ആവര്‍ത്തിക്കപ്പെടരുതാത്ത ദുരന്തങ്ങള്‍ മറക്കാതിരിക്കുകതന്നെ വേണം. ലോകത്തിന്റെ മറവികള്‍ക്കെതിരായ നിരന്തരപോരാട്ടം എന്ന നിലയിലാവും ഈ വര്‍ഷത്തെ സമാധാന നൊബേല്‍സമ്മാനം ജാപ്പനീസ് അണുബോംബ് അതിജീവിതരുടെ ഏക രാജ്യാന്തരസംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്കു നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നത്. വര്‍ത്തമാനകാലത്ത് ആണവായുധഭീഷണിയുടെ അശാന്തതീരങ്ങളില്‍ നൊബേല്‍ സമ്മാനക്കമ്മിറ്റിയുടെ ഈ തിരഞ്ഞെടുപ്പ് ചേരിതിരിഞ്ഞിരിക്കുന്ന ലോകരാജ്യങ്ങള്‍ക്കുള്ള സന്ദേശംകൂടിയാണ്. ലോകം ഇന്നേവരെ കണ്ട ഏറ്റവും ക്രൂരമായ
ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ തലമുറകളായി പേറുന്ന ഹിബാ കുഷകളുടെ ജീവിതം സമാധാനപാതയില്‍ വഴിവിളക്കാകണമെന്ന് ഈ പുരസ്
കാരം നമ്മെ ഓര്‍മിപ്പിക്കുന്നു. (രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ അണുബോംബുസ്‌ഫോടനത്തെ അതിജീവിച്ചവരെയാണ് ഹിബാകുഷകള്‍ എന്നുവിളിക്കുന്നത്. ജീവിക്കുന്ന രക്തസാക്ഷികള്‍ എന്നര്‍ഥം.)
ആണവായുധത്തിനെതിരായി ആഗോളതലത്തില്‍ എതിര്‍പ്പു രൂപപ്പെടുത്തുന്നതിലും അത് നിലനിര്‍ത്തുന്നതിലും സംഘടന നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച നൊബേല്‍ കമ്മിറ്റി 'വിവരണത്തിന് അതീതമായതിനെ വിവരിക്കാനും ചിന്തയ്ക്കപ്പുറമായതിനെക്കുറിച്ചു ചിന്തിക്കാനും ഹിബാകുഷ നമ്മളെ സഹായിക്കുന്നു' എന്ന് പുരസ്‌കാരപ്രഖ്യാപനവേളയില്‍ പറഞ്ഞു. 11 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള നൊബേല്‍ സമാധാനപുരസ്‌കാരത്തിനായി ലോകമൊട്ടാകെനിന്ന് 197 വ്യക്തികളെയും 89 സംഘടനകളെയും പരിഗണിച്ചിരുന്നു. 'ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല' എന്നാണ് ചെയര്‍മാന്‍ സുഷി കിദൊ പ്രതികരിച്ചത്. ആണവായുധങ്ങള്‍ നിരോധിക്കാനും ശാശ്വതസമാധാനം കൈവരിക്കാനും ലോകത്തോടു നടത്തുന്ന അപേക്ഷകൂടിയാണ് ഈ സമ്മാനം എന്നാണ് ഉപാധ്യക്ഷന്‍ തോഷിയു മീമകി പറഞ്ഞത്.
വ്‌ളാദിമിര്‍ പുടിന്‍, കിം ജോങ് ഉന്‍, ആയത്തുള്ള ഖമൈനി തുടങ്ങിയവരുടെ ആണവായുധപ്രയോഗഭീഷണിയുടെയും, പശ്ചിമേഷ്യ, യുക്രെയ്ന്‍, സുഡാന്‍
എന്നിവിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലെ ഈ സമ്മാനപ്രഖ്യാപനം ലോകരാഷ്ട്രങ്ങള്‍ക്ക് സമാധാനത്തെക്കുറിച്ചുള്ള ശക്തമായ
ഓര്‍മപ്പെടുത്തല്‍കൂടിയാണ്.
