ഒറ്റമുറിയുടെ ജാലകത്തിലൂടെ ജപമാലയും തെരുപ്പിടിച്ചു പുറത്ത് ഈറന്‍ മാറുന്ന വെയില്‍ നോക്കിനിന്നു റോസിയമ്മ. മുറ്റത്തെ കൊച്ചുമാവിന്‍മേലൊരു കുരുവിക്കൂടുണ്ട്. അതില്‍ നാലു മുട്ടവിരിഞ്ഞതും കലപില തുടങ്ങിയതും തലേന്നാണ്. രാത്രി നല്ലൊരു മഴ പെയ്‌തെങ്കിലും മാവിന് നല്ല ഇലച്ചില്‍ ഉള്ളതുകൊണ്ട് അവര്‍ നനഞ്ഞിരിക്കില്ല.
എങ്കിലും മുറ്റത്തിറങ്ങി മരത്തിനടുത്തെത്തി അവരെ നോക്കിയിട്ടാണ് റോസിയമ്മയ്ക്കു സമാധാനമായത്.
ഗബ്രിയേലച്ചന്റെ കരുതലില്‍ തഴച്ചുവളരുന്ന ഫലവൃക്ഷങ്ങള്‍ നിറഞ്ഞ അങ്കണം. വിശുദ്ധിയുടെ ഹിമകണം ചൂടിയ പള്ളിമേട. ഉള്ളില്‍ കനലുകളും പേറി.
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ തന്നെപ്പോലെ ചിലര്‍. ഇതാണ് റോസിയമ്മയുടെ ലോകം.
ഇന്ന് മാതൃദിനമാണ്.
കെറ്റിലില്‍ വെള്ളം വച്ചു തിളപ്പിച്ച് ഒരു കപ്പ് കട്ടന്‍കാപ്പിയിട്ടു.
അതുമായി ജനാലയ്ക്കലിരുന്നു ഫോണ്‍ നോക്കി.
വാട്‌സ്ആപ്പ് തുറന്നപ്പോള്‍ ഗ്രൂപ്പുകളിലാകെ അമ്മക്കവിതകള്‍, കഥകള്‍. അമ്മയെ ഓര്‍ത്തു വിലപിക്കുന്ന മക്കള്‍.
അമ്മയുടെ മഹത്ത്വമൊക്കെ ഇന്നത്തെ കാലത്തെ മക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയോ? റോസിയമ്മയ്ക്കു ചിരി വന്നു.
മണി ഒമ്പതായിരുന്നു. കാലത്തെ അല്പം ഓട്‌സ് കുറുക്കി കഴിച്ചാല്‍ പിന്നെ മിക്ക ദിവസവും ഊണ് വൈകുന്നേരം മൂന്നു മണിക്കൊക്കെയാണ്. ഒറ്റയ്ക്കാവുമ്പോള്‍ ഉപ്പും പുളിയും നോക്കി മിനക്കേട് വേണ്ട, കറി ഒന്നോ രണ്ടോ, മീനുണ്ടോ മുട്ടയുണ്ടോ എന്ന ആശങ്ക വേണ്ട. ആരെയും കാത്തിരിക്കേണ്ട. മുറിയുടെ മൂലയില്‍ ഒരു മേശമേല്‍ വച്ച ഇന്‍ഡക്ഷന്‍ കുക്കറിലെ കലത്തില്‍ ഒരു പിടി അരിയിടുക.
തനിയെ നടക്കാന്‍ ശേഷി ഉള്ളതുകൊണ്ട് പള്ളിയില്‍ പോയി മുട്ടുകുത്താം.
പക്ഷേ, അപ്പോഴും ഇടനെഞ്ച് ഒന്ന് പിടഞ്ഞുപോകും.
അശരണരാവുന്ന വാര്‍ധക്യത്തില്‍ ഒരു താങ്ങാവും എന്നു കരുതിയ കൈവിരലുകള്‍ ചേര്‍ത്തുപിടിക്കാനില്ലാതെ ഒറ്റപ്പെടലിന്റെ കാരാഗൃഹത്തില്‍ കഴിയുന്ന വേദന...
