സെപ്റ്റംബര്‍ 8 ഏലിയാ-സ്ലീവ-മൂശക്കാലം മൂന്നാം ഞായര്‍ (ഏലിയാ മൂന്നാം ഞായര്‍)
സംഖ്യ 24:15-24 സഖ 14:1-9
1 കോറി 7:29-35 മത്താ 24:32-44
''...ഞാന്‍ അവനെ കാണുന്നു; എന്നാല്‍ ഇപ്പോഴല്ല; ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍, അടുത്തല്ല; യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും...'' (സംഖ്യ 24:17 മ). ''ഇതാ കര്‍ത്താവിന്റെ ദിനം... കര്‍ത്താവ് ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ'' (സഖ. 14:1മ,9). ''സഹോദരരേ, സമയം പരിമിതമാണ്... ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്... കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരം ഉണ്ടാകാന്‍വേണ്ടിയുമാണ്'' (1 കോറി. 7:29 മ; 35). ''...ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത് വാതില്‍ക്കലെത്തിയിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍'' (മത്താ. 24:32). ഏലിയാ-സ്ലീവാ-മൂശക്കാലത്തിലെ മൂന്നാം ഞായറിലെ വായനകളിലെല്ലാം നാം ധ്യാനിക്കുന്നത് 'കര്‍ത്താവിന്റെ വരവിനെ'ക്കുറിച്ചാണ്.
''പറൂസിയ'' (parousia= second coming of the Lord) സംഭവിക്കുമെന്നത് എക്കാലത്തെയും ചിന്തയാണ്. 'കര്‍ത്താവിന്റെ ദിനത്തില്‍' മിശിഹാ വരുമെന്നും, ഒരു യുഗാന്ത്യ (eschatological) ഇടപെടല്‍ അവിടെ ഉണ്ടാകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ദൈവത്തിന്റെ നിര്‍ണായകമായ ഇടപെടലിന്റെ ദിനമാണ് 'പറൂസിയ.' ഉത്ഥാനത്തിലൂടെ കര്‍ത്താവായി ((kyrios = Lord) അവരോധിക്കപ്പെട്ട മിശിഹാ നമ്മുടെ കൂടെ വസിക്കുന്നുവെങ്കിലും; അവിടുന്ന് ഒരിക്കല്‍ക്കൂടി മഹത്ത്വപൂര്‍ണനായി പ്രത്യക്ഷപ്പെടുമെന്നാണ് യുഗാന്ത്യപ്രതീക്ഷ.
സംഖ്യ 24:15-24: കര്‍ത്താവിന്റെ വാക്കുകള്‍ ശ്രവിച്ച് അവിടുത്തേക്കുവേണ്ടി ബാലാം പ്രവചനം നടത്തുന്നുണ്ട്. ഇസ്രയേല്‍ജനതയുടെമേല്‍ ശാപത്തിന്റെ വാക്കുകള്‍ ഉച്ചരിക്കണമെന്ന് ബാലാമിനെ ബലമായി നിര്‍ബന്ധിക്കുന്ന ബാലാക്കിന്റെ ഇടപെടലിനെ അതിലംഘിച്ചാണ് ബാലാം അനുഗ്രഹത്തിന്റെ നാലു പ്രവചനങ്ങള്‍ നടത്തുന്നത് (സംഖ്യ 23:1-24:25). നാലു പ്രവചനങ്ങളിലെ അവസാനത്തെ പ്രവചനമാണ് ഇന്നത്തെ വചനവായനയില്‍ നാം ശ്രവിച്ചത് (24:14-25).
ഭാവിയില്‍ ഇസ്രയേല്‍ജനത്തിന്റെ ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന പ്രവചനമാണിത്. യഥാര്‍ഥത്തില്‍ ഇസ്രയേലിനു മഹത്ത്വപൂര്‍ണമായ ഭാവി ഉണ്ടാകുമെന്നും ജനതകളുടെമേല്‍ അവര്‍ വിജയം വരിക്കുമെന്നും ബാലാം പ്രവചിക്കുന്നു. ശപിക്കണമെന്ന ബാലാക്കിന്റെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാതെ ബാലാം അനുഗ്രഹിക്കുകയാണ്. 'ബാലാം'(Balaam) എന്ന വാക്കിന്റെ അര്‍ഥം 'ജനത്തെ വിഴുങ്ങുന്നവന്‍'(swallowing up people, destroyer of people) എന്നാണ്. തന്റെ ശാപവചസ്സുകളാല്‍ ഏവരെയും തകര്‍ക്കാന്‍ അവനു കഴിയുമെന്ന് ആ പേരു സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്നു നാം വായിച്ചുകേട്ട വചനഭാഗത്ത് ബാലാം അനുഗ്രഹത്തിന്റെ വചസ്സുകള്‍ മൊഴിയുന്നവനായി മാറുകയാണ്. ബാലാം പറയുന്നത് ഇപ്രകാരമാണ്: ''ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു'' (24:16).