നിഹോണ്‍ ഹിഡാന്‍ക്യോ
1945 ഓഗസ്റ്റ് 6 രാവിലെ 8.15. ഹിരോഷിമയുടെ തിരക്കേറിയ സെന്‍ട്രല്‍ ബിസിനസ്‌മേഖലയുടെ മുകളില്‍ അമേരിക്കന്‍ വ്യോമസേനയുടെ 'എനോളാ ഗേ' എന്ന ബോയിങ് ബി 29 സൂപ്പര്‍ ഫോര്‍ട്രെസ് വിമാനം ഇരമ്പിപ്പറക്കുന്നു. പൈലറ്റ് പോള്‍ ടിബട്‌സ് ജൂനിയര്‍ ട്രിഗര്‍ ചെയ്ത 'ലിറ്റില്‍ ബോയ്' എന്ന ഇരുപതിനായിരം ടി.എന്‍.ടി സ്‌ഫോടനശേഷിയുള്ള മാരക യുറേനിയം ബോംബ് ലോകം കണ്ട ഏറ്റവും ദുരന്തനിമിഷം ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ട് ഹിരോഷിമയുടെ നെഞ്ചുപിളര്‍ത്തി. ഒരായിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചപോലെ ഒരു സ്‌ഫോടനം. ഹിരോഷിമ എന്ന നഗരത്തിന്റെ 70 ശതമാനം
തകര്‍ത്തുകളഞ്ഞ, ലോകചരിത്രത്തിലെ ആദ്യ അണുബോംബുവര്‍ഷത്തില്‍ 60,000 മുതല്‍ 1,66,000 വരെ മനുഷ്യജീവനാണൊടുങ്ങിയത് എന്നു കണക്കു
കള്‍. രണ്ടു ദിവസങ്ങള്‍ക്കപ്പുറം ഓഗസ്റ്റ് 9, ജപ്പാന്‍ പ്രാദേശികസമയം രാവിലെ 11.02. നാഗസാക്കിയിലെ ഇന്‍ഡസ്ട്രിയില്‍ വാലിയുടെ മുകളില്‍ യുദ്ധക്കലിയൊടുങ്ങാത്ത മനുഷ്യന്റെ ക്രൂരതയുടെ ദൃഷ്ടാന്തമായി, അമേരിക്കയുടെ മറ്റൊരു ബി - 29 യുദ്ധവിമാനം 'ബോക്‌സ്‌കാര്‍' വട്ടമിടുന്നു. ഹിരോഷിമയില്‍ ചാരമായ മനുഷ്യക്കൂട്ടത്തിന്റെ ദൈന്യം തെല്ലും കരളുലയ്ക്കാത്ത മനസ്സുമായി പൈലറ്റ് മേജര്‍ ചാള്‍സ് സ്വീനി നാഗസാക്കിയില്‍ വര്‍ഷിച്ച പ്ലൂട്ടോണിയം ബേസ്ഡ് ബോംബ് 'ഫാറ്റ്മാന്‍' കരിച്ചുകളഞ്ഞ ജീവന്റെ എണ്ണം ഇപ്പോഴും തിട്ടമില്ല. 40,000 മുതല്‍ 80,000 വരെയാകുമെന്നു പറയപ്പെടുന്നു. തകര്‍ക്കപ്പെട്ട നഗരങ്ങള്‍ പുനര്‍നിര്‍മിച്ചെങ്കിലും ആണവവികിരണങ്ങള്‍ കാര്‍ന്നുതിന്ന ലക്ഷക്കണക്കിനു ജീവിതങ്ങള്‍ മനുഷ്യമൃഗീയതയുടെ ബാക്കിപത്രമായി. വര്‍ഷങ്ങള്‍ക്കിപ്പുറവും കാന്‍സര്‍, ജന്മവൈകല്യങ്ങള്‍ തുടങ്ങി മറ്റനേകം രോഗങ്ങളാല്‍ അണുബോംബിന്റെ അനന്തരഫലങ്ങള്‍ ഒരു ജനതയുടെ ദുരന്തപര്‍വമായി തുടരുന്നു. അണുബോംബ് ആക്രമണത്തോടെ 1945 സെപ്റ്റംബര്‍ രണ്ടിന് ജപ്പാന്‍ സഖ്യശക്തികള്‍ക്കുമുമ്പില്‍ ഔദ്യോഗികമായി കീഴടങ്ങിയെങ്കിലും അധിനിവേശസേനയില്‍നിന്ന് യാതൊരു സഹായവും ഹിബാകുഷകള്‍ക്കു ലഭിച്ചില്ല. 1952 ല്‍ പരമാധികാരം വീണ്ടെടുത്ത ജപ്പാന്‍ സര്‍ക്കാരും അവരെ അവഗണിച്ചു. യു.എസ്സില്‍നിന്ന്
