•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

ആദര്‍ശത്തിലെ അടിയൊഴുക്കുകള്‍

വീട്ടുജോലിക്കു നിര്‍ത്തിയ സ്ത്രീയെ ചുറ്റിപ്പറ്റിയായിരുന്നു അവര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം തുടങ്ങിയത്. ഭര്‍ത്താവിന് ജോലിക്കാരിയെക്കുറിച്ച് നല്ല മതിപ്പാണ്. നന്നായി പണിയെടുക്കും. ഒരു മിനിറ്റ് വെറുതെ കളയുകയില്ല. കാര്യത്തിനു വിളിച്ചാല്‍ വിളിപ്പുറത്തുണ്ട്. നേരത്തേ വരും. താമസിച്ചേ പോകൂ. വേറെന്തു വേണം?
എന്നാല്‍, കടകവിരുദ്ധമായിരുന്നു ഭാര്യയുടെ നിലപാട്. ഭര്‍ത്താവിനോടു യോജിക്കാനേ കഴിയില്ല. മഹാകള്ളിയാണവള്‍. വീട്ടുസാധനങ്ങള്‍ പലതും കടത്തിക്കൊണ്ടുപോകുന്നുണ്ട്. അത് കൈയോടെ പിടികൂടണം. പറഞ്ഞുവിടണം. ഇതാണ് ഏറെക്കാലമായി അവളുടെ ആവശ്യം. 
അങ്ങേരുണ്ടോ അറിഞ്ഞ ഭാവം കാണിക്കുന്നു. എന്തുകൊണ്ടാവാം? അതാണ് ആദര്‍ശവത്കരണം എന്ന പ്രതിരോധതന്ത്രം. 
ഏതു കാര്യത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ടാകുമല്ലോ. നല്ലതിനെ മാത്രം കാണുന്ന, മോശമായതിനെ കണ്ടില്ലെന്നു നടിക്കുന്ന ഏര്‍പ്പാടാണിത്. മോശം കാര്യങ്ങളുമായി ഇടപെടുന്നത് അല്പം റിസ്‌കുള്ള കാര്യമാണ്. കര്‍ക്കശനിലപാടും പ്രതിരോധവുമൊക്കെ വേണ്ടിവരും. ഇതെല്ലാം ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളാണല്ലോ. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ തലയിടേണ്ട എന്നു വയ്ക്കുന്നു.  പകരം നല്ല വശങ്ങളെ കൂടുതലായി ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇത് അബോധമായി നടക്കുന്ന പ്രവൃത്തിയാണ്. 
എത്ര സാമര്‍ഥ്യമുണ്ടെങ്കിലും മോഷണസ്വഭാവമുള്ളയാളെ ജോലിക്കു നിര്‍ത്താവുന്നതല്ല. ഇത് ഈ കഥയിലെ ഭാര്യയുടെ 'മാത്രം' ശരിയല്ല. ആരു കേട്ടാലും അങ്ങനെയേ പറയൂ. 
ഭര്‍ത്താവ് നിഷ്പക്ഷനിലപാടെടുക്കുന്നു എന്നതു മാത്രമല്ല പ്രശ്‌നം. തന്നെക്കാളധികം വീട്ടുജോലിക്കാരിയിലാണോ ഭര്‍ത്താവിനു വിശ്വാസം എന്ന ചോദ്യവും അവള്‍ക്കു നേരിടണം. അത് അവളുടെ പ്രത്യേകപദവിയിലുള്ള കടന്നുകയറ്റമാകും. 
ഉദാഹരണം രണ്ട് - ഭാര്യ വാങ്ങിച്ചുകൊണ്ടുവന്ന പച്ചക്കറിയില്‍ കേടായ ഒരു തക്കാളി കണ്ട് ഭര്‍ത്താവ് ചൂടായി: ''നല്ലതു നോക്കി വാങ്ങണ്ടേ?'' ഉടന്‍ ഭാര്യ അതിനെ ആദര്‍ശവത്കരിച്ചു: ''അയാളും കാശുകൊടുത്തു മേടിക്കുന്നതല്ലേ?''
ആദര്‍ശവത്കരണങ്ങള്‍  പെട്ടെന്നു ചൂഷണത്തിനിരയാകുന്നു. നിര്‍ണ്ണായക നിലപാടെടുക്കുന്നതില്‍, ഉഭയകക്ഷി വ്യവഹാരങ്ങളില്‍ ഒക്കെ അപകടം പതിഞ്ഞിരിപ്പുണ്ടാവാം. 
ഇക്കൂട്ടര്‍ പങ്കാളിക്കും മക്കള്‍ക്കും എന്നുമൊരു ഭീഷണിയാണ്. അവരുടെ കോമണ്‍സെന്‍സ് ഓരോ അവസരത്തിലും ബലി കഴിക്കപ്പെടുകയാണല്ലോ. കടിച്ചമര്‍ത്തിയ രോഷത്തോടെ പങ്കാളിക്കൊപ്പം ജീവിക്കുന്ന ഇണയ്ക്ക് പ്രണയം അന്യമായിത്തീരും.

 

Login log record inserted successfully!