കേരളത്തെ സമ്പൂര്‍ണമാലിന്യമുക്തസംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ ആറുമാസത്തെ തീവ്രജനകീയപ്രചാരണയജ്ഞത്തിനു തുടക്കംകുറിക്കുകയാണ്. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിനാരംഭിച്ച് അന്താരാഷ്ട്രമാലിന്യമുക്തദിനമായ അടുത്ത മാര്‍ച്ച് 30 വരെ നീളുന്നതാണ് മാലിന്യത്തിനെതിരായ ഈ പോരാട്ടം. മാര്‍ച്ച് 30 ന് സംസ്ഥാനത്തെ സമ്പൂര്‍ണശുചിത്വകേരളമായി പ്രഖ്യാപിക്കും. മാലിന്യമുക്തനവകേരളപ്രചാരണപരിപാടികള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പൊതുജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ അഭ്യര്‍ഥിച്ചു. കേരളത്തിന്റെ ഈ പൊതുപ്രശ്‌നം പരിഹരിക്കുന്നതിനു സര്‍വപിന്തുണയുമുണ്ടാകുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉറപ്പുനല്കി.
കൊച്ചിബ്രഹ്‌മപുരത്തെ മാലിന്യകേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയും, ഈയിടെ തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍തോട്ടില്‍ മാലിന്യം നീക്കാനിറങ്ങിയ തൊഴിലാളിയുടെ ദാരുണാന്ത്യവും കേരളത്തിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാലങ്ങളായി ശാപമോക്ഷമില്ലാതെ പെരുകുന്ന മാലിന്യക്കൂമ്പാരത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനു ജനങ്ങളുടെ മനോഭാവത്തിലാണ് കാതലായ മാറ്റമുണ്ടാവേണ്ടത്. ഒപ്പം, ത്രിതലപഞ്ചായത്തിലടക്കമുള്ള സര്‍ക്കാര്‍സംവിധാനങ്ങള്‍ സുസജ്ജമാവുകയും ജനങ്ങളുടെ കൂട്ടായ സഹകരണം ഉറപ്പാക്കുകയും വേണം.
ശുചിത്വമിഷന്റെ കണക്കുപ്രകാരം, കേരളത്തില്‍ ദിനംപ്രതി ഉണ്ടാകുന്നത് 10,090.11 ടണ്‍ മാലിന്യമാണ്. അതില്‍ 7408.28 ടണ്‍ ജൈവവും, 2681.83 ടണ്‍ അജൈവവുമാണ്. സംസ്ഥാനത്തു മാലിന്യത്തിന്റെ വളര്‍ച്ച 2022-23 ല്‍ 30,416 (ടണ്‍ കണക്കില്‍) ആയിരുന്നെങ്കില്‍ 2023-24 ല്‍ അത് 47,549 ആയി വര്‍ധിച്ചു. മാലിന്യമുക്തകേരളം യാഥാര്‍ഥ്യമാകാന്‍ മാസങ്ങള്‍മാത്രം അവശേഷിച്ചിരിക്കേ, ഒരു ദിവസം നിര്‍മാര്‍ജനം ചെയ്യുന്ന മാലിന്യം, സര്‍ക്കാര്‍ കണക്കനുസരിച്ച് 12005 ടണ്ണാണ്. ജനം അലക്ഷ്യമായി വലിച്ചെറിയുന്നതുള്‍പ്പെടെ കണക്കില്‍പ്പെടാത്തതുകൂടി ചേര്‍ത്താല്‍ 15,000 ടണ്ണെങ്കിലും വരും.
ആറുമാസത്തെ ജനകീയപ്രചാരണയജ്ഞത്തിന് ഉറച്ച നിലപാടുകളുമായി ഉണര്‍ന്നുപ്രവര്‍ത്തിക്കാനുള്ള സര്‍വകക്ഷിയോഗതീരുമാനങ്ങള്‍ ശുഭോദര്‍ക്കമാണ്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. അവ സംസ്ഥാനത്തേക്കു കടത്തുന്നില്ലെന്നുറപ്പാക്കാന്‍ അതിര്‍ത്തികളിലും ചെക്ക്‌പോസ്റ്റുകളിലും പരിശോധന നിര്‍ബന്ധമാക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, സംഭരിക്കുന്നവര്‍ എന്നിവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകും. പ്ലാസ്റ്റിക് പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്കരണം കാര്യക്ഷമമാക്കും. മാലിന്യം വലിെച്ചറിയുന്നവരെ കുടുക്കാന്‍ എ.ഐ. കാമറകള്‍ സ്ഥാപിക്കും. ജനപങ്കാളിത്തത്തോടെ വിജിലന്‍സ് സ്‌ക്വാഡിന്റെയും പൊലിസിന്റെയും പരിശോധന ശക്തമാക്കും. മാലിന്യത്തിന്റെ അളവു കുറയ്ക്കുന്നതിനും തരംതിരിക്കുന്നതിനും ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനും അജൈവപാഴ്‌വസ്തുക്കള്‍ ഹരിതകര്‍മസേനയ്ക്കു കൈമാറുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണു തീരുമാനം.