ആണവാക്രമണത്തിന്റെ നഷ്ടപരിഹാരം ഈടാക്കാനുള്ള അവകാശം അടിയറവച്ചാണ് ജാപ്പനീസ് സര്‍ക്കാര്‍ പരമാധികാരം തിരികെപ്പിടിച്ചത്. ഇതിനെത്തുടര്‍ന്നാണ് 1956 ഓഗസ്റ്റ് 10 ന് ഹിബാകുഷകളുടെ വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് ഒറ്റസംഘടനയായി രൂപമെടുക്കുന്നത്. 'ജപ്പാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എ ആന്‍ഡ് എച്ച് ബോംബ്
സ്' ആണ് നിഹോണ്‍ ഹിഡാന്‍ക്യോ എന്ന് അറിയപ്പെടുന്നത്. ഇന്നിപ്പോള്‍ 1,74,080 അംഗങ്ങളാണ് സംഘടനയിലുള്ളത്.
ലക്ഷ്യവും പ്രവര്‍ത്തനങ്ങളും
ആണവായുധഭീകരതയെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതില്‍ ജീവിക്കുന്ന രക്തസാക്ഷികളായ ഹിബാകുഷകള്‍ വലിയ പങ്കുവഹിച്ചു. ഇനി
യൊരു ഹിബാകുഷ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുക, ആണവായുധരഹിതലോകം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ഹിഡാന്‍ക്യോ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു പ്രതിനിധികളെ അയച്ചുകൊണ്ടിരിക്കുന്നു.
ആണവാക്രമണങ്ങള്‍മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ആക്രമിച്ച രാഷ്ട്രംതന്നെ നഷ്ടപരിഹാരം നല്‍കുന്നതിനും ആണവാക്രമണ അതിജീവിതര്‍ക്കുള്ള സംരക്ഷണത്തിനു നിലവിലുള്ള നിയമങ്ങളും നടപടികളും മെച്ചപ്പെടുത്തുന്നതിനും ഒരു അന്താരാഷ്ട്ര ഉടമ്പടിക്കായി സംഘടന നിരന്തരം രാജ്യാന്തരസമ്മര്‍ദം നടത്തിവരുന്നു. 'ലോസ് ഓഫ് ആംഡ് കോണ്‍ഫ്‌ളിക്ടസ' (ഒ.എന്‍.സി.) എന്ന രാജ്യാന്തര യുദ്ധനിയമങ്ങള്‍ പാലിക്കപ്പെടണം എന്നതാണ് അവരുടെ മറ്റൊരു പ്രധാന ആവശ്യം. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുമായും സാമൂഹികസംഘടനകളുമായും ഇവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. 1975 ല്‍ യു.എന്‍. പ്രതിനിധിസംഘാംഗമായിരുന്ന ഹിഡാന്‍ക്യോ കോ-ചെയര്‍പേഴ്‌സണ്‍ യുകിമുനെ ഹജിമെ പൂര്‍ണ ആണവായുധ നിരോധന ഉടമ്പടിക്ക് ഐക്യരാഷ്ട്രസംഘടനയോട് അഭ്യര്‍ഥിച്ചു. 1976 ല്‍ ഹിഡാന്‍ക്യോ ചെയര്‍മാന്‍ ഇറ്റോ നകേഷി ഹിരോഷിമ - നാഗസാക്കി അണുബോംബ് സ്‌ഫോടനാനന്തരനാശനഷ്ടങ്ങളും അനന്തര
ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് യു.എന്‍. സെക്രട്ടറി ജനറലിനു സമര്‍പ്പിച്ചു.2017 ല്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ച 'അണുവായുധ നിരായുധീകരണ ഉടമ്പടി' (റ്റി.പി. എന്‍.ഡബ്ലി.യു.) സംഘടനയുടെ വലിയ നേട്ടമായി ചൂണ്ടിക്കാണിക്കാം.