മക്കള്‍ക്ക് തൊടിയിലെ കരിയിലപോലെ അടിഞ്ഞുകൂടുന്നവരാണ് അച്ഛനമ്മമാരെങ്കില്‍... വിധിയെന്നോര്‍ത്തു സമാധാനിക്കാനല്ലേ കഴിയൂ.
പൂക്കള്‍ ചിരിക്കുന്ന തൊടികളും, കായ്ച്ചുകിടക്കുന്ന ഫലവൃക്ഷങ്ങളുമുള്ള തന്റെ വീടോര്‍ത്തപ്പോള്‍ ഒന്നു തേങ്ങിപ്പോയി. താനും അച്ചായനും സ്വപ്നം കൊണ്ടു പണിഞ്ഞ വീട്, അച്ചായന്റെ പൊട്ടിച്ചിരികളും പ്രാര്‍ഥനയും നിറഞ്ഞ വീട്. മകനും മകളും പിച്ചവച്ച വീട്.
തന്റെ പ്രാണന്റെ അംശമായ വീട്.
ആരോ വാതിലില്‍ മുട്ടുന്നതു കേട്ടു. തുറന്നപ്പോള്‍ ശരണ്യ. റോസിയമ്മച്ചീ എന്നു വിളിച്ച് അവള്‍ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുനിറഞ്ഞുപോയി.
അഞ്ചു വര്‍ഷം തനിക്കു സഹായത്തിനു വീട്ടില്‍ നിന്ന കുട്ടിയാണ്. അച്ചായന്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഇത്തിരി പൊന്നും പണവുമൊക്കെ കൊടുത്തു തങ്ങള്‍ കല്യാണം നടത്തിവിട്ട പെണ്ണാണ്.
എല്ലാക്കൊല്ലവും മാതൃദിനം മറക്കാതെ തന്നെ കാണാന്‍ വരുന്നത് അവളാണ്. കാരണം, മാതൃദിനം തന്റെ പിറന്നാള്‍കൂടിയാണെന്ന് അവള്‍ക്ക് അറിയാം.
തനിക്കു പ്രിയപ്പെട്ട അടപ്രഥമനും ഒരു പൊതിച്ചോറും കൊണ്ടാണ് ശരണ്യ വന്നത്. പോയ കൊല്ലം അവള്‍ ഒരു കേക്ക് വാങ്ങി വന്നപ്പോള്‍ സദ്യയുണ്ണാന്‍ ആയിരുന്നു തന്റെ മോഹം എന്ന് പറഞ്ഞതവളോര്‍ത്തുവച്ചു.
ചിലര്‍ സ്‌നേഹവും കരുതലുംകൊണ്ട് നമ്മുടെ കണ്ണുനിറയ്ക്കുമ്പോള്‍ നൊന്തുപെറ്റ മക്കളുടെ മനഃപൂര്‍വമുള്ള മറവിയില്‍ മുങ്ങുന്ന സങ്കടം നാം മറക്കാന്‍ ശ്രമിക്കും.
കുളികഴിഞ്ഞു വന്ന റോസിയമ്മ പൊതിച്ചോറ് അഴിച്ചു ആദ്യത്തെ പിടി ചോറ് വാരി ശരണ്യയുടെ വായില്‍ വച്ചുകൊടുത്തു.
രണ്ടുപേരുടെയും കണ്‍കോണില്‍ നീര്‍മണികളുരുണ്ടുകൂടി.
പൊതുവെ പിടിവാശിക്കാരനായ മകന്‍ വിവാഹത്തിനു തൊട്ടുമുമ്പുവരെയും തന്റെ കൈയില്‍നിന്നു ചോറുരുള വാങ്ങിക്കഴിക്കുമായിരുന്നു. വിദേശത്തു പഠിച്ച മരുമകള്‍ വന്നശേഷം അവന്‍ കൈകൊണ്ടു ചോറുണ്ണുകപോലുമില്ല. സ്പൂണും ഫോര്‍ക്കും മാത്രം മതി. ഒരിക്കല്‍ അവന്റെ മകന് ഒരുരുള ചോറ് വാരിക്കൊടുത്തതിന് മരുമകളുടെ വായില്‍നിന്നു താന്‍ കേട്ട ശാപവാക്കുകള്‍ പെട്ടെന്നു തികട്ടി വന്നപോലെ.
