ദിനപത്രത്തിന്റെ ആദ്യപേജില്‍ നാലിലൊന്നുഭാഗത്തു നിറഞ്ഞുനില്‍ക്കുന്ന ചരമപ്പരസ്യത്തിലെ സുപരിചിതമായ മുഖമാണ് ഔതച്ചന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്.
''എടിയേ...!'' ഔതച്ചന്‍ ഉച്ചത്തില്‍ വിളിച്ചു. ഭാര്യ മറിയക്കുട്ടി പൂമുഖത്തേക്കു ധൃതിയില്‍ എത്തി. ഔതച്ചന്‍ പത്രത്തിന്റെ ഫ്രണ്ട്‌പേജ് ഭാര്യയ്ക്കു കാണത്തക്കവിധം ഉയര്‍ത്തിപ്പിടിച്ചു.
''ഇതു നമ്മടെ അന്നാമ്മച്ചേടത്തിയല്ലേ?'' ചെറിയ നിലവിളിപോലെ മറിയക്കുട്ടിയുടെ ശബ്ദം.
ഔതച്ചന്‍ കണ്ണടയൊന്നമര്‍ത്തി സ്വരമുയര്‍ത്തി വായിച്ചു:
''ഞാറയ്ക്കല്‍ പരേതനായ ചാണ്ടി ദേവസ്യയുടെ ഭാര്യ അന്നമ്മ ചാണ്ടി, എണ്‍പത്തിനാലു വയസ്സ് നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതും...''
''നമുക്കു പോണ്ടേ മരിച്ചടക്കിന്?''
വായനയ്ക്കു ഭംഗം വരുത്തി മറിയക്കുട്ടി ഇടയ്ക്കുകയറി.
''എടീ മക്കടേം മരുമക്കടേം കൊച്ചുമക്കടേം പേരുണ്ട്.''
''അതുകൊണ്ടെന്താ. പെണ്‍മക്കളു മൂന്നെണ്ണത്തിനേം നമ്മളു ചുമന്നോണ്ടു നടന്നതല്ലേ. ഒരു കുടുംബംപോലെ ഇവിടെ കഴിഞ്ഞുകൂടിയതൊക്കെ മറക്കാന്‍ പറ്റ്വോ. നിങ്ങളടക്കിനു പോവുന്ന കാര്യം പറ മനുഷ്യാ.''
ഔതച്ചന്‍ പത്രം മടക്കി എഴുന്നേറ്റു. ''എടീ, മക്കള് വണ്ടിയൊരെണ്ണം വാങ്ങിച്ചുതന്നിരിക്കുന്നത് ഇത്തരം കാര്യങ്ങള്‍ക്കുപകരിക്കാനാ. നാലഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. അത്രടം എത്താന്‍. ഞാനാ ഡ്രൈവറ് സോമനെയൊന്നു കിട്ടുമോന്നു നോക്കട്ടെ. നീയൊരുങ്ങിക്കോ.''
മറിയക്കുട്ടിയുടെ മുഖം തെളിഞ്ഞു. അവര്‍ വീടിനകത്തേക്കു തിരിഞ്ഞു. ഔതച്ചന്‍ ടീപ്പോയിലിരുന്ന മൊബൈലുമെടുത്ത് മുറ്റത്തേക്കിറങ്ങി.
നഗരത്തിന്റെ തിരക്കില്‍നിന്നൊഴിഞ്ഞ്, നാലുവരിപ്പാതയില്‍നിന്നു വിളിപ്പാടകലെ പ്രൗഢിയില്‍ പടുത്തുയര്‍ത്തിയ ഇരുനിലവീട്.
ഞാറയ്ക്കല്‍ ഭവനം.
നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര.
വിശാലമായ വീട്ടുമുറ്റം നിറഞ്ഞുനില്‍ക്കുന്ന പന്തലില്‍ നിറയെ ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിനു നടുവില്‍ വെള്ള വിരിച്ച മേശമേല്‍, തിളങ്ങുന്ന ശവപ്പെട്ടിക്കുള്ളില്‍, കുരിശുപിടിച്ച് കൈകൂപ്പി അന്നമ്മ ചാണ്ടി അന്ത്യയാത്രയ്ക്കായി ഒരുങ്ങിക്കിടക്കുന്ന കാഴ്ച, നിര്‍ന്നിമേഷരായി ഔതച്ചനും മറിയക്കുട്ടിയും ഏതാനും നിമിഷങ്ങള്‍ നോക്കിനിന്നു.
