•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

രാവിലെ ഗ്രോബാഗുകളിലെ വെണ്ടയ്ക്കും പയറിനും തക്കാളിക്കുമൊക്കെ ചാണകപ്പൊടിയും ചാരവും വളമായി ഇട്ടുകൊടുക്കുകയായിരുന്നു ജിനേഷ്. ലുങ്കിയും ടീഷര്‍ട്ടും ധരിച്ചിരുന്ന അവന്‍ തലയില്‍ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. മുറ്റത്തേക്കു യോഗ്യനായ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു. ജിനേഷിന്റെ തൊട്ടുമുമ്പില്‍ വന്നുനിന്ന അയാള്‍ക്ക് ഓഫ് വൈറ്റ്  പാന്റും ബ്രൗണ്‍ കളര്‍ ഷര്‍ട്ടുമായിരുന്നു വേഷം.
''ജിനേഷ് രാവിലെ നല്ല അധ്വാനമാണല്ലോ    ?'' യുവാവ് പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു.
''അതേ. ചെറിയ പണികളിലാ. ആരാ മനസ്സിലായില്ലല്ലോ?'' ജിനേഷ് പണി നിര്‍ത്തി നിവര്‍ന്നു നിന്നു. 
''ഞാന്‍ അഡ്വ. ഗിരീഷ്. ജിനേഷിനെപ്പോലെ കൃഷിയിലും പരിസ്ഥിതിപ്രവര്‍ത്തനത്തിലുമൊക്കെ താത്പര്യമുള്ളയാളാ.''
''ഓ... സുമിത്രാമോഹനെ അറിയുമോ? അഡ്വക്കേറ്റാ.''
''അവരെക്കുറിച്ചു കേട്ടിട്ടുണ്ട്. അടുത്ത പരിചയമില്ല.''
''പിന്നെ എന്താ ഇപ്പഴിങ്ങോട്ടിറങ്ങിയത്?''
''എനിക്ക് ജിനേഷിനോട് ഒരു പ്രധാനകാര്യം സംസാരിക്കാനുണ്ടായിരുന്നു. പണി അല്പനേരം നിര്‍ത്തുന്നതില്‍ പ്രയാസമുണ്ടോ?''
''ഇല്ല. ഞാന്‍ വരാം. സാറ് കയറിയിരിക്ക്.' അങ്ങനെ പറഞ്ഞ് ജിനേഷ് കിണറ്റുകരയിലേക്കു കൈയും കാലും കഴുകാനായി പോയി.
കാലിലെ ഷൂസഴിച്ചുവച്ച് വീട്ടിലേക്കു കയറിയ ഗിരീഷിനെ സന്ധ്യ സ്വീകരിച്ചിരുത്തി.
''ജിനേഷിന്റെ?'' ഗിരീഷ് സന്ധ്യയെ നോക്കി. 
''പെങ്ങളാ.''
''എന്തു ചെയ്യുന്നു?''
''കുറച്ച് തയ്യലൊക്കെയുണ്ട്.''
''അമ്മ കിടപ്പിലാണല്ലേ.''
''തീരെ കിടപ്പിലൊന്നുമല്ല. ആസ്ത്മായുടെ അസുഖമുണ്ടെന്നേയുള്ളൂ. പോലീസീന്നാണോ?'' സന്ധ്യ സംശയിച്ചു.
''അല്ല. ഞാന്‍ അഡ്വക്കേറ്റാ.''
അപ്പോള്‍ തോര്‍ത്തുകൊണ്ട് കൈയും മുഖവും തുടച്ച് ജിനേഷ് മുറിയിലേക്കെത്തി. അവന്‍ കസേര വലിച്ചിട്ട് വക്കീലിനഭിമുഖമായിരുന്നു.
''ഗ്രോബാഗില്‍ ഇത്രയ്ക്കു തഴച്ചുവളരുന്ന കൃഷി ഞാനാദ്യം കാണുകാ. വേറെ മണ്ണൊന്നുമില്ലേ ജിനേഷിന്.''
''ഇല്ല. ഈ ഇരുപതു സെന്റിലുള്ള അഭ്യാസം മാത്രം.''
''അപ്പോള്‍ വീട്ടുകാര്യങ്ങളൊക്കെ?''
''എനിക്കൊന്നിനുമൊരു കുറവുമില്ല. സുഖം. സന്തോഷം.''
''ഈ പരിസ്ഥിതിസ്‌നേഹത്തിലേക്കു വന്നതെങ്ങനെയാണെന്നൊന്നു പറയുമോ?''
''ഞാന്‍ കോളജില്‍ ഫൈനല്‍ എം.എ.യ്ക്കു പഠിക്കുമ്പോള്‍ പരിസ്ഥിതിക്ലബ്ബുകാര് പ്രൊഫസര്‍ നീലകണ്ഠന്‍നായരെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ വല്ലാതെ സ്‌ട്രൈക്ക് ചെയ്തു. ഞങ്ങള്‍ തമ്മില്‍ വിളിക്കാറുണ്ട്. എല്ലാക്കാര്യത്തിലും ഉപദേശം തരുന്നുമുണ്ട്. ഗിരീഷ്‌സാറിന്റെ പരിസ്ഥിതിപ്രവര്‍ത്തനമൊക്കെ എങ്ങനെയാ?''
''ഞാന്‍ കോടതിയില്‍ പരിസ്ഥിതിയുടെ ആളുകള്‍ക്കുവേണ്ടി വാദിക്കും.''
''ഹൈക്കോടതീലാണോ?''
''അതെ.''
''ജീവന്‍പോലും പണയംവച്ചാണ് ഞാന്‍ പുഴക്കര വക്കച്ചന്റെ കായല്‍കയ്യേറ്റത്തിനെതിരേ പയറ്റുന്നത്.''
''എനിക്കറിയാം. പരിസ്ഥിതി നശിപ്പിക്കുന്നവരേറെയും വമ്പന്‍ പണക്കാരാണ്. എതിര്‍ക്കുന്നവര്‍ ഒന്നുമില്ലാത്തവരും. എന്റെ ജീവിതത്തില്‍ ഞാന്‍ ചില പാഠങ്ങള്‍ പഠിച്ചു. നമ്മളിങ്ങനെ കുറച്ചുപേര്‍ നോക്കിയിട്ടൊന്നും പരിസ്ഥിതിസംരക്ഷണം നടപ്പിലാവില്ല. നാശം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവന്മാരെ എതിര്‍ക്കണം. തറപറ്റിക്കുമെന്നു വരുംവരെ കാര്യങ്ങളെത്തിക്കണം. അപ്പോള്‍ ഈ വമ്പന്മാര്‍ നമ്മുടെ കാല്‍ക്കലെത്തും. ഇരുചെവിയറിയാതെ വിലപേശി വാങ്ങിക്കണം. നമുക്കൊക്കെ ഈ ലോകത്തില്‍ ഒരു ജീവിതമല്ലേയുള്ളൂ. കുറച്ചുനാളെങ്കിലും വമ്പന്മാരെപ്പോലെ ഇല്ലാത്തവനും ജീവിക്കണ്ടേ?''
''സാറിന്റെയാശയത്തോട് എനിക്കൊട്ടും യോജിപ്പില്ല. കേള്‍ക്കണമെന്നുമില്ല.'' ജിനേഷിന്റെ മുഖം മുഷിഞ്ഞു.
''ജിനേഷേ, ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല. വന്ന കാര്യം പറയാം. ഈ കേസില്‍ നല്ലൊരു ഓഫര്‍, പത്തുലക്ഷത്തിന്റെ, ജിനേഷിന്റെ മുമ്പിലെത്തിയതാ. വഴങ്ങിയില്ല. അതു ബുദ്ധിയായി. ഇപ്പോള്‍ നാലിരട്ടി കൈയില്‍ തരാം. സുപ്രീംകോടതിയില്‍ ശല്യം ചെയ്യാതിരുന്നാല്‍ മാത്രം മതി. കയ്യേറ്റഭൂമി തിട്ടപ്പെടുത്തിയതില്‍ അപാകതയുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് വൈകാതെ കിട്ടും. അങ്ങനെ കേസില്‍നിന്നയാള്‍ ഊരിപ്പോകും. എന്തു പറയുന്നു?'' 
