ഇടവകപ്പള്ളിയില്‍ തിരുനാളാണേ-
യിക്കുറി പൂരം പൊടിപൂരം!
ഇടതടവില്ലാതുയരുന്നുണ്ടേ
വെടിയുടെ നാദം ഇടിനാദം!
ആനകളൊരുങ്ങിയെത്തീട്ടുണ്ടേ-
യാളുകളനവധി കൂടീട്ടുണ്ടേ
ആയിരമായിരം ദീപങ്ങള്‍കൊ-
ണ്ടാതിരരാവായ്ത്തീര്‍ന്നിട്ടുണ്ടേ!
വാനം മുട്ടും വാണങ്ങള്‍ പല പല
വേലകള്‍ കാട്ടി വിലസുന്നേ!
കുടകള്‍ കൊടികള്‍ തഴകളോടെ
മോടിയോടിഹ പ്രദക്ഷിണമായി!
ബാന്റും കുഴലും താളവുമായി
പാന്റ്‌സു ധരിച്ചൊരു വനിതാടീം
അവരുടെ പിന്നില്‍ താലവുമായി
അപ്‌സരമണികള്‍ വരവായി!
പരിചമുട്ടും മുട്ടാളന്മാര്‍
പരിചൊടു പിന്നില്‍ കളിയായി
കരിവരനൊന്നിലെഴുന്നള്ളുന്നു
കരയുടെ നാഥന്‍ പ്രസുദേന്തി!
കരത്തിലുയര്‍ത്തിപ്പിടിച്ചിട്ടുണ്ടേ
കറപുരളാത്തൊരു പൊന്‍സ്ലീവാ
നേരും നൊറിയും നോക്കിയൊരുക്കിയ
നേരെത്താത്തൊരു കുരിശാണേ!
കൂറോടതു പള്ളിക്കുള്ളിലെ
കൂടണയ്ക്കും ദിനമാണേ!
അതിനും പിന്നിലെത്തീടുന്നു
രൂപക്കൂടതിരമണീയം!
കണ്ണഞ്ചിപ്പോം ബള്‍ബുകളാലേ
അകവും പുറവും മിന്നുന്നുണ്ടേ!
കൂടിരിക്കും ചുമലുകളൊന്നാ-
യങ്ങോട്ടിങ്ങോട്ടാടുന്നുണ്ടേ
കാലുകള്‍ മണ്ണിലുറയ്ക്കാതങ്ങനെ
പൊങ്ങിപ്പൊങ്ങിക്കാണുന്നേ!
ഇളകിയാടും കൂടിന്നുള്ളില്‍
പുണ്യാളച്ചനെ കാണ്മാനില്ല!
എന്തൊരു മായം മറിമായം!
എടുത്തുവയ്ക്കാന്‍ മറന്നതാണോ!
എടുപ്പും നടപ്പും കണ്ടു വെറുത്തി-
ട്ടോടിയൊളിച്ചു മറഞ്ഞതാണോ!
ആര്‍ക്കറിയാം? അറിഞ്ഞിട്ടെന്തറിയാന്‍?
വിശുദ്ധനൊരാളില്ലേലെന്താ?
വിശ്വോത്തരമാം കൂടില്ലേ!
പണ്ടുപണ്ടേ കപ്പലിറങ്ങിയ
തച്ചന്‍ പണിഞ്ഞൊരു കൂടല്ലേ!
അത്തച്ചന്‍ കൊത്തിയെടുത്താ
കുരിശുള്ളൊരു കൂടല്ലേ!
അതാണു ഞങ്ങള്‍ക്കെല്ലാമെല്ലാം
അതാണു ഞങ്ങള്‍ക്കഭിമാനം!
എം.എസ്. ചാമക്കാല