'നക്ഷത്രം' എന്നര്‍ഥം വരുന്ന ഹെബ്രായഭാഷയിലെ 'കോക്കബ്' (kokab) 'ചെങ്കോല്‍' (scepter) എന്നര്‍ഥം വരുന്ന 'ഷെബെത്' (shebet) എന്നീ പദങ്ങള്‍ ഇസ്രയേലിനെ ഭരിക്കാന്‍ പോകുന്ന രാജാവിനെയാണു സൂചിപ്പിക്കുന്നത്. 'മൊവാബിന്റെ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്റെ പുത്രന്മാരെ സംഹരിക്കുകയും ചെയ്യും' എന്ന വാക്കുകള്‍ മൊവാബരുടെയും ഏദോമ്യരുടെയുംമേല്‍ ഇസ്രയേല്‍ വരിക്കുന്ന വിജയത്തെക്കുറിച്ചാണു പരാമര്‍ശിക്കുന്നത്.
തിന്മയുടെ സകല ശക്തികളുടെയുംമേല്‍ വിജയം വരിക്കുമെന്നും ലോകജനതകളെ മുഴുവന്‍ മിശിഹായിലേക്കു നയിക്കുമെന്നും മിശിഹായില്‍ എല്ലാം പൂര്‍ത്തിയാകുമെന്നുമുള്ള ഒരു പ്രവചനമായിട്ടാണ് സഭാപിതാക്കന്മാര്‍ ബാലാമിന്റെ ഈ പ്രവചനത്തെ വ്യഖ്യാനിക്കുന്നത്.
സഖറിയ 14:1-9: ദര്‍ശകനായ സഖറിയ ദൈവത്തില്‍നിന്ന് അദ്ദേഹത്തിനു ലഭിച്ച ദര്‍ശനങ്ങള്‍ എല്ലാവരോടും പങ്കുവച്ചു. 'സഖറിയ' എന്ന വാക്കിന്റെ അര്‍ഥം 'യഹോവ ഓര്‍മിക്കുന്നു' എന്നാണ്. ദൈവം തിരഞ്ഞെടുത്തയച്ച അവിടുത്തെ വക്താവായിരുന്നു സഖറിയ. ബാബിലോണ്‍ അടിമത്തത്തില്‍നിന്നു തിരിച്ചുവരുന്നവര്‍ക്കു നല്‍കുന്ന ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വചസ്സുകളാണ് ഈ ഗ്രന്ഥത്തിലുള്ളത്. വരാനിരിക്കുന്ന മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷകളും ഇവിടെ നാം കണ്ടുമുട്ടുന്നു.
യഹോവയുടെ ദിനത്തെക്കുറിച്ച് വെളിപാടുശൈലിയിലാണ് (apocalyptic style) സഖറിയ സംസാരിക്കുന്നത്. 14:1-5 ല്‍ ജറുസലെം വീണ്ടെടുക്കുന്നതിനുവേണ്ടി യഹോവ നടത്തുന്ന യുദ്ധത്തെക്കുറിച്ചും 14:6-11 ല്‍ പുതിയ ജറുസലെമിനെക്കുറിച്ചും പ്രവാചകന്‍ വെളിപ്പെടുത്തുന്നു. സകല ജനതകളും ഇസ്രയേലിനെതിരായി നിലകൊള്ളും. അവര്‍ ജറുസലെം നഗരം പിടിച്ചെടുക്കും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ജനത്തെ പ്രവാസത്തിലേക്കു കൊണ്ടുപോവുകയും ചെയ്യും. എന്നാല്‍, ഒലിവുമലയില്‍ നിലയുറപ്പിക്കുന്ന യഹോവ എല്ലാ പരിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും (14:1-5).