''സാറ് എഴുന്നേല്ക്ക്. വെറുതെ എന്റെ പണി തടസ്സപ്പെടുത്തി.''
''ഒന്നു പറയുമ്പോള്‍ ജിനേഷ് നല്ലോണം ആലോചിക്കണം.''
''ഇക്കാര്യത്തില്‍ എനിക്കാലോചിക്കാനില്ല.''
''തരാന്‍ നീട്ടിയ പണത്തിന്റെ പകുതി മുടക്കിയാല്‍ അവര്‍ക്കു ജിനേഷിനെ തീര്‍ക്കാന്‍ പറ്റും.''
''ഇവിടെ എനിക്ക് പ്രൊട്ടക്ഷനായി പോലീസുണ്ട്. ഇപ്പോള്‍ ബാത്ത്‌റൂമിലാ. വിളിച്ചുവരുത്തണോ താനിറങ്ങിപ്പോകുന്നോ?''
ഗിരീഷ് ഒന്നു വിളറി. രംഗം പന്തിയല്ലെന്നുകണ്ട് തുണിവെട്ടുന്ന കത്രികയും കൈയില്‍പ്പിടിച്ച് സന്ധ്യ അങ്ങോട്ടു വന്നു. ഒന്നും പറയാതെ പുറത്തിറങ്ങി തിടുക്കത്തില്‍ ഷൂസ് കാലില്‍ക്കയറ്റി വക്കീല്‍ ശീഘ്രം നടന്നകന്നു.
''അത് വക്കീലൊന്നുമായിരിക്കില്ലെടാ.'' സന്ധ്യ പറഞ്ഞു.
''പുഴക്കരവക്കച്ചന്റെ ദല്ലാളാ. ഓഫര്‍ നാല്പതു ലക്ഷമായി. ങ്ഹും.'' ജിനേഷ് പറഞ്ഞു. അവന്‍ പോക്കറ്റില്‍നിന്നു മൊബൈലെടുത്ത് റെക്കാര്‍ഡ് ബട്ടണ്‍ ഓഫാക്കി.
''മുഴുവന്‍ പിടിച്ചല്ലേ?'' സന്ധ്യ കൗതുകത്തോടെ അവനെ നോക്കി. 
''കിട്ടിക്കാണും.'' മൊബൈല്‍ മേശയില്‍വച്ച് ജിനേഷ് പിന്നെയും കൃഷിപ്പണികളിലേക്കു കടന്നു. ഒന്നുകില്‍ തന്നെ ഏതെങ്കിലും ട്രാപ്പില്‍പ്പെടുത്തുകയായിരിക്കും വക്കച്ചന്റെ ലക്ഷ്യം. അതല്ലെങ്കില്‍ പണംകാട്ടി പ്രലോഭിപ്പിക്കുകയാകും. വീടുരക്ഷിക്കാന്‍ സകല അടവുകളും പുറത്തെടുക്കുകയാണ് വക്കച്ചന്‍. വീട് പൊളിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തേക്കാള്‍ മാനക്കേടിനെയാണ് അയാള്‍ പേടിക്കുന്നതെന്നു തോന്നി.
വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് സരോജം പലതവണ വിളിച്ചെങ്കിലും ജിനേഷതു കേട്ടില്ല. ഒടുവില്‍ തയ്ചുകൊണ്ടിരുന്ന സന്ധ്യ എഴുന്നേറ്റ് മുന്‍വശത്തേക്കു വന്നു. 
''ജിനേഷേ, നിന്നെയമ്മ വിളിക്കുന്നതു കേട്ടില്ലേ? ഒരു പത്തു തവണയെങ്കിലും വിളിച്ചു.'' സന്ധ്യ പറഞ്ഞു.
''അയ്യോ, ഞാന്‍ കേട്ടില്ല ചേച്ചീ. ദാ... ഇപ്പം ചെല്ലാം.'' ജിനേഷ് പെട്ടെന്ന് പണി നിര്‍ത്തി കൈയും കാലും കഴുകി വീട്ടിലേക്കു കയറി.
''ജിനേഷേ, മോനേ...'' അമ്മ പിന്നെയും വിളിച്ചു.
