സൈബര്‍ലോകം അശ്ലീലങ്ങളുടെയും ആഭാസങ്ങളുടെയും കൂത്തരങ്ങായി അധഃപതിച്ചിട്ടു നാളുകളേറെയായി. ആള്‍ക്കൂട്ടവിചാരണകളും ആക്രമണങ്ങളും പൊതുസമൂഹത്തിലെന്നപോലെ, സൈബറിടങ്ങളിലും പതിവായിരിക്കുന്നു. മനുഷ്യമഹത്ത്വത്തിനും അന്തസ്സിനും വിലകല്പിക്കാതെ വ്യക്തിഹത്യ നടത്തി ഒരുസംഘമാളുകള്‍ പരസ്യവിചാരകരായി വാഴുമ്പോള്‍, പൊലിഞ്ഞുതീരുന്നത് ഒട്ടേറെപ്പേരുടെ ജീവനും ജീവിതവുമാണെന്ന് ആരും ഓര്‍ക്കാതെയോ അറിയാതെയോ പോകുന്നു.
അതേ, സൈബര്‍ ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയായി ഒരമ്മകൂടി ജീവനൊടുക്കിയിരിക്കുന്നു. കഴിഞ്ഞമാസം 28 ന് ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ കുഞ്ഞ് താഴേക്കുവീണത്. നാലാം നിലയില്‍നിന്നു വീണിട്ടും അത്യദ്ഭുതകരമായി രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള പെണ്‍കുരുന്നിന്റെ അമ്മയെ സൈബറിടങ്ങളിലെ ന്യായവിചാരകരും വിധിയാളന്മാരും വെറുതെ വിട്ടില്ല. ബന്ധുക്കളടക്കം സമൂഹമാധ്യമങ്ങളില്‍ ഒരുകൂട്ടം സൈബര്‍ ക്രിമിനലുകള്‍ നടത്തിയ കുറ്റവിചാരണകള്‍ക്കൊടുവില്‍ മാനസികമായി തളര്‍ന്ന ആ മുപ്പത്തിമൂന്നുകാരി അമ്മ ജീവനൊടുക്കി. വലിയൊരു ദുരന്തത്തില്‍നിന്ന് പെണ്‍കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും, ആ കുഞ്ഞിനും അഞ്ചുവയസ്സുള്ള മകനും അമ്മയെ നഷ്ടമായി.
രമ്യയുടെ ജീവനെടുത്തത് അതിക്രൂരമായ സൈബര്‍ ആക്രമണമാണ് എന്നതില്‍ അഭിപ്രായാന്തരമില്ല. ആക്രമണം നടത്തിയ ക്രിമിനലുകളുടെ നീണ്ട നിരയില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടുമോ എന്ന് മനസ്സാക്ഷി മരവിക്കാത്ത ഓരോ വ്യക്തിയും നെഞ്ചില്‍ കൈവച്ച് ആത്മവിമര്‍ശംകൊള്ളേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളുടെ മറവിലിരുന്ന് അന്യരെ നിര്‍ദാക്ഷിണ്യം പരിഹസിക്കാനും അന്യായമായി വിമര്‍ശിച്ചു താറടിക്കാനും ഒരുമ്പെടുന്നവരില്‍ നമ്മളും നമുക്കൊപ്പമുള്ളവരുമുണ്ടെന്നതില്‍ ലജ്ജിക്കുക.
