിയിലൊതുക്കി സമരത്തിന്റെ വീര്യം കളയാനുള്ള തന്ത്രം കര്‍ഷകര്‍ പൊളിച്ചടുക്കി.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധി വച്ചാല്‍ സംസ്ഥാനങ്ങളിലേക്കുകൂടി സമരം വ്യാപിക്കുമെന്നു തീര്‍ച്ചയായതോടെ കേന്ദ്രം വഴങ്ങി. തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകസംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം സമ്മതിച്ചതു മറ്റൊരു മാര്‍ഗവും ഇല്ലെന്നു ബോധ്യമായപ്പോഴാണ്.
കര്‍ഷകരെ രക്ഷിക്കാനാണു പുതിയ നിയമങ്ങളെന്നാണു കേന്ദ്രത്തിന്റെ വാദം. പക്ഷേ, വിവാദനിയമങ്ങളില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ മുന്നണി വിട്ടതും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചതും. ബിജെപി ഭരണമുള്ള ഹരിയാനയിലും യുപിയിലുംപോലും നൂറുകണക്കിനു കര്‍ഷകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.
കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും അനാവശ്യഭീതി നിറയ്ക്കുകയാണെന്നുമാണു കഴിഞ്ഞ തിങ്കളാഴ്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കര്‍ഷക ക്ഷേമത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വരുമാനം ഇരട്ടിയായില്ല
കര്‍ഷകന്റെ വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍തന്നെ കര്‍ഷകരെ നിര്‍ദാക്ഷിണ്യം ദ്രോഹിക്കുന്നു! കര്‍ഷകരെ രക്ഷിക്കാനെന്നു പറഞ്ഞു കൊണ്ടുവന്ന മൂന്നു വിവാദകാര്‍ഷികനിയമങ്ങളാണ് കര്‍ഷകരുടെ ഉറക്കം
കെടുത്തുന്നത്. കര്‍ഷകരക്ഷയ്‌ക്കെന്ന പേരില്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കോര്‍പ്പറേറ്റ് കര്‍ഷകചൂഷണത്തിനു കളമൊരുക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.
കാര്‍ഷികോത്പന്നവ്യാപാരവാണിജ്യനിയമം - ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ആക്ട് 2020, കര്‍ഷക (ശക്തീകരണ, സംരക്ഷണ) നിയമം - ദി ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട് 2020, അവശ്യസാധന നിയമഭേദഗതി- ദി എസെന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020 എന്നിവയാണു വിവാദനിയമങ്ങള്‍.
വിശദമായ ചര്‍ച്ചപോലുമില്ലാതെ കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയ ഈ ബില്ലുകളില്‍ അതേമാസംതന്നെ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമം രാജ്യമാകെ പ്രാബല്യത്തിലായി.
പഠനവും പൊതുചര്‍ച്ചയും വരട്ടെ
കാര്‍ഷികമേഖലയില്‍ ഒരേസമയം ഗുണദോഷസമ്മിശ്രമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കുന്ന, ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കാവുന്ന നിയമനിര്‍മാണങ്ങള്‍ക്കുമുമ്പ് ശാസ്ത്രീയവും വിശദവുമായ പഠനങ്ങള്‍ക്കും പൊതുചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിനെ അത്തരം ചര്‍ച്ചകള്‍ക്കു നിര്‍ബന്ധിക്കാന്‍ കര്‍ഷകരും രാഷ്ട്രീയക്കാരും കൂട്ടായി ശ്രമിക്കുകയും വേണം.
വിവാദമായ മൂന്നു നിയമങ്ങളില്‍ ആദ്യത്തെ കാര്‍ഷികോത്പന്ന വ്യാപാരവാണിജ്യനിയമം കേരളത്തിലെയും മറ്റും കര്‍ഷകര്‍ക്കു ഗുണകരമാകും. എന്നാല്‍, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്കും ഇടനിലക്കാര്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും ഇതിനോടു താത്പര്യമുïാകില്ല. ഈ മൂന്നു വിഭാഗക്കാരുടെയും വരുമാനത്തില്‍ കുറവുണ്ടാക്കാന്‍ എപിഎംസി നിയമഭേദഗതി വഴിതെളിക്കും. പഞ്ചാബിലെ കര്‍ഷകരുടെ സമരത്തിന് പഞ്ചാബ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിനു പ്രധാന കാരണം ഇതാണ്.