അവന്‍ അമ്മയുടെ മുറിയിലേക്കു ചെന്നു.
''എന്താമ്മേ, ഇതുവരെ എഴുന്നേല്‍ക്കാത്തെ?'' ജിനേഷ് കട്ടിലില്‍ സരോജത്തിന്റെയടുത്തിരുന്നുകൊണ്ടു ചോദിച്ചു.
''വയ്യടാ... ശ്വാസംമുട്ടല് കൂടുതലാ ഇന്ന്.''
''കഴിച്ചോ വല്ലതും?''
''സന്ധ്യ രാവിലെ കഞ്ഞി തന്നു. കുറച്ചു കഴിച്ചു. വിശപ്പു തോന്നുന്നില്ല.''
''അമ്മയെന്തായിപ്പം വിളിച്ചേ?''
''എനിക്ക് നിന്നോടു ചെലതു പറയാനുണ്ട്.''
''പറയ്... കേള്‍ക്കട്ടെ.'' ജിനേഷ് അമ്മയുടെ നിറുകയില്‍ തലോടിക്കൊണ്ടു പറഞ്ഞു.
''കുറച്ചു മുമ്പിവിടെ വന്ന മനുഷ്യന്‍ ഏതാടാ?''
''അയാളെ ഞാനെങ്ങും അറിയുകേലമ്മേ.''
''നിങ്ങളുതങ്ങളില്‍ പറയുന്നതൊക്കെ ഞാന്‍ കേട്ടു. അവന്‍ എന്റെ മകനെ തീര്‍ക്കുമെന്നൊക്കെ പറഞ്ഞല്ലോ.''
''അവന്‍ പറയുന്നതുപോലെ ഒരാളെ തീര്‍ക്കാന്‍ പറ്റ്വോ?'' അതും പോലീസ് പ്രൊട്ടക്ഷനുള്ള എന്നെ.''
''എടാ, പുഴക്കര വക്കച്ചന്റെ വീടുപൊളിപ്പിക്കണോന്ന് നീ വാശി പിടിക്കരുത്. അയാളെന്തു ചെയ്താലും നമുക്കെന്തു കാര്യം? നാടിനും നാട്ടുകാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ വേറേ ഒത്തിരിക്കൊള്ളാവുന്നവരുണ്ട്. അതവരു നോക്കട്ടെ. വീടുപൊളിക്കേണ്ടിവന്നാല്‍ അയാളുടെ ശത്രുത മുഴുവന്‍ നിന്റെ തലയ്ക്കാകും. അയാള് തനിയെ അല്ലെങ്കില്‍ ഗുണ്ടകളെക്കൊണ്ട് നിന്നെ ഉപദ്രവിക്കും. ഇവിടുത്തെക്കാര്യം നീയൊന്നാലോചിക്ക്. സന്ധ്യയ്ക്ക് വയസ്സ് മുപ്പത്തിരണ്ടായി. കല്യാണം നടന്നിട്ടില്ല. എനിക്ക് പ്രായം അറുപത്തിരണ്ടാണെങ്കിലും അസുഖക്കാരിയായിപ്പോയി. നെനക്കെന്തേലും സംഭവിച്ചാല്‍ ഈ കുടുംബം തീരുകാ.''
''ഇല്ലമ്മേ... എനിക്കൊന്നും സംഭവിക്കുകേല.'' ജിനേഷ് കുനിഞ്ഞ് അമ്മയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. സരോജത്തിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.
''എടാ, അമ്മ മരിക്കുമ്പം ഇതുപോലെ ഒടുവിലൊരുമ്മ തരാന്‍ നീയുണ്ടാകണം. അതു തിരിച്ചു സംഭവിക്കാനിട വരുത്തരുത്. സൂക്ഷിക്കണം.'' സരോജം വിതുമ്പി.
''എന്താമ്മേയിങ്ങനെ? കരയാതെ.'' ജിനേഷ് അമ്മയുടെ  കണ്ണുനീര്‍ വിരല്‍ത്തുമ്പുകൊണ്ടു തുടച്ചു.
(തുടരും)

 

Login log record inserted successfully!