വിശപ്പാണ് ലോകം എന്നും നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നം. ഒരു വശത്തു സമ്പത്തു കുന്നുകൂടുകയും മറുവശത്ത് ദാരിദ്ര്യം പെരുമ്പറ മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കോടിക്കണക്കിനു മനുഷ്യര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്ന സാഹചര്യവും ലോകത്തുണ്ട്. ഇതേക്കുറിച്ച് ആശങ്കപ്പെടുന്ന—വരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുന്നതിലൂടെ ലോകത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ആശ്വാസമെത്തിച്ച ലോക ഭക്ഷ്യപരിപാടി-വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ലിയുഎഫ്പി) ആണ് ഇ ത്തവണ ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരിക്കുന്നത്.
എന്താണ് ഡബ്ലിയുഎഫ്പി?
1961 ലാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസനോവറായിരുന്നു ഇത്തരമൊരു പദ്ധതിക്കു ബീജാവാപം ചെയ്തത്. യുദ്ധംമൂലം കടുത്ത സാമ്പത്തികഞെരുക്കവും പട്ടിണിയും അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഈ പദ്ധതി ഐക്യരാഷ്ട്രസഭയിലൂടെ നടപ്പിലാക്കാനായിരുന്നു അമേരിക്കയുടെ നിര്‍ദേശം. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള പല സഹായപദ്ധതികള്‍ക്കും ഏറിയപങ്കും സാമ്പത്തിക പിന്തുണ ലഭിക്കുന്നത് അമേരിക്കന്‍ ഭരണകൂടത്തില്‍നിന്നാണ്. അടുത്തകാലത്ത് ഇത്തരം സഹായപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ട്രംപ് ഭരണകൂടം എടുത്ത ചില തീരുമാനങ്ങള്‍ ലോകസമൂഹത്തില്‍നിന്നും അമേരിക്കന്‍ജനതയില്‍നിന്നും കടുത്ത പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. പ്രധാനമായും അമേരിക്കയുടെ സാമ്പത്തികസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ലോക'ഭക്ഷ്യപരിപാടിയില്‍ എണ്‍പതിലേറെ രാജ്യങ്ങളിലെ പത്തുകോടി ജനങ്ങള്‍ക്ക് അന്നമെത്തിക്കാന്‍ കഴിയുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജീവകാരുണ്യപ്രസ്ഥാനമായ ഡബ്ലിയു. എഫ്.പി. റോം ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ദാരുണമായ സംഭവമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലോകചരിത്രത്തിലെതന്നെ ഏറ്റവും കലുഷിതമായ കാലഘട്ടം. യുദ്ധാനന്തരകാലത്ത് ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ ഗുരുതരമായ പട്ടിണിയും പരിവട്ടവും പടര്‍ന്നുപിടിച്ചു. ഇന്ന് സമ്പന്നതയുടെ മടിത്തട്ടെന്നു കരുതുന്ന യൂറോപ്പില്‍പ്പോലും ചപ്പുകൂനകള്‍ക്കിടയില്‍നിന്നു വിശപ്പടക്കാനുള്ള വക തേടുന്ന കുട്ടികളെ സൃഷ്ടിച്ച യുദ്ധത്തെക്കുറിച്ചു സഖ്യകക്ഷികളുടെ
സുപ്രീം കമാന്‍ഡറായിരുന്ന ജനറല്‍ ഡൈ്വറ്റ് ഡി. ഐസനോവര്‍തന്നെ വികാര'ഭരിതനായി സംസാരിച്ചിട്ടുï്. മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ ഹീനരായി മാറിയ നാളുകള്‍. യുദ്ധം തകര്‍ത്ത രാജ്യങ്ങളിലെ കുട്ടികളുടെ ദയനീയാവസ്ഥ ഐസനോവറെ ചിന്തിപ്പിച്ചു. ആയിരത്തിത്തൊള്ളായിരത്തി അറുപതില്‍ ഐസനോവര്‍ രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിശപ്പിനെതിരേയുള്ള പോരാട്ടത്തിനൊരു പദ്ധതി നടപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം ശക്തമായി വാദിച്ചു.
