കേരളപ്പിറവി മലയാളികളെ സംബന്ധിച്ച് അഭിമാനവും ആഹ്ലാദവും ജനിപ്പിക്കുന്ന ഒരു ഓര്‍മ്മയാണ്. കേരളമെന്നത് ഭാരതത്തിലെ മറ്റെല്ലാസംസ്ഥാനങ്ങളെയപേക്ഷിച്ചും ജാതിവര്‍ണ്ണവര്‍ഗ്ഗവ്യതിയാനങ്ങള്‍ക്കതീതമായി ഒരമ്മപെറ്റ മക്കളെപ്പോലെ ആളുകള്‍ പുലരുന്ന ദേശമാണ്. അതുകൊണ്ടുതന്നെ കേരളപ്പിറവിയെന്നത്
വൈകാരികമായ ഒരനുഭവമാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കേരളം ഒന്നായിത്തീര്‍ന്നത് അഭിമാനകരമായ ഒരു കാര്യമാണ്.
''മുന്നുകോണില്‍നിന്നുവന്നേ
ഇന്നലെ നാം പാടിയല്ലോ
നമ്മളൊന്നാണേ''
എന്ന പാട്ടെഴുതാന്‍ ഒ.എന്‍.വി.ക്കു പ്രചോദനമായത് കേരളപ്പിറവിയാണ്. അതുപോലെതന്നെ വളരെ മുമ്പുണ്ടായിരുന്ന ഒരൊറ്റഭാഷ സംസാരിക്കുന്ന ഒരു നാടിനെ മൂന്നു കഷണമാക്കി മുറിച്ചു വേര്‍തിരിച്ചു നിര്‍ത്തിയതിന്റെ മുറിപ്പാടുകളുടെ വേദന പോക്കുന്നതിനും കേരളപ്പിറവി കാരണമായി. 1956 നവംബര്‍
ഒന്നിന് കേരളം ഒന്നായിത്തീര്‍ന്നതിന്റെ ഒരുപാടോര്‍മ്മകള്‍ അന്നു കുട്ടിയായിരുന്ന എന്റെ മനസ്സിലേക്കു കയറിവരുന്നുണ്ട്.
കേരളപ്പിറവി ആഘോഷിക്കുന്നതിനുവേണ്ടി ഞങ്ങളുടെ നാട്ടിലെ വായനശാലപ്രവര്‍ത്തകര്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്ത കൂട്ടത്തില്‍ ഒരു നാടകവും അരങ്ങേറണം എന്നു തീരുമാനിച്ചിരുന്നു. അന്നു നാടകത്തില്‍ പാടാനുള്ള പാട്ടുകള്‍ എന്റെയുംകൂടി ഉത്തരവാദിത്വത്തിലായിരുന്നു ചെയ്തത്. പ്രവിത്താനം പി.എം. ദേവസ്യ എന്ന മഹാകവിയെക്കണ്ട് ഒരു പാട്ടെഴുതി വാങ്ങിച്ചത്.
വേരനാനിക്കല്‍ ചെറിയാന്‍സാര്‍ എന്നയാളാണ്. അന്നത്തെ ഏതോ ഒരു പ്രേംനസീര്‍ സിനിമയിലെ പാട്ടിന്റെ ചുവടുപിടിച്ച് അദ്ദേഹമെഴുതിയ 'കേരളമൊരുമയിലാവട്ടെ' എന്ന പാട്ട് അന്നെന്നെ പഠിപ്പിച്ചത് ജവഹരിസാര്‍ എന്ന അധ്യാപകനാണ്. അങ്ങനെ കേരളപ്പിറവിയെക്കുറിച്ചുള്ള ഒരുപാടോര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്.
