നാളിതുവരെ യാതൊരു സംവരണവും ലഭിക്കാത്തവരാണ് സുറിയാനിക്കത്തോലിക്കര്‍. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പരിരക്ഷയാണ്. ഇത് ആനുകൂല്യമല്ല, അവകാശമാണ്. എണ്ണം കുറവായതിനാല്‍ മാത്രമല്ല, ജനാധിപത്യവും സെക്കുലറിസവും സംസ്‌കാരവും ഭാഷയുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതിനാണിതു നല്‍കിയിരിക്കുന്നത്. പ്രധാനമായും മതന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസസ്ഥാപനത്തിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുന്നത്.
എല്ലാവരും സഹോദരര്‍ എന്ന ചാക്രികലേഖനത്തിന്റെ ഒരു മുഖ്യപ്രമേയം കുടിയേറ്റക്കാര്‍ (പ്രവാസികള്‍) ആണ്. ചാക്രികലേഖനത്തിന്റെ രണ്ടാം അധ്യായത്തിലും നാലാം അധ്യായത്തിലുമായിട്ടാണ് കുടിയേറ്റക്കാരുടെ പ്രസക്തിയും പ്രശ്‌നങ്ങളും പാപ്പാ ചര്‍ച്ച ചെയ്യുന്നത്. കേരളത്തെപ്പോലുള്ളൊരു സംസ്ഥാനവും ഇന്ത്യയെപ്പോലുള്ളൊരു രാജ്യവും കുടിയേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇവിടെ സാമ്പത്തികവളര്‍ച്ചയുണ്ടായത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. വിദ്യാഭ്യാസത്തിനുവേണ്ടിയും ഉന്നതജോലിക്കുവേണ്ടിയും രാജ്യം വിട്ടു വിദേശത്തേക്കു പോകുന്നവരുണ്ട്. അവര്‍ അവിടെ സംരക്ഷിതരുമാണ്. ഇവിടെ കുടിയേറ്റക്കാര്‍ എന്നു പറയുന്നതിലൂടെ സാധാരണകുടുംബങ്ങളില്‍നിന്നു ജോലിതേടി ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകുന്നവരെയാണ് ഉദ്ദേശിക്കുന്നത്.
കുടിയേറ്റത്തിന്റെ ഏറെ മഹിമകള്‍ മാര്‍പാപ്പാ എടുത്തുകാണിക്കുമ്പോഴും അടിയുറച്ച ഒരു നിലപാട് സ്വീകരിക്കുന്നുണ്ട്: ''അനാവശ്യമായ കുടിയേറ്റങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. അതാണു മാതൃകാപരം. പക്ഷേ, ഇതു സംഭവിക്കുന്ന രാജ്യങ്ങളില്‍ അന്തസ്സുറ്റ ജീവിതവും സമഗ്രവികസനവും സൃഷ്ടിക്കേണ്ടത് ആവശ്യമായിവരും.''(129)
''ജന്മസ്ഥലത്തു താമസിക്കുന്നതിനുള്ള അവരുടെ അവകാശം ഒരിക്കലും നിഷേധിക്കരുത്'' (38). ''എല്ലാവര്‍ക്കും ഇഷ്ടം സ്വന്തം നാടാണ്. ജന്മസ്ഥലത്തുനിന്നു പറിച്ചുമാറ്റപ്പെടുന്നതിന്റെ വേദനയും സാംസ്‌കാരികവും മതപരവുമായ നഷ്ടപ്പെടലുകളും ഛിന്നഭിന്നമാകുന്ന സാമൂഹികാടിത്തറയും കുടിയേറ്റക്കാരനെ നിരന്തരം വേട്ടയാടുന്നു'' (38).
