•  3 Apr 2025
  •  ദീപം 58
  •  നാളം 5
കരുതാം ആരോഗ്യം

മഞ്ഞപ്പിത്തത്തെ തടയാന്‍

വേനല്‍ക്കാലം രൂക്ഷമായതോടെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ്മൂലമുള്ള മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന രോഗമാണ്. മലിനമായ ഭക്ഷണപാനീയങ്ങള്‍വഴിയാണ്  ഈ രോഗം പകരുന്നത്. വൈറസ് ശരീരത്തു പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടുമുതല്‍ നാലാഴ്ച വരെ പിന്നിട്ടാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. തുടക്കത്തിലെ രോഗലക്ഷണങ്ങള്‍ മറ്റു വൈറല്‍പനികള്‍ക്കു സമാനമാണ്. 
   ശരീരവേദനയോടുകൂടിയ പനി, തലവേദന, ഓക്കാനം, ഛര്‍ദില്‍, വയറിളക്കം, വിശപ്പില്ലായ്മ എന്നിവയാണ് രോഗത്തിന്റെ ആരംഭലക്ഷണങ്ങള്‍. ഈ ഘട്ടത്തില്‍ രക്തപരിശോധനകള്‍ നടത്തുമ്പോള്‍ ലിവര്‍ എന്‍സൈമുകള്‍ (ടഏഛഠ/ടഏജഠ) വളരെ ഉയര്‍ന്നിരിക്കും. ഏകദേശം ഒരു ആഴ്ചകൊണ്ട് എന്‍സൈമുകള്‍ കുറഞ്ഞുതുടങ്ങുമ്പോള്‍ ബിലുറുബിന്‍ കൂടുകയും കണ്ണും മൂത്രവും മഞ്ഞനിറത്തിലാകുകയും ചെയ്യും. 99 ശതമാനം ആളുകളിലും ഒരു മാസത്തിനുള്ളില്‍ രോഗം പൂര്‍ണമായി ഭേദമാകും. എന്നാല്‍, ചിലരില്‍ രോഗം ഗുരുതരമായി കരളിനെ ബാധിക്കാനിടയുണ്ട്. അതിനാല്‍, രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധപരിശോധനയും ചികിത്സയും തേടുക. മലിനജലം ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്ന് ആഹാരം കഴിക്കുന്നതുമാണ് മഞ്ഞപ്പിത്തത്തിനു പ്രധാന ഹേതു. വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യത്തിനു സാധ്യതയുള്ളതിനാല്‍ കുടിവെള്ളത്തിന്റെ ശുദ്ധിയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.  
   വൃത്തിയായ സാഹചര്യങ്ങളില്‍നിന്നുമാത്രം ആഹാരം കഴിക്കുക
 തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് തിളപ്പിക്കാത്ത വെള്ളം ഒഴിച്ചുചേര്‍ത്ത് ഉപയോഗിക്കരുത്. 
 റോഡരികുകളില്‍ അലക്ഷ്യമായി തയ്യാറാക്കി നല്‍കുന്ന ശീതളപാനീയങ്ങള്‍ ഒഴിവാക്കുക.
 കൈകള്‍ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക.
 വീടുകളില്‍ കിണര്‍വെള്ളം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ക്ലോറിനേറ്റ് ചെയ്യുക. 
 ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍ എടുക്കുന്നത് സുരക്ഷിതമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)