കേരളപ്പിറവി മലയാളിയെ സംബന്ധിച്ചിടത്തോളം ജാതിക്കും മതത്തിനുമെല്ലാമതീതമായി, കേരളത്തിന്റെ അന്തരാത്മാവിനെ, സ്‌നേഹം എന്ന വിശ്വദര്‍ശനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു തിരുനാള്‍കൂടിയാണ്. എല്ലാ ജാതിയിലും മതത്തിലുംപെട്ടവര്‍ - കൃഷിക്കാരനും വിദ്യാര്‍ത്ഥിയും വീട്ടമ്മയും ഗ്രാമീണനും - എല്ലാം ഉള്‍പ്പെടുന്ന ജനസഞ്ചയത്തെ ഇത് ഏകോപിപ്പിക്കുന്നു. കേരളത്തിനു വെളിയില്‍, ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയ്ക്കു വെളിയില്‍ പോകുമ്പോള്‍ എല്ലാം അഭിമാനത്തോടുകൂടി ഓര്‍മിക്കുന്ന ഒരു കാര്യം മീനച്ചില്‍താലൂക്കിന്റെ സാംസ്‌കാരികപൈതൃകമാണ്. ആ മീനച്ചില്‍താലൂക്കിലെ രാമപുരം പഞ്ചായത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷം തോന്നിയിട്ടുണ്ട്.
രാമപുരത്തുവാര്യര്‍ എന്ന മഹാനായ കവിയുടെ കവിതയുടെ പേരില്‍ - കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ പേരില്‍ - രാമപുരത്തിന് കേരളത്തിന്റെ സാംസ്‌കാരികഭൂപടത്തില്‍ വളരെ വലിയ ഒരു സ്ഥാനമുണ്ട്. പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍, നിധീരിക്കല്‍ മാണിക്കത്തനാര്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, പാലാ നാരായണന്‍നായര്‍, പാലാ ഗോപാലന്‍നായര്‍, പ്രവിത്താനം പി.എം.ദേവസ്യ തുടങ്ങി ഈ നാടിന്റെ സാംസ്‌കാരികപൈതൃകത്തെ വളരെ ഉയരത്തിലെത്തിച്ച ഒരുപാടാളുകള്‍, ആത്മീയഗുരുക്കന്മാരടക്കം, ഈ നാട്ടില്‍നിന്നുള്ളരാണ്. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ ''വര്‍ത്തമാനപ്പുസ്തകം''രചിച്ച തോമ്മാക്കത്തനാര്‍ എല്ലാക്കാലവും മലയാളത്തിനു മാര്‍ഗ്ഗദര്‍ശിയാണ്. പ്രവിത്താനം പി.എം. ദേവസ്യയുടെ മഹാകാവ്യങ്ങള്‍, കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ ശ്രീയേശുവിജയം മഹാകാവ്യം എന്നിവയൊക്കെ മലയാളസാഹിത്യത്തിന്റെ മുതല്‍ക്കൂട്ടാണ്.
''അപ്പാവനാംഗീ ജഠരത്തില്‍നിന്നും
മുപ്പാരിനൂന്നാം വിഭുവിന്റെ പുത്രന്‍
അപ്പാതിരാനേരമസാരനെപ്പോ-
ലിപ്പാരിടത്തലന്‍പോടവതീര്‍ണ്ണനായി.''
എന്ന പദ്യം മലയാളം എല്‍.പി.സ്‌കൂളിലെ അധ്യാപകനായിരുന്ന അപ്പച്ചന്‍സാര്‍, പഠിപ്പിക്കുന്ന വിഷയത്തില്‍നിന്നു മാറി ഞങ്ങളെ ചൊല്ലിപ്പഠിപ്പിച്ച കവിതയാണ്. അങ്ങനെയാണ് കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിളയുടെ കവിതയിലേക്കുള്ള വാതില്‍ തുറക്കുന്നത്.