സാമ്പത്തികസംവരണവും കുടിയേറ്റവും
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തികസംവരണം (EWS - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗം) വേണ്ട രീതിയില്‍ മനസ്സിലാക്കി ജനങ്ങളെ ബോധവാന്മാരാക്കിയാല്‍ അമിതവും അനിയന്ത്രിതവുമായ കുടിയേറ്റം ഒഴിവാക്കാം. എല്ലാവരും അന്വേഷിക്കുന്നത് ഒരു ജോലിയാണ്. ഒരു സര്‍ക്കാര്‍ ജോലിയിലൂടെ കിട്ടുന്ന വേതനംകൊണ്ട് മാന്യമായി സ്വന്തം നാട്ടില്‍ത്തന്നെ ജീവിക്കാം എന്നത് സത്യമാണ്. അങ്ങനെയായാല്‍ കുടിയേറ്റം വന്‍തോതില്‍ കുറയും. മതപരവും ഭാഷാപരവും മാനസികവും സാംസ്‌കാരികവുമായ ഒരുപിടി പ്രതിസന്ധികളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയും. തന്നെയുമല്ല; നമ്മുടെ നാട്ടില്‍നിന്ന് ബുദ്ധിയും ആരോഗ്യവും പ്രാപ്തിയുമുള്ള യുവജനങ്ങളുടെ ഒരു വന്‍ ഒഴുക്കു തടയാന്‍ സാധിക്കും. കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുമ്പോള്‍ മാതൃരാജ്യം ബലഹീനമാകുന്നു. സ്വന്തം നാടിന്റെ നിര്‍മ്മിതിയില്‍ യുവാക്കളുടെ സംഭാവനകള്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്നു. ഭാരതത്തിന്റെ രക്ഷ ഭാരതത്തിലെ യുവജനങ്ങളുടെ കരങ്ങളിലാണ്. യുവജനങ്ങള്‍ വലിയ ശക്തിയാണ്. യുവജനങ്ങള്‍ നാടുവിട്ടുപോകുന്നതിനാല്‍ നമ്മുടെ കൃഷിയിടങ്ങള്‍ തരിശുഭൂമിയായി മാറുന്നു. കാര്‍ഷികസംസ്‌കാരം നഷ്ടപ്പെടുന്നു.
സാമ്പത്തികസംവരണത്തിന്റെ
അര്‍ത്ഥതലങ്ങള്‍
103-ാം ഭരണഘടനാഭേദഗതിയിലൂടെ സര്‍ക്കാര്‍ജോലികളിലേക്കും ഉന്നത വിദ്യാഭ്യാസ അഡ്മിഷന്‍ മേഖലയിലേക്കും സംവരണമൊന്നുമില്ലാത്തവരിലെ പാവപ്പെട്ടവര്‍ക്ക് 10% സീറ്റ് റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇതാണ് EWS റിസര്‍വേഷന്‍. ഈ റിസര്‍വേഷന്‍ നിലവിലുള്ള 50% റിസര്‍വേഷനു പുറമേയാണ്. എസ്.സി. (പട്ടികജാതി) 15%, എസ്.റ്റി. (പട്ടികവര്‍ഗ്ഗം) 7.5%, ബാക്കി 27.5% ഒ.ബി.സി., ഒ.ഇ.സി. ഉള്‍പ്പെടെയുളള മറ്റു വിഭാഗങ്ങള്‍ക്കും. 50% ത്തില്‍ കൂടുതല്‍ റിസര്‍വേഷന്‍ പാടില്ല എന്ന കോടതിയുടെ നിരീക്ഷണത്തെ മറികടന്നാണ് കേന്ദ്ര ഗവണ്‍മെന്റ് ഇതു പാസ്സാക്കിയത്. പക്ഷേ, മുന്നാക്കസമുദായങ്ങളില്‍പ്പെടുന്നവര്‍ വളരെപ്പേര്‍ താഴേക്കിടയിലുണ്ട് എന്ന നിരീക്ഷണത്തില്‍നിന്നാണ് ഈ തീരുമാനം എടുത്തത്. തീര്‍ച്ചയായും നിലവില്‍ ഈ തീരുമാനം വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. ഉദ്യോഗസ്ഥതലങ്ങളില്‍ കൂടുതല്‍ ജോലിസാധ്യതകള്‍ അത് ലഭ്യമാക്കും.
