2024 ഓഗസ്റ്റ് 10. റബര്‍വില കേരളത്തില്‍ എക്കാലത്തെയും ഉയരംതൊട്ട ദിനം. കിലോയ്ക്ക് 247 രൂപ! ഇതിനുമുമ്പ് ഇങ്ങനെഒരു വിലയ്ക്കടുത്തെത്തിയത് 2011 ല്‍.
പ്രത്യാശയുടെ തളിര്‍പ്പണിഞ്ഞ കര്‍ഷകഹൃദയങ്ങളെ തകര്‍ത്തെറിഞ്ഞ് വിലയിടിവിന്റെ കൂപ്പുകുത്തലിനാണ് തുടര്‍ന്നുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. മുളപൊട്ടിയ പ്രതീക്ഷകള്‍ കരിഞ്ഞുതുടങ്ങിയതോടെ പലരും കൈയിലെടുത്ത ടാപ്പിങ്കത്തികള്‍ താഴെവച്ചു. സജീവമായ പല റബര്‍തോട്ടങ്ങളും വീണ്ടും നിശ്ചലമായി. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് റബ്ബറിന് 200 നു മുകളില്‍ വില ലഭിക്കുന്നത്. 1980 കള്‍ക്കുശേഷം ആഗോളവിപണിയും ആഭ്യന്തരവിപണിയും തമ്മിലുള്ള വിലവ്യത്യാസം ഏറ്റവും കൂടുതലായി രേഖപ്പെടുത്തുന്നതും ഇപ്പോഴാണ്. റബര്‍വില കുറയുമ്പോള്‍ റബര്‍ ഉത്പന്നങ്ങളുടെ വില ഉയരുന്നു എന്നതാണു വിരോധാഭാസം..
ഇപ്പോള്‍ മാര്‍ക്കറ്റ് വില 184 രൂപയാണെങ്കിലും വ്യാപാരവില 177 രൂപയാണ്. തുടര്‍ച്ചയായ വിലയിടിവിനെത്തുടര്‍ന്ന് ഇതില്‍നിന്ന് 5 മുതല്‍ 10 വരെ രൂപ താഴ്ത്തിയാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്.
പെട്ടെന്നൊരു വിലക്കയറ്റം
കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവുമൂലം വിദേശറബറിന്റെ ഇറക്കുമതി താത്കാലികമായി നിലച്ചതാണ് പ്രധാന കാരണം. അനങ്ങിത്തുടങ്ങിയ വിലയുടെ പ്രതീക്ഷയില്‍ വ്യാപാരികള്‍ ഏറെ റബര്‍ സംഭരിക്കുകയും ചെയ്തു. അങ്ങനെ വിപണിയില്‍ പെട്ടെന്നുണ്ടായ ലഭ്യതക്കുറവ് വിലക്കയറ്റത്തിന്റെ ആക്കംകൂട്ടി. ഒപ്പം, മഴമൂലം കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും വില കൂടാന്‍ കാരണമായി.
വിലയിടിവിലേക്ക്
കണ്ടെയ്നര്‍ ലഭ്യതയിലെ പ്രശ്‌നങ്ങളൊഴിഞ്ഞതോടെ വിദേശറബര്‍ലഭ്യത സുഗമമായി. വില കയറിയതോടെ കേരളത്തിലെ തോട്ടങ്ങളില്‍നിന്ന് വന്‍തോതില്‍ ചരക്ക് വിപണിയിലെത്തി. വിലയിടിഞ്ഞ സമയത്ത് പതിവുപോലെ ടയര്‍ കമ്പനികള്‍ ആവശ്യത്തിലധികം റബര്‍ സ്റ്റോക്ക് ചെയ്തിരുന്നു. അങ്ങനെ ലഭ്യത കൂടി ഡിമാന്‍ഡ് കുറഞ്ഞതോടെ റബര്‍ വില കൂപ്പുകുത്താന്‍ തുടങ്ങി. കൈവശമിരിക്കുന്ന ചരക്ക് ഏറെക്കാലമൊന്നും വില്‍ക്കാതെ പിടിച്ചുവച്ചുകൊണ്ടിരിക്കാന്‍ ചെറുകിട വ്യാപാരികള്‍ക്കാവില്ല. അതുകൊണ്ടുതന്നെ വിപണിയില്‍ റബര്‍ ലഭ്യതക്കുറവുണ്ടാവാനും ഇടയില്ല. ഇനിയും വില താഴോട്ടുപോകുമെന്നു നിരീക്ഷിക്കപ്പെടുന്നു. താങ്ങുവില 180 രൂപയുണ്ട് എന്നുള്ളതാണ് നേരിയൊരാശ്വാസമെങ്കിലും സബ്‌സിഡിത്തുക ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണമെന്നതാണു ദുര്യോഗം.
