ധനവാന്‍, നീയഭിജാതന്‍,
പെരിയോന്‍, പേരു കേട്ടവന്‍;
ഭൗമസൗഭാഗ്യശൈലത്തിന്‍
നെറുക കീഴടക്കിയോന്‍.
ആയുരാരോഗ്യസൗഖ്യങ്ങള്‍,
പുളകഹേതുകങ്ങളും,
അപരനുള്ളതേക്കാളും
മികവില്‍, തരമാക്കിയോന്‍.
'അമ്പട ഞാനേ!' വികാരം
അകമേയുണ്ടു നിര്‍ണ്ണയം;
'വശഗമാണെനിക്കെല്ലാം'
തനുവിന്‍ ഭാഷയും തഥാ.
ജീവിതപ്പൊന്‍ചഷകത്തില്‍
മദിരയാഞ്ഞുമോന്തവെ,
നീ സ്വയം വിസ്മരിച്ചോതും
മൊഴിയും താദൃശമെടോ!
''കുമിയുമാസ്തി, ഐശ്വര്യം,
കവിയും ഭാഗധേയവും,
എനിക്കിതൊക്കെയും സ്വന്തം;
നുകരാം മതിയാം വരെ.
പട്ടുടുത്തെന്നും പകിട്ടില്‍
ചാരുഗംഭീരമേടയില്‍
ചിരസന്തുഷ്ടിയില്‍ വാഴാം
ശുഭമെന്‍ ഭാവി, ഭദ്രവും.''
ഇവണ്ണമൊന്നുമില്ലാത്തോര്‍
ലാസറിന്‍ ഗതി വന്നവര്‍
പുറത്തുപടിവാതില്‍ക്ക-
ലുഴലുന്നുണ്ടിതൊട്ടുപേര്‍.
നിന്റെ തീന്‍മേശയില്‍നിന്നും
ശ്വാവിനായ് നീയെറിഞ്ഞിടും
എച്ചില്‍തിന്നു കിടക്കേണ്ടോ-
രവരെന്നാട്ടിടേണ്ട നീ.
ഉള്ള പത്തായങ്ങളെല്ലാം
നിറയെ സംഭരിച്ചതു
നിനക്കു മാത്രമായല്ല-
തവര്‍ക്കും പങ്കിടാനെടോ.
അപരനുള്ളതു കൂടി
പരനാണേകി നിന്‍ വശം;
നീയതിന്‍ കാവലാള്‍ മാത്രം,
നേരവകാശിയല്ലെടോ!