കരാര്‍ കൃഷിക്കായുള്ള കര്‍ഷക (ശക്തീകരണ, സംരക്ഷണ) നിയമം ഒറ്റനോട്ടത്തില്‍ നല്ലതെന്നു തോന്നിക്കാവുന്ന മധുരം പുരട്ടിയ ഗുളികയാണ്. ചെറുകിടകര്‍ഷക ര്‍ക്കു പ്രായോഗികമായി ദോഷകരമായേക്കാവുന്നതാണു നിയമത്തിലെ വ്യവസ്ഥകള്‍. കര്‍ഷകനുമായി കരാറിലേര്‍പ്പെടുന്ന കുത്തകകള്‍ക്കും വന്‍കിടവ്യാപാരികള്‍ക്കും വ്യവസായലോബിക്കുമാകും ഈ നിയമം കൂടുതല്‍ സഹായകരമാകുക.
അവശ്യസാധനഭേദഗതി നിയമമാകട്ടെ, രാജ്യത്തു വിലക്കയറ്റത്തിനു വഴിതെളിക്കുമെന്നതില്‍ സംശയിക്കാനില്ല. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും കൊള്ളലാഭക്കാര്‍ക്കും സഹായകമാകുന്നതാണു പുതിയ നിയമഭേദഗതി. രാജ്യത്തെ സാധാരണക്കാരായ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ് ഈ നിയമം. വിവാദനിയമങ്ങളെക്കുറിച്ച് ഇനിയെങ്കിലും പാര്‍ലമെന്റിലും നിയമസഭകളിലും പുറത്തും വിശദമായ ചര്‍ച്ചകളും പഠനങ്ങളും അനിവാര്യമാണ്.
ചതിക്കുഴികളാകുന്ന നിയമങ്ങള്‍
കേട്ടാല്‍ സുഖമുള്ള പേരു നല്‍കിയ കര്‍ഷകശക്തീകരണ, സംരക്ഷണനിയമം കരാര്‍കൃഷിക്കുവേണ്ടിയുള്ളതാണ്. കുത്തകകള്‍ക്കാവശ്യമായ കാര്‍ഷികോത്പന്നം അവര്‍ പറയുന്ന രീതിയിലും അളവിലും കര്‍ഷകന്‍ ഉത്പാദിപ്പിച്ചുനല്‍കാമെന്നതാണു കരാര്‍. വിത്തും വിത്തിന്റെ വിലയുമെല്ലാം വന്‍കിടക്കാരുടെ താത്പര്യത്തിലാകും.
കര്‍ഷകനും അവന്റെ വിയര്‍പ്പിന്റെ ഫലം വാങ്ങുന്നവനും തമ്മില്‍ കൃഷിക്കുമുമ്പേ കരാറിലേര്‍പ്പെടാനാകും. പക്ഷേ, വന്‍കിടക്കാരന്റെ താത്പര്യങ്ങളെ ചെറുക്കാന്‍ സാധാരണകര്‍ഷകനു കഴിയില്ല. വാഴക്കുളത്ത് മോന്‍സണ്ടോ കമ്പനിയുടെ വിത്തു നല്‍കി പൈനാപ്പിള്‍ കൃഷി ചെയ്യിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതില്‍നിന്നു തൈകള്‍ കുറവുണ്ടാകുന്നതിനാല്‍ വിത്തിനായി വീണ്ടും കുത്തകയെത്തന്നെ ആശ്രയിക്കേണ്ടിവരും.