അതേസമയം, റോഡരികിലും ജലാശയങ്ങളിലും പുറംപോക്കിലുമൊക്കെ കാലങ്ങളായി അടിഞ്ഞുകൂടിയ ടണ്‍കണക്കിനു മാലിന്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാകുമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കാരണം, അത്രയേറെ വെല്ലുവിളികളും പോരായ്മകളും നിലനില്‍ക്കുന്ന സങ്കീര്‍ണമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മാലിന്യസംസ്‌കരണം പ്രധാന ഉത്തരവാദിത്വമായി ഒരു കാലത്തും തദ്ദേശസ്ഥാപനങ്ങള്‍ കാണാത്തത് പ്രധാന പോരായ്മയാണ്. ഹരിതകര്‍മസേനയുടെ വാതില്‍പ്പടിശേഖരണം കാര്യക്ഷമമായി പലയിടങ്ങളിലും നടക്കുന്നില്ല. സംഭരിക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കിട്ടാത്തതും, കിട്ടിയാല്‍ത്തന്നെ ജനങ്ങളുടെ പ്രാദേശിക എതിര്‍പ്പും കീറാമുട്ടിയാണ്. തരംതിരിച്ച മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ നഗരസഭാപരിധിക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളിലെങ്കിലും സ്ഥാപിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അലംഭാവം കാണിക്കുന്നതും വലിയ പോരായ്മയാണ്.
മാലിന്യനിര്‍മാര്‍ജനം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന ഉയര്‍ന്ന സാംസ്‌കാരികാവബോധത്തിലേക്കു വിദ്യാഭ്യാസം നമ്മെ കൈപിടിച്ചുയര്‍ത്തണം. വീടും പരിസരവും നാടും വൃത്തിയുള്ളതായിരിക്കണമെന്ന പൗരബോധത്തിലേക്കു നാമിനിയും വളരാനുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ വിദ്യാഭ്യാസത്തിന്റെ പരാജയംതന്നെയാണെന്നു സമ്മതിച്ചേ പറ്റൂ. വാസ്തവത്തില്‍, ഈയൊരു തിരിച്ചറിവാണ് മാലിന്യമുക്തകേരളസൃഷ്ടിയുടെ ആദ്യപടി. സ്വന്തം വീടുകളിലെ മാലിന്യങ്ങള്‍ റോഡുകളിലേക്കും തോടുകളിലേക്കും വലിച്ചെറിയുന്ന മലയാളിയുടെ മനോഭാവത്തിനു കാതലായ മാറ്റമുണ്ടാവണം. പൊതുനിരത്തില്‍ തുപ്പുന്നതും വിസര്‍ജിക്കുന്നതുമൊക്കെ കുറ്റകരവും സമൂഹദ്രോഹവുമായി കണക്കാക്കപ്പെടുന്ന കാഴ്ചപ്പാടുകള്‍ നമ്മുടെ പഠനപരിശീലനപ്രക്രിയയിലുണ്ടാകണം. ശുചിത്വത്തെക്കുറിച്ചു വീടുകളിലും വിദ്യാലയങ്ങളിലും ഉത്തവാദിത്വപ്പെട്ടവര്‍ പരിശീലനം കൊടുക്കുന്നില്ലെങ്കില്‍ നാം ആരെയാണു പഴിക്കേണ്ടത്? മഴക്കെടുതികളും പകര്‍ച്ചപ്പനികളുംകൊണ്ടു പൊറുതിമുട്ടുന്ന വര്‍ത്തമാനകാല കേരളീയാന്തരീക്ഷത്തില്‍ രോഗവിമുക്തമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാനധര്‍മമായി കണക്കാക്കാന്‍ വിദ്യാഭ്യാസം നമ്മെ പ്രേരിപ്പിക്കട്ടെ. പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടത്തിലെ ഒരു ബോര്‍ഡില്‍ കണ്ട വാചകം ഓര്‍മിപ്പിച്ചുകൊണ്ട് ഈ മുഖപ്രസംഗം ഉപസംഹരിക്കുന്നു: ''നിങ്ങള്‍ വലിച്ചെറിയുന്ന മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ വിദ്യാഭ്യാസംകൊണ്ട് എന്തു പ്രയോജനം?''