ഇന്ത്യയുടെ മതേതരത്വവും വ്യക്തികളുടെ മൗലികാവകാശങ്ങളും ആവര്‍ത്തിച്ചുറപ്പിക്കുന്ന രണ്ടു സുപ്രധാന നിരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്‌ടോബര്‍ 21) രാജ്യത്തെ പരമോന്നതനീതിപീഠമായ സുപ്രീംകോടതിയില്‍നിന്നുണ്ടായത്. മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഭാഗമാണെന്നു നിരീക്ഷിച്ചതാണ് അതിലൊന്ന്. രാഷ്ട്രീയപ്രതികാരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഭരണകൂടം ദുരുപയോഗിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നുള്ള താക്കീതാണു മറ്റൊന്ന്. . ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പുനല്‍കുന്ന 21-ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടനയിലുണ്ടെന്ന പരമാര്‍ഥം സുപ്രീംകോടതി അടിവരയിട്ടു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യയെ വിവരിക്കാന്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ (മതേതരത്വം) എന്നീ വാക്കുകള്‍ 1976 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 42-ാം ഭേദഗതിയായി കൂട്ടിച്ചേര്‍ത്തു. പ്രസ്തുത ഭേദഗതിയെ ചോദ്യംചെയ്ത് ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയുള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചത്.
ഭരണഘടനയിലെ തുല്യത, സാഹോദര്യം എന്നിവയിലും മൗലികാവകാശങ്ങളിലും സൂക്ഷ്മമായി കണ്ണോടിച്ചാല്‍, മതനിരപേക്ഷതയാണ് ഭരണഘടനയുടെ യഥാര്‍ഥസ്വഭാവമെന്നു വ്യക്തമാകും. വാദത്തിനിടെ ഇന്ത്യ മതേതരമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ഹര്‍ജിക്കാരോടു ചോദിക്കുകയുണ്ടായി. നാമിന്നു കാണുന്ന ഇന്ത്യയും അതിന്റെ വൈവിധ്യസമൃദ്ധിയും മതനിരപേക്ഷതയിലൂന്നിയാണു നിലകൊള്ളുന്നത്. ഈ അടിത്തറയെ ദുര്‍ബലമാക്കുന്ന ഏതു നീക്കവും ഇന്ത്യ എന്ന മഹത്തായ ആദര്‍ശത്തെ അസ്ഥിരമാക്കുന്നതായിരിക്കും. ഈ മാസമാദ്യം ബുള്‍ഡോസര്‍ നടപടിക്കേസു പരിഗണിച്ച ജസ്റ്റീസുമാരായ ബി. ആര്‍. ഗവായിയും കെ.വി. വിശ്വനാഥനും ഇന്ത്യയുടെ മതേതരത്വപദവി ആവര്‍ത്തിച്ചിരുന്നു.
രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യല്‍, അവസരസമത്വം എന്നിവയാണ് സോഷ്യലിസംകൊണ്ട് അര്‍ഥമാക്കുന്നതെന്ന് ജസ്റ്റീസ് ഖന്ന ചൂണ്ടിക്കാട്ടി. സോഷ്യലിസത്തെ സംബന്ധിച്ചു പാശ്ചാത്യചിന്ത കൊണ്ടുവരേണ്ടതില്ലെന്നും തുല്യാവസരവും രാജ്യത്തിന്റെ ക്ഷേമവും എല്ലാവരിലേക്കും തുല്യമായി എത്തിക്കുന്നതാണു സോഷ്യലിസംകൊണ്ടു ലക്ഷ്യംവയ്ക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ അഴിമതിക്കേസില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ രാത്രിമുഴുവന്‍ ചോദ്യം ചെയ്ത റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അനില്‍ തുതേജയെ കസ്റ്റഡിയിലിരിക്കെത്തന്നെ ഇ.ഡി. നിര്‍ബന്ധപൂര്‍വം വിളിച്ചുവരുത്തിയ നടപടി മൗലികാവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നു കോടതി നിരീക്ഷിച്ചതും ഇതേ ദിവസംതന്നെയാണ്. വ്യക്തികളുടെ മൗലികാവകാശത്തെ ലംഘിക്കുംവിധം ഇ.ഡി.യുടെ ഉരുക്കുമുഷ്ടിപ്രയോഗം യാതൊരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കോടതി താക്കീതു നല്‍കി. തുതേജ സ്വയം ഹാജരായതാണെന്ന് ഇ.ഡി. വാദിക്കാന്‍ ശ്രമിച്ചെങ്കിലും പൗരാവകാശധ്വംസനം കോടതിക്കു ബോധ്യപ്പെട്ടു തന്നെയാണ് മറുപടി നല്കിയത്.
നിയമവിരുദ്ധപ്രവൃത്തികള്‍ തടയാനുള്ള നിയമം (യുഎപിഎ), കള്ളപ്പണം വെളുപ്പിക്കല്‍തടയല്‍ നിയമം (പിഎംഎല്‍എ) എന്നിവ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ അന്വേഷിക്കുന്നതിനുപകരം, ഭരണകൂടത്തിന്റെ ഇച്ഛാനുസൃതം കൈകാര്യം ചെയ്യാന്‍ മുതിരുമ്പോഴാണ് ഇ.ഡിയുടെയും അവരെ ന്യായീകരിക്കുന്ന സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധിയും വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടുന്നത്. നിയമപരവും നീതിപൂര്‍വകവുമായ അന്വേഷണമില്ലാതെ, ഭരണയന്ത്രം തിരിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളായിമാത്രം മെയ്‌വഴക്കം നടത്താന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സാഹസം കാണിക്കുമ്പോള്‍, ധ്വംസിക്കപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യവും മനുഷ്യമാഹാത്മ്യവുമാണ്. പരമാധികാരത്തിന്റെ പടവാളേന്തിയുള്ള പടപ്പുറപ്പാടുകള്‍ രാജ്യത്തു പതിവായിരിക്കുന്ന പശ്ചാത്തലത്തിലാണ് പൗരാവകാശങ്ങള്‍ പരിപാലിക്കണമെന്ന പരമോന്നതകോടതിയുടെ പരാമര്‍ശം പ്രസക്തമാകുന്നത്. മൗലികാവകാശത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ ഗൗരവമായ ഇടപെടലുകള്‍ ഇ.ഡി.ക്കുമാത്രമല്ല, രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്കു മുഴുവനുമുള്ള ശക്തമായ തിരുത്തലും താക്കീതുമാകട്ടെ.
എഡിറ്റോറിയല്‍
ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം
