കേരളജനതയില്‍ കടലോളമാഴത്തില്‍ ആശങ്ക നിറച്ച് കടല്‍മണല്‍ഖനനത്തിന് ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാനുഷികമൂല്യങ്ങള്‍ കാറ്റില്‍ പറത്തിയുള്ളതാണ് കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കടലില്‍നിന്നു മണലും മറ്റു ധാതുക്കളുമുള്‍പ്പെടെ ഖനനം ചെയ്യാനുള്ള തീരുമാനം. ഏപ്രില്‍ രണ്ടു വരെ പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിക്കാം. കടലാക്രമണം, ചുഴലിക്കാറ്റ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ജീവിതം ചോദ്യചിഹ്നമായ മത്സ്യത്തൊഴിലാളികള്‍ക്കു കണ്ണീരിന്റെ പെരുമഴക്കാലമാവും വിവാദക്കൊടുങ്കാറ്റുയര്‍ത്തിയിരിക്കുന്ന പുതിയ കടല്‍മണല്‍ഖനനപദ്ധതി സമ്മാനിക്കുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷയിലെന്നപോലെ കയറ്റുമതിയിലൂടെ കോടിക്കണക്കിനു വിദേശനാണ്യം നേടിത്തരുന്നതില്‍ മത്സ്യബന്ധനമേഖലയ്ക്കു നിര്‍ണായകമായ സ്ഥാനമുണ്ട്. മത്സ്യസമ്പത്തിന്റെ ശാശ്വതമായ നാശത്തിനു വഴിവയ്ക്കുന്നതും, ലക്ഷക്കണക്കിനു ജനങ്ങളുടെ ഉപജീവനമാര്‍ഗവും കിടപ്പാടവും നഷ്ടപ്പെടുത്തുന്നതുമാണ് ഈ പദ്ധതി.കേന്ദ്രസര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമിനയത്തിന്റെ ചുവടുപിടിച്ച് ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ നിയമത്തില്‍ 2023 ല്‍ കൊണ്ടുവന്ന ഭേദഗതികളാണ് ഈ കടല്‍ധാതുഖനനക്കൊള്ളയ്ക്കു വഴിയൊരുക്കുന്നത്. ആര്‍ട്ടിക്കിള്‍ 246 പ്രകാരം 22 കിലോമീറ്റര്‍വരെയുള്ള കടല്‍ഭാഗത്തിന്റെ അധികാരം സംസ്ഥാനങ്ങള്‍ക്കായിരുന്നത് ഈ ഭേദഗതിയും തുടര്‍ന്ന് 2024ല്‍ കൊണ്ടുവന്ന മൂന്നു റൂളുകളും മുഖേന കടലിലും പുറംകടലിലും ആഴക്കടലിലുമുള്ള ഖനനാവകാശം കേന്ദ്രസര്‍ക്കാരിന്റേതുമാത്രമാക്കി മാറ്റി. 50 വര്‍ഷത്തേക്കുള്ള ഖനനപ്പാട്ടത്തിനായി സ്വകാര്യകമ്പനികള്‍ക്കടക്കം പങ്കെടുക്കാവുന്ന ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ ചെയ്തു നല്‍കിയിരിക്കുന്നത് കൊല്ലം സെക്ടറിലെ 242 ചതുരശ്രകിലോമീറ്ററാണ്. കേരളത്തിന്റെ സ്വത്തായ കരിമണല്‍ ഇനിമുതല്‍ സ്വകാര്യ കുത്തകകള്‍ക്കായി വില്‍ക്കപ്പെടും! കേരളത്തിലെ 74.5 കോടി ടണ്‍ വരുന്ന മണല്‍നിക്ഷേപം 25 വര്‍ഷം വില്‍ക്കാനുള്ളതുണ്ടെന്നു കേന്ദ്രം കണക്കാക്കിയിരിക്കുന്നു. കരിമണലിലെ പ്ലേസര്‍ മിനറല്‍സിന്റെ (ഇല്‍മനൈറ്റ്, റൂടൈല്‍, ഗാര്‍നറ്റ്, സില്‍ക്കോണ്‍. സില്ലാമനൈറ്റ്, മാഗ്‌നറൈറ്റ്) ഭാരം 18 ദശലക്ഷം ടണ്‍ വരുമെന്നു കണക്കുകൂട്ടിയിരിക്കുന്നു. മൂല്യമോ 120 ബില്യണ്‍ ഡോളറും! അഞ്ചു ഭാഗങ്ങളായി തിരിച്ച് 400 മീറ്റര്‍ മുതല്‍ 6 കിലോമീറ്റര്‍ വരെ ആഴത്തില്‍ കോപ്പര്‍, നിക്കല്‍, സിങ്ക്, ഗോള്‍ഡ് എന്നിവയടങ്ങിയിരിക്കുന്ന പോളി മെറ്റാലിക് സര്‍ഫൈസുകളും കോബാള്‍ട്ടും ക്രസ്റ്റും തുരന്നെടുക്കുകയാണ്. ഇവയുടെ വ്യാവസായികമൂല്യമാവട്ടെ 187 ബില്യണ്‍ ഡോളറും. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് കടല്‍ കരയിലേക്കു കയറിയപ്പോള്‍ കടലിനടിയിലായിപ്പോയ മണല്‍ത്തിട്ടകളാണ് ഇപ്പോള്‍ ഖനനംചെയ്യാന്‍ പോകുന്നതെന്നാണ് ജി.എസ്.ഐ. ശാസ്ത്രജ്ഞര്‍ പറയുന്നത്.
