ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു രാത്രിയും ഉദയത്തിലേക്ക് എത്താതിരുന്നിട്ടില്ല. സാമ്പത്തികത്തളര്‍ച്ചയില്‍നിന്നു രാജ്യങ്ങള്‍ തിരിച്ചുകയറാതിരുന്നിട്ടുമില്ല.
ഇന്ത്യയിലും അങ്ങനെതന്നെ സംഭവിക്കും, തീര്‍ച്ച. സംഭവിക്കുകയും വേണം. തിരിച്ചുകയറ്റം ഇതിനകം തുടങ്ങിക്കഴിഞ്ഞു എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതിനു ചില കണക്കുകള്‍ അവതരിപ്പിക്കുന്നുമുണ്ട്. ഓഹരിവിപണിയുമായി ബന്ധപ്പെട്ടവരും ആവേശകരമായ ചിത്രം പങ്കു വയ്ക്കുന്നു.
സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറുക എന്നത് അനിവാര്യം. എത്രയും നേരത്തേ അതു നടക്കുക എന്നത് എല്ലാവര്‍ക്കും ആഗ്രഹമുള്ള കാര്യംതന്നെ. പക്ഷേ, അതു തുടങ്ങിയെന്നു വിശ്വസിക്കാന്‍ തക്ക കാര്യങ്ങള്‍ ആയിട്ടില്ല എന്നതാണു സത്യം.
കണക്കുകള്‍ നിരുപദ്രവികള്‍
ഒക്ടോബര്‍മാസത്തിലെ ജിഎസ് ടി പിരിവ് കൊവിഡിനു മുമ്പത്തെ ഒരു ലക്ഷം കോടി രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നതു മുതല്‍ കമ്പനികളുടെ ലാഭം വര്‍ധിച്ചതുവരെയുള്ള കണക്കുകളാണു സര്‍ക്കാര്‍ ഇതിനായി നിരത്തുന്നത്. ഈ കണക്കുകളൊന്നും തെറ്റല്ല, കൃത്രിമവുമല്ല.
കണക്കുകള്‍ അതില്‍ത്തന്നെ നിരുപദ്രവികളാണ്. അവയെ വ്യാഖ്യാനിച്ചാണ് നല്ലതും ചീത്തയുമായ നിഗമനങ്ങളില്‍ എത്തുന്നത്. സാമ്പത്തികരംഗത്തു തിരിച്ചു കയറ്റം തുടങ്ങി എന്നു സ്ഥാപിക്കാന്‍ ഉദ്ധരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
ഒക്ടോബറിലെ നികുതിപിരിവില്‍ കണ്ടത് ഉണര്‍വോ?
ഒക്ടോബറില്‍ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. തലേമാസത്തെ വില്പനയുടെ നികുതിയാണ് ഈ മാസം കിട്ടുക. അതായത് സെപ്റ്റംബറിലെ വ്യാപാരത്തിന്റെ നികുതിയാണ് ഒക്ടോബറില്‍ കിട്ടുക. ഒക്ടോബര്‍ - നവംബര്‍ ഉത്സവസീസണാണ്. രാമനവമി, ദസറ, ദീപാവലി തുടങ്ങിയവ ഉള്‍പ്പെട്ട കാലം. സ്വാഭാവികമായും ഉത്സവസീസണ്‍ കണക്കാക്കി വ്യാപാരികള്‍ കൂടുതല്‍ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യും. അതല്ലേ
ജി എസ് ടി പിരിവിലെ വര്‍ധനയ്ക്കു കാരണമെന്നു ചിന്തിക്കുന്നതില്‍ അപാകതയില്ല. കുറെ മാസങ്ങളായി ലോക്ഡൗണും മറ്റു തടസങ്ങളുംമൂലം നടക്കാതിരുന്ന വ്യാപാരം ഉത്സവ സീസണില്‍ നടക്കുമെന്നു വ്യാപാരിസമൂഹം പ്രതീക്ഷിച്ചിരുന്നുതാനും. നവംബറിലെയും ഡിസംബറിലെയും നികുതിപിരിവുകൂടി കണ്ടാലേ യഥാര്‍ഥത്തില്‍ വ്യാപാരം കൂടിയോ എന്നറിയൂ.
