•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഇടം

ഞായറാഴ്ച. രാവിലെ പതിനൊന്നുമണിക്ക് ജില്ലാ കളക്ടര്‍ സലോമി മാത്യു സെന്റ് മേരീസ് കോണ്‍വെന്റിന്റെ മുറ്റത്ത് കാറില്‍ ചെന്നിറങ്ങി. മദര്‍ സിസ്റ്റര്‍ റോസിലിനും സിസ്റ്റര്‍ ദീപ്തിയും സിസ്റ്റര്‍ കരോളിനും സലോമിയെ സ്വീകരിക്കാന്‍ ഓടിയിറങ്ങിച്ചെന്നു. പൂവര്‍ ഹോമിന്റെ ചുമതലക്കാരി സിസ്റ്റര്‍ ബ്ലെസ്സി അവിടത്തെ അന്തേവാസികളായ ഏഴു പെണ്‍കുട്ടികളെയും കൂട്ടിക്കൊണ്ടാണ് സലോമിയെ ആനയിക്കാനെത്തിയത്. കുട്ടികളുടെ കൈകളില്‍ പൂക്കളുമുണ്ടായിരുന്നു. സിസ്റ്റര്‍മാര്‍ അവളെ ആലിംഗനം ചെയ്യുകയും നെറുകയില്‍ ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തു. സലോമി തന്നെ സ്വീകരിക്കാനെത്തിയ കൊച്ചുപെണ്‍കുട്ടികളില്‍ അവളുടെ ബാല്യം കാണുകയായിരുന്നു. അവളറിയാതെ കണ്ണുകള്‍ നിറഞ്ഞുവന്നു. സലോമി അപ്പോള്‍ അവരിലൊരാളായി. 
''എന്നാലും ഞങ്ങടെ സലോമിക്കൊച്ച് ഇത്രേം നല്ല നെലേലെത്തിയല്ലോ? ദൈവം അനുഗ്രഹിച്ചതാ. കൊച്ചിന്റേം അമ്മേടേം കണ്ണീര് ഈശോ കണ്ടു.'' മദര്‍ റോസിലിന്‍ അവളുടെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. കൊച്ചുപെണ്‍കുട്ടികള്‍ കൊടുത്ത റോസാപ്പൂക്കള്‍ സലോമിയുടെ കൈയില്‍ നിറഞ്ഞിരുന്നു. 
''കളക്ടറായി ചുമതലയേറ്റതേ ഞാനിങ്ങോട്ടോടിയെത്തേണ്ടതായിരുന്നു. പറ്റിയില്ല. സാധിക്കാഞ്ഞിട്ടാ മദറേ.'' സലോമി പറഞ്ഞു.
''അതിനൊന്നും ഒരു കുഴപ്പമില്ല. കളക്ടറുദ്യോഗം വലിയ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ക്കറിയാം.'' മദര്‍ അവളുടെ ചുമലില്‍ പിടിച്ചു.
''കുട്ടികളെല്ലാവര്‍ക്കും ഞാന്‍ ഉടുപ്പുവാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. ചോക്ലേറ്റുമുണ്ട്. സുധീഷേ, കാറില്‍നിന്നതിങ്ങെടുത്തുകൊണ്ടുവാ.'' സലോമി പറഞ്ഞു.
പി.എ. സുധീഷ് ചെന്ന് കാറില്‍നിന്ന് ഒരു വലിയ പായ്ക്കറ്റ് എടുത്തുകൊണ്ടുവന്ന് അവര്‍ക്കൊപ്പം ചേര്‍ന്നു.
കോണ്‍വെന്റിന്റെ തിണ്ണയില്‍ വച്ച് പെണ്‍കുട്ടികളോരോരുത്തര്‍ക്കുമുള്ള ഉടുപ്പുകള്‍ അവള്‍ വിതരണം ചെയ്തു. ഇങ്ങനെയൊരു പുത്തനുടുപ്പു കിട്ടാന്‍ ഒത്തിരി കൊതിച്ച തന്റെ ബാല്യം സലോമിയുടെ മനസ്സിലെത്തി.