പ്രാര്‍ഥനാമന്ത്രങ്ങളും ചരമഗീതങ്ങളും അന്തരീക്ഷം ശബ്ദമുഖരിതമാക്കി. എരിഞ്ഞടങ്ങുന്ന സാമ്പ്രാണിത്തിരിയുടെ ഗന്ധം!
മേശയ്ക്കുചുറ്റും റീത്തുകളുകളുടെ കൂമ്പാരം.
ഒന്നിലധികം വീഡിയോ ക്യാമറകള്‍ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കുന്നു.
ആള്‍ക്കൂട്ടത്തിനു നടുവില്‍ അപരിചിതരെപ്പോലെ ഔതച്ചനും മറിയക്കുട്ടിയും നിന്നു. അന്നമ്മച്ചേടത്തിയുടേതല്ലാതെ പരിചിതമായ ഒരു മുഖവും അവരവിടെ കണ്ടില്ല.
വെള്ള ഖദര്‍ജൂബ്ബയും മുണ്ടും ധരിച്ച ഒരു മധ്യവയസ്‌കനും അയാളുടെ ഭാര്യയെന്നു തോന്നിക്കുന്ന, നാല്പതുപിന്നിട്ട, ആകര്‍ഷകമായി സാരിയുടുത്ത സുമുഖയായ സ്ത്രീയുമാണ് ഓടിനടന്ന് എല്ലാക്കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.
കൃത്യസമയത്തുതന്നെ കത്തീഡ്രല്‍പള്ളി വികാരിയച്ചനെത്തി മൃതസംസ്‌കാരച്ചടങ്ങുകളാരംഭിച്ചു. ചരമപ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞു: ''അന്നമ്മ ച്ചേടത്തിയുടെ മൂന്നുമക്കളും അവരുടെ കുടുംബവും മൂന്നു വിദേശരാജ്യങ്ങളിലിരുന്ന്, ഇന്നിവിടെ നടക്കുന്ന ചരമശുശ്രൂഷകളില്‍ ലൈവായി ഭാഗഭാക്കാവുന്നുണ്ട്.''
ഔതച്ചനും മറിയക്കുട്ടിയും ദീര്‍ഘനിശ്വാസം പൊഴിച്ചു.
ഭവനത്തിലെ ചടങ്ങുകള്‍ക്കുശേഷം മൃതദേഹവും വഹിച്ചുകൊണ്ട് ആംബുലന്‍സ് ദൈവാലയത്തിലേക്കു യാത്രയായി. നിരവധി വാഹനങ്ങള്‍ അനുഗമിച്ചു. പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം സെമിത്തേരിയിലെ ചാപ്പലില്‍ അന്നമ്മച്ചേടത്തിയെ കൊണ്ടുപോയി കിടത്തി. അവിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ ആളുകളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. അനന്തരം വികാരനിര്‍ഭരമായ അന്ത്യചുംബനകര്‍മം.
സ്ത്രീകള്‍ പലരും കണ്ണീര്‍വാര്‍ത്തു കരഞ്ഞു. ശോകം തളംകെട്ടിയ മുഖഭാവത്തോടെ പുരുഷന്മാരും ചുംബനകര്‍മത്തില്‍ പങ്കാളികളായി. എല്ലാ ചടങ്ങുകള്‍ക്കുംശേഷം അന്നമ്മച്ചേടത്തിയുടെ ചേതനയറ്റ ശരീരം കുടുംബക്കല്ലറയില്‍ അടക്കം ചെയ്തു.
ആകാശത്ത് മഴമേഘങ്ങള്‍ ഇരുണ്ടുകൂടിത്തുടങ്ങിയിരുന്നു.