വാഹനവില്പനയുടെ കണക്കുകള്‍ മനസിലാക്കാന്‍ ....
സമീപമാസങ്ങളില്‍ വാഹന വില്പന പൊടിപൊടിച്ചു നടക്കുകയാണെന്ന മട്ടില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. വാഹനനിര്‍മാണക്കമ്പനികള്‍ പുറത്തുവിടുന്ന കണക്ക് ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.
ഈ കണക്കുകള്‍ക്ക് ഒരു തകരാര്‍ ഉണ്ട്. കമ്പനിയില്‍നിന്ന് ഡീലര്‍മാരുടെ അടുത്തേക്ക് അയച്ച വാഹനങ്ങളുടെ സംഖ്യയാണ് അതിലുള്ളത്. ഡീലറുടെ പക്കല്‍നിന്നു വിറ്റുപോയതിന്റെ കണക്കല്ല. അതു കൊണ്ടാണ് വാഹനവില്പനയില്‍ നല്ല വര്‍ധന എന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോഴും നിരത്തുകളില്‍ പുതിയ വണ്ടികള്‍ അധികം കാണാത്തത്.
വാഹനരജിസ്‌ട്രേഷന്റെ കണക്കുകള്‍ വച്ച് വാഹനഡീലര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടിയത് ഒക്ടോബറില്‍ രാജ്യത്തെ വാഹനവില്പന കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 20 ശതമാനം കുറവാണെന്നാണ്. അതാണു സത്യവും.
ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടി ഉണ്ട്. ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ വില്പനയാണ് കാറുകളുടെ വില്പനയേക്കാള്‍ താഴോട്ടുപോയത്.
കാറുകളുടെ വില്‍പനയേക്കാള്‍ താഴോട്ടു പോയത്. ലോക്ക്ഡൗണ്‍ കാലം മുതല്‍ ഏറ്റവുമധികം വരുമാന നഷ്ടം താഴ്ന്ന വിഭാഗങ്ങള്‍ക്കാണ്. അവരാണ് ഇരുചക്ര - മുച്ചക്രവാഹനങ്ങള്‍ കൂടുതലായി വാങ്ങുന്നത്. അവരുടെ കൈയില്‍ പണമില്ലാത്തതു കൊണ്ട് ടൂ - ത്രീ വീലര്‍ വില്‍പന ഇടിഞ്ഞു.
ചരക്കുനീക്കത്തിലെ ഉണര്‍വ് നിലനിന്നില്ല
ഉത്സവകാലത്തിനു മുമ്പേ സെപ്റ്റംബറിലും ഒക്ടോബറിലും രാജ്യത്തു ചരക്കുഗതാഗതത്തില്‍ നല്ല ഉണര്‍വുണ്ടായി. കൂടുതല്‍ ഡീസലും പെട്രോളും വിറ്റു. അതിന്റെ കണക്കുകള്‍ രാജ്യം വളര്‍ച്ചയിലായി എന്നു കാണിക്കാന്‍ ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ നവംബര്‍ ആദ്യ പകുതിയിലെ ഡീസല്‍ ഉപയോഗകണക്ക് വന്നതോടെ ആയിനത്തിലുളള അവകാശവാദങ്ങള്‍ നിലച്ചു. നവംബര്‍ ആദ്യ പകുതിയില്‍ ഡീസല്‍ ഉപയോഗം കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കുറഞ്ഞു.
ഡീസല്‍ ഉപയോഗം രാജ്യത്തെ ചരക്കുനീക്കത്തിന്റെ തോതുകാണിക്കുന്നതാണ്. അതു കുറയുമ്പോള്‍ ചരക്കുനീക്കം കുറവ് എന്നു മനസിലാക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ദീര്‍ഘദൂര ബസ് സര്‍വീസ് മുടങ്ങിയിരിക്കുന്നതും കണക്കിലെടുക്കണം. ഇതേ നിയന്ത്രണം ഉണ്ടായിട്ടും ഒക്ടോബറില്‍ ഡീസല്‍ ഉപയോഗം വര്‍ധിച്ചു. ഉത്സവസീസണ്‍ പ്രമാണിച്ച് വ്യാപാരം കൂടുമെന്ന പ്രതീക്ഷയില്‍ ആ മാസം ചരക്കുനീക്കം കൂടി. അതു കഴിഞ്ഞതോടെ ചരക്കുനീക്കം കുറഞ്ഞു.