പുതിയ റിസര്‍വേഷന്‍ അതിവിശാലമായ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 149 ഹിന്ദുവിഭാഗങ്ങളെയും 19 ക്രിസ്ത്യന്‍വിഭാഗങ്ങളെയും ജാതിമതരഹിതരെയുംകൂടി ഒരുമിച്ച് പരിഗണിച്ചാണ് EWS നടപ്പിലാക്കുന്നത്. സാമൂഹികാനീതിയും പിന്നാക്കാവസ്ഥയും പരിഗണിച്ചാണ് സംവരണം നല്കുന്നത്. പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ സാമൂഹികാകലം കുറച്ചു സമത്വത്തിലേക്കു വളര്‍ത്താന്‍വേണ്ടിയാണിത്. സംവരണക്വോട്ടായിലൂടെ ആനുകൂല്യം ലഭിക്കുന്നത് വ്യക്തികള്‍ക്കാണ്. നാളിതുവരെ 50% സംവരണക്വോട്ടയായിരുന്നു. ഇപ്പോള്‍ EWS കൂടിയായപ്പോള്‍ അത് 60% ആയി. EWS -ല്‍ ജാതീയ പിന്നാക്കാവസ്ഥയല്ല, സാമ്പത്തികക്കുറവും ദാരിദ്ര്യവുമാണ് മാനദണ്ഡം. സാമ്പത്തിക സംവരണമാണിത്.
സംവരണാനുകൂല്യങ്ങളില്‍ നില്‍ക്കുന്ന ആര്‍ക്കും പരാതി പറയാന്‍ അവകാശമില്ലാത്തതാണ്. ജനറല്‍ ക്വോട്ട 50% ആയിരുന്നല്ലോ. അതിലേക്കു മത്സരിക്കുവാന്‍ സംവരണത്തില്‍ നില്‍ക്കുന്നവര്‍ക്കും അവസരമുണ്ട്. സംവരണക്വോട്ടായില്‍ ഉള്ളവര്‍ക്ക് ഈ 50% പൊതുക്വോട്ടായില്‍ കയറിപ്പറ്റാനും കഴിയുമായിരുന്നു. ആ 50% ഇനിമുതല്‍ 40% മാത്രമാണ്. ഈ കുറവിനെ വിമര്‍ശിക്കുന്നത് യാഥാര്‍ത്ഥ്യബോധക്കുറവുമൂലമാണ്. അതായത്, നിലവിലുണ്ടായിരുന്ന 50% റിസര്‍വേഷനെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ 10% കൂടി വന്നത്
അപ്പോള്‍ വരുന്ന ഏകപ്രശ്‌നം പൊതുമെറിറ്റ് ക്വോട്ടാ അല്പം ചുരുങ്ങി ('‘shrink’') എന്നു മാത്രമാണ്. അതില്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും 10% കുറഞ്ഞു എന്ന വാദഗതി പ്രധാനമായും താത്ത്വികം മാത്രമാണ്. ആ അല്പം ചുരുക്കലിലൂടെ മാത്രമേ മറ്റുള്ളവര്‍ക്ക് അല്പം വളരാന്‍ പറ്റൂ എന്ന സത്യം തിരിച്ചറിയുമ്പോള്‍ എല്ലാ എതിര്‍പ്പുകളും മാറും.