ഞാന്‍ അഞ്ചാംക്ലാസുവരെ പഠിച്ചത്
അന്ത്യാളം സെന്റ് മാത്യൂസ് എല്‍.പി. സ്‌കൂളിലാണ്. ഈ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പി.എസ്.നീലകണ്ഠന്‍ നായര്‍ ഒന്നാംക്ലാസിലും, കുഞ്ഞുസാര്‍ എന്നു വിളിക്കുന്ന ജോസഫ് സാര്‍ രണ്ടാം ക്ലാസ്സിലും, നാലിലും അഞ്ചിലുമൊക്കെ സെബാസ്റ്റ്യന്‍സാറും പഠിപ്പിക്കുമ്പോള്‍, മൂന്നാംക്ലാസില്‍ ഒരിടവേളയില്‍ അധ്യാപികയായിരുന്നത് അന്നമ്മ ടീച്ചര്‍ എന്ന സ്‌നേഹസ്വരൂപിണിയാണ്. അവര്‍ കുറച്ചുകാലം പഠിപ്പിച്ചിട്ട് മടങ്ങിപ്പോയി. അന്നമ്മ ടീച്ചര്‍ പിന്നീട് കന്യാസ്ത്രീയായി. ഈ അന്നമ്മ ടീച്ചര്‍, മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആദ്യത്തെ വി.സി ഡോ. എ.റ്റി. ദേവസ്യാസാറിന്റെ സഹോദരിയായിരുന്നു.
അന്ത്യാളംപള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുപാട് ബൈബിള്‍നാടകങ്ങള്‍ കണ്ടതും അതിലെ പാട്ടുകള്‍ ആസ്വദിച്ചതുമൊക്കെ എന്റെ ബാല്യകൗമാരകാലങ്ങളിലെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളാണ്.
പാലാ സി.വൈ.എം.എല്‍. എന്ന നാടകസമിതിയിലെ പാട്ടുകാരനായ വക്കച്ചന്‍ പാടുന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
''അത്തിക്കായ്കള്‍ പഴുത്തല്ലോ
മുന്തിരിവള്ളി തളിര്‍ത്തല്ലോ''
ബൈബിളിലെ സോളമന്റെ ഉത്തമഗീതം ആസ്പദമാക്കിയ ഗാനം.
''ദൈവപുത്രനു വീഥിയൊരുക്കുവാന്‍
സ്‌നാപകയോഹന്നാന്‍ വന്നു...''
''ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ...''
''മുള്‍ക്കിരീടമിതെന്തിനു നല്കി സ്വര്‍ഗ്ഗസ്ഥനായ പിതാവേ...''
''തിരികൊളുത്തുവിന്‍ ചക്രവാളങ്ങളേ
വഴിയൊരുക്കുവിന്‍ മാലാഖമാരേ...''
ഇങ്ങനെയുള്ള നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എന്റെ ഓര്‍മ്മയിലുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ പാട്ടുകളിലൂടെയാണ് ഇത്തരം പാട്ടുകള്‍ കൂടുതലും പരിചയപ്പെട്ടത്.
ഏറ്റവും കൂടുതല്‍ നോവലുകള്‍ മലയാളത്തില്‍ സിനിമയാക്കിയിട്ടുള്ളത്.
ശ്രീ മുട്ടത്തുവര്‍ക്കിയുടേതാണ്. അതു മുഴുവന്‍ ക്രിസ്തീയപശ്ചാത്തലമുള്ളതുമാണ്. അതുകൊണ്ടുതന്നെ മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍ സിനിമയായപ്പോള്‍ ഒരുപാട് ക്രിസ്തീയഭക്തിഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ മിക്കതും എഴുതിയത് വയലാറാണ്. ആ വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള 44-ാമത് പുരസ്‌കാരം എനിക്കു കിട്ടിയ ഈ സന്ദര്‍ഭത്തില്‍ നിശ്ചയമായും അന്ത്യാളം സെന്റ് മാത്യൂസ് യു.പി.സ്‌കൂള്‍, പാലാ സെന്റ് തോമസ് കോളജ്... ഇതെല്ലാം എന്റെ ഓര്‍മ്മയിലേക്കു കടന്നുവരികയാണ്.