യഹോവയുടെ ദിനത്തിന്റെ പ്രത്യേകതകളാണ് തുടര്‍ന്നുവരുന്ന ഭാഗത്ത് വ്യക്തമാക്കുന്നത് (14:6-7). കര്‍ത്താവിന്റെ ദിനത്തില്‍ കാലാവസ്ഥയില്‍ വരുന്ന മാറ്റത്തെക്കുറിച്ചാണ് വെളിപാടുശൈലിയില്‍ അവതരിപ്പിക്കുന്നത്: ''അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല. അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമില്ല; പകല്‍ മാത്രം...'' പാപത്തിനുമുമ്പ് ഉണ്ടായിരുന്ന പ്രകാശത്തിന്റെ ലോകത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടെന്നതിന്റെ സൂചനയാണിത്.
'ജറുസലെമില്‍നിന്നു പുറപ്പെടുന്ന ജീവജലം' (14:8) പ്രത്യാശയുടെ അടയാളമാണ്. വരള്‍ച്ചയുടെ ജീവിതങ്ങളിലേക്കു കര്‍ത്താവു വരുമെന്ന ദര്‍ശനമാണിത്. 'കര്‍ത്താവ് ഭൂമി മുഴുവന്റെയും രാജാവാകും' (14:9) എന്ന വചനം ദൈവമായ കര്‍ത്താവ് ലോകത്തിന്റെ മുഴുവന്‍ രാജാവാകും എന്ന പ്രത്യാശയുടെ സന്ദേശമാണു നല്‍കുന്നത്. ലോകം മുഴുവന്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്ന, അവിടുത്തെ ഏറ്റുപറയുന്ന 'കര്‍ത്താവിന്റെ ദിനം' ആണത്.
1 കോറിന്തോസ് 7:29-35: കോറിന്തോസിലെ സഭാംഗങ്ങള്‍ക്കു വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് ധാരാളം സംശയങ്ങളുണ്ടായിരുന്നു. അതില്‍ കുറെയൊക്കെ ദൂതന്മാര്‍വഴി പൗലോസിനെ അറിയിച്ചു; വേറേ ചിലത് കത്തു മുഖാന്തരം പൗലോസിനോടു ചോദിച്ചു. പ്രായോഗികജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ചാണ് അവര്‍ പൗലോസിനെഴുതിയത്. അതുകൊണ്ടാണ് പൗലോസ് ആരംഭത്തില്‍ത്തന്നെ പറയുന്നത്: ''ഇനി നിങ്ങള്‍ എഴുതിച്ചോദിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം'' (7:1). കര്‍ത്താവിന്റെ രണ്ടാംവരവ് (പറൂസിയ) ഉടന്‍ ഉണ്ടാകുമെന്ന ചിന്തയിലാണ് പൗലോസ് ഇവിടെ മറുപടി നല്‍കുന്നത്. പൗലോസ് തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില അഭിപ്രായങ്ങള്‍ പറയുകയാണിവിടെ.
കര്‍ത്താവിന്റെ വരവ് ഉടന്‍തന്നെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ സാധിക്കുന്നവരെല്ലാം 'കര്‍ത്താവിനുവേണ്ടി ഒരുങ്ങിയിരിക്കാന്‍' പൗലോസ് അഭ്യര്‍ഥിക്കുകയാണ്. വിവാഹവാഗ്ദാനം നടത്തിയിരിക്കുന്നവരും, സാമൂഹികാചാരപ്രകാരം വിവാഹം ചെയ്തിരിക്കുന്നവരും 'ബ്രഹ്‌മചര്യ'ജീവിതത്തിലേക്കു കടന്നുവരാന്‍ പൗലോസ് ആഹ്വാനം ചെയ്യുകയാണിവിടെ. പൗലോസിന്റെ മനസ്സില്‍ മുഴുവന്‍ യുഗാന്ത്യചിന്തയാണ്. സമയം പരിമിതമായിരിക്കുന്നതിനാല്‍ നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ത്തന്നെ തുടരാനാണ് പൗലോസ് അഭ്യര്‍ഥിക്കുന്നത്.