സംവരണം എന്ന ആശയത്തിനുതന്നെ വ്യത്യാസങ്ങള്‍ വന്നു
ഋണട വന്നതോടെ പുതിയ ഒരുണര്‍വ്വും ഉന്മേഷവും രാജ്യമൊട്ടാകെ ഉണ്ടായി. വലിയ ഒരു പറ്റം ആളുകള്‍ സംവരണപരിധിയില്‍ വരുകയാണ്. വാസ്തവത്തില്‍ കൂടുതല്‍ അസ്വസ്ഥരാകേണ്ടത് സംവരണക്വോട്ടായില്‍ നില്‍ക്കുന്നവരല്ല. ജനറല്‍ ക്വോട്ടായില്‍മാത്രം അവസരം ലഭ്യമായിക്കൊണ്ടിരുന്ന വിഭാഗക്കാര്‍ക്കാണ് സത്യത്തില്‍ കൂടുതല്‍ നഷ്ടം! പക്ഷേ, ഇവരും അസ്വസ്ഥരാകേണ്ടതില്ല. ഇവരിലെ, സാമ്പത്തികമായിട്ട് താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനുവേണ്ടിയാണിത്. തന്മൂലം അത് സര്‍വ്വദാ സ്വാഗതാര്‍ഹമാണ്. ഇവരും ഈ സത്യം തിരിച്ചറിഞ്ഞാല്‍ മതി. കൂട്ടത്തില്‍ അല്പം കുറ്റബോധവും ഉള്ളതു നല്ലതാണ്.
ഒരവസരത്തില്‍ സുറിയാനിക്രൈസ്തവര്‍ സംവരണം വേണ്ട എന്നു പറഞ്ഞു മാറിനിന്നവരാണ്. അത് അഹങ്കാരംകൊണ്ടല്ല, അഭിമാനംകൊണ്ടായിരുന്നു. തങ്ങളുടെ സമുദായത്തില്‍പെട്ടവരെ നോക്കാന്‍ പറ്റും എന്ന ചിന്ത കൂട്ടത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഒരുതരം കുലീനത്വചിന്തയുടെ ഭാഗമായിരുന്നു അത്. ഞങ്ങള്‍ റിസര്‍വേഷന്‍ വിഭാഗത്തില്‍പ്പെട്ടവരല്ല എന്ന ചെറിയ ഒരു ദുരഭിമാനത്തിന്റെ ഭാഗംകൂടിയാണത്. പക്ഷേ, നമുക്ക് റിസര്‍വേഷനിലേക്കു പോകേണ്ടിവന്നിരിക്കുന്നു. നാളിതുവരെ യാതൊരു സംവരണവും ലഭിക്കാത്തവരാണ് സുറിയാനിക്കത്തോലിക്കര്‍. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയിരിക്കുന്ന പരിരക്ഷയാണ്. ഇത് ആനുകൂല്യമല്ല, അവകാശമാണ്. എണ്ണം കുറവായതിനാല്‍ മാത്രമല്ല, ജനാധിപത്യവും സെക്കുലറിസവും സംസ്‌കാരവും ഭാഷയുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതിനാണിതു നല്‍കിയിരിക്കുന്നത്. പ്രധാനമായും മതന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസസ്ഥാപനത്തിലൂടെയാണ് ഈ ലക്ഷ്യം സാധ്യമാക്കുന്നത്. ഇത് വ്യക്തികള്‍ക്ക് എന്നതിനെക്കാള്‍ സമൂഹത്തിനുള്ള അവകാശമാണ്. ന്യൂനപക്ഷസമൂഹത്തെയാണ് ഇവിടെ സംരക്ഷിക്കുന്നത്. ന്യൂനപക്ഷാവകാശം ഉന്നതനിലവാരത്തില്‍ നില്ക്കുന്ന ഒരു കാര്യമാണ്. അത് ഒരിക്കലും തീര്‍ന്നുപോകുന്നതല്ല, ന്യൂനപക്ഷങ്ങളുടെ സമഗ്രവളര്‍ച്ചയെ ലക്ഷ്യം വച്ചാണ്. റിസര്‍വേഷന്‍ വേണ്ടാ എന്നു പറഞ്ഞിരുന്ന നാളുകളില്‍ ഈ സമൂഹങ്ങള്‍ക്ക് ആഴമായ സമുദായബോധമുണ്ടായിരുന്നു, കെട്ടുറപ്പുണ്ടായിരുന്നു, രാഷ്ട്രീയബലമുണ്ടായിരുന്നു, കാര്‍ഷികമേഖലയിലൂടെ സാമ്പത്തികനേട്ടവും ഉണ്ടാക്കിയിരുന്നു, അംഗസംഖ്യാബലമുണ്ടായിരുന്നു, സാമ്പത്തികഭദ്രത കച്ചവടത്തിലൂടെയും ഉറപ്പാക്കിയിരുന്നു. വിദ്യാഭ്യാസയോഗ്യത ഉള്ളവരും ഉണ്ടായിരുന്നു. കാര്‍ഷികമേഖലയിലെ വിഭവങ്ങള്‍ വിറ്റാല്‍ സര്‍ക്കാര്‍ ജോലിയില്‍നിന്നു കിട്ടുന്നതിനേക്കാള്‍ പണം കിട്ടുമെന്നറിയാമായിരുന്നു. പിന്നീട്, മേല്‍പ്പറഞ്ഞ മേഖലകളിലൊക്കെ പരാജയങ്ങളും ബലഹീനതകളും സംഭവിച്ചു. സമസ്ത മേഖലകളിലും വ്യക്തിതാത്പര്യങ്ങള്‍ ഉടലെടുത്തപ്പോള്‍ സമുദായം ഛിന്നഭിന്നമായിത്തുടങ്ങി. എല്ലാവരും ഒരുപോലെ വളര്‍ന്നില്ല, അല്ലെങ്കില്‍ വളര്‍ത്തിയില്ല. വലിയ ഒരുപറ്റം പേര്‍ താഴേക്കിടയില്‍ ഉണ്ട്.
ഒ.ബി.സി. സംവരണം
വന്നപ്പോള്‍
നേരത്തേ റിസര്‍വേഷനെക്കുറിച്ചുണ്ടായിരുന്ന 'റിസര്‍വേഷന്‍' ഇപ്പോഴില്ല. പണ്ട് സംവരണം എസ്.സി.,എസ്.റ്റി. വിഭാഗങ്ങള്‍ക്കു മാത്രമായിരുന്നു. പിന്നീടാണ് ഒ.ബി.സി. ക്കാര്‍ക്ക് സംവരണം നല്കിയത്. അതോടെ സംവരണത്തില്‍ വലിയ വ്യത്യാസങ്ങള്‍ വന്നു. ഒ. ബി. സി. സംവരണം വന്നതു നല്ലതാണ്. വലിയ വളര്‍ച്ചയുണ്ടായി. അതുതന്നെയാണ് ഇന്ന് EWS ലേക്കു സര്‍ക്കാരിനെ നയിച്ചത്. ഒ.ബി.സി. യില്‍ പെടാതെ നിന്ന വിഭാഗത്തില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗങ്ങളും സര്‍ക്കാര്‍ കോളജുകളില്‍ പ്രവേശനവും താരതമ്യേന കുറഞ്ഞു. പിന്നാക്കാവസ്ഥയില്‍ നില്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ അധ്വാനിക്കണം. പദ്ധതികള്‍ ആവിഷ്‌കരിക്കണം. സമുദായ ഐക്യം വളര്‍ത്തണം. കഴിവും പ്രാപ്തിയും ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരത്തക്ക വിധത്തിലുള്ള സമുദായചിന്തയില്‍ നാം വേണ്ടവിധത്തില്‍ വളര്‍ന്നില്ല. നമ്മുടെ യുവജനങ്ങള്‍ക്ക് EWS വളരെ നല്ല അവസരമാണ്. ന്യൂനപക്ഷ പദവി ഇല്ലാത്തതും ഒ.ബി.