ഇന്ത്യയില്‍ 85 ശതമാനവും ചെറുകിട-ഇടത്തരം കര്‍ഷകരാണ്. ഇവരിലേറെയും പാട്ടക്കൃഷി ചെയ്യുന്നവരാണ്. പുതിയ നിയമംമൂലം കുത്തകക്കമ്പനികള്‍ക്കു നൂറുകണക്കിന് ഏക്കറില്‍ പാട്ടക്കൃഷി നടത്താനാകും. ഇതുമൂലം നിലവില്‍ പാട്ടക്കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്കു രക്ഷയില്ലാതാകും. പാട്ടക്കൃഷി അവസാനിപ്പിക്കുകയോ കമ്പനികളുടെ ഭൂമിയില്‍ കൃഷിചെയ്യേണ്ടിവരുകയോ ആകും ഫലം.
യൂബര്‍, ഒല ടാക്സികള്‍പോലെ തുടക്കത്തില്‍ നിലവിലുള്ളതിനെക്കാള്‍ കൂടിയ വില നല്‍കി ചെറുകിടകര്‍ഷകരില്‍നിന്നു കുത്തകകള്‍ ഉത്പന്നങ്ങള്‍ സംഭരിക്കും. മുണ്ടുടുത്തവനു പകരം കോട്ടിട്ടവര്‍ പിന്നീട് വിലപേശി കാര്‍ഷികമേഖലയില്‍ ആധിപത്യം നേടും. മൊത്തക്കച്ചവടക്കാര്‍, റിലയന്‍സ്, അദാനി, ബിര്‍ള പോലെ രാജ്യമാകെ ശൃംഖലകളുള്ള വന്‍കിട ചില്ലറ വില്പനക്കാര്‍, ഫാക്ടറികള്‍ അടക്കം വന്‍ സംസ്‌കരണക്കാര്‍, കയറ്റുമതിക്കാര്‍ എന്നിവര്‍ക്കെല്ലാം സാധാരണകര്‍ഷകരുമായി കരാര്‍കൃഷിയില്‍ ഏര്‍പ്പെടാന്‍ നിയമം സഹായിക്കും.
പരാതിപരിഹാരത്തിനുള്ള ത്രിതലസംവിധാനവും ഫലത്തില്‍ കുത്തകക്കാര്‍ക്കാകും ഗുണം. സമവായ സമിതി (കണ്‍സിലീയേഷന്‍ ബോര്‍ഡ്), സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അപ്പലേറ്റ് അഥോറിറ്റി എന്നിവയാണു സമിതികള്‍. പരാതിപരിഹാരത്തിനുള്ള സമവായബോര്‍ഡില്‍ ന്യായവും സന്തുലിതവുമായ പ്രാതിനിധ്യം ഉണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും ചില അവ്യക്തതകളുണ്ട്.
കരാര്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ ലംഘനം നടത്തിയ പാര്‍ട്ടിക്കെതിരേ പിഴ ഏര്‍പ്പെടുത്താന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനും കളക്ടറുടെ അപ്പലേറ്റ് അഥോറിറ്റിക്കും അധികാരമുണ്ട്. എന്നാല്‍ ഇതെത്ര ശതമാനമെന്നു കൃത്യമായി പറയുന്നില്ല. ഏതു കാരണത്താലും കുടിശ്ശിക ഈടാക്കാനായി കര്‍ഷകന്റെ ഭൂമിക്കെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ഏക ആശ്വാസം.
പുകമറയാകുന്ന വാഗ്ദാനങ്ങള്‍
കാര്‍ഷികോത്പന്ന, വ്യാപാരവാണിജ്യനിയമംമൂലം കര്‍ഷകര്‍ക്കു രാജ്യത്തെവിടെയും ഉത്പന്നം വില്‍ക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ശരി, പ്രായോഗികമായി പക്ഷേ, കേരളത്തിലെ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കു ഗുണമുണ്ടാകില്ല. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കച്ചവടം ഉറപ്പിച്ചാലും സാധനങ്ങള്‍ ഉത്തരേന്ത്യന്‍വിപണയിലെത്തിക്കാന്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ പറ്റില്ല. രാജ്യത്താകെ കോര്‍പ്പറേറ്റുകള്‍ക്കും വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടി സംഭരിക്കുകയും വില്‍ക്കുകയും ചെയ്യാമെന്ന സ്ഥിതിയുണ്ടാകും.
