•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രവും സംസ്‌കാരവും

അറബൈക്യത്തിന്റെ പ്രതീകം

എ.ഡി. 642 ല്‍ അറബികള്‍ ഈജിപ്റ്റ് കീഴടക്കി ഭരണമാരംഭിച്ചു. ഇതിനുമുമ്പുള്ള ഒരു കാലഘട്ടത്തില്‍ ക്രിസ്തുമതവും ഈജിപ്റ്റില്‍ പ്രചരിച്ചിരുന്നു. വിസ്മരിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഭാഷയ്ക്കുപകരം  പ്രാദേശിക അറബിഭാഷ പ്രചാരത്തിലായി. വലിയ സന്നാഹങ്ങളോടും ദീര്‍ഘവീക്ഷണത്തോടുംകുടി നെപ്പോളിയന്‍ നടത്തിയ ആക്രമണവും (1798-1801) പരാജയപ്പെടുകയാണു ചെയ്തത്. പക്ഷേ, ഈജിപ്റ്റിന്റെ പൗരാണികസംസ്‌കാരത്തിന്റെ അദ്ഭുതലോകത്തിലേക്കു വാതില്‍തുറന്നത് ഫ്രഞ്ച് ആക്രമണമവും അന്നു കണ്ടെടുത്ത റോസറ്റാ സ്റ്റോണ്‍ പോലുള്ള ചരിത്രരേഖകളുമായിരുന്നു. ബ്രിട്ടീഷുകാരുടെ അധിനിവേശം 1882 ല്‍ ആരംഭിച്ചു. പക്ഷേ, ഈജിപ്റ്റ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. കുറെക്കാലം ഒരു ആശ്രിതരാജ്യമായി നിലകൊണ്ടു 1922 വരെ. പിന്നീടു സ്വാതന്ത്ര്യം പ്രാപിച്ച് രാജഭരണത്തിനു കീഴിലായി. എങ്കിലും 1956 വരെ ബ്രിട്ടീഷ് സാന്നിധ്യവും സൈന്യവും തുടര്‍ന്നു. പിന്നീട് നാസര്‍വരെ  രാജഭരണമായിരുന്നു.
നാസര്‍ 
കെയ്‌റോയിലെ പിരമിഡു പോലെയും അലക്‌സാണ്ട്രിയായിലെ വിഖ്യാത ലൈറ്റ് ഹൗസുപോലെയും ഈജിപ്റ്റിന്റെ രാഷ്ട്രീയസാംസ്‌കാരികചക്രവാളത്തിലേക്കു തലയുയര്‍ത്തി നിന്ന് പ്രകാശം പരത്തിയ വ്യക്തിയായിരുന്നു പ്രധാനമന്ത്രിയും പിന്നീട് 1956-1970 വരെ പ്രസിഡണ്ടുമായിരുന്ന അബ്ദുള്‍ നാസര്‍.
1918 ല്‍ അലക്‌സാണ്ട്രിയായിലെ ഒരു പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ മകനായി മണ്‍കട്ട കെട്ടിയ ഒരു കുടിലില്‍ ജനിച്ച നാസര്‍ കെയ്‌റോയിലെ വിദ്യാഭ്യാസത്തിനുശേഷം ഈജിപ്ഷ്യന്‍ മിലിട്ടറി ഓഫീസറാകുകയായിരുന്നു. ചെറുപ്പംമുതലേ അധികാരകേന്ദ്രങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന നാസര്‍ 1952 ല്‍ നടന്ന രക്തരഹിത പട്ടാളവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് പ്രധാനമന്ത്രിയാവുകയും പിന്നീട് പ്രസിഡന്റുപദവി അലങ്കരിക്കുകയുമായിരുന്നു.
പുരോഗമനവാദിയും സാമൂഹികപരിഷ്‌കര്‍ത്താവും ആകാന്‍ ആഗ്രഹിച്ച അദ്ദേഹം ഒരു സോഷ്യലിസ്റ്റ് അറബ് സ്റ്റേറ്റിനു രൂപംകൊടുക്കുകയായിരുന്നു. യുഗോസ്ലാവിയായിലെ മാര്‍ഷല്‍ ടിറ്റോയോടും ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ചേര്‍ന്ന് ചേരിചേരാപ്രസ്ഥാനത്തിനു രൂപംകൊടുക്കുകയും മൂന്നാം ലോകനേതാക്കളില്‍ ഒരാളായി വളരെ പെട്ടെന്നു അറിയപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കു വോട്ടവകാശം ഉള്‍പ്പെടെയുള്ള പല പരിഷ്‌കാരങ്ങളും നടപ്പില്‍ വരുത്തി.