സലോമി ആദ്യം കോണ്‍വെന്റിലെ ചാപ്പലില്‍ കയറി പ്രാര്‍ത്ഥിച്ചു. പിന്നെ സിസ്റ്റര്‍മാര്‍ക്കും അനാഥബാലികമാര്‍ക്കുമൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. ചിക്കനും മീന്‍വറുത്തതും താറാവുറോസ്റ്റുമൊക്കെ വിഭവങ്ങളായി.
സലോമിക്ക് അന്ന് വേറേയും പല പരിപാടികളുണ്ടായിരുന്നു. അവള്‍ പോകാന്‍ ധൃതിവച്ചു. വിശിഷ്ടമായ റോമന്‍ കൊന്തയും തിരുശേഷിപ്പും മദര്‍ റോസിലിന്‍ അവള്‍ക്കു നല്കി.
കോണ്‍വെന്റിലെ അടുക്കളയുടെ ജനാലയില്‍ക്കൂടി രണ്ടു കണ്ണുകള്‍ കളക്ടര്‍ സലോമിയെ സാകൂതം പിന്തുടരുന്നുണ്ടായിരുന്നു. അവളുടെ അമ്മ സെലീനയുട മിഴികള്‍! 
''മോളേ, അമ്മയടുക്കളയിലുണ്ട്. വിളിക്കാം.'' മദര്‍ പറഞ്ഞു.
''അയ്യോ, അമ്മയെ ഇങ്ങോട്ടു വിളിക്കണ്ട. ഞാന്‍ കിച്ചനില്‍ ചെന്നു കണ്ടോളാം.'' അങ്ങനെ പറഞ്ഞ സലോമി കിച്ചനിലേക്കോടിച്ചെന്നു. അമ്മയുടെ വിയര്‍പ്പും പുകമണവും നിറഞ്ഞ ദേഹത്ത് മകള്‍ ഒട്ടിനിന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി.
''സുഖമേല്ലടീ....'' സെലീന ചോദിച്ചു.
''സുഖമാ അമ്മേ... ഒരിക്കലെങ്കിലും അമ്മ അങ്ങോട്ടൊന്നു വരണം.''
''വരാം. വരാം മോളേ. പൊയ്‌ക്കോ. തിരക്കല്ലേ എന്റെ മോള്‍ക്ക്. ഒന്നും ഒരു കുഴപ്പോമില്ലാതെ നടക്കാന്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുണ്ട്.'' സെലീന പറഞ്ഞു.
അമ്മയുടെ കവിളില്‍ അമര്‍ത്തി ഒരുമ്മവച്ചിട്ടാണ് അവള്‍ മടങ്ങിയത്. സെലീനയ്ക്ക് ഇതെല്ലാം ഒരു നല്ല സ്വപ്നംപോലെയാണു തോന്നുന്നത്. ആഹ്‌ളാദത്തോടെ, അഭിമാനത്തോടെ സെലീന നെറ്റിയില്‍ കുരിശുവരച്ചു. സലോമി തിരികെച്ചെന്നു കാറില്‍ കയറി. സെന്റ് മേരീസ് കോണ്‍വെന്റിലെ സകലരും ചേര്‍ന്നാണ് സലോമിയെ യാത്രയാക്കിയത്. തിരികെയുള്ള  യാത്രയില്‍ കാറിലിരിക്കുമ്പോള്‍ മനസ്സില്‍ ഓര്‍മ്മകളുടെ ഘോഷയാത്രയായിരുന്നു. പൂവര്‍ ഹോമില്‍ തന്റെയൊപ്പം കഴിഞ്ഞവരാരും ഇന്നുവിടെയില്ല. ചിലര്‍ നേഴ്‌സുമാരായി. അധ്യാപികമാരായി. ഒരാള്‍ കോണ്‍വെന്റില്‍ ചേര്‍ന്ന് സിസ്റ്ററായി. എല്ലാവരുമൊന്നിച്ചുള്ള ഒരു ഗ്രൂപ്പ് ഫോട്ടോപോലുമില്ല. തനിക്ക് അമ്മയെങ്കിലുമുണ്ടായിരുന്നു. മറ്റുള്ളവര്‍ അനാഥരായിരുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ദാഹമായിരുന്നു എല്ലാവര്‍ക്കും. ഒരിക്കല്‍ക്കൂടി അവരെയൊക്കെ കാണണമെന്നും മിണ്ടണമെന്നും കഴിയുന്ന സഹായം ബുദ്ധിമുട്ടുള്ളവര്‍ക്കു ചെയ്യണമെന്നും സലോമിക്കുണ്ട്. അതിനുള്ള സാഹചര്യം അകലെയാണ്!