ജനക്കൂട്ടം സെമിത്തേരി വിട്ടിറങ്ങി. പള്ളിമൈതാനത്തുനിന്നു വാഹനങ്ങള്‍ നിരനിരയായി പുറത്തേക്കൊഴുകി.
വിശാലമായ മൈതാനിയില്‍ പാര്‍ക്കു ചെയ്തിരുന്ന സ്വിഫ്റ്റ് കാറിന്റെ ബോണറ്റില്‍ ചാരി ഡ്രൈവര്‍ സോമന്‍ കാഴ്ചകള്‍ കണ്ടു നില്‍ക്കുകയാണ്.
ഖദര്‍ധാരിയായ മധ്യവയസ്‌കന്‍ ചരല്‍ വിരിച്ച പള്ളിമുറ്റത്തൂടെ വെരുകിനെപ്പോലെ നടന്ന്, മൊബൈലില്‍ ആരോടോ കലഹിക്കുംപോലെ ഉച്ചത്തില്‍ സംസാരിക്കുകയാണ്.
അയാളുടെ ഭാര്യയെന്നു തോന്നിച്ച സ്ത്രീ പള്ളിയുടെ പിന്നാമ്പുറത്തെ ഞാവല്‍മരത്തിന്റെ ചുവട്ടില്‍, കൈകള്‍ മാറത്തു പിണച്ചുകെട്ടി മധ്യവയസ്‌കന്റെ ചലനങ്ങള്‍ സാകൂതം ശ്രദ്ധിച്ചെന്നപോലെ സഗൗരവം നിലകൊള്ളുന്നു.
ഔതച്ചനും മറിയക്കുട്ടിയും ആ സ്ത്രീക്കരികിലേക്കു ചെന്നു.
''ഞങ്ങള്‍ ഇടുക്കിജില്ലയിലെ ഏലപ്പാറയില്‍നിന്നു വന്നവരാ. കൊറേ വര്‍ഷങ്ങള്‍ക്കുമുമ്പ് അന്നമ്മച്ചേടത്തീം ഞങ്ങളുമൊക്കെ അയല്‍വാസികളും ഒരു കുടുംബംപോലെ കഴിഞ്ഞവരുമാ.''
മറിയക്കുട്ടിയാണു പറഞ്ഞത്.
ഗൗരവത്തില്‍ നിന്ന സ്ത്രീയുടെ മുഖത്ത് നേര്‍ത്തൊരു പുഞ്ചിരി വിരിഞ്ഞു. അവര്‍ മറിയക്കുട്ടിയുടെ കരംഗ്രഹിച്ച് ആരാഞ്ഞു: ''എന്നതാ പേര്?''
''എന്റെ പേര് മറിയക്കുട്ടി. ഇതെന്റെ കെട്ട്യോന്‍ ഔതച്ചന്‍. ഞങ്ങള് കൃഷിക്കാരാ.''
''എന്റെ പേര് സ്റ്റെല്ല.''
അവര്‍ ദന്തനിര പ്രകടമാക്കി ചിരിച്ചു.
''അന്നമ്മച്ചേടത്തീടെ...?''
''സ്വന്തോം ബന്ധോം ഒന്നുമില്ല. ഞങ്ങള്‍ 'സായാഹ്നം' എന്ന സ്ഥാപനം നടത്തുന്നവരാ.''
''സായാഹ്നമോ?''
''അതേ. മക്കള്‍ വിദേശത്തുള്ളവരുടെ മാതാപിതാക്കളെ സ്വന്തം നാട്ടില്‍, അവരുടെ വീട്ടില്‍ ആവശ്യമായ എല്ലാ സംരക്ഷണവും പരിചരണവും കൊടുത്ത് പരിപാലിച്ച് കണ്ടില്ലേ, ഇന്നിവിടെ നടന്ന രാജകീയയാത്രയയപ്പ്. അതുവരെ ഞങ്ങളുടെ സേവനത്തില്‍പ്പെടും.''
മറിയക്കുട്ടിയും ഔതച്ചനും കണ്ണുംമിഴിച്ച് സ്റ്റെല്ലായെ നോക്കി.
