പാതിരാത്രിയിലെ ഏതോ ഒരു നേരം, വീടിന്റെ മൂലയില്‍നിന്നും നേര്‍ത്ത ഒരു തേങ്ങല്‍ ഉയര്‍ന്നു. ഒമ്പതുവയസ്സുകാരന്‍ ഉണ്ണിയാണ്. അവന്‍ കമിഴ്ന്നുകിടന്ന് തലയിണയില്‍ മുഖമമര്‍ത്തി കരയുകയാണ്. അടുത്തുറങ്ങുന്ന അച്ഛന്‍ കേള്‍ക്കരുതല്ലോ.
അവന്റെ വീട്... അതൊരു വീടായിരുന്നോ? ഉണ്ണിക്ക് ഇപ്പോള്‍ തോന്നുന്നത് അതൊരു മൂകമായ കെട്ടിടം പോലെയാണെന്നാണ്. ചുമരുകളില്‍ അപ്പോഴും അമ്മയുടെ ചിരിക്കുന്ന ചിത്രം തൂങ്ങിക്കിടപ്പുണ്ട്. പക്ഷേ, ആ ചിരിക്ക് ഇന്ന് ആ വീടിനു ജീവന്‍ കൊടുക്കാന്‍ കഴിയുന്നില്ല.
അമ്മ പോയിട്ട് ഒരു വര്‍ഷമായി. കാന്‍സര്‍ എന്ന രോഗം പതിയെപ്പതിയെ അമ്മയെ ഉണ്ണിയില്‍നിന്നും അകറ്റി.അമ്മപോയ ദിവസം മുതല്‍ ആ വീടിന്റെ താളം തെറ്റി.
പണ്ട്...
പുലര്‍ച്ചെ കോഴികൂവും മുമ്പേ അടുക്കളയില്‍ അമ്മയുടെ തിരക്കുകള്‍ തുടങ്ങും. പലഹാരങ്ങളുടെ മണം, അമ്മയുടെ പാട്ടിന്റെ ഈണം, ഉണ്ണിയുടെ ബഹളം... അച്ഛന്‍ പത്രം വായിക്കുന്നതിന്റെ ചെറിയ ശബ്ദം. ഉണ്ണിയെ കുളിപ്പിച്ച്, ചോറ് വാരിക്കൊടുത്ത്, സ്‌കൂളില്‍ വിടാനുള്ള ഓട്ടപ്പാച്ചില്‍.
ഇപ്പോള്‍...
അച്ഛന്‍ വൈകി എഴുന്നേല്‍ക്കുന്നു. എങ്ങനെയോ ഉണ്ടാക്കുന്ന കറിയും കഞ്ഞിയും. ഉണ്ണിക്കു വിശപ്പുണ്ടെങ്കിലും അച്ഛന്‍ ഉണ്ടാക്കുന്ന ആഹാരത്തിനൊന്നും അമ്മയുണ്ടാക്കുന്ന രുചിയില്ല. അവന്റെ സ്‌കൂള്‍ ബാഗ് എന്നും അടുക്കളയുടെ മൂലയില്‍ അലസമായി കിടക്കും. അച്ഛന്‍ ജോലിക്കു പോയാല്‍ ഉണ്ണി ഒറ്റയ്ക്ക്. കളിക്കാന്‍ കൂട്ടുകാരുണ്ടെങ്കിലും, കളികഴിഞ്ഞെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നത് ശൂന്യമായ കസേരയും നിശ്ശബ്ദതയുമാണ്.
ഉറങ്ങാന്‍ നേരത്ത് അമ്മ അവന്റെ അടുത്തു കിടന്ന് കഥ പറയുമായിരുന്നു. ഇപ്പോള്‍ അച്ഛന്‍ ജോലി കഴിഞ്ഞുവന്ന് ക്ഷീണിച്ച് വേഗം ഉറങ്ങും. ഉണ്ണിക്ക് ഇരുട്ടിനെ പേടിയാണ്.
ഒരു ദിവസം സ്‌കൂളില്‍ പോയി വരുമ്പോള്‍ ഉണ്ണിയുടെ ചെരുപ്പു പൊട്ടി. അവന്‍ ഒരു സൈക്കിള്‍കടയുടെ മുന്നിലിരുന്നു കരഞ്ഞു. കടയുടമ അവനെ കണ്ടു.
''എന്താ മോനേ കരയുന്നേ?'' അയാള്‍ ചോദിച്ചു.