ഏഴാച്ചേരിയില്‍നിന്ന് പാലാ കോളജില്‍ പഠിക്കാന്‍ ചെന്ന ആദ്യത്തെ ആഴ്ചയില്‍ത്തന്നെ സി.വി. രാമന്‍പിള്ളയുടെ 'ധര്‍മ്മരാജ' എന്ന നോവലിലെ ഒരു അധ്യായം ബഹു. വൈസ് പ്രിന്‍സിപ്പാളും മലയാളത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായിരുന്ന ഫാ. ജോണ്‍ മറ്റം ക്ലാസില്‍ ഞങ്ങളെക്കൊണ്ടു വായിപ്പിക്കുന്നു. എന്റെ വായന അച്ചന് വളരെ ഇഷ്ടമായി. അദ്ദേഹം പറഞ്ഞു: ''നിന്റെ ഉച്ചാരണം വളരെ നല്ലതാണ്. ഭാവിയില്‍ നിനക്ക് ആകാശവാണിയില്‍ ജോലികിട്ടാന്‍ സാധ്യതയുണ്ട്.'' ഓരോ കുട്ടിയുടെയും പേരും സ്ഥലവും ചോദിക്കുന്ന മുറയ്ക്ക് എന്നോടും ചോദിച്ചു: നിന്റെ പേരെന്താണ്? ഞാന്‍ പറഞ്ഞു: രാമചന്ദ്രന്‍. സ്ഥലം? ഏഴാച്ചേരി.
നിറഞ്ഞ ക്ലാസിലെ എല്ലാവരെയും സാക്ഷിനിര്‍ത്തി ആ വന്ദ്യഗുരുനാഥന്‍, ആ പുരോഹിതശ്രേഷ്ഠന്‍ പറഞ്ഞു: ''നാളെ ഇവന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ എന്ന് അറിയപ്പെടും.'' ആ ഗുരുവിന്റെ വാക്ക് എന്റെ ജീവിതത്തില്‍ നല്ലതുപോലെ ഫലിച്ചു എന്നത് തര്‍ക്കമറ്റതാണ്. വയലാര്‍ പുരസ്‌കാരവേളയില്‍ വളരെ ആദരവോടെ ഫാ. ജോണ്‍ മറ്റത്തിനെ ഞാന്‍ ഓര്‍മ്മിക്കുന്നു.
അന്ത്യാളം പള്ളിയുടെ പള്ളിമേടയിലെ ഒരു ചെറിയ മുറിയില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാള്‍ വന്നു താമസിക്കുന്നതറിഞ്ഞ്, ഞങ്ങള്‍ കുറച്ചു കുട്ടികള്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അദ്ദേഹം ആന്ധ്രയില്‍നിന്നു വന്ന ഒരു സന്ന്യാസിയായിരുന്നു; പീറ്റര്‍ റെഡ്ഡി. അന്ത്യാളം പള്ളിയിലെ പെരുന്നാളിന് സംസാരിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്. പള്ളിപ്പെരുന്നാളിന് തോരണം ഒട്ടിക്കുന്ന ജോലി ഓരോ ക്ലാസിലെയും കുട്ടികളെയാണ് ഏല്പിച്ചിരിക്കുന്നത്. തോരണമൊട്ടിച്ച് തിരികെച്ചെല്ലുമ്പോള്‍ പള്ളിയിലെ അച്ചന്‍ ഞങ്ങള്‍ക്കു കൈനിറയെ മിഠായികള്‍ തരുമായിരുന്നു.
ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കു തോന്നുന്നു; അങ്ങനെയൊന്ന് ഇന്നാണ് ചെയ്യുന്നതെങ്കില്‍, പള്ളിയിലെ പെരുന്നാളിന് ഹിന്ദുക്കുട്ടികളെക്കൊണ്ട് തോരണമൊട്ടിപ്പിച്ചു എന്നൊക്കെപ്പറഞ്ഞ് വളരെ വലിയ കോലാഹലത്തിനു കാരണമാകുമായിരുന്നില്ലേ?