വിശപ്പിനെതിരേ ലോകസംഘടന
അമേരിക്കയുടെ മിച്ചഭക്ഷ്യധാന്യങ്ങള്‍ ലോകത്തിലെ പല ദരിദ്രരാജ്യങ്ങളിലേക്കും ഇതിനുമുമ്പുതന്നെ വിതരണം ചെയ്തുതുടങ്ങിയിരുന്നു. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ് എ ഒ) മാര്‍ഗനിര്‍ദേശത്തോടെ ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങളുപയോഗിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന അംഗരാജ്യങ്ങളിലെ ജനങ്ങള്‍ക്കു ഭക്ഷണം ല'്യമാക്കാനുള്ള സംവിധാനം സജ്ജമാക്കാന്‍ ഐസനോവര്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍, ഈ ആഹ്വാനം പ്രാവര്‍ത്തികമാകുന്നത് ജോണ്‍ എഫ്. കെന്നഡി അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്താണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജോര്‍ജ് മക്ഗവേണ്‍ ഇക്കാര്യത്തില്‍ കെന്നഡിക്കു സഹായിയായി. അങ്ങനെ വേള്‍ഡ് ഫുഡ് പ്രോഗ്രാം നിലവില്‍വന്നു.
ആദ്യവെല്ലുവിളി
ലോകഭക്ഷ്യപദ്ധതി നിലവില്‍വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംഘടന ആദ്യ വെല്ലുവിളി ഏറ്റെടുത്തു. 1962 സെപ്റ്റംബറില്‍ വടക്കന്‍ ഇറാനില്‍ ഉണ്ടായ അതിശക്തമായ ഭൂകമ്പമായിരുന്നു ഈ വെല്ലുവിളിക്കു വഴിയൊരുക്കിയത്. പന്ത്രണ്ടായിരം പേര്‍ക്കാണ് ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പതി നായിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. പട്ടിണി രാജ്യത്തെ ചൂഴ്ന്നു. ഭക്ഷ്യസംഘടനയുടെ കന്നി സഹായപാക്കേജായ 1,500 ടണ്‍ ഗോതമ്പ്, 270 ടണ്‍ പഞ്ചസാര, 27 ടണ്‍ ചായപ്പൊടി എന്നിവയുമായി സന്നദ്ധപ്രവര്‍ത്തകര്‍ അവിടേക്കു കുതിച്ചു. അതായിരുന്നു ഡബ്ലിയു എഫ് പിയുടെ ആദ്യസംരംഭം.
മൂന്നുവര്‍ഷത്തേക്കായിരുന്നു സംഘടനയുടെ ആദ്യ പ്രവര്‍ത്തനപദ്ധതി വിഭാവനം ചെയ്തിരുന്നത്. ഈ ചെറിയ കാലയളവിനുള്ളില്‍ത്തന്നെ ലോകത്തിന്റെ വിവിധ 'ഭാഗളില്‍ യുദ്ധവും പ്രകൃതിദുരന്തങ്ങളും ചവിട്ടിമെതിച്ച നിരവധി രാജ്യങ്ങളില്‍ സംഘടനയുടെ സഹായഹസ്തം ചെന്നെത്തി. തുടര്‍ന്ന് പ്രസ്ഥാനത്തെ സ്ഥിരം സംവിധാനമാക്കി മാറ്റി.
വിശപ്പിനെതിരേ
തുടര്‍ന്നുള്ള ദശാബ്ദങ്ങള്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ലോകവ്യാപകമായി ശക്തിപ്പെട്ടു. ലോകത്തിന്റെ നാനാ'ഭാഗങ്ങളില്‍ നിന്നും സഹായംതേടി കരങ്ങള്‍ ഉയര്‍ന്നു. എല്ലായിടത്തും വേണ്ട വിധത്തില്‍ എത്തിപ്പെടാന്‍ ഏറെ പണിപ്പെടേണ്ടിവന്നു.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ എത്യോപ്യയില്‍ പടര്‍ന്നുപിടിച്ച പട്ടിണിമരണങ്ങള്‍ വലിയൊരു പരിധിവരെ പിടിച്ചുനിര്‍ത്താനും അടുത്ത ദശകത്തില്‍ സുഡാനിലെ പട്ടിണിക്കോലങ്ങള്‍ക്കു ഭക്ഷണമെത്തിക്കാനും ലോകഭക്ഷ്യപദ്ധതിയിലൂടെ നടത്തിയ ഇടപെടലുകള്‍ മാനവരാശിയുടെ മഹനീയദൗത്യമായി മാറി. കാര്‍ഗോ ഫ്‌ളൈറ്റുകളിലും ഒട്ടകങ്ങളുടെ പുറത്തുമൊക്കെ ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിനെത്തി. ചില സ്ഥലങ്ങളില്‍ യൂണിസെഫ്‌പോലുള്ള യുഎന്‍ എജന്‍സികളുടെ കണ്‍സോര്‍ഷ്യവും പദ്ധതികളില്‍ പങ്കാളികളായി.