എന്നാല്‍, അദ്ദേഹത്തിന്റെ ഹിമാലയന്‍ പ്രോജക്ട് 1970 ല്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സോവിയറ്റ് നേതാവുമായ ക്രൂഷ്‌ചേവ് നല്കിയ റഷ്യന്‍ സാമ്പത്തികസഹായത്തോടെ നൈല്‍ നദിയില്‍ നിര്‍മ്മിച്ച അസ്വാന്‍ അണക്കെട്ടായിരുന്നു. നൈലിന്റെ മഹാജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് അണക്കെട്ടു തീര്‍ത്ത ലെയ്ക്ക് നാസര്‍ തടാകത്തിന് 480 കി.മീ. നീളവും 16 കി. മീ. വീതിയുമുണ്ട്. നൂറ്റാണ്ടുകളായി ജലത്തിനുവേണ്ടി ദാഹിച്ചുകിടന്നിരുന്ന സഹാറ മരുഭൂമിയുടെ  അകത്തളങ്ങള്‍ ഈര്‍പ്പമണിഞ്ഞു. ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമി കൃഷിയുക്തമായി. ഈജിപ്റ്റിന്റെ ഗ്രാമാന്തരങ്ങളില്‍ അവിടെനിന്നുള്ള വൈദ്യുതിവെളിച്ചവും ഊര്‍ജ്ജവുമെത്തിച്ചു.
അതിനുമുമ്പേതന്നെ 1956 ല്‍ നാസര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചിരുന്നു. ഇത് ബ്രിട്ടനും ഫ്രാന്‍സും ഇസ്രായേലുമായി  ഒരു യുദ്ധത്തിനു വഴിതെളിച്ചു. അപ്പോഴേക്കും നാസര്‍ ഈജിപ്റ്റിന്റെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയും അറബ് ലോകത്തിലെ ആരാധ്യപുരുഷനുമായിത്തീര്‍ന്നു. പക്ഷേ, 1967 ലെ യുദ്ധത്തില്‍ ഈജിപ്റ്റും സഖ്യകക്ഷികളായ ജോര്‍ദ്ദാനും സിറിയയും ഇസ്രായേലിനോടു ദയനീയമായി തോറ്റു. എങ്കിലും നാസര്‍ ഈജിപ്തുകാരുടെ കണ്ണില്‍ മുടിചൂടാമന്നനും അറബ് ഐക്യത്തിന്റെ പ്രതീകവുമായിത്തുടര്‍ന്നു. എങ്കിലും 22 രാജ്യങ്ങള്‍ ചേര്‍ന്ന് 1945 ല്‍ തുടങ്ങിയ അറബ് ലീഗ് യഥാര്‍ത്ഥശക്തിയായി വളര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഈജിപ്റ്റിന്റെയും അറബ് ലോകത്തിന്റെയും കരുത്തുറ്റ നേതാവാകേണ്ടിയിരുന്ന നാസര്‍ ഹൃദയാഘാതം മൂലം 50-ാം വയസ്സില്‍ 1970 ല്‍ മരിച്ചു. ലോകത്തിന് ഒരു വലിയ നേതാവും ഈജിപ്റ്റിന് അവരുടെ രക്ഷകനും  നഷ്ടപ്പെട്ടു. പിന്നീട് പ്രസിഡണ്ടായ അന്‍വര്‍ സാദത്ത് കുറെ വര്‍ഷങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പിന്‍ഗാമി ഹോസ്‌നി മുബാറക് ദീര്‍ഘകാലം പ്രസിഡണ്ടായി ഭരിച്ചുവെങ്കിലും അറബ് വസന്തത്തിനുശേഷം സ്ഥാനഭ്രഷ്ടനായി കുറ്റാരോപിതനായി ജയിലില്‍ അടയ്ക്കപ്പെട്ടു. പുതിയ ഭരണഘടനയും രണ്ടു സഭകളുള്ള പാര്‍ലമെന്റുമുള്ള ഈജിപ്റ്റിലെ ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്‍ ഫത്ത അല്‍സിസിയാണ്.
(തുടരും)

 

Login log record inserted successfully!