2020 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ലൂയിസ് ഗ്ലിക്കിന്റെ ''A Myth of Devotion'' എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം:
തന്റെ പ്രണയമാക്കാനുറച്ചനാള്‍
ഹെയ്ഡിസ് അവള്‍ക്കായൊരു ഭൂമി ചമച്ചു...
വെളിച്ചത്തില്‍നിന്നു കനത്ത ഇരുട്ടിലേക്ക്
ആകസ്മികമായി പറിച്ചെറിയപ്പെട്ടൊരു പെണ്‍കൊടിക്ക്
സഹനീയമായൊരു ലോകമാകാന്‍ സകലതും-
പുല്‍മേടും സൂര്യതാപവും വീണ്ടെടുത്തു അയാള്‍.
ഭൂമിയുടെ നേര്‍പകര്‍പ്പെങ്കിലും അവിടെ
പ്രണയമുണ്ടായിരുന്നു...
പിന്നെ... അവള്‍ക്കായ് ഒരു ശയ്യയും.
''ആരാണ് പ്രണയം കൊതിക്കാത്തത്?''
പതിയെ, അവന്‍ ആ ലോകത്തെ അവള്‍ക്കു പരിചയപ്പെടുത്തും...
മര്‍മ്മരമുതിര്‍ക്കുന്ന ഇലകളായ് - ആദ്യം ഇരുട്ടിനെ...
പിന്നെ ചന്ദ്രനും നക്ഷത്രങ്ങളും...
പിന്നീടൊരിക്കല്‍ ചന്ദ്രനില്ലായ്മയും നക്ഷത്രശൂന്യതയും...
പതിയെ, പേര്‍സിഫോണി, അവള്‍ക്കിവിടം പരിചിതമാകും...
പതിയെ പതിയെ അവളുമീ ശൂന്യതയില്‍ അഭിരമിക്കും.
താഴ്‌വാരത്തെ പെണ്ണിനെ കിനാവുകണ്ട്
അവള്‍ക്കായ് സ്വപ്നഭൂമിക തീര്‍ത്ത്
കാലങ്ങളോളം കാത്തിരിക്കവേ അവന്‍ അറിഞ്ഞു:
പേര്‍സിഫോണി! അവള്‍ ഗന്ധം ആസ്വദിക്കാറുണ്ടെന്ന്,
രുചികള്‍ ആഘോഷിക്കാറുണ്ടെന്ന്...
കൊതിക്കാറില്ലേ, ഇരുണ്ട രാത്രികളില്‍
ദിശ നിയന്ത്രിക്കുന്ന, ധ്രുവനക്ഷത്രമാകുന്നോരു ശരീരത്തെ...
ഞാന്‍ ജീവിക്കുന്നു, അതിനാല്‍ നീയും
എന്നോര്‍മ്മിപ്പിക്കുന്നോ നിശ്വാസത്തെ...
എന്നോടു ചേര്‍ന്നിരുന്ന് ഇനിമേല്‍ നീ എന്നെ കേള്‍ക്കും...
ഒരേ ദിശയില്‍ ഇനിമേല്‍ നാം...
അവള്‍ക്കായ് തീര്‍ത്തൊരാ സൗധത്തെ നോക്കി
സ്വപ്നാടങ്ങളില്‍ അഭിരമിക്കുമ്പോഴും
ഒരു വേള ഓര്‍ത്തിരുന്നില്ല അയാള്‍,
ഇരുട്ടിന്റെ തമ്പുരാന്‍
ഇവിടെ... ഇനിമേല്‍
അത്താഴമേശകള്‍ ഒരുക്കപ്പെടില്ലെന്ന്...
തെറ്റ്, ഭയം, പേടി...
ചിന്തിക്കാന്‍ ധൈര്യപ്പെടാഞ്ഞ്
ഏതൊരു പ്രണയിതാവിനെയും പോല്‍
അയാളും അവഗണിച്ചിട്ടുണ്ടാവും...
അവള്‍ക്കായ് തീര്‍ത്തൊരു ലോകത്തിനായ്
വിളിപ്പേരന്വേഷിക്കുകയാണ്...
നവ നരകമെന്നോ? അഭിനവ പറുദീസയെന്നോ?
പേര്‍സിഫോണിയുടെ ബാല്യകൗമാരങ്ങളെന്ന് ഒടുക്കം നിശ്ചയം...
തരളിത വെളിച്ചമായ് അവളെ നെഞ്ചോടടുക്കുമ്പോള്‍
അയാളുടെ ചുണ്ടുകള്‍ വിറകൊണ്ടു:
''പ്രിയേ, ഞാന്‍ നിന്നെ പ്രണയിക്കുന്നു,
ഇനിമേല്‍ ഒന്നിനും നിന്നെ മുറിപ്പെടുത്താനാവില്ല...''
കള്ളം... ജീവനുള്ളോരു ശബ്ദം ഇനിമേല്‍ വീഴാനിടയില്ലാത്ത
ആ കാതുകളോട് അയാള്‍ മന്ത്രിച്ചു:
''പ്രിയേ, നീ മരണപ്പെട്ടു... ഇനിമേല്‍ നിനക്കു മുറിവേല്‍ക്കില്ല.''
നേരിതാണ്, കാമ്യവും.