എതിര്‍പ്പുകള്‍
കടല്‍മണല്‍ഖനനത്തിനെതിരേ സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി പ്രമേയം പാസാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഖനനനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. ഈ ചൂഷണം മത്സ്യബന്ധനത്തൊഴിലാളികളെ വഴിയാധാരമാക്കുമെന്നും സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്ന ഈ തീരുമാനം പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും അതിരൂപത ബിഷപ് തോമസ് ജെ. നെറ്റോ പറയുന്നു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികളും പരിസ്ഥിതിപ്രവര്‍ത്തകരും സമരമുഖേത്തക്ക് ഇറങ്ങിക്കഴിഞ്ഞു.
എന്തിനെതിര്‍പ്പ്?
15 ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാന്‍ പോകുന്ന കടുത്ത ചൂഷണപദ്ധതിയാണിത്. 35000 കോടി രൂപയുടെ മണലാണ് കേരളത്തില്‍നിന്നു കോരിയെടുക്കാന്‍ പോകുന്നത്. സംസ്ഥാനസര്‍ക്കാരിനു കിട്ടുന്നതാവട്ടെ ജിഎസ്ടി വിഹിതംമാത്രവും. ഖനനപാട്ടം നേടുന്നവര്‍ തുകമുഴുവന്‍ കേന്ദ്രസര്‍ക്കാരിനു മുന്‍കൂര്‍ അടയ്ക്കണം. സംസ്ഥാനസര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍പ്പോലും ഒരു രൂപ കിട്ടില്ല. കടലിനടിയിലെ മണല്‍പ്പരപ്പുകള്‍ കോരിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതികാഘാതപഠനം ഇതുവരെ നടത്തിയിട്ടില്ല. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സും ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റും ചേര്‍ന്നുള്ള സംയുക്തപര്യവേക്ഷണത്തിനുപകരം ജി എസ് ഐയുടെ പഠനംമാത്രം മുന്‍നിര്‍ത്തിയാണ് ഖനനനടപടികള്‍ മുന്നോട്ടുപോകുന്നത്! 2004 ലെ സുനാമിയുടെ പ്രഭവകേന്ദ്രമായിരുന്ന ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിനു കാരണമാകുന്നതു കടല്‍ഖനനമാണെന്ന സമുദ്രശാസ്ത്രജ്ഞന്മാരുടെ വാദം ചൂണ്ടിക്കാട്ടി ഇന്തോനേഷ്യ കടല്‍ഖനനം നിരോധിച്ചു. അവിടെ ഖനനംമൂലം തീരശോഷണം രൂക്ഷമായിരുന്നു. പല തീരദേശരാഷ്ട്രങ്ങള്‍ക്കും കടല്‍ഖനനംമൂലം തീരം നഷ്ടപ്പെടാനിടയായി. ടൂറിസംമേഖല തകര്‍ന്നുതരിപ്പണമായി. ആഴക്കടല്‍ഖനനത്തിനു മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യ
പ്പെട്ട് ഫ്രാന്‍സ്, കാനഡ, യുകെ, ന്യൂസിലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. 2022 ല്‍ ലിസ്ബണില്‍ നടന്ന യു.എന്‍. ഓഷ്യന്‍ കോണ്‍ഫെറന്‍സില്‍ വിവിധ രാജ്യപ്രതിനിധികള്‍ ചേര്‍ന്ന് ആഴക്കടല്‍ഖനനത്തിനെതിരേ കൂട്ടായ്മ രൂപീകരിച്ചു. 2048 ഓടെ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങുമെന്ന് വിവിധ ലോകോത്തരഗവേഷണസ്ഥാപനങ്ങള്‍ മുന്നറിയിപ്പുനല്കിയതോടെ യു.എന്‍. സമുദ്രനിയമം കൊണ്ടുവന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമാണ് കാര്യമായ മത്സ്യസമ്പത്ത് ശേഷിക്കുന്നത്. വന്‍ശോഷണമാണ് നമ്മുടെ മത്സ്യസമ്പത്തില്‍ ഉണ്ടാവുന്നത്. 2030 നകം സമുദ്രമേഖലയുടെ 30 ശതമാനം സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണമെന്ന യു.എന്‍. തീരുമാനം ഇന്ത്യ അടുത്തിടെ അംഗീകരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന് 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രമേഖല സ്വന്തമായുള്ളതിന്റെ 30 ശതമാനം സംരക്ഷിതമേഖലയാക്കണം. പക്ഷേ, ആന്‍ഡമാനിലെ കുറച്ചുഭാഗങ്ങള്‍മാത്രമാണ് നമ്മുടെ സംരക്ഷിതപട്ടികയിലുള്ളത്.