കര്‍ഷകോത്പാദകകമ്പനികളാണു പരിഹാരം. ചെറുകിടകര്‍ഷകര്‍ സംഘടിച്ചു വന്‍കിട സഹകരണ കമ്പനികള്‍ ഉണ്ടാക്കിയേ മതിയാകൂ. പക്ഷേ, ഇതുവരെയുള്ള ഇത്തരം കമ്പനികള്‍ പലതും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. കേരളത്തിലെ നാളികേര, റബര്‍ കര്‍ഷകരുടെ സ്ഥിതി നോക്കിയാല്‍ ഇതു മനസിലാകും.
കേരളത്തിലെ കൂടിയ ഉത്പാദനച്ചെലവും തിരിച്ചടിയാകും. മറ്റു സംസ്ഥാനങ്ങളില്‍നിന്നു കുറഞ്ഞ വിലയില്‍ സംഭരിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതോടെ കര്‍ഷകര്‍ പെരുവഴിയിലാകും. വിദേശ ഇറക്കുമതികൂടി വന്നാല്‍ രാജ്യത്തെ സാധാരണ കര്‍ഷകരാകും തകരുക.
ഓണ്‍ലൈനിലും മറ്റും ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഇവര്‍ വീടുകളിലെത്തിക്കും. വളര്‍ന്നുവരുന്ന കര്‍ഷകമാര്‍ക്കറ്റുകളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഇതോടെ പ്രതിസന്ധിയിലാകാനാണു സാധ്യത. കര്‍ഷക വിപണികള്‍ തകര്‍ന്നാല്‍ വന്‍കിട ശൃംഖലകള്‍വഴി സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കാവും.
പുതിയ നിയമം വന്നാലും തറവില ഉണ്ടാകുമെന്നു കേന്ദ്രം പറയുന്നു. നിലവില്‍ 27 ഉത്പന്നങ്ങള്‍ക്കാണ് കേന്ദ്രം താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍സംഭരണമുള്ള നെല്ലിനു മാത്രമാണിതു ലഭിക്കുന്നത്. സംഭരണം നിലച്ചാല്‍ തറവില കടലാസിലൊതുങ്ങും. എടുക്കാന്‍ ആളില്ലാതാകുമ്പോള്‍, കിട്ടുന്നവിലയ്ക്കു കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
വില കൂട്ടാനുമൊരു നിയമം!
കരിഞ്ചന്തയും പൂഴ്ത്തിവയ്പും വിലക്കയറ്റവും പ്രോത്സാഹിപ്പിക്കുന്നതാണ് അവശ്യസാധന ഭേദഗതി നിയമം. ഭക്ഷ്യധാന്യങ്ങള്‍, പയര്‍-പരിപ്പുവര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യയെണ്ണകള്‍, എണ്ണക്കുരുക്കള്‍ തുടങ്ങി പതിവായി വില കൂടുന്നവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നു നീക്കിയെന്നതാണു പുതിയ നിയമഭേദഗതിയിലെ ഞെട്ടിക്കുന്ന കാര്യം.
ആര്‍ക്കും എന്തും ഇനി അനിയന്ത്രിതമായി സ്റ്റോക്കു ചെയ്യാനാകും. കര്‍ഷകരില്‍നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങി ഏത് ഉത്പന്നവും കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും എത്ര വേണമെങ്കിലും സംഭരിച്ചു സ്റ്റോക്കു ചെയ്യാന്‍ അനുവദിക്കുന്നു. അത്യപൂര്‍വ അവസരങ്ങളില്‍ മാത്രമാകും സര്‍ക്കാര്‍ ഇടപെടുക. യുദ്ധം, വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പ്രകൃതിദുരന്തം, കൊടുംപട്ടിണി, അസാധാരണ വിലക്കയറ്റം തുടങ്ങിയവയാണ് ഈ അത്യപൂര്‍വ അവസരങ്ങള്‍.
ഫലത്തില്‍ വില വളരെക്കൂടിയാലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവില്ല. രാജ്യത്തെ പാവങ്ങളെയും സാധാരണക്കാരെയുമാകും ഏറ്റവും ദോഷകരമായി ബാധിക്കുക.