സി. പദവി നിലനില്ക്കുന്നതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് 10% EWS റിസര്‍വേഷന്‍ ബാധകമാകുന്നത്. എന്‍ട്രന്‍സ് കോഴ്‌സുകളില്‍പോയി ഇരുന്നാല്‍ മാത്രം പോരാ. വീട്ടില്‍ എത്തി ഓരോ ദിവസവും മണിക്കൂറുകള്‍ വായിക്കുകയും പഠിക്കുകയും ചെയ്യണം. യുവാക്കള്‍ ബൗദ്ധികമുന്നേറ്റം നടത്തണം. ബൗദ്ധിക പാപ്പരത്തം ഇന്ന് ഏറെയുണ്ട്. അധ്വാനിച്ചാല്‍ അനന്തസാദ്ധ്യതയും ഉണ്ട്. സംവരണം ഉളളപ്പോഴും അവ മെറിറ്റിലൂടെയാണ് പ്രധാനമായും നിശ്ചയിക്കപ്പെടുന്നത് എന്നു മറക്കരുത്. സമുദായകെട്ടുറപ്പും ഉണ്ടാകും. നമ്മുടെ യുവജനങ്ങള്‍ ബൈക്കും മൊബൈലും സിനിമാശാലകളും ലഹരിവസ്തുക്കളുമായി ആവശ്യത്തില്‍ കൂടുതല്‍ ഇണങ്ങിക്കഴിഞ്ഞു. അതിനു മാറ്റം വന്നേ പറ്റൂ.
കാര്‍ഷികമേഖലയും സംവരണവും
ഇന്ത്യ അടിസ്ഥാനപരമായ കാര്‍ഷികമേഖലയാണ്. കര്‍ഷകരുടെ സാമ്രാജ്യമാണ്. 'ജയ് കിസാന്‍' എല്ലാ ഭാരതീയരുടെയും ഉളളിലുണ്ട്. കേരളത്തിലെ പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ എല്ലാവരുംതന്നെ കര്‍ഷകരാണ്. പക്ഷേ, പതിറ്റാണ്ടുകളായി ഈ മേഖലയില്‍ വലിയ ഇടിവാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് അല്പം ഭൂമിയുണ്ട് എന്നു മാത്രമേയുള്ളൂ. വാര്‍ഷികവരുമാനം വളരെ കുറവാണ്. കര്‍ഷകരുടെ സമുദ്ധാരണത്തിലൂടെ സുറിയാനിക്കാരുടെ ഇടയില്‍ സമുദായബോധം ഊട്ടിയുറപ്പിക്കാന്‍ പറ്റും. അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഋണട. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവരുടെ ഇടയിലാണ്. പ്രത്യേകിച്ച് ക്രൈസ്തവ കര്‍ഷകരുടെ ഇടയില്‍. സുറിയാനിക്രൈസ്തവരായി നില്ക്കുമ്പോള്‍ നമുക്ക് നമ്മുടെ വിശ്വാസവും പാരമ്പര്യവും സംസ്‌കാരവും വളര്‍ത്തണം. സംസ്‌കാരം വേണ്ടതുപോലെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. വിദ്യാഭ്യാസമേഖലയില്‍ നാം കൂടുതലായി ഇടപെട്ടപ്പോഴും പാശ്ചാത്യവിദ്യാഭ്യാസസമ്പ്രദായങ്ങള്‍ കൂടുതലായി കയറിപ്പറ്റി. സര്‍ക്കാരിന്റെ ശമ്പളം വാങ്ങിക്കുന്നവരും എന്നാല്‍ നല്ല സാംസ്‌കാരികമൂല്യങ്ങളില്‍ ജീവിക്കുന്നവരുമായ അധ്യാപകരും ഉദ്യോഗസ്ഥരും ഈ സമുദായത്തില്‍നിന്ന് കൂടുതലായിട്ടുണ്ടാകണം. അതുവഴി മാത്രമേ സാമുദായിക ഐക്യത്തില്‍ എത്താന്‍ പറ്റൂ. സമുദായത്തെക്കുറിച്ച് അഭിമാനബോധമുള്ള ഒരു ബൗദ്ധികവര്‍ഗ്ഗം വളര്‍ന്നുവരണം. ഋണട തികച്ചും വ്യക്തിപരമാണ്, സാമുദായികമല്ല. ഓരോ വ്യക്തിക്കും കിട്ടുന്ന ജോലിയും മറ്റ് അവസരങ്ങളുമാണ്. പക്ഷേ, അത്തരക്കാര്‍ സമുദായത്തിന്റെ ചരടായി വര്‍ത്തിക്കണം. സര്‍ക്കാര്‍ സര്‍വ്വീസിലേക്കു കൂടുതല്‍ പേരെ പ്രൊമോട്ട് ചെയ്യണം.
സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ സാമൂഹികവളര്‍ച്ചയുടെ ആത്മാവാണ്
സമുദായസമുദ്ധാരണത്തിന് സര്‍ക്കാര്‍ വച്ചുനീട്ടുന്ന ആനുകൂല്യങ്ങള്‍ മാത്രം നോക്കിയിരുന്നാല്‍ പോരാ, പല പ്രായോഗികമാര്‍ഗ്ഗങ്ങളുംകൂടി ഈ സംവരണം അനുഭവിക്കുന്ന കൂട്ടത്തില്‍ സമുദായങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഉദാ: പത്ത് ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ള സഭാകേന്ദ്രങ്ങളും ആരാധനാലയങ്ങളും മറ്റു സ്ഥാപനങ്ങളും എല്ലാ വ്യക്തികളും അവരുടെ പത്തോ അതില്‍ കൂടുതലോ ഏക്കര്‍ സ്ഥലത്തില്‍നിന്ന് പത്തുസെന്റെങ്കിലും ദാനം ചെയ്യാന്‍ തയ്യാറായാല്‍ കേരളത്തില്‍ വലിയ വിപ്ലവം സംജാതമാക്കാന്‍ കഴിയും. ഇത് ഒരു വെല്ലുവിളിയായെടുക്കണം. എത്രയോ ലക്ഷക്കണക്കിന് അല്മായര്‍ പത്ത് ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവരാണ്. വ്യക്തികളുടെ കൈയില്‍ ഭൂമിയും സ്വത്തും കുന്നുകൂടുമ്പോള്‍ സമുദായത്തില്‍ ഭിന്നിപ്പും തിരിവുകളും പിറന്നുകൊണ്ടിരിക്കും. രൂപതകള്‍ എത്രയോ വലിയ കടബാധ്യതകളോടെയാണ് പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്. 10% സംവരണാനുകൂല്യങ്ങള്‍ ലഭിച്ച സമുദായത്തിലെ മുന്നാക്കക്കാര്‍ ധീരമായ നിലപാടുകള്‍ സ്വീകരിക്കണം. സംവരണാനുകൂല്യങ്ങള്‍ സംലഭ്യമാകുന്നതോടൊപ്പം സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളും അതേപടിയില്‍ തുടര്‍ന്നുകൊണ്ടിരിക്കണം. നമ്മുടെ കൂട്ടത്തിലുള്ള ദളിത്‌സഹോദരരുടെ കാര്യത്തിലും ശക്തമായ നിലപാടുകള്‍ എടുക്കണം. അവര്‍ നേരിട്ട് EWS നോടു ബന്ധപ്പെട്ടല്ല നില്ക്കുന്നത്. ആദിമസഭയില്‍ ആവശ്യക്കാരില്ലായിരുന്നു. സമ്പത്തുള്ളവരെല്ലാം ഇല്ലാത്തവര്‍ക്കു നല്‍കിക്കൊണ്ടിരുന്നു. സഭ ഒരു നൂറ്റാണ്ടായി നല്കിക്കൊണ്ടിരിക്കുന്ന സാമൂഹികചാക്രികലേഖനങ്ങള്‍ നിരന്തരമായി ഉള്‍ക്കൊള്ളാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടുകൂടിയാണ് സാമ്പത്തികസംവരണത്തിലേക്കു കടക്കേണ്ടിവരുന്നത്. അതുകൊണ്ട് സംവരണം നല്‍കുന്ന താക്കീതുകളും മറക്കരുത്. മുന്നാക്കസമുദായങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ തന്നുകൊണ്ട് അവര്‍ക്ക് ആത്മപരിശോധനയ്ക്കുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ ആത്മപരിശോധന നമ്മെ കര്‍മ്മോത്സുകരാക്കണം. ലഭിച്ച അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്.
