ദീപനാളത്തില്‍ വരുന്ന മാറ്ററുകള്‍ എല്ലാം വളരെ താത്പര്യത്തോടെ വായിക്കുന്നു. നാളം 27 ല്‍ ബഹുമാനപ്പെട്ട തോമസ് പാട്ടത്തില്‍ച്ചിറയച്ചന്‍ ''വികസനക്കഞ്ഞി കുടിക്കാന്‍ പൊതുജനക്കണ്ണീര്‍ വേണോ?'' എന്ന ലേഖനം നാടു ഭരിക്കുന്ന ''രാജാക്കന്മാര്‍'' ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി.
പൊരിവെയിലത്ത് ക്ഷമയോടെ ക്യൂനിന്ന് കുപ്പികള്‍ വാങ്ങിക്കൊണ്ടു പോകുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണു കേരളത്തില്‍. നാഥനില്ലാത്ത കളരിപോലെയായി നാട്!
എവിടെ നോക്കിയാലും അടിയും പിടിയും പീഡനങ്ങളും! പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സാകെ മരവിച്ചുപോകുന്നു. അച്ചന്‍ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു നാടിന്റെ യഥാര്‍ഥ സമ്പത്ത് നാട്ടിലെ ജനങ്ങളാണ്. അവര്‍ക്ക് ആരോഗ്യം ഇല്ലാതായാല്‍, അവരുടെ മാനസികനില തകരാറിലായാല്‍ പിന്നീട് നാടിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് ഈ നാടു ഭരിക്കുന്നവര്‍ ഇനിയെങ്കിലും ഒന്നു ചിന്തിക്കണം.
'അജ്ഞാനത്തിന്റെ അന്ധകാരമകറ്റുന്നവര്‍' എന്ന തലക്കെട്ടില്‍ ബഹു. തോമസച്ചന്‍ എഴുതിയ ലേഖനം (നാളം 26) ഗുരുക്കന്മാരുടെ പ്രാധാന്യവും പ്രസക്തിയും ഓര്‍മപ്പെടുത്തുന്നതാണ്. ഈ ലേഖനം എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും തീര്‍ച്ചയായും വായിച്ചിരിക്കണം. അതു ഫ്രെയിം ചെയ്ത് വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഒരു നല്ല കാര്യമാണ്. ഇഗ്നേഷ്യസ് കലയന്താനിയുടെ നോവല്‍ വളരെ നന്നായിരിക്കുന്നു.
കോട്ടയം ബാബു നട്ടാശേരി
ഓണം സാംസ്‌കാരികാഘോഷം
ക്രൈസ്തവര്‍ക്ക് ഓണം ആഘോഷിക്കാമോ എന്ന ചോദ്യത്തിനും സംശയത്തിനുമൊക്കെ പ്രതിവിധിയായി സീറോ മലബാര്‍ സഭയുടെ ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ എഴുതിയ ലേഖനം ചിന്തോദ്ദീപകവും ആധികാരികവും അതേസമയം ലളിതവുമായിരുന്നു. ഓണവുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടിലുള്ള ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും വടംവലി മുതലായ മത്സരങ്ങളും പുലിക്കളിയും എല്ലാം നമ്മുടെ പരമ്പരാഗതമായ സാംസ്‌കാരികാഘോഷത്തിന്റെ ഭാഗംതന്നെയാണ്. മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കുന്ന ഒരു ആഘോഷം എന്നതിനുപ്പുറത്തേക്ക് വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു വ്യാഖ്യാനം ക്രൈസ്തവര്‍ ഓണത്തിനു നല്‍കുന്നില്ല.
മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെക്കാണാന്‍ നമുക്കെല്ലാവര്‍ക്കുമാകണം. ഒരു സാംസ്‌കാരികാഘോഷം എന്ന നിലയിലാണ് ഇക്കാലമത്രയും ഓണം നാം ആഘോഷിച്ചിട്ടുള്ളത്. ഇനിയും അപ്രകാരമാണു വേണ്ടത്.
ബേബി മാത്യു ചാലക്കുടി