സ്റ്റെല്ല പിന്നെയും ദന്തനിര പ്രകടമാക്കി: ''ശരിക്കങ്ങ് പിടികിട്ടിയില്ലല്ലേ...? ഇന്നിവിടെ നടന്ന ഈ ശവസംസ്‌കാരകര്‍മത്തിലെ ഒറിജിനല്‍ കഥാപാത്രങ്ങള്‍ അന്നമ്മച്ചേടത്തിയും, ഈ പള്ളിയിലെ വികാരിയച്ചനും പിന്നെ കപ്യാരും മാത്രമാ. ബാക്കി ആള്‍ക്കൂട്ടമൊക്കെ ഞങ്ങളുടെ സായാഹ്നം സൃഷ്ടിച്ചതാ.''
''അപ്പോ, അന്ത്യചുംബനം നല്കിയ ബന്ധുക്കളും, കരഞ്ഞവരും കണ്ണീര്‍ പൊഴിച്ചവരുമൊക്കെയോ?''
''പറഞ്ഞില്ലേ, അതൊക്കെ ഞങ്ങടെ കഥാപാത്രങ്ങളാ.''
''എന്റൊടേതമ്പുരാനേ...!'' മറിയക്കുട്ടി താടിക്കു കൈത്താങ്ങുകൊടുത്ത് ചെറിയ ശബ്ദത്തില്‍ നിലവിളിച്ചു.
ഔതച്ചന്‍ പ്രതിമ കണക്കേ നില്‍ക്കുകയാണ്.
ആട്ടെ, നിങ്ങളുടെ മക്കളൊക്കെ...?
സ്റ്റെല്ലാ തിരക്കി.
''ഒരു മോനും മോളുമാ. രണ്ടുപേരും കുടുംബത്തോടെ വിദേശത്താ. മോനയര്‍ലണ്ടിലും, മോളോസ്ട്രിയയിലും.''
മറിയക്കുട്ടി പറഞ്ഞു.
''ഓഹോ! എന്നാ നിങ്ങള്‍ക്കും തീര്‍ച്ചയായും ഞങ്ങളുടെ സേവനം ആവശ്യമായി വരും.''
സ്റ്റെല്ല ചിരിയോടെ പറഞ്ഞുകൊണ്ട് ധൃതിയില്‍ തന്റെ കൈയിലിരുന്ന പേഴ്‌സ് തുറന്ന് ഒരു കാര്‍ഡെടുത്ത് മറിയക്കുട്ടിക്കു നീട്ടി. മറിയക്കുട്ടി യാന്ത്രികമായി ആ കാര്‍ഡ് വാങ്ങി.
എന്താവശ്യമുണ്ടെങ്കിലും വിളിച്ചാ മതി.
ഈ സമയം ഖദര്‍ധാരിയായ മധ്യവയസ്‌കന്‍ ഫോണ്‍സംഭാഷണമവസാനിപ്പിച്ച്, കലിതുള്ളിയെന്നപോലെ അവര്‍ക്കരികിലെത്തി: ''വിദേശത്തുള്ളവളുമാര്‍ക്ക് ചെലവിന്റെ കണക്കത്ര ബോധിച്ചില്ല. അമ്പതുലക്ഷം അത്രവലിയ സംഖ്യയാണോ?''
ഇരുണ്ടുവന്ന അന്തരീഷത്തില്‍ പൊടുന്നനെയൊരു മിന്നല്‍പ്പിണര്‍...! തടിനിര്‍മിതമായ വലിയ പത്തായം തുറക്കുന്ന ശബ്ദപ്രകടനത്തോടെ അന്തരീക്ഷം പ്രകമ്പനം കൊണ്ടു. ചരല്‍ വാരിയെറിഞ്ഞ ശബ്ദത്തോടെ മഴത്തുള്ളികള്‍ മുറ്റത്തേക്കു വീണുടഞ്ഞുകൊണ്ടിരുന്നു. സ്റ്റെല്ലായും മധ്യവയസ്‌കനും പള്ളിമേടയിലേക്ക് ഓടി.
സോമന്‍ സ്വിഫ്റ്റുമായി മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാവല്‍മരത്തിനരികിലേക്കു വരുന്നുണ്ടായിരുന്നു.