സാമ്പത്തികപിന്നാക്കാവസ്ഥ രേഖാമൂലം നിര്‍ണ്ണയിക്കുക അത്ര എളുപ്പമല്ല. EWS നടപ്പിലാക്കുന്നതിനോടൊപ്പം സമത്വവും സാമൂഹികനീതിയും ഉറപ്പാക്കണം. റിസര്‍വേഷന്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനം മാത്രമല്ല, EWS റിസര്‍വേഷന്‍ പണം നല്കലുമല്ല, പ്രത്യുത അവസരം നല്കലാണ്. ഉദ്യോഗത്തില്‍ ന്യായമായ പ്രാതിനിധ്യം കിട്ടാത്തവര്‍ക്ക് അത് നല്കി ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. സാമ്പത്തിക പിന്നാക്കാവസ്ഥ പൂര്‍ണ്ണമായുംരേഖാമൂലം വ്യക്തമാക്കപ്പെടുമ്പോഴാണ് EWS അര്‍ത്ഥമുള്ളതാവുന്നത്. പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാക്കപ്പെടേണ്ട പിന്നാക്കാവസ്ഥയെ നാം മറച്ചുവയ്ക്കരുത്. വിവേകപൂര്‍വ്വകവും നിരന്തരമായ പരിശ്രമവുംവഴി മാത്രമേ ഈ വിഭാഗത്തെ വേണ്ട രീതിയില്‍ കണ്ടെത്തി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ കഴിയൂ. സാമൂഹികക്ഷേമപദ്ധതികള്‍കൊണ്ട് പരിഹരിക്കാന്‍ പറ്റാത്തവിധം സാമ്പത്തികപ്രതിസന്ധികള്‍ തലമുറകളിലേക്കു കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു എന്ന സത്യമാണ് ഋണട ലേക്കു നയിച്ചത്. മുന്നാക്കസമുദായങ്ങളില്‍പ്പെട്ട വന്‍ഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണിത്. അതുകൊണ്ട് സംവരണത്തിന്റെ പരമ്പരാഗത മാനദണ്ഡങ്ങളെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നിര്‍ബന്ധിക്കപ്പെട്ടു. ഈ മേഖലയിലേക്ക് വ്യക്തവും കൃത്യവുമായ പഠനങ്ങള്‍ ഇനിയും നടത്തണം. തീവ്രപരിശ്രമത്തിലൂടെ EWS ക്കാരെ കണ്ടെത്തണം. ഏറ്റവും അര്‍ഹിക്കുന്നവരിലേക്കു നീങ്ങണം. പരമാവധി ആളുകളെ ചേര്‍ക്കണം. അല്ലാത്തപക്ഷം സംവരണക്കാര്‍ ഒരു പ്രത്യേക ഗ്രൂപ്പായി മാറിനില്ക്കും. സംവരണത്തിലൂടെ സമുദായത്തെ ബലപ്പെടുത്തലാണ് ആത്യന്തികമായി ലക്ഷ്യം വയ്‌ക്കേണ്ടത്. ഈ രാജ്യത്തുകൂടി ഇഴഞ്ഞും ഇരന്നും നടക്കേണ്ടവരല്ല സാമ്പത്തികമോ ജാതീയമോ ആയ തരത്തിലുള്ള പിന്നാക്കക്കാര്‍. അന്തസായി നടക്കാന്‍ എല്ലാവരും ചേര്‍ന്നു പരിശ്രമിക്കണം.