ആറു പതിറ്റാണ്ടുകള്‍
ഡബ്ലിയുഎഫ്പി ആറു പതിറ്റാണ്ടു പിന്നിടുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമായി മാറിയിരിക്കുന്നു. അടിയന്തരമായി ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളിടത്ത് എത്തിക്കുന്നതിനുപുറമേ ചില സമൂഹങ്ങളില്‍ പോഷകാഹാരം എത്തിക്കുന്നതിനും ഇപ്പോള്‍ സാധിക്കുന്നു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണപരിപാടിക്കും ഡബ്ലിയുഎഫ്പിയുടെ സഹായം ലഭിക്കുന്നുണ്ട്.
യുദ്ധവും ആഭ്യന്തരകലഹവും രൂക്ഷമായ രാജ്യങ്ങളിലാണ് ദാരിദ്ര്യം കൂടുതലുള്ളത്. ഇത്തരം പ്രദേശങ്ങള്‍കൂടാതെ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട നിരവധി അവസരങ്ങളിലും സംഘടനയുടെ സഹായമുണ്ടായി. 2004 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി, 2010 ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പം, പശ്ചിമാഫിക്കയിലുണ്ടായ എബോള പകര്‍ച്ചവ്യാധി തുടങ്ങിയ അവസരങ്ങളിലെല്ലാം സംഘടനയുടെ സഹായമെത്തിച്ചു. പ്രതിസന്ധിമേഖലകളില്‍ വാര്‍ത്താവിനിമയ സൗകര്യങ്ങളൊരുക്കുന്നതിനും ഇവര്‍ ശ്രമിച്ചു.
അര്‍ഹതയ്ക്ക് അംഗീകാരം
സംഘടനയ്ക്കാണു സമ്മാനമെങ്കിലും ഇതിലൂടെ ആദരിക്കപ്പെടുന്ന അനേകം വ്യക്തികളുണ്ട്, ഡബ്ലിയുഎഫ്പിയുടെ സജീവസംഘാടകരും സന്നദ്ധപ്രവര്‍ത്തകരും. തികച്ചും ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയാണവര്‍ ദുരിതബാധിതമേഖലകളില്‍ സഹായമെത്തിക്കുന്നത്, ചിലപ്പോള്‍ ജീവന്‍പോലും പണയംവച്ചുകൊണ്ട്.
ലോകഭക്ഷ്യസംഘടനയുടെ പ്രഥമ തലവന്‍ ജോണ്‍ ബോയ്ഡ് ഒര്‍ പ്രഭുവിനും 1949 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ശൂന്യമായ ഉദരമുള്ളിടത്ത് സമാധാനം സംസ്ഥാപിതമാവില്ലെന്ന അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണത്തിന് ഇന്നും പ്രസക്തിയുണ്ട്. കലാപങ്ങളും കാര്‍ഷികരംഗത്തെ അസ്വസ്ഥതകളും പരിസ്ഥിതിത്തകര്‍ച്ചയ്ക്കു കാരണമാകുന്ന അശാസ്ത്രീയ വികസനപദ്ധതികളും ആഗോളവത്കരണത്തിന്റെ അമിതലാഭാസക്തിയുമൊക്കെ വിശപ്പിനു വഴിതെളിക്കുന്നതും ലോകത്തെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നതുമാണ്.
അതിജീവനം അതികഠിനം
വിശപ്പില്‍നിന്നു മാനവരാശിയെ മോചിപ്പിക്കാന്‍ കഠിനശ്രമം നടത്തുന്ന ഡബ്ലിയു.എഫ്.പി.യും അതിജീവനത്തിനായി പൊരുതേണ്ട സാഹചര്യമാണുള്ളത്. സംഘടനയ്ക്കുള്ള സാമ്പത്തികസഹായത്തില്‍ വലിയ ശോഷണമാണുണ്ടായിരിക്കുന്നത്. ലോകമെമ്പാടും ഇപ്പോള്‍ നടത്തുന്ന ദാരിദ്രോച്ചാടനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നാനൂറു കോടി ഡോളറിന്റെ കുറവാണ് ഈ ഭക്ഷ്യസംഘടന ഇപ്പോള്‍ നേരിടുന്നത്. സംഘടനയ്ക്കു സ്ഥിരമായി സംഭാവന നല്‍കിയിരുന്ന ചിലര്‍ അതു നിറുത്തിയതായി കഴിഞ്ഞ ഏപ്രിലില്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. നിലവില്‍ 2021 മാര്‍ച്ച് വരെയുള്ള ഭക്ഷ്യസഹായം മാത്രം തടസംകൂടാതെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ 50 കോടി ഡോളര്‍ അടിയന്തരമായി ലഭ്യമാകണമെന്നാണ് സംഘടനയുടെ നടത്തിപ്പുകാര്‍ പറയുന്നത്.
