•  3 Oct 2024
  •  ദീപം 57
  •  നാളം 30
ലേഖനം

മലയാളത്തിന്റെ മാതൃഭാവം

   അമ്മമാരെല്ലാം പൊന്നാണെന്നു മലയാളികള്‍ക്കു ബോധ്യപ്പെടുത്തിത്തന്ന നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. സാധാരണജീവിതത്തില്‍ എല്ലാ അമ്മമാര്‍ക്കും പൊന്നമ്മമാരാകാന്‍ കഴിയില്ലെങ്കിലും  ഒരു തലമുറയുടെ മാതൃസങ്കല്പങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഈ പൊന്നമ്മ വഹിച്ച പങ്കു വിസ്മരിക്കാവുന്നതല്ല. ഒരു അമ്മ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നു നിശ്ചയിക്കാന്‍ കഴിയില്ലെങ്കിലും ഇതുപോലെയായിരിക്കണം അമ്മയെന്നു കൊതിപ്പിക്കാന്‍ പൊന്നമ്മയ്ക്കു കഴിഞ്ഞുവെന്നതാണ് ആ നടിയെ ശ്രദ്ധേയയാക്കുന്നത്. അറുപതുവര്‍ഷക്കാലത്തോളം കവിയൂര്‍ പൊന്നമ്മയെന്ന നടി മലയാളികളുടെ മാതൃസങ്കല്പങ്ങളുടെ ഉദാത്തമാതൃകയായി നിലകൊണ്ടുവെന്നത് നിസ്സാരകാര്യവുമല്ല.
     മലയാളസിനിമയിലെ അമ്മമാരുടെ പട്ടികയെടുത്താല്‍ അതിലൊരിടത്തും കവിയൂര്‍ പൊന്നമ്മയെപ്പോലെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ അമ്മനടിയെ കണ്ടെത്താന്‍ കഴിയില്ല. അഭിനയിച്ചഭിനയിച്ചു മാതൃബിംബമായിമാറിയ അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. വ്യത്യസ്തമായ വേഷങ്ങള്‍ ഒരേസമയം നിറഞ്ഞാടിയ കെപിഎസി ലളിതയെയും സുകുമാരിയെയും നോക്കൂ. സിദ്ധിയും പ്രതിഭയുമുള്ള ഇവര്‍ നല്ല അമ്മവേഷങ്ങള്‍കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കവിയൂര്‍ പൊന്നമ്മയുടെ മാതൃഭാവത്തിനു പകരംനില്ക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. കാരണം, വ്യത്യസ്തമായ വേഷങ്ങള്‍ അവര്‍ കൈകാര്യം ചെയ്തപ്പോഴും പൊന്നമ്മ, അമ്മക്കഥാപാത്രങ്ങളില്‍മാത്രം അഭിരമിക്കാനാണ് ആഗ്രഹിച്ചത്.  കേരളസംസ്‌കാരത്തില്‍തന്നെ രൂഢമൂലമാക്കി നിര്‍ത്താന്‍ കഴിയുന്നവിധത്തിലുള്ളതായിരുന്നു പൊന്നമ്മയുടെ രൂപവും ഭാവവും വേഷവും. ചിരിമാത്രമുള്ള മുഖവും വലിയപൊട്ടും മുണ്ടും നേര്യതും സാരിയുമൊക്കെ  അമ്മയായിമാത്രം നിലനില്ക്കാന്‍ ഈ നടിയെ ഏറെ സഹായിച്ചവയായിരുന്നു.
എന്റെ മനസ്സില്‍ സ്‌നേഹം എന്ന വികാരം ഇത്തിരി കൂടുതലാണ്. എനിക്കു സ്നേഹിക്കാന്‍മാത്രമേ അറിയൂ എന്നാണ് ഒരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. ഉള്ളിലുണ്ടായിരുന്ന സ്‌നേഹം കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിച്ചപ്പോള്‍ ആ സ്‌നേഹത്തിന്റെ ഉടമയെ സ്നേഹിക്കാതിരിക്കാന്‍ മലയാളികള്‍ക്കും കഴിഞ്ഞില്ല. അങ്ങനെയാണ് കവിയൂര്‍ പൊന്നമ്മ യഥാര്‍ഥത്തില്‍ മലയാളികളുടെയെല്ലാം പൊന്നമ്മയായി മാറിയത്.
    മലയാളികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ അമ്മ കവിയൂര്‍ പൊന്നമ്മയായിരുന്നുവെന്നതാണു സത്യം. അതുകൊണ്ട്, മലയാളസിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്ഥാനം എന്നും ഒഴിഞ്ഞുകിടക്കും. സഹിക്കാനും ക്ഷമിക്കാനും സ്‌നേഹിക്കാനും ത്യാഗം ചെയ്യാനുംമാത്രമുള്ളവരാണ് അമ്മമാരെന്ന് മലയാളികള്‍ മനസ്സിലാക്കിയതും ഈ നടിയില്‍നിന്നായിരുന്നു. അമ്മമാരുടെ സ്വഭാവപ്രത്യേകതകളുടെ വിവിധഭാവങ്ങള്‍ അവതരിപ്പിക്കുന്ന സിനിമകള്‍ കുറവായിരുന്നുവെങ്കിലും കവിയൂര്‍ പൊന്നമ്മയുടെ കണ്ണീരും വാത്സല്യവും ദേഷ്യപ്പെടലുംകണ്ട് മലയാളികള്‍ക്ക് ഒരിക്കലും ബോറടിച്ചിട്ടുണ്ടായിരുന്നില്ല. മറിച്ച്, തങ്ങളുടെ അമ്മമാരുമായി താദാത്മീകരിക്കാന്‍ കഴിയുന്ന വിധത്തിലുളള ഭാവങ്ങളെല്ലാം ആ നടിയില്‍ കണ്ട് അവര്‍ സായുജ്യമടയുകയായിരുന്നു.
തിങ്കളാഴ്ച നല്ല ദിവസത്തിലെയും കുടുംബവിശേഷത്തിലെയും അമ്മ മലയാളികളുടെ മനസ്സില്‍ ഇന്നും വേദനയാണ്. തനിയാവര്‍ത്തനത്തിലെ അമ്മയുടെ നിസ്സഹായത ഏതൊരു അമ്മയും കടന്നുപോകുന്ന നിസ്സഹായതകളുടെ തുടര്‍ച്ചയായിരുന്നു.
    അനശ്വരനടനെന്ന ഖ്യാതിയുള്ള, തന്നെക്കാള്‍ മുതിര്‍ന്ന  സത്യന്റെയും (ഇരുപതാം വയസ്സിലായിരുന്നു സത്യന്റെയും മധുവിന്റെയും അമ്മയായത്) സമപ്രായക്കാരിയായ ഷീലയുടെയും ഇങ്ങേയറ്റം പുതിയ തലമുറയുടെയുംവരെ അമ്മയായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളതും ഒരേയൊരു കവിയൂര്‍ പൊന്നമ്മയ്ക്കുമാത്രം. ഇതില്‍ ഏറ്റവും മികച്ച  അമ്മ-മകന്‍ രസതന്ത്രം മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മയായിരുന്നുവെന്നത് സിനിമാപ്രേക്ഷകരുടെ അനുഭവസാക്ഷ്യം. കിരീടം, ചെങ്കോല്‍, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, വടക്കുംനാഥന്‍, കാക്കക്കുയില്‍, ബാബാകല്യാണി ഇങ്ങനെ എത്രയെത്ര സിനിമകളിലാണ് ഇവര്‍ അമ്മയും മകനുമായി ജീവിച്ചത്. ഇരുവരുടെയും ശരീരഭാഷയും സൗകുമാര്യവും  ചേര്‍ന്നുള്ള ശ്രീത്വംതന്നെയാണ് തിരശ്ശീലയിലെ ഈ അമ്മ-മകന്‍ ബന്ധത്തിനു നൂറില്‍ നൂറും നല്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിച്ചതും.
    എന്നാല്‍, പഴയതലമുറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മകന്‍-അമ്മ കോംബോ പ്രേംനസീര്‍-കവിയൂര്‍ പൊന്നമ്മയായിരുന്നു. അമ്മവേഷം ഒരു സാധ്യതയായിമാത്രം കണ്ട നടികൂടിയായിരുന്നു പൊന്നമ്മയെന്നു തോന്നുന്നു. അതവര്‍ക്ക് ഒരിക്കലും ബാധ്യതയായിരുന്നുമില്ല. അതുകൊണ്ടാണ്, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് അറിയാമായിരുന്നിട്ടും മറ്റൊരു വേഷത്തിലേക്കും തിരിഞ്ഞുപോകാതെ അമ്മയായിമാത്രം നിലനില്ക്കാനും അഭിനയിക്കാനും ആഗ്രഹിച്ചത്.  
മലയാളസിനിമയില്‍ അമ്മമാര്‍ക്കു സ്ഥാനമില്ലാതെപോയ കാലത്തും രോഗങ്ങള്‍ പിടികൂടിയ സമയത്തുംമാത്രമാണ് അമ്മവേഷങ്ങളില്‍നിന്ന് പൊന്നമ്മ മാറിനിന്നിട്ടുള്ളത്.
സിനിമയില്‍ സ്നേഹത്തിന്റെ  പൂക്കാലം നീട്ടുമ്പോഴും ജീവിതത്തില്‍ അതു സാധിക്കാതെ പോയ അമ്മകൂടിയാണ് പൊന്നമ്മയെന്ന് ഓര്‍മിക്കുന്നതും നന്നായിരിക്കും. ഏകമകള്‍ ബിന്ദു അമ്മയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് അമ്മയൊരിക്കലും തന്നെ സ്നേഹിച്ചിട്ടേയില്ല എന്നായിരുന്നു. ഇത് അഭിനയവും ജീവിതവും തമ്മിലുള്ള അന്തരംകൂടി വ്യക്തമാക്കുന്നു. കുടുംബം നോക്കാനുള്ള തത്രപ്പാടില്‍ തനിക്ക് ചിലപ്പോഴെങ്കിലും മകളുടെ കാര്യത്തില്‍ അവളാഗ്രഹിക്കുന്നതുപോലെ സ്നേഹം നല്കാന്‍ സാധിച്ചിട്ടുണ്ടാവില്ലായെന്ന് പൊന്നമ്മ കുറ്റസമ്മതം നടത്തിയിട്ടുമുണ്ട്.
    എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്കു പോകണമായിരുന്നു എന്നാണ് പൊന്നമ്മയുടെ വിശദീകരണം. ഇന്നത്തേതുപോലെ ലിംഗസമത്വവും സ്ത്രീവാദവും രൂപപ്പെട്ടിട്ടില്ലാത്ത, ചെയ്യുന്ന ജോലിക്കു കൃത്യമായ വേതനംപോലും കിട്ടാതിരുന്ന ഒരു കാലംകൂടിയായിരുന്നു അതെന്നും ഓര്‍മിക്കുക. എഴുത്തുകാരനെയും അഭിനേതാവിനെയുമൊക്കെ അവരുടെ ജീവിതവുമായി കൂട്ടിക്കെട്ടാതിരിക്കുകയാണ് അവരെ വാഴ്ത്താതെയും വീഴ്ത്താതെയുമിരിക്കാന്‍ അനുയോജ്യം.
    മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കണ്ടുവളര്‍ന്ന മലയാളിതലമുറയ്ക്ക് പൊന്നമ്മയില്‍നിന്ന് അമ്മയ്ക്കു നിരക്കാത്തതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയല്ല. അതുകൊണ്ടാണ്, സുകൃതത്തില്‍ മരണാസന്നനായ രവിശങ്കറിനു നിത്യവും മരുന്ന് അരച്ചുകൊടുക്കുകയും കഷായം വച്ചുകൊടുക്കുകയും ചെയ്യുന്നതില്‍ ഈര്‍ഷ്യ പ്രകടിപ്പിക്കുന്ന, പൊന്നമ്മ അവതരിപ്പിച്ച ചെറിയമ്മയുടെ കഥാപാത്രം മലയാളികള്‍ക്കു ദഹിക്കാനാവാതെ വന്നത്. കാരണം, അമ്മമാരുടെ ത്യാഗത്തിനും വാത്സല്യത്തിനും എതിരേ നില്ക്കുന്ന യാതൊന്നും പൊന്നമ്മയെന്ന നടിയില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. അങ്ങനെയുള്ളവരെ ഞെട്ടിക്കാന്‍ പര്യാപ്തമാണ് അരനൂറ്റാണ്ടു പിന്നിട്ട എംടിയുടെ നിര്‍മാല്യം സിനിമയിലെ വെളിച്ചപ്പാടിന്റെ ഭാര്യാവേഷം. നാലു കുട്ടികളുടെ അമ്മയായ നാരായണിയെയാണ് അതില്‍ പൊന്നമ്മ അവതരിപ്പിച്ചത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മറ്റൊരു പുരുഷനുമുമ്പില്‍ വഴങ്ങിക്കൊടുക്കേണ്ടിവരുന്ന നാരായണിയെക്കണ്ട് ''എന്റെ നാലു മക്കളെ പെറ്റ നീയോ നാരായണി'' എന്ന ഭര്‍ത്താവായ വെളിച്ചപ്പാടിനുണ്ടായ നടുക്കം പ്രേക്ഷകന്റേതുകൂടിയാണ്. പിന്നീട് അധികമൊന്നും ഇത്തരത്തിലുള്ള നെഗറ്റീവ് വേഷങ്ങളില്‍ പൊന്നമ്മ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, ആണും പെണ്ണും (2021)  എന്ന സിനിമയിലെ പൊന്നമ്മയുടെ കഥാപാത്രവും  വ്യത്യസ്തമായിരുന്നു. ശയ്യാവലംബിയാണെങ്കിലും ഭര്‍ത്താവ് (നെടുമുടി വേണു) പറയുന്ന ശൃംഗാരകഥകള്‍ കേട്ടു രസിക്കുന്ന ഒരു കഥാപാത്രമാണ് അതിലുള്ളത്. അമ്മവേഷങ്ങളുടെ വാഴ്ത്തുകള്‍ക്കിടയില്‍ പൊന്നമ്മയുടെ ഇത്തരം കഥാപാത്രങ്ങളൊന്നും അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം.
    അമ്മയായി അഭിനയിച്ചഭിനയിച്ച് അവസാനം സകലതിനെയും അമ്മയെപ്പോലെ സ്വീകരിക്കാന്‍ കഴിയുന്ന അമ്മഭാവം പൂര്‍ണമായും ഉള്‍ക്കൊണ്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇനി ഇതുപോലൊരു അമ്മനടിയെ കിട്ടാന്‍ മലയാളസിനിമ എത്രകാലം കാത്തിരിക്കണം? കവിയൂര്‍ പൊന്നമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)