വളരുകയാണെന്നു വിശ്വസിപ്പിച്ച് വളര്‍ച്ച ഉണ്ടാക്കുന്ന തന്ത്രം
കരിയര്‍, പേഴ്‌സണാലിറ്റി ട്രെയിനര്‍മാര്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പറഞ്ഞു കൊടുക്കുന്ന ഒരു തന്ത്രമുണ്ട്. ഞാന്‍ ജയിക്കും എന്നു സ്വയം പലവുരു പറയുക. താന്‍ തന്നെയാണു പറയുന്നതെങ്കിലും കുറേ തവണ ഇതു കേള്‍ക്കുമ്പോള്‍ വ്യക്തിയില്‍ താന്‍ ജയിക്കും എന്ന ബോധ്യം വളരും. അതു വിജയത്തിലേക്കു നയിക്കും.
സമ്പദ്ഘടനയിലും ഇങ്ങനെ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വളര്‍ച്ച തുടങ്ങും മുമ്പുതന്നെ വളര്‍ച്ചയായി എന്നു പറഞ്ഞു പരത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ബിസിനസുകള്‍ തുടങ്ങാനും വളര്‍ത്താനും മൂലധനം മുടക്കാനും ഒക്കെ ആള്‍ക്കാര്‍ തയാറാകും. അതു ക്രമേണ യഥാര്‍ഥ വളര്‍ച്ചയിലേക്കു വഴിതെളിക്കും.
വേഗം വളരണം,
തൊഴില്‍ ഉണ്ടാകണം
ആ തന്ത്രം വിജയിക്കട്ടെ എന്ന് ആശിക്കാം, ആശംസിക്കാം. കാരണം രാജ്യത്തിന് ഇപ്പോള്‍ അത്യാവശ്യമായത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ്. വളര്‍ച്ച എന്നാല്‍ കൂടുതല്‍ തൊഴിലും കൂടുതല്‍ വരുമാനവുമാണ്. കോവിഡിനു മുമ്പു തന്നെ രാജ്യത്തു വളര്‍ച്ച മുരടിപ്പിലായിരുന്നു. തൊഴില്‍ വര്‍ധനയുടെ തോതും ഇടിഞ്ഞിരുന്നു.
കോവിഡും ലോക്ക്ഡൗണും വന്നതോടെ മുരടിപ്പ് തകര്‍ച്ചയായി. ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) 23.9 ശതമാനം കുറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടത് കോടിക്കണക്കിനാള്‍ക്കാര്‍ക്കാണ്.
ജൂലൈ - സെപ്റ്റംബറിലും ജിഡിപി ചുരുങ്ങുമെന്നാണു നിഗമനം. 12 ശതമാനം കുറവാണ് ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്രയും ഇടിവ് ഉണ്ടാകില്ലെന്നു കരുതപ്പെടുന്നു. 8.6 ശതമാനം ഇടിവാണ് റിസര്‍വ് ബാങ്ക് അനുമാനിക്കുന്നത്. റേറ്റിംഗ് ഏജന്‍സികളും നിക്ഷേപ ബാങ്കര്‍മാരും 9.5 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നു.
ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലും ജിഡിപി കുറയുമെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ പല സൂചകങ്ങളും അനുകൂലമായി കാണുന്നതിനാല്‍ ഈ പാദത്തില്‍ ചെറിയ വളര്‍ച്ച ഉണ്ടാകാമെന്നു റിസര്‍വ് ബാങ്ക് ഈയിടെ പറഞ്ഞു. വിലക്കയറ്റമാണു വളര്‍ച്ചയ്ക്കു ഭീഷണിയായി റിസര്‍വ് ബാങ്ക് എടുത്തു കാണിച്ചത്. അതിനു ശേഷവും വിലക്കയറ്റം കൂടുകയാണ്. അതായതു വളര്‍ച്ച തുടങ്ങി എന്നു കരുതാനാവില്ല.