കൊവിഡ്‌വ്യാപനം ലോകത്തിലെ ദാരിദ്യസൂചികയില്‍ അപായകരമായ കുതിപ്പു രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ സംഘടനയുടെ നിലനില്പ് അത്യന്താപേക്ഷിതമാണ്. കലാപകലുഷിതമായ സിറിയയില്‍ മാത്രം 46 ലക്ഷം ജനങ്ങളാണ് ഇവരുടെ ഭക്ഷണസഹായത്തില്‍ ജീവന്‍ നിലനിറുത്തുന്നത്. യെമനില്‍ 130 ലക്ഷം ജനങ്ങളാണ് സംഘടനയുടെ ഭക്ഷണസഹായത്തില്‍ ജീവിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ പകുതിവരും ഇത്. പല വികസ്വരരാജ്യങ്ങളുടെയും വികസനസ്വപ്‌നങ്ങളുടെമേല്‍ കൊവിഡ് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.
കൂട്ടായ്മ ശക്തിപ്പെടണം
പല കാര്യങ്ങളിലും ഐക്യരാഷ്ട്രസംഘടനയുടെ പ്രസക്തി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ഈ ലോകസംഘടയുടെയും അതിന്റെ പോഷകപ്രസ്ഥാനങ്ങളുടെയും നിലനില്പും ശക്തീകരണവും ഏറെ പ്രസക്തമാണ്. യുദ്ധസന്നാഹങ്ങള്‍ക്കായി വന്‍ശക്തികളും യുദ്ധമോഹികളായ ഭരണാധികാരികളും ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതമെങ്കിലും മനുഷ്യരുടെ വിശപ്പടക്കാന്‍ മാറ്റിവയ്‌ക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കാന്‍ യുഎന്നിനു കഴിയണം. ലോകത്തിലെ പത്തു മനുഷ്യരില്‍ ഒരാള്‍ എന്ന കണക്കില്‍ മതിയായ ഭക്ഷണം കിട്ടാത്തവര്‍ ഇപ്പോഴുമുണ്ടെന്ന ഡബ്ലിയുഎഫ്പിയുടെ കണക്ക് ആശങ്കാജനകമല്ലേ? ഇവിടെയാണ് ലോകസമൂഹത്തിന്റെ ഐകദാര്‍ഢ്യവും പൊതുസഹകരണവും പ്രസക്തമാകുന്നത്.
കൊവിഡ് വ്യാപനം ലോകത്തില്‍ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കുമെന്നാണു ഡബ്ലിയുഎഫ്പി കണക്കാക്കുന്നത്. ഇവിടെയാണ് പ്രതിരോധമരുന്നിനെക്കാള്‍ ഭക്ഷണത്തിനു പ്രാധാന്യം ഉണ്ടാവുന്നത്. ഭക്ഷണമാണു മികച്ച പ്രതിരോധമെന്ന് നൊബേല്‍ സമാധാനഫലകത്തില്‍ രേഖപ്പെടുത്തിയതും അതുകൊണ്ടാകാം. കൊവിഡ് കാലത്ത് 120 രാജ്യങ്ങളിലാണ് ഡബ്ലിയുഎഫ്പിയുടെ സേവനം ലഭ്യമായിരുന്നതെന്നോര്‍ക്കണം.
നാളെയും പ്രസക്തം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. യുദ്ധവും കലാപവും രാജ്യങ്ങളെയും ജനതകളെയും ദരിദ്രമാക്കുന്നു. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന ജനങ്ങള്‍ ഭീതിയിലാവുമ്പോള്‍ ദാരിദ്ര്യം അവരെ കൂടുതല്‍ ദുര്‍ബലരാക്കുന്നു. സിറിയയും യെമനും അഫ്ഗാനിസ്ഥാനുമൊക്കെ കടന്നുപോകുന്ന സമകാലികസാഹചര്യങ്ങളും ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രസക്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നു. സുഡാനും നൈജീരിയയും കോംഗോയും ബുര്‍ക്കിനോഫാസയും തുടങ്ങി നിരവധി രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്.
കാലാവസ്ഥാവ്യതിയാനവും കൊവിഡുമൊക്കെ സാമ്പത്തികഞെരുക്കത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും ആക്കം കൂട്ടും. ഡബ്ലിയുഎഫ്പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബെസ്ലി ചൂണ്ടിക്കാട്ടുന്നതുപോലെ ലോകത്തെ എഴുന്നൂറു കോടിയിലേറെ വരുന്ന ജനങ്ങള്‍ക്കും വിശപ്പില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള അവകാശമുണ്ട്. സമാധാനമില്ലാതെ വിശപ്പുരഹിതലോകം കെട്ടിപ്പടുക്കാനാവില്ല. വിശപ്പുള്ളിടത്തോളംകാലം സമാധാനപരമായൊരു ലോകവുമുണ്ടാകില്ല.