അവിവാഹിതജീവിതത്തിന്റെ മേന്മ 'കര്‍ത്താവിന്റെ വരവിന്റെ പശ്ചാത്തലത്തില്‍' പൗലോസ് അവതരിപ്പിക്കുന്നുണ്ട്. അവിവാഹിതന്റെ താത്പര്യവും ചിന്തയും കര്‍ത്താവിനെ എങ്ങനെ പ്രീതിപ്പെടുത്താമെന്നാണ്. അവന്റെ ചിന്തയില്‍ ഭൗതികലോകമില്ല; ആത്മീയതലമേയുള്ളൂ. എന്നാല്‍, വിവാഹിതരായിരിക്കുന്നവര്‍ തങ്ങളുടെ പങ്കാളിയെ എങ്ങനെ പ്രീതിപ്പെടുത്താന്‍ പറ്റുമെന്നു ചിന്തിച്ച് വ്യഗ്രചിത്തരും ഉത്കണ്ഠാകുലരുമാണ്. അക്കാരണത്താല്‍ 'കര്‍ത്താവിന്റെ വരവ്' ഉടന്‍തന്നെ സംഭവിക്കാന്‍ സാധ്യയുള്ളതിനാല്‍ 'ലൗകിക'തയില്‍നിന്നു മാറി 'ദൈവികത'യിലേക്കു കടന്നുവരണമെന്ന് പൗലോസ് ഓര്‍മിപ്പിക്കുന്നു.
മത്തായി 24:32-44: മത്തായിസുവിശേഷം 24:1-25:46 ല്‍ ഈശോ നടത്തുന്ന യുഗാന്ത്യോന്മുഖപ്രഭാഷണമാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ജറുസലെം ദൈവാലയത്തിന്റെ നാശത്തെക്കുറിച്ചും (24:1-2) വ്യാജപ്രബോധകരുടെ കടന്നുവരവിനെക്കുറിച്ചും മനുഷ്യപുത്രന്റെ ആഗമനത്തെക്കുറിച്ചും ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തെക്കുറിച്ചും, ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ചും, ദൈവരാജ്യത്തിന്റെ സ്വഭാവമെന്തെന്നുമൊക്കെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷവായനയില്‍ അത്തിമരത്തിന്റെ ഉപമയിലൂടെ (24:32-36) ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചും ആ സമയത്ത് എല്ലാവരും നടത്തേണ്ട ഒരുക്കത്തെക്കുറിച്ചും (24:37-44) സുവിശേഷകന്‍ വ്യക്തമാക്കുന്നു.
ഗ്രാമീണമായ ഒരു ചിത്രത്തിലൂടെ യുഗാന്ത്യദര്‍ശനം അവതരിപ്പിക്കുന്നു. പാലസ്തീനായിലെ ജനങ്ങള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു മനസ്സിലാക്കുന്നത് അത്തിമരത്തിന്റെ ശിഖരങ്ങള്‍ ഇളതാവുകയും ധാരാളം ഇലകള്‍ തളിര്‍ക്കുകയും ചെയ്യുമ്പോഴാണ്. ഇപ്രകാരംതന്നെ പ്രപഞ്ചത്തിലെ ചില അടയാളങ്ങള്‍ കാണുമ്പോള്‍ 'കര്‍ത്താവിന്റെ വരവിന്' (parousia) സമയമായി എന്ന് എല്ലാവരും ഗ്രഹിക്കണം. "He is near at the gates'' (24:33) എന്ന പ്രയോഗം ഈശോയുടെ രണ്ടാംവരവിനെ ഉദ്ദേശിച്ചുള്ളതാണ്. ഈ സത്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്.
'കര്‍ത്താവിന്റെ ദിനം' എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം (24:42). "keep awake' എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ ഒരു '"imperative' പ്രയോഗം ഇവിടെയുണ്ട്: 'ഗ്രെഗോറെയ്‌ത്തെ' (vigilance) കര്‍ത്താവിന്റെ ദിനം വരുമ്പോള്‍ എല്ലാവരും പുലര്‍ത്തേണ്ട 'ജാഗരൂകത' (്ശഴശഹമിരല) യാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മനുഷ്യപുത്രന്റെ ആഗമനം അപ്രതീക്ഷിതമായതിനാല്‍ 'ഒരുക്കം' ആവശ്യമാണ്.