മഹത്ത്വമുള്ള മനുഷ്യനെപേക്കോലമാക്കി ഉറഞ്ഞുതുള്ളുന്ന സൈബര്‍ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ ആരുമില്ലെന്ന തോന്നല്‍ ഈ കാലഘട്ടത്തിന്റെ ദുരവസ്ഥയാണെന്ന് 2021 ഡിസംബറില്‍ കേരള ഹൈക്കോടതി പറയുകയുണ്ടായി. സ്ത്രീകളെ സൈബറിടങ്ങളില്‍ അപമാനിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിനു ശക്തമായ ഒരു വകുപ്പില്ലെന്നതാണ് അവരുടെ നിസ്സഹായതയ്ക്കും നിസ്സംഗതയ്ക്കും കാരണം. അനുദിനം പെരുകുന്ന കുറ്റകൃത്യങ്ങള്‍ നേരിടാന്‍ നിലവിലുള്ള സൈബര്‍സെല്ലുകളും സൈബര്‍ പൊലീസ് സ്റ്റേഷനുകളും അപര്യാപ്തമാണെന്നു പരക്കെ ആക്ഷേപമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം (സൈബര്‍ ബുള്ളിയിങ്) സദാചാരത്തിന്റെ സകലസീമകളും ലംഘിച്ച് അത്യന്തം ജുഗുപ്‌സാവഹമായിരിക്കുന്നു. ഏതൊരു വ്യക്തിയിലും നന്മയും തിന്മയും ഉണ്ടാകാമെന്നിരിക്കേ നന്മകളെ തമസ്‌കരിച്ച് തിന്മകളെ പര്‍വതീകരിക്കാനുള്ള വാസനാബലം ഒരു മനോരോഗമായി കണക്കാക്കേണ്ടിവരും. വ്യക്തിയെ താറടിച്ചു രസിക്കുന്നതും അതിനു കൈയടിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതും മനോവൈകൃതമല്ലാതെ മറ്റെന്താണ്? ഫോളോവേഴ്‌സിനെ അഥവാ 'ആരാധകരെ' സൃഷ്ടിക്കാന്‍ അശ്ലീലവും ആഭാസവും നിറഞ്ഞ വിഷമാലിന്യങ്ങളുണ്ടാവണമെന്നത് ഇക്കൂട്ടരുടെ ഹിഡന്‍ അജണ്ടയായി മാറുമ്പോള്‍ സമൂഹം ഒന്നടങ്കം ഉണര്‍ന്നു പ്രതികരിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോകളും മറ്റും പോസ്റ്റുചെയ്ത് ഇരുട്ടിന്റെ മറവിലിരുന്ന് യാതൊരുളുപ്പുമില്ലാതെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സൈക്കോക്രിമിനലുകളെ നിലയ്ക്കു നിര്‍ത്താനും തളയ്ക്കാനും മതിയായ നിയമമുണ്ടാകണം ഈ നാട്ടില്‍. നിയമം നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടവും വേണം ഈ രാജ്യത്ത്.
സൈബര്‍ ബുള്ളിയിങ് കണ്ടു പേടിച്ചോടുകയല്ല, കരുതലോടെ പ്രതിരോധിക്കുകയാണു വേണ്ടത്. നിയമവും ശിക്ഷാനടപടികളും ഒരു വശത്ത് നടപ്പാക്കുമ്പോള്‍ത്തന്നെ കൗണ്‍സലിങ്ങും മതിയായ ചികിത്സയും മറ്റും കൊടുത്ത് അവരെ നേര്‍ച്ചിന്തയിലേക്കു തിരികെക്കൊണ്ടുവരാന്‍കൂടി സംവിധാനമുണ്ടാവണം. ക്രിമിനലുകളും മനോരോഗികളുമാക്കി ചിത്രീകരിക്കാനെളുപ്പമാണ്; പക്ഷേ, അവരുടെ മനസ്സുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷമാലിന്യങ്ങള്‍ പുറന്തള്ളി ശുദ്ധിവരുത്താനുള്ള സൗഖ്യാന്തരീക്ഷംകൂടി അവര്‍ക്കു പ്രദാനം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാവണം. ചിന്ത, വചന, ക്രിയകളിലൂടെ വഴിഞ്ഞൊഴുകുന്ന വിഷമാലിന്യങ്ങള്‍ അടിസ്ഥാനപരമായി ഹൃദയത്തില്‍നിന്നു പുറപ്പെടുന്നതാകയാല്‍ ഓരോ വ്യക്തിയുടെയും ഹൃദയക്ഷാളനത്തിനു മുന്തിയ പ്രാധാന്യം കൊടുക്കണം. ആത്മീയ, ധാര്‍മിക, സദാചാരനിയമങ്ങളിലുള്ള ചിട്ടയായ പരിശീലനംകൊണ്ടേ സാംസ്‌കാരിവെളിച്ചം ലഭിക്കുകയുള്ളൂവെന്ന് നമ്മുടെ വിദ്യാഭ്യാസവിദഗ്ധരും സാംസ്‌കാരിനായകരുമുള്‍പ്പെടെയുള്ളവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.