മണലും മറ്റു ധാതുക്കളും വാരുമ്പോള്‍ സമുദ്രത്തിലെ ആവാ സവ്യവസ്ഥയ്ക്കു കോട്ടംതട്ടു
മോ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ഖനനം മറ്റു രാജ്യങ്ങളില്‍ നടക്കുമ്പോള്‍, വാണിജ്യാടിസ്ഥാനത്തില്‍ ഖനനം നടത്തുന്ന രാജ്യമായി മാറി ഇന്ത്യ!
ആശങ്കയുടെ ആഴത്തില്‍ കേരളം
കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങള്‍ ആവാസവ്യവസ്ഥയില്‍ ദോഷകരമായ മാറ്റങ്ങള്‍ക്കു കാരണമാകും. കടല്‍ കലങ്ങുന്നതോടെ മത്സ്യങ്ങള്‍ക്കു പ്രാണവായു നഷ്ടപ്പെടുകയും മത്സ്യങ്ങളുടെ ഭക്ഷ്യശ്രേണിയായ ബെന്തോസ്‌മേഖല പ്രകാശസംശ്ലേഷണം നടക്കാനാവാതെ തകിടം മറിയുകയും ചെയ്യും. കടലിന്റെ അടിത്തട്ട് ഇളക്കിമറിക്കുന്ന ഖനനം തീരത്തെ മണല്‍ത്തിട്ടകളെ ബാധിക്കുന്നു.
ആറു കിലോമീറ്റര്‍ ആഴത്തിലാണ് ഖനനം നടക്കുന്നത് എന്നോര്‍ക്കണം. തിരമാലകളെ തടഞ്ഞുനിര്‍ത്തുന്ന മണല്‍ത്തിട്ടകള്‍ ഇടിഞ്ഞുതീരുന്നതോടെ കടലാക്രമണം രൂക്ഷമാവുകയും കര കടലെടുത്തു പോകാന്‍ ഇടയാവുകയും ചെയ്യും. രാജ്യത്ത് ആദ്യമായി കടല്‍മണല്‍ഖനനം ആരംഭിക്കുന്നത് കൊല്ലം ജില്ലയിലെ തങ്കശ്ശേരിമുതല്‍ ചവറവരെയുള്ള ഭാഗത്താണ്.
തങ്കശ്ശേരി ലൈറ്റ്ഹൗസിനു സമീപത്തുനിന്ന് കടലില്‍ 27 മുതല്‍ 33 കിലോമീറ്റര്‍ വരെയാണ് ആദ്യത്തെ ഖനനമേഖല. കടലില്‍നിന്ന് മണല്‍ വാരുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നതെങ്കിലും, ആണവധാതുക്കള്‍ ഒഴിച്ചുള്ള മറ്റു ധാതുക്കള്‍ നിശ്ചിതതുകയടച്ച് ശേഖരിക്കാന്‍ അനുവാദമുണ്ട്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാത്രം അനുവാദമുണ്ടായിരുന്ന മേഖലയിലേക്ക് സ്വകാര്യകുത്തകകള്‍ കടന്നുകയറുകയാണ്. ലാഭംമാത്രം ലക്ഷ്യംവച്ച് കോടികള്‍ മുടക്കുന്നവര്‍ കേരളത്തെ ഊറ്റിനശിപ്പിക്കുമെന്ന് ഉറപ്പാണ്. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടലില്‍ മണല്‍പര്‍വതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലംപരപ്പ് എന്നറിയപ്പെടുന്ന പ്രദേശത്താണ് ആദ്യഖനനം എന്നതുതന്നെ അപകടകരമായി. ഒന്നര മീറ്ററോളം കനത്തില്‍ ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകിടക്കുന്ന ഈ പ്രദേശത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യസമ്പത്ത് കൂടികൊള്ളുന്നത്. 1961-65 കാലത്തെ ഇന്തോ നോര്‍വീജിയന്‍ പദ്ധതിയുടെ ഭാഗമായി ഇതടക്കം ഏഴു മത്സ്യബന്ധനമേഖലകള്‍ കേരളത്തില്‍ കണ്ടെത്തിയിരുന്നു. ഇവയെല്ലാം നശിച്ചൊടുങ്ങാന്‍ പോവുകയാണ്.