ഉത്തേജിപ്പിക്കണം
വളര്‍ച്ചയ്ക്ക് അനിവാര്യമായ രണ്ടു കാര്യങ്ങളാണു മൂലധന നിക്ഷേപവും ബാങ്ക് വായ്പയും. രണ്ടും വര്‍ധിച്ചു തുടങ്ങിയിട്ടില്ല. ഉത്സവ സീസണിലെ വ്യാപാരം ഉദ്ദേശിച്ചതോതില്‍ വര്‍ധിച്ചില്ല. ഇത് സംരംഭകരെ നിക്ഷേപത്തിനോ വായ്പയെടുത്തു സംരംഭം വികസിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്ന സാഹചര്യമല്ല.
ഈ അന്തരീക്ഷം മാറണം. മാറ്റണം. അതിനുതക്ക ഉത്തേജക പദ്ധതി വേണം. ധനമന്ത്രി നിര്‍മല സീതാരാമന്‍ പലതും പ്രഖ്യാപിച്ചെങ്കിലും ശരിയായ പദ്ധതി മാത്രം വന്നില്ല. ജനങ്ങളുടെ ക്രയശേഷി (വാങ്ങല്‍ ശേഷി) കൂട്ടുന്ന നടപടിയാണു വേണ്ടത്. പകരം പ്രഖ്യാപിച്ചവ വായ്പാ ഗാരന്റികള്‍ പോലുള്ളവ.
അമേരിക്കയും ജപ്പാനും പോലുള്ള രാജ്യങ്ങള്‍ ജനങ്ങള്‍ക്കു നേരിട്ടു പണം നല്കുന്ന ഉത്തേജക പദ്ധതികള്‍ നടപ്പാക്കി. അതിനു ഫലവുമുണ്ടായി. ഒരു ത്രൈമാസത്തിലെ ഇടിവിനു ശേഷം അവിടങ്ങളില്‍ ജിഡിപി വളര്‍ന്നു.
വളര്‍ച്ച തളര്‍ച്ചയായി മാറിയപ്പോള്‍ നികുതി പിരിവ് കുറഞ്ഞു. വരുമാനം ഇടിഞ്ഞതിനാല്‍ കൂടുതല്‍ കടമെടുക്കേണ്ടി വരുന്നു. അത് പരിധി കടന്നു പോകും. അതിനാല്‍ പണം നല്‍കി ക്രയശേഷി കൂട്ടുന്ന പരിപാടി ആലോചിക്കാന്‍ പറ്റില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ഉത്തേജകം ഇല്ലാതെതന്നെ വളര്‍ച്ച തിരികെ കൊണ്ടുവന്നു എന്ന് അവകാശപ്പെടാനുള്ള ഒരു ശ്രമവും വളര്‍ച്ച തുടങ്ങി എന്ന ആരവത്തില്‍ കാണാം. അമര്‍ത്യാസെന്നും അഭിജിത് ബാനര്‍ജിയും ഗീതാ ഗോപിനാഥും മന്‍മോഹന്‍ സിംഗും രഘുറാം രാജനുമെല്ലാം തെറ്റാണെന്നു വരുത്താനുള്ള ഒരു ശ്രമം.
അതിനു വില കൊടുക്കേണ്ടി വരുന്നത് രാജ്യത്തെ യുവാക്കളാണ്. ഓരോ വര്‍ഷവും ഒന്നരക്കോടി യുവാക്കളാണ് തൊഴിലാര്‍ഥികളായി വരുന്നത്. ഇവര്‍ക്കു തൊഴില്‍ കിട്ടാന്‍ ഒന്‍പതു - പത്ത് ശതമാനം ജി ഡി പി വളര്‍ച്ച വേണം. അതിനു പകരം തളര്‍ച്ച വന്നാല്‍ ഉള്ള തൊഴില്‍ കൂടി ഇല്ലാതാകും.
കവര്‍സ്റ്റോറി
വളര്‍ച്ചയിലേക്ക് എത്ര ദൂരം?