കൂട്ടിമുട്ടാതെ വരവും ചെലവും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനച്ചെലവ് കിലോയ്ക്ക് 60 രൂപയാകുമ്പോള്‍ കേരളത്തില്‍ 117 രൂപ വരും എന്നായിരുന്നു 2015 ല്‍
തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനം കണ്ടെത്തിയത്. കേരളത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് കൃഷിയുമായി മുന്നോട്ടുപോവാനാവാത്ത അവസ്ഥയാണെന്ന് ഒമ്പതു വര്‍ഷം മുമ്പത്തെ പഠനത്തില്‍ അവര്‍ സൂചിപ്പിച്ചു. കാര്‍ഷിക പണപ്പെരുപ്പനിരക്ക് ആറുശതമാനം ആണെന്നിരിക്കേ 2024 ല്‍ കിലോയ്ക്ക് 205 രൂപയാകും ഉത്പാദനച്ചെലവ്. ഈ പറയുന്നതെല്ലാം ആര്‍.എസ്.എസ് 4 ന്റെ വിലയാണ് എന്നുകൂടി ഓര്‍ക്കണം. ഉത്പാദനച്ചെലവിന്റെ 50 ശതമാനംകൂടി ചേര്‍ത്ത താങ്ങുവിലയാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടത് എന്നിരിക്കേ, 260 രൂപയെങ്കിലും താങ്ങുവില ലഭിക്കേണ്ടതാണ്.
കര്‍ഷകനട്ടെല്ലൊടിച്ചത് ''ടയര്‍ കാര്‍ട്ടല്‍?!''
ടയര്‍വില അനിയന്ത്രിതമായി കൂട്ടുന്നതിനു കുത്തകക്കമ്പനികള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതിനെയാണ് 'ടയര്‍ കാര്‍ട്ടല്‍' എന്നു വിശേഷിപ്പിക്കുന്നത്. കൊടുംലാഭം എന്ന ലക്ഷ്യത്തില്‍ ഒരേ മനസ്സോടെ അവര്‍ കൈകോര്‍ത്തപ്പോള്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം ഇല്ലാതാവുകയും ലാഭം കുന്നുകൂടുകയും ചെയ്തു.
ഇതേ നയംതന്നെ അവര്‍ റബര്‍വിപണിയിലും നടപ്പാക്കി. കമ്പനിയുടെ പര്‍ച്ചേസ് മാനേജര്‍മാര്‍ പരസ്പരധാരണപ്രകാരം ഒന്നുചേര്‍ന്ന് വിലയിടിച്ച് റബര്‍ വാങ്ങുന്നു. വില കയറുമ്പോഴാവട്ടെ, അതേ ധാരണപ്രകാരം വിപണിയില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. 2011 ല്‍ വര്‍ധിച്ച ടയര്‍വില കുറയാതിരിക്കാന്‍ കമ്പനികള്‍ എ.ടി.എം.എയുടെ (ഓട്ടോമാറ്റിക് ടയര്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍) നേതൃത്വത്തില്‍ റബര്‍ കാര്‍ട്ടലുകള്‍ ഉണ്ടാക്കി ഒത്തുകളിച്ചു. ഇതിന്റെ പേരില്‍ 2018 ല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എം.ആര്‍.എഫ്. അടക്കമുള്ള ടയര്‍ കമ്പനികള്‍ക്കും എ.ടി.എം.എയ്ക്കുംചേര്‍ത്ത് 1788 കോടി രൂപ പിഴയിടുകയും ഈ തുക രാജ്യത്തെ റബര്‍ക്കര്‍ഷകര്‍ക്കു നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, എം.ആര്‍.എഫ്, സിയറ്റ്, അപ്പോളോ, ജെ.കെ. ടയേഴ്‌സ്, ബിര്‍ള,
എ.ടി.എം.എ. എന്നിവര്‍ ഈ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