ഊണു കഴിച്ചുതീര്‍ന്നപ്പോള്‍ ശരണ്യ ബാഗ് തുറന്നു കുറെയേറെ ചുവന്ന കുപ്പിവളകള്‍ റോസിയമ്മയുടെ കൈകളില്‍ ഇട്ടുകൊടുത്തു. തിരുവാതിരപ്പാട്ടും കുപ്പിവളകളും ഒക്കെ തന്റെ വേറിട്ട ഇഷ്ടങ്ങളായിരുന്നു.
അച്ചായനുള്ളപ്പോള്‍ പൂരപ്പറമ്പില്‍ കൊണ്ടുപോയി തനിക്കു വളകള്‍ വാങ്ങിത്തരുമായിരുന്നതോര്‍ത്തപ്പോള്‍ ഒരു നോവിരമ്പം.
ശരണ്യയുടെ പ്രസന്നമായ ചിരിയില്‍ തന്റെ വേവുകള്‍ അലിയുന്നപോലെ തോന്നി.
ഒരര്‍ഥത്തില്‍ അമ്മ ഇവിടെ ആയത് നല്ലതുതന്നെ.
നാട്ടിലെയും വീട്ടിലെയും കലാപത്തില്‍നിന്നൊഴിഞ്ഞു പള്ളിമേടയുടെ വിശുദ്ധിയില്‍ മനഃസമാധാനമായിരിക്കാമല്ലോ.. പോകാനിറങ്ങുന്നേരം റോസിയമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടവള്‍ പറഞ്ഞു.
''അല്ലെങ്കിലും മോളേ, കര്‍ത്താവു തമ്പുരാന്‍ സഹിച്ച പീഡയോളം വരില്ലല്ലോ നമ്മുടെ വേദനകള്‍.''
മനസ്സിലെ അശാന്തിയെ മായിക്കാന്‍ റോസിയമ്മ ന്യായീകരണം കണ്ടെത്തി.
അച്ചായന്‍ മരിച്ചതില്‍ പിന്നെ മക്കള്‍ക്കുവേണ്ടിമാത്രമായിരുന്നു തന്റെ ജീവിതം. അവരുടെ ഇഷ്ടങ്ങളല്ലാതെ തനിക്കു വേറേ ഇഷ്ടങ്ങള്‍ ഇല്ലായിരുന്നു.
മൂന്നു കൊല്ലംമുമ്പൊരു പകല്‍ രണ്ടു ജോഡി തുണിയും ബൈബിളും ജപമാലയും ഒരു കുടുംബഫോട്ടോയുമായി വീടു വീട്ടിറങ്ങിയത് മരുമകളുടെ കുത്തുവാക്കുകള്‍ സഹിക്കാനാവാതെയാണ്.
അച്ചായന്റെ വില്‍പ്പത്രപ്രകാരം മകന് അവകാശപ്പെട്ട വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നേരേ പോയത് മകളുടെ അടുത്തേക്കാണ്.
സ്വന്തം ജീവിതത്തില്‍ അമ്മ ഒരു അധികപ്പറ്റാണെന്ന് വൈരാഗ്യത്തോടെ മകള്‍ പറയുന്നതു കേട്ടു നില്‍ക്കാന്‍ റോസിയമ്മയ്ക്കു കഴിഞ്ഞില്ല. പിന്നെ ഒന്നും നോക്കിയില്ല.
ഉണ്ടായിരുന്ന കമ്മലും മാലയുമൊക്കെ വിറ്റുകിട്ടിയ പൈസ ഗബ്രിയലച്ചന്റെ ആശ്രമത്തില്‍ അടച്ച് ഒരു മുറി ചോദിച്ചുവാങ്ങി.
