•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

ഒന്നെങ്കിലാശാന്റെ നെഞ്ചത്ത്

വിഭജനം എന്ന പ്രതിരോധതന്ത്രത്തിന് രണ്ടു നിലപാടേ ഉള്ളൂ. ഒന്നുകില്‍ സ്വീകരിക്കും, അല്ലെങ്കില്‍ തള്ളിക്കളയും. ഇതിനിടയ്ക്കുള്ള സമവായങ്ങള്‍ അവര്‍ക്കു വശമല്ല. അതായത്, ഒന്നെങ്കിലാശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്, അത്രതന്നെ. 
വിഭജനസ്വഭാവമുള്ള ഭര്‍ത്താവിന്റെ പെരുമാറ്റം  ഒന്നുനോക്കാം. പെട്ടെന്നദ്ദേഹത്തിനു തോന്നുകയാണ്, ഭരണങ്ങാനത്തിനൊന്നു പൊയ്ക്കളയാം. അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാനാണ്. ക്ഷണനേരത്തിനുള്ളില്‍ കുളിച്ചു റെഡിയായി,  ഭാര്യയോട് ഒരു ചോദ്യം: ''നീ വരുന്നോ?'' 
അത്ര പെട്ടെന്ന് ഇറങ്ങിപ്പോരാന്‍ സാധിക്കുന്ന അവസ്ഥയല്ല അവളുടേത്. വീട്ടുജോലിയെല്ലാം പാതിവഴിയാകും. മാത്രവുമല്ല, ഇന്ന് ഒരു യാത്രയ്ക്കുള്ള മൂഡുമില്ല. അടുത്ത ദിവസമായാലോ? അവള്‍ ചെറിയൊരു നിര്‍ദേശം വയ്ക്കുന്നു.
'നാളത്തേതൊന്നും നടക്കുകേല. വരുന്നുണ്ടെങ്കില്‍ ഇപ്പോ വേണം.'' അദ്ദേഹത്തിന്റെ കര്‍ക്കശനിലപാട് വന്നു കഴിഞ്ഞു. പുള്ളിക്കറിയേണ്ടത് വരുന്നുണ്ടോ, ഇല്ലയോ എന്നാണ്. മറുപടി എന്തായാലും കക്ഷി പോയിരിക്കും.
ഭാര്യയ്ക്ക് ആ ട്രിപ്പ് വളരെ ഇഷ്ടപ്പെട്ടു. പക്ഷേ, ഇപ്പോഴുള്ള യാത്ര ഒട്ടും പ്രായോഗികമല്ല. അതിനവള്‍ക്ക് കൃത്യമായ ന്യായീകരണവുമുണ്ട്. തൊട്ടടുത്ത ദിവസം പോകാമല്ലോ. അതാണവളുടെ ചിന്ത.
ഇവിടെ ഭര്‍ത്താവ് ഒരു ഒത്തുതീര്‍പ്പിന് തയ്യാറല്ല. രണ്ടിലൊന്ന് നടപ്പാക്കുകയാണ് അയാളുടെ തീരുമാനം. സമവായമില്ലാത്ത കുടുംബജീവിതം സ്വേച്ഛാധിപത്യത്തിന്റെ കരിനിഴലിലാകുന്നു.
എന്നാല്‍. വിഭജനവാദികള്‍ തങ്ങളുടെ നിര്‍ബന്ധബുദ്ധികളെ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി കാണുന്നു, അവതരിപ്പിക്കുന്നു. ഒരു തീരുമാനമെടുത്താല്‍, അതില്‍നിന്ന് പിന്നോട്ടു പോകരുത് - എന്നൊക്കെ അവര്‍ ഉപദേശിച്ചെന്നുമിരിക്കും.
ഇവിടെ ആ വീട്ടമ്മ എങ്ങനെ പെരുമാറണമായിരുന്നു? പണിയെല്ലാമിട്ടെറിഞ്ഞ് അയാള്‍ക്കൊപ്പം പോകേണ്ടിയിരുന്നോ? ശരീരക്ഷീണവും അവഗണിച്ച്? അങ്ങനെയുള്ള ഝടുതിയില്‍നിന്നും എന്ത് ആനന്ദമാണുണ്ടാവുക? നിലപാടുകളില്‍നിന്നും കരുണ അന്യമാകുന്ന കാഴ്ചകള്‍?
വിഭജനതന്ത്രം അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു തയ്യാറാകാത്തവരുടെയാണ്. പങ്കാളിയുടെ പ്രശ്‌നങ്ങള്‍ തന്റേതുകൂടിയായി അവര്‍ കാണുന്നില്ല. അവരെ സംബന്ധിച്ച്, പങ്കാളി ഒരു അടിമയ്ക്കപ്പുറം ഒന്നുമല്ല. സമവായത്തിന് ക്ഷമ, സഹനം, ത്യാഗം ഇതൊക്കെ ഒഴിച്ചുകൂടാനാവാത്തതാണ്. ഇക്കൂട്ടര്‍ക്ക് താങ്ങാനാവുന്നതല്ലല്ലോ, ഈ പുണ്യങ്ങള്‍. അവര്‍ കാര്‍ക്കശ്യക്കാരായി വീണ്ടും വീണ്ടും അവതരിച്ചുകൊണ്ടിരിക്കും. കരുതലോ, അംഗീകാരമോ ഇല്ലാതെ പ്രണയം വാടിക്കരിയുകയും ചെയ്യും.

 

Login log record inserted successfully!