റബര്‍വില കുറയ്ക്കണമെന്ന് മുമ്പ് എ.ടി.എം.എ കേന്ദ്രത്തോട് ആവശ്യപ്പെട്ടതനുസരിച്ചാണ് 2013 ല്‍ കേന്ദ്രം റബര്‍കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. അന്ന് സ്വാഭാവികറബറിന്റെ കയറ്റുമതി 30.59 മെട്രിക് ടണ്ണായിരുന്നത് 2023 ആയപ്പോഴേക്കും വെറും 3.7 മെട്രിക് ടണ്ണായി കുറഞ്ഞു. അതേസമയം, ഇറക്കുമതിയാവട്ടെ നടപ്പുസാമ്പത്തികവര്‍ഷം ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള മാസങ്ങളില്‍ 3,10,713 ടണ്ണാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 2,54,488 ടണ്ണായിരുന്നു. ഇത്രത്തോളം ഭീകരമാണ് കയറ്റുമതി-ഇറക്കുമതി വ്യത്യാസം! അന്താരാഷ്ട്രവിപണിയില്‍ ആഭ്യന്തരവിപണിയെക്കാള്‍ കിലോയ്ക്ക് 30 രൂപ വില കൂടുതലുള്ളപ്പോഴാണ് റബര്‍ ഉത്പാദനത്തില്‍ ലോകത്ത് നാലാംസ്ഥാനത്തു നില്‍ക്കുന്ന രാജ്യം ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത് എന്നോര്‍ക്കണം. കര്‍ഷകരക്ഷയും കര്‍ഷകസ്‌നേഹവും എട്ടിലെ പശുവായിമാത്രം ഒതുങ്ങുന്നതിന്റെ നേര്‍ച്ചിത്രമാണിത്. സര്‍ക്കാരില്‍ കുത്തകകള്‍ക്കുള്ള സ്വാധീനവും ഇവിടെ വ്യക്തമാവുന്നു.
അതേസമയം, ടയര്‍വിലയാവട്ടെ അതിവേഗം ബഹുദൂരം മുന്നോട്ടുപോയി. 2011-15 കാലഘട്ടത്തില്‍ 15,000-30,000 നിരക്കില്‍ നിന്നിരുന്ന ട്രക്ക് ടയര്‍ വില 2024 ആയപ്പോള്‍ 30,000- 70,000 നിരക്കിലായി. 2018 ല്‍ ശരാശരി 2500 രൂപയായിരുന്ന കാര്‍ ടയര്‍ വില ഇപ്പോള്‍ 5000-6000 നിരക്കിലാണ്. ടയര്‍വില വീണ്ടും വര്‍ധിക്കുമെന്ന് അറിയിച്ചിട്ടുള്ള ടയര്‍കമ്പനികള്‍ അതിനു പറയുന്ന ന്യായം 'സ്വാഭാവികറബറിന്റെ ക്ഷാമവും വിലവര്‍ധനയും' എന്നാണ്! ടയര്‍വില കൂട്ടാനായി റബര്‍വില കൂട്ടുകയും ടയര്‍വില കൂട്ടിക്കഴിയുമ്പോള്‍ റബര്‍വില താഴുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പ്രതിഭാസം! റബര്‍ വിലയിടിവുമൂലം വിപ
ണിയില്‍ ഓരോ വര്‍ഷവും ശരാശരി 34,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.
മറ്റു പ്രശ്‌നങ്ങള്‍
ടാപ്പിങ് തൊഴിലാളി ക്ഷാമം, സംസ്‌കരണച്ചെലവുകള്‍, ഗതാഗതച്ചെലവ് തുടങ്ങി, കാലാവസ്ഥാവ്യതിയാനവും വന്യമൃഗശല്യവുംവരെ റബര്‍കര്‍ഷകര്‍ക്കു ഭീഷണിയായി മാറിയിട്ടുണ്ട്. 2007 ല്‍ ഹെക്ടറില്‍ ശരാശരി 1960 കിലോ റബര്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത് 1300 കിലോമാത്രം. ടാപ്പിങ് അവസാനിപ്പിച്ച് മരങ്ങള്‍ വില്‍ക്കുന്ന വേളയിലാവട്ടെ വിലയുടെ 30 ശതമാനമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ബാക്കി കച്ചവട
ക്കാരും ഇടനിലക്കാരും കയ്യാളുന്നു.