ഫോണിലേക്ക് എം.എല്‍.എ. ജോണ്‍ മാത്യു വിളിച്ചപ്പോള്‍ ചിന്തകള്‍ മുറിഞ്ഞു.
''ഹലോ, കളക്ടര്‍ മേഡമല്ലേ?'' 
''അതെ. എന്താ സാര്‍ വിശേഷം?''
''ഇവിടെ ഈ അയര്‍ക്കുന്നത്ത് ഒരു കല്യാണപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകള്‍ക്കാകെ  ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നു. ആളുകളെ കൂട്ടത്തോടെ മെഡിക്കല്‍ കോളജിലേക്കാക്കിക്കൊണ്ടിരിക്കുകാ. ഞാനും കൂടിയ കല്യാണമാ.''
''ഞാനിവിടെയടുത്തുണ്ട്. ഉടനേ മെഡിക്കല്‍ കോളജിലേക്കെത്തും. സാറിനെന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ?''
''ഇല്ല. എനിക്കു കുഴപ്പമില്ല. കല്യാണച്ചടങ്ങുകളില്‍ വന്ന് ആശംസകളര്‍പ്പിച്ചു പോകുന്നതല്ലാതെ ഞാന്‍ കഴിക്കാറില്ല.''
''അതു നന്നായി. കാര്യങ്ങള്‍ ശ്രദ്ധിച്ചോളാം.'' കളക്ടര്‍ സലോമി ഫോണ്‍ കട്ടാക്കി.
''സുധീഷേ, കേട്ടല്ലോ. കാറ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക്.'' അവള്‍ നിര്‍ദ്ദേശിച്ചു.
വാഹനം അതിവേഗം പാഞ്ഞു. കാഷ്വാലിറ്റിക്കുമുമ്പില്‍ കാറെത്തി നിന്നു. കളക്ടര്‍ സലോമി ചാടിയിറങ്ങുന്നതുകണ്ട് ആശുപത്രിസൂപ്രണ്ടും മറ്റു ചില ഡോക്ടര്‍മാരും ഓടി അടുത്തു വന്നു.
''എത്രയാള് ഇതുവരെ അഡ്മിറ്റായി?'' കളക്ടര്‍ തിരക്കി. 
''നൂറിനു മുകളിലായി. ഇപ്പഴും വന്നോണ്ടിരിക്കുകാ വാഹനങ്ങള്‍. പ്രാഥമികനിരീക്ഷണത്തില്‍ തോന്നുന്നത്  ഇറച്ചിക്കറിയിലുണ്ടായ പ്രശ്‌നമാണെന്നാണ്.'' സൂപ്രണ്ട് ജയശ്രീ പറഞ്ഞു. 
''വിഷാംശം വല്ലതും?''
''കാണുന്നില്ല. പഴകിയ മാംസം ഉപയോഗിച്ചതാണ് വിഷയമായതെന്നു തോന്നുന്നു. പേടിക്കാനൊന്നുമില്ല. കാര്യങ്ങളൊക്കെ നമ്മുടെ നിയന്ത്രണത്തിലാ, സാര്‍.''
''കൂടുതലാള് വന്നാല്‍ ഫസലിറ്റീസൊക്കെ?''
''ഇനി അധികം പേര് വരുമെന്നു തോന്നുന്നില്ല. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് ബാധിച്ചിരിക്കുന്നത്.'' ഡോ. ജയശ്രീ പറഞ്ഞു.
അപ്പോള്‍ കളക്ടറുടെ ഫോണിലേക്ക് മന്ത്രിയുടെ കോള്‍ വന്നു. 