പാലാ സെന്റ് തോമസ് കോളജിന്റെ ചരിത്രത്തിലാദ്യമായി സെക്കന്റ് ലാംഗ്വേജിന്റെ വിദ്യാര്‍ത്ഥിപ്രതിനിധിയായി എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയെക്കാള്‍ വളരെ ഉയര്‍ന്ന ഭൂരിപക്ഷം എനിക്കു ലഭിച്ചിരുന്നു. കോളജിന്റെ മാത്രമല്ല മീനച്ചില്‍ താലൂക്കിന്റെയാകെ മതനിരപേക്ഷതയുടെ ഒരു ഉദാഹരണമായിരുന്നു അതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓണം വരുമ്പോള്‍ ക്രിസ്ത്യന്‍ഭവനങ്ങളിലേക്ക് പായസവും പപ്പടവും പഴവുമൊക്കെ കൊണ്ടുപോകുന്നത്... ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ തിരിച്ച് പലഹാരങ്ങള്‍ ഞങ്ങള്‍ക്കു കൊണ്ടുവന്നു തരുന്നത്... ഇതെല്ലാം ഞങ്ങളുടെ ഗ്രാമത്തിലെ മതേതരസങ്കല്പത്തിന്റെ ജീവിക്കുന്ന മാതൃകകളായിരുന്നു.
ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും എന്റെ മനസ്സിനെ പ്രചോദിപ്പിക്കുന്നത് മീനച്ചില്‍ താലൂക്കിന്റെ, കോട്ടയം ജില്ലയുടെ മതേതരത്വം കലര്‍ന്ന ഈ കമനീയമുഖമാണ്. എല്ലാ ജാതിയിലും മതത്തിലുംപെട്ടവര്‍, ജോലി ചെയ്യുന്നവര്‍, വിയര്‍പ്പൊഴുക്കുന്നവര്‍ ഒരുമിച്ചു ജീവിക്കുന്ന സാംസ്‌കാരികപൈതൃകം വളരെ അഭിമാനകരമാണ്. അതുകൊണ്ടുതന്നെ ദീപനാളം വാരികയുടെ കേരളപ്പിറവിപ്പതിപ്പിലേക്ക് ചിലത് എഴുതാന്‍ സംഗതിയുണ്ടായതില്‍ എനിക്കു വളരെക്കൂടുതല്‍ സന്തോഷമുണ്ട്.
എന്റെ സുഹൃദ്‌വലയത്തില്‍ നിരവധി ക്രിസ്ത്യാനികളുണ്ട്. ധാരാളം കന്യാസ്ത്രീകള്‍ കൂടെ പഠിച്ചവരും പഠിപ്പിച്ചവരുമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി ഒരു നാടകത്തില്‍ പെണ്‍വേഷംകെട്ടി അഭിനയിച്ചപ്പോള്‍ എന്റെ സഹപാഠിയായ സി.ജെ. മേരിക്കുട്ടിയുടെ കുപ്പായമാണ് ഉപയോഗിച്ചത് എന്ന് ഓര്‍മ്മിക്കട്ടെ. മേരിക്കുട്ടി ഇന്ന് ഒരു കന്യാസ്ത്രീമഠത്തില്‍ സിസ്റ്റര്‍ മരിയോളയാണ്. അടുത്ത കാലത്തും ഞാന്‍ അവരെ കണ്ടിരുന്നു. അന്നത്തെ ആ സൗഹൃദം ഇന്നും ഞങ്ങള്‍ മങ്ങാതെ സൂക്ഷിക്കുന്നുണ്ട്. ക്രിസ്തുദേവന്റെ സന്ദേശം എന്റെ മനസ്സില്‍ രൂഢമൂലമാകാന്‍ കാരണം ഇന്നാട്ടിലെ ജീവിതമാണെന്ന് നന്ദിയോടെ ഓര്‍ക്കുന്നു. ലോകത്തില്‍ ഏറ്റവും വലിയ സംസ്‌കൃതികളിലൊന്നായ ബൈബിളിന്റെ സന്ദേശം, ക്രിസ്തുദേവന്റെ സ്‌നേഹത്തിന്റെ സന്ദേശം എന്റെ മനസ്സിലേക്കു കടന്നുവരാനിടയായ പാലായിലെ ജീവിതം, മീനച്ചില്‍ താലൂക്കിലെ ജീവിതം, ക്രിസ്തീയവിദ്യാലയങ്ങളിലെ അധ്യയനകാലഘട്ടത്തില്‍ കിട്ടിയ വരദാനങ്ങള്‍, അവിടത്തെ അധ്യാപകര്‍... ഇതെല്ലാം അഭിമാനത്തോടെ, ആദരവോടെ, നന്ദിയോടെ അനുസ്മരിക്കുന്നു.