മുമ്പ് പല തുറമുഖങ്ങളിലും റബര്‍ ഇറക്കുമതിക്കുണ്ടായ നിയന്ത്രണം നീക്കിയതോടെ, ഇറക്കുമതി സുഗമമായത് ആഭ്യന്തരവിപണിക്കു ദോഷമായി.
കര്‍ഷകരക്ഷയ്ക്ക് എന്ന നിലയില്‍ പിണറായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 'കേരള റബര്‍ ലിമിറ്റഡ് കമ്പനി' മറ്റ് 'കെ' പദ്ധതികള്‍പോലെ ഇപ്പോഴും ശൂന്യതയില്‍ത്തന്നെ.
റബര്‍ ഗവേഷണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു സജീവമല്ല എന്നുമാത്രമല്ല, മിക്ക സ്ഥാപനങ്ങളിലും അനേകം തസ്തികകള്‍ നികത്താതെ ഒഴിഞ്ഞുകിടക്കുകയുമാണ്.
മുന്‍കാലങ്ങളില്‍ പഴയ സാങ്കേതികവിദ്യപ്രകാരം 44 ശതമാനം സ്വാഭാവികറബര്‍ ഉപയോഗിച്ചുള്ള ടയര്‍നിര്‍മാണത്തിന് ഇറക്കുമതിയില്‍ നല്‍കിയിരുന്ന നികുതിയിളവുകള്‍തന്നെയാണ് ഇപ്പോള്‍ 28 ശതമാനം സ്വാഭാവികറബര്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യാകാലത്തും കമ്പനികള്‍ക്കു നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിനു നികുതിയിനത്തില്‍ കോടികളുടെ നഷ്ടം വരുന്നതിനൊപ്പം ആഭ്യന്തരവിപണിയിലെ വിലയിടിവിനും ഇതു കാരണമാകുന്നു.
റബര്‍വില അസ്ഥിരമായതോടെ വെട്ടിമാറ്റുന്ന തോട്ടങ്ങളില്‍ ആവര്‍ത്തനക്കൃഷിക്കു പകരം മറ്റു വിളകള്‍ കൃഷി ചെയ്യുകയാണ് ഇപ്പോള്‍ കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ വര്‍ഷം 30,000 ഹെക്ടറില്‍ ആവര്‍ത്തനക്കൃഷി ചെയ്തിരുന്നത് ഇപ്പോള്‍ 5000 ഹെക്ടറായി ചുരുങ്ങി.
റബര്‍കൃഷിയുടെ ദേശീയോത്പാദനത്തിന്റെ 90 ശതമാനം സംഭാവന ചെയ്തിരുന്ന കേരളത്തിന്റെ വിഹിതം 71 ശതമാനമായി കുറഞ്ഞു!
പരിഹരിക്കാന്‍ എന്തു ചെയ്യണം?
ആഭ്യന്തരവില പിടിച്ചുനിര്‍ത്താന്‍ റബര്‍ കയറ്റുമതി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍തലത്തില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം. അന്താരാഷ്ട്രവിപണിവില ആഭ്യന്തരവിപണിയെക്കാള്‍ കിലോയ്ക്ക് 30 രൂപ ഉയര്‍ന്നുനില്‍ക്കുന്ന ഈ വേളയില്‍ കൂടുതല്‍ റബര്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിക്കാത്തത് പിടിപ്പുേകടാണ്. ടയര്‍ കാര്‍ട്ടലുകള്‍ക്കെതിരേ ശക്തമായ നടപടികള്‍ അടിയന്തരമായി ഉണ്ടാവണം. നിലവില്‍ നാണ്യവിളയുടെ പട്ടികയിലുള്ള റബര്‍ കാര്‍ഷികവിളകളുടെ പട്ടികയിലാക്കാനുള്ള സത്വരനടപടിയാണ് കൈക്കൊള്ളേണ്ടത്. അതുവഴി, കാര്‍ഷികവിളകളുടെ ആനുകൂല്യം റബര്‍ കര്‍ഷകര്‍ക്കു ലഭ്യമാവണം.