മേടയോടു ചേര്‍ന്നുള്ള സ്‌കൂളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു കിട്ടുന്ന ചെറിയ വേതനം കൊണ്ട് ഇത്രനാളും കഴിഞ്ഞു.
ആര്‍ക്കു മുന്നിലും തലകുനിക്കാതെ ഇനിയുള്ള കാലവും കഴിച്ചുകൂട്ടണം. അനാരോഗ്യം കൂടുന്നത് ഒരാശങ്കയായി മുന്നിലുണ്ടെന്നാലും.
ബൈബിള്‍ തുറന്നു പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോഴാണ് വാതില്‍ക്കല്‍ ഗബ്രിയേലച്ചന്റെ ശബ്ദം കേട്ടു കതകുതുറന്നത്.
അച്ചനൊപ്പം ക്യാമറയും തൂക്കി ഒന്നുരണ്ടുപേരെയും കണ്ടു.
റോസിയമ്മയ്ക്ക് ഒന്നും മനസിലായില്ല.
റോസിയമ്മയുടെ 'ഹ്യൂസ് ഓഫ് ലവ്'നാണ് ഈ വര്‍ഷത്തെ 'രബീന്ദ്രപുരസ്‌കാര്‍.' അപ്പോഴാണ് ശ്യാമും ദേവികയും ദീപക്കും മുന്നിലേക്ക് വന്നതും അമ്മയെ പുണര്‍ന്നതും.
കവിതയുടെ ഇമ്പമുള്ള വീട്ടിലാണു പിറന്നതെങ്കിലും വിവാഹശേഷം റോസിയമ്മയ്ക്ക് തന്റെ മക്കളായിരുന്നു കവിതകള്‍.
ജീവിതവീഥിയില്‍ തനിച്ചായപ്പോഴാണ് ഹൃദയത്തിലെ ആര്‍ദ്രത വീണ്ടും കവിതകളായി പെയ്തത്.
എഴുത്തുകാരുടെ കൂട്ടായ്മയില്‍നിന്നു തനിക്കു കിട്ടിയ മൂന്ന് മക്കള്‍. പ്രസവിക്കാതെ, പാലൂട്ടാതെ, ഉറക്കിളയ്ക്കാതെ തന്റെ മക്കളായവര്‍. തന്റെ ജന്മത്തെ രണ്ടായി പകുത്താല്‍ താന്‍ പ്രസവിക്കാത്ത മക്കള്‍ തരുന്ന സ്‌നേഹനിലാവിനായിരിക്കും പകല്‍പോലെ തെളിച്ചം.
ഒരു മെഴുകുതിരി ഉരുകുംപോലെ റോസിയമ്മ കരഞ്ഞുപോയി.
ക്യാമറകള്‍ തെരുതെരെ കണ്ണുചിമ്മി.
ഇടയ്ക്കിടെ റോസിയമ്മ ഗ്രൂപ്പിലിട്ട കവിതകള്‍ മൂവരും ചേര്‍ന്ന് പുസ്തകമാക്കി അവാര്‍ഡ് കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു.
''സുഖദുഃഖങ്ങളുടെ ഇടനാഴിയിലൂടെ ഒഴുകി ഒടുവില്‍ ജീവിതം ചില വിസ്മയങ്ങളില്‍ തിളങ്ങുമെന്ന് റോസിക്കിപ്പോള്‍ മനസിലായില്ലേ?'' ഗബ്രിയേലച്ചന്‍ ചോദിച്ചു.
ദേവികയും ശ്യാമും ദീപക്കും ചേര്‍ന്ന് അമ്മയെ കെട്ടിപ്പിടിച്ചുമ്മവച്ചു.
അപ്പോള്‍ മാവിന്‍കൊമ്പിലെ കൂട്ടിലിരുന്ന് അമ്മക്കിളി കുഞ്ഞുങ്ങളെ ചിറകിന്‍കീഴിലേക്ക് ചേര്‍ത്തണച്ചു.
കഥ
അമ്മക്കിളിയുടെ കുഞ്ഞിക്കൂട്