പാഠം പഠിക്കാതെ ലോകം
1945 ലെ അണുബോംബ് ആക്രമണത്തിന്റെ ബാക്കിപത്രമായി ഇപ്പോഴും ആളുകള്‍ മരിച്ചുവീഴുന്നു. പുതുക്കിയ പട്ടികപ്രകാരം, 2024 ഓഗസ്റ്റുവരെ ആക്രമണാനന്തര അണുവികിരണംമൂലം മരിച്ചവരുടെ എണ്ണം 5,43,171 ആണ്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും സങ്കടകരവും ക്രൂരവുമായ ചിത്രമായിരുന്നു ഹിരോഷിമ - നാഗസാക്കി അണുബോംബ് ആക്രമണം. വരാനിരിക്കുന്ന തലമുറയുടെ നേര്‍ക്കുകൂടിയായിരുന്നു പൈശാചികമായ ആക്രമണം എന്നതാണ് ദുരന്തം. എന്നാല്‍, ഒരിക്കലും പാഠം പഠിക്കാത്ത മനുഷ്യന്‍ രഹസ്യമായും പരസ്യമായും അണുവായുധങ്ങള്‍ നിര്‍മിച്ചുകൂട്ടുന്നു. വിവിധ രാജ്യങ്ങളുടെ പക്കലായി 12,000 അണുബോംബുകള്‍ നിലവിലുള്ളപ്പോള്‍ത്തന്നെ മറ്റു പല രാജ്യങ്ങളും ഇവ നിര്‍മിക്കാനുള്ള ശ്രമത്തിലുമാണ്. ഭൂതകാലങ്ങളില്‍നിന്ന് പഠിക്കുകയും ആണവായുധരഹിതവും യുദ്ധരഹിതവുമായ ലോകത്തിനായി പോരാടുകയും ചെയ്യേണ്ട ഈ കാലത്ത് ഹിംസയുടെ ദുരന്തഭൂമികകള്‍ വേണ്ടായെന്ന് മനുഷ്യവംശം ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ലോകത്തു ബാക്കിയാവുന്ന ഓരോരുത്തരും ഹിബാകുഷകളായിരിക്കും.
സമാധാനത്തിന്റെ ഒറിഗാമി
സമാധാനത്തിന്റെ പ്രതീകമായി ജപ്പാന്‍കാര്‍ കരുതുകയും നിര്‍മിക്കുകയും ചെയ്യുന്ന കടലാസുകൊറ്റികളാണ് നിഹോണ്‍ ഹിഡാന്‍ക്യോയുടെ ലോഗോ. 1945 ല്‍ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബാക്രമണത്തില്‍ രക്തസാക്ഷിയാകേണ്ടിവന്ന ജാപ്പനീസ് പെണ്‍കുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് ഹിരോഷിമയില്‍ അണുബോംബിടുന്നത്. മരണത്തില്‍നിന്നു രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങള്‍ അവള്‍ക്ക് രക്താര്‍ബുദം വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി (ഒറിഗാമി) പ്രാര്‍ഥിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രിക്കിടക്കയിലിരുന്ന് കടലാസുകൊറ്റികളെയുണ്ടാക്കി. പക്ഷേ, 644 കൊറ്റികളെ ഉണ്ടാക്കിയപ്പോഴേക്കും അവള്‍ മരണത്തിനു കീഴടങ്ങി. പിന്നീട്അവളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആയിരം എന്ന എണ്ണം പൂര്‍ത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കോയും അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി അറിയപ്പെട്ടു.
കവര്‍സ്റ്റോറി
സമാധാന നൊബേല്‍: ആണവവിരുദ്ധ കൂട്ടായ്മ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്