''ചെരുപ്പ്... ചെരുപ്പു പൊട്ടി.'' കരയുന്നതിനിടയില്‍ ''അമ്മ... എന്റെ അമ്മ'' എന്നവന്‍ പറഞ്ഞുപോയി.
''മോന്റെ അമ്മ എവിടെ?''
ഉണ്ണി തലതാഴ്ത്തി. ''അമ്മ പോയി.''
ആ കടയുടമ ഉണ്ണിയെ ചേര്‍ത്തുപിടിച്ചു. അവന്റെ ചെരുപ്പ് തുന്നിക്കൊടുത്തു. അന്നു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉണ്ണി അച്ഛനോടു ചോദിച്ചു:
''അച്ഛാ, അമ്മയ്ക്ക് ഇനി ഒരിക്കലും തിരിച്ചുവരാന്‍ പറ്റില്ലേ?''
അച്ഛന്‍ അവന്റെ നെറുകയില്‍ തലോടി. ''ഇല്ല മോനേ, അമ്മയ്ക്ക് അതിനു കഴിയില്ല. പക്ഷേ, അമ്മ എപ്പോഴും നമ്മളെ നോക്കുന്നുണ്ട്. ഈ വീട്ടില്‍ എപ്പോഴും അമ്മയുടെ സ്‌നേഹമുണ്ട്.''
ഉണ്ണിക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
''സ്‌നേഹമുണ്ടെങ്കില്‍ പിന്നെന്താ ആ ചിരി കേള്‍ക്കാത്തത്? ആ കൈകള്‍ അവനെ തലോടാത്തത്?''
പിറ്റേന്ന് ഉണ്ണി ഒരു തീരുമാനമെടുത്തു. അവന്‍ അവന്റെ മുറിയിലെ കളിവണ്ടികളും ബോളുകളും കുന്നുകൂട്ടി. അവന്‍ അതെല്ലാം അടുക്കിപ്പെറുക്കി വയ്ക്കാന്‍ തുടങ്ങി. അമ്മ അവനെ പഠിപ്പിച്ചതുപോലെ. നിലത്തു വീണ പൊടി അവന്‍ തന്നെ തുടച്ചുനീക്കി.
അച്ഛന്‍ വൈകുന്നേരം വന്നപ്പോള്‍ അദ്ഭുതപ്പെട്ടു. വീടിന് ഒരു മാറ്റം. അവന്റെ മുറി വൃത്തിയായി കിടക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകിവച്ചിരിക്കുന്നു. ഉണ്ണി അച്ഛനു വെള്ളം കൊടുത്തു.
''മോനാണോ ഇതൊക്കെ ചെയ്തത്?''
''അതെ അച്ഛാ. അമ്മ പറഞ്ഞിട്ടുണ്ട്, വീട് എപ്പോഴും വൃത്തിയായി ഇരിക്കണമെന്ന്. ഞാനൊറ്റയ്ക്കിരിക്കുമ്പോള്‍ എനിക്ക് അമ്മയെ ഓര്‍മ്മ വരാന്‍വേണ്ടി ചെയ്തതാ.''
ആ നിമിഷം അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. മകന്റെ വാക്കുകളില്‍ അയാള്‍ അമ്മയുടെ സാന്നിധ്യം അറിഞ്ഞു.
അന്നു രാത്രി, അച്ഛന്‍ ഉണ്ണിയെ ചേര്‍ത്തുപിടിച്ച് ഉറങ്ങാന്‍ കിടന്നു. പതിവില്ലാത്തൊരു സമാധാനം ആ വീടിനെ പൊതിഞ്ഞു. ആ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ എവിടെയോ ഒരു മാറ്റം വന്നിരുന്നു. അമ്മയുടെ ചിരി വീണ്ടും നേരിയ ഒരിളംകാറ്റുപോലെ ആ വീടിനെ തഴുകി.
അമ്മയുടെ രൂപം അവിടെയില്ലായിരിക്കാം. പക്ഷേ, അമ്മ പഠിപ്പിച്ച കാര്യങ്ങള്‍, അമ്മയുടെ സ്‌നേഹം, അതൊന്നും മരിച്ചിരുന്നില്ല. ഉണ്ണിയിലൂടെ, അച്ഛനിലൂടെ, ആ വീടിന്റെ ഓരോ കോണിലും അതു ജീവിക്കുന്നുണ്ടായിരുന്നു.
അമ്മയില്ലാത്ത ആ വീട്, പതിയെപ്പതിയെ അമ്മയുടെ ഓര്‍മ്മകള്‍ നിറഞ്ഞ വീടായി മാറുകയായിരുന്നു.
ബിനു സുതന്‍