ദുരൂഹമായ നിശ്ശബ്ദത!
കേരളത്തെ തകര്‍ത്തുകളയാന്‍ പര്യാപ്തമാംവിധം വലിയൊരു ദുരന്തമായി കടല്‍മണല്‍ഖനനം വാപിളര്‍ന്നു വന്നിട്ടും സംസ്ഥാനസര്‍ക്കാരിന്റെ മൗനം ദുരൂഹമായിത്തുടരുന്നു. മണല്‍വില്പനയ്ക്ക് ടെന്‍ഡര്‍ വിളിച്ചിട്ടും പലയിടത്തുനിന്നു പ്രതിഷേധങ്ങളുയര്‍ന്നിട്ടും എന്തേ സര്‍ക്കാര്‍ അനങ്ങുന്നില്ല? നിയമഭേദഗതിയിലൂടെ സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടലില്‍ ഖനനം നടത്താനുള്ള അധികാരം കേന്ദ്രം കൈയടക്കിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിശ്ശബ്ദത പാലിച്ചു. കടലിലെ ധാതുഖനന പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനും പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍സ് ട്രസ്റ്റില്‍ കേരളത്തിനു പ്രാതിനിധ്യം ഇല്ലാത്തതിനും സംസ്ഥാനസര്‍ക്കാരിനു പരാതിയില്ല. ഖനനത്തിനു വഴിതുറന്ന ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ നിയമത്തിലെ ഭേദഗതികളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഖനിമന്ത്രാലയം 2023 ഫെബ്രുവരി 9 ന് അയച്ച കത്തിന് കേരളം മറുപടി നല്‍കിയത് അവസാനതീയതിയായ മാര്‍ച്ച് 11 ന്! അതിലെ നിര്‍ദേശങ്ങളൊന്നും കേന്ദ്രം സ്വീകരിക്കാതിരുന്നിട്ടും കേരളം പ്രതിഷേധിച്ചില്ല. പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കേരളത്തിലെ എംപിമാര്‍ക്കു നല്‍കിയ കുറിപ്പുകളിലും ഈ ഗുരുതരവിഷയം ഇതേവരെ പരാമര്‍ശിച്ചിട്ടില്ല. നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി മുഖം തിരിച്ചു നില്‍ക്കുന്നതും ദുരൂഹമാണ്. അതേസമയം, തമിഴ്‌നാട്ടിലെ മധുരയില്‍ ടങ്സ്റ്റണ്‍ ഖനനകേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ തമിഴ്‌നാട് മന്ത്രിസഭ പ്രമേയം പാസാക്കുകയും ഖനനാനുമതി പിന്‍വലിച്ചുകൊണ്ട് കേന്ദ്രം വഴങ്ങുകയും ചെയ്തു. അവരുടെ പ്രതിഷേധം കണക്കിലെടുത്ത് കന്യാകുമാരി ഉള്‍പ്പെടുന്ന വെഡ്ജ് ബാങ്ക് എന്ന മത്സ്യസങ്കേതത്തെ കപ്പല്‍പാതയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ ഏറ്റവും മത്സ്യസമ്പത്തുള്ള കൊല്ലംപരപ്പ് മത്സ്യസങ്കേതത്തിലൂടെയുള്ള കടല്‍പ്പാത നടപ്പില്‍വരികയും ചെയ്തു! പ്രതിഷേധിച്ചു എന്നതിലല്ല ആ പ്രതിഷേധം എത്രത്തോളം ആത്മാര്‍ഥമായിരുന്നു എന്നതിലാണ് ഫലമുണ്ടാവുക. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയില്‍ പൊന്നാനിയില്‍ 597, ചാവക്കാട് 202, ആലപ്പുഴ 242, കൊല്ലം 489 എന്നിങ്ങനെ ദശലക്ഷം ടണ്‍ മണല്‍ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. കടല്‍ കുഴിച്ചു മണല്‍വാരി വില്പന നടത്തി പണമുണ്ടാക്കാനുള്ള ലക്ഷ്യംമാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ അടഞ്ഞ കണ്ണുകള്‍ തുറക്കണം. അതിശക്തമായ പൊതുജനപ്രക്ഷോഭക്കൊടുങ്കാറ്റ് ആഞ്ഞടിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ കേരളത്തെ ഒരിക്കല്‍ക്കൂടി സൃഷ്ടിക്കാന്‍ പരശുരാമന്‍ വീണ്ടും കടലിലേക്കു മഴുവെറിയേണ്ടിവരും.