ചുമരില്ലെങ്കില്‍ ചിത്രമെഴുതാനാവില്ല എന്ന ബോധ്യം റബര്‍ ബോര്‍ഡിന്റെ തലപ്പത്തുള്ളവര്‍ക്കുണ്ടാവണം. കര്‍ഷകരുടെയും വ്യവസായികളുടെയും മധ്യേ ഒരിടനിലക്കാരന്റെ റോളിലാണ് അവരിപ്പോള്‍ നിലകൊള്ളുന്നത്. അതു മാറി കര്‍ഷകപക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണം.
ഗ്രാമീണമേഖലകളിലെ ആര്‍.പി.എസുകള്‍ കൂടുതല്‍ സജീവമാക്കണം. കേരളത്തില്‍ ഏഴായിരത്തി ഇരുന്നൂറോളം ആര്‍.പി.എസുകള്‍ ഉള്ളതില്‍ ആയിരത്തോളംമാത്രമാണ് സജീവമായിട്ടുള്ളത്. കര്‍ഷകക്കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുകതന്നെ വേണം. ഇറക്കുമതിനിയന്ത്രണത്തിനായി റബര്‍ബോര്‍ഡും കേരളസര്‍ക്കാരും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയേ തീരൂ. അത് അവരുടെ കടമയാണ്. തിരഞ്ഞെടുപ്പുകാലത്ത് നാവില്‍ തട്ടിക്കളിക്കുന്ന പാഴ്‌വാക്കാകരുത് കര്‍ഷകസ്‌നേഹം.
റബര്‍കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ അവകാശമാണ്, ഔദാര്യമല്ല. ഒരു കിലോ റബറിന് അഞ്ചു ശതമാനം ജി.എസ്.ടി നല്‍കുന്ന കര്‍ഷകര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്നത് ശതകോടികളാണ്. അതുകൊണ്ടുതന്നെ, താങ്ങുവില 200 രൂപയ്ക്കുമുകളില്‍ ലഭിച്ചേ തീരൂ. വിലസ്ഥിരതാഫണ്ടിലേക്ക് ഓരോ ബജറ്റിലും വകവയ്ക്കുന്ന 500 കോടി രൂപ ഫലപ്രദമായി വിനിയോഗിച്ചാല്‍ അതു സാധ്യമാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം സബ്‌സിഡി ഇനത്തില്‍ ഈ ഫണ്ടില്‍നിന്നു സര്‍ക്കാര്‍ ചെലവാക്കിയത് 60 കോടി രൂപ മാത്രമാണ്. നടപ്പുവര്‍ഷം റബര്‍വില 180 രൂപയ്ക്കു മുകളില്‍ത്തന്നെ തുടര്‍ന്നതിനാല്‍ ഒരു രൂപപോലും റബര്‍കര്‍ഷകനുവേണ്ടി ചെലവാക്കേണ്ടിവന്നില്ല.
കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അവര്‍ ചൂഷണത്തിനിരയാകുന്നു. കര്‍ഷകക്കൂട്ടായ്മകളില്‍ രാഷ്ട്രീയം കലര്‍ത്തി വിഘടിപ്പിക്കാനുള്ള മുഖ്യധാരാരാഷ്ട്രീയകക്ഷികളുടെ ശ്രമം വന്‍കിടകുത്തകകള്‍ക്കായുള്ള കുതന്ത്രമാണെന്നു തിരിച്ചറിഞ്ഞ് കര്‍ഷകര്‍ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകളിലൂടെ ശക്തരാകണം. അങ്ങനെ വോട്ടുബാങ്ക് ആകാന്‍ സാധിക്കുന്നവര്‍ക്കേ നമ്മുടെ സംസ്ഥാനത്ത് നിലനില്പുള്ളൂ എന്ന സത്യം തിരിച്ചറിയണം.