''ഹലോ... സലോമിയല്ലേ?''
''അതെ, സാര്‍.''
''എങ്ങനെയുണ്ട് കാര്യങ്ങള്‍? ചാനലുകള് ആകെ ഇളക്കി മറിക്കുകാണല്ലോ.''
''ഞാനിവിടെ മെഡിക്കല്‍ കോളജിലുണ്ട്. നൂറ്റിപ്പതിനെട്ടു പേരാണ് അഡ്മിറ്റായിട്ടുള്ളത്. ഗുരുതരാവസ്ഥ ആര്‍ക്കുമില്ല. വിഷബാധ സംശയിക്കേണ്ടതായിട്ടില്ലെന്നാണ് ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍. കാര്യങ്ങള്‍ പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലാണ് സാര്‍.''
''ശരി. വയ്ക്കുകാ.'' മന്ത്രി ഫോണ്‍ കട്ടാക്കി.
കളക്ടര്‍ സലോമി ഉടനേ എസ്.പി. മഹേഷ് ചന്ദ്രനെ വിളിച്ചു. അയര്‍ക്കുന്നം സംഭവത്തില്‍ അന്വേഷണം നടത്തി വേഗം റിപ്പോര്‍ട്ടു നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഡി.എം.ഒ. ജയശ്രീക്കൊപ്പം കളക്ടര്‍ സലോമി ഹോസ്പിറ്റലിലെ വാര്‍ഡിലേക്കു നീങ്ങി.
''കുറെ പേഷ്യന്റ്‌സിനെ വരാന്തയിലേക്കൊക്കെ മാറ്റിയാണ് ബെഡ്ഡ് ക്രമീകരിച്ചത്. പെട്ടെന്നിങ്ങനെയൊരു തള്ളലുവന്നാല്‍ നമുക്ക് സൗകര്യക്കുറവാ.'' ഡി.എം.ഒ. ഡോ. ജയശ്രീ കളക്ടറോടു പറഞ്ഞു.
''നമുക്കിവിടെ അടിയന്തരമായി കുറച്ചു ഫസിലിറ്റീസുകൂടി ഒരുക്കണം. ഞാന്‍ മിനിസ്റ്ററുമായും എം.എല്‍.എ.യുമായും അക്കാര്യം സംസാരിക്കാം.'' സലോമി പറഞ്ഞു. കളക്ടറുടെ പെട്ടെന്നുള്ള വരവും ഇടപെടലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉന്മേഷം പകര്‍ന്നു. കല്യാണസ്ഥലത്തുനിന്നെത്തിയ രോഗികളെ കളക്ടറും സംഘവും കണ്ടുതുടങ്ങി. പരാതികളും പരിഭവങ്ങളും ചിലര്‍ പറയുന്നുണ്ടായിരുന്നു. യുവതിയും സുന്ദരിയുമായ കളക്ടര്‍ കാര്യങ്ങളില്‍ സജീവമാകുന്നത് ചാനല്‍ക്യാമറകള്‍ മത്സരിച്ചു പകര്‍ത്തുകയും തല്‍സമയസംപ്രേഷണം നടത്തുകയും ചെയ്തു.
ഹോസ്പിറ്റലില്‍നിന്നു പുറത്തേക്കുവന്ന സലോമിയെ മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞു. 
തികഞ്ഞ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിനിന്ന് സലോമി മാധ്യമങ്ങളെ നേരിട്ടു.
''മേഡം, ആരെങ്കിലും ഗുരുതരാവസ്ഥയിലുണ്ടോ?'' ഏഷ്യാനെറ്റിലെ ശുഭാ സുരേന്ദ്രന്‍ ചോദിച്ചു.
''ഇല്ല. എല്ലാവരും വളരെവേഗം സുഖംപ്രാപിച്ചുവരികയാണ്. കൂടുതലാളുകള്‍ക്കും വൈകുന്നേരത്തോടെ ഹോസ്പിറ്റല്‍ വിടാന്‍ കഴിയും.''
''ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്നുണ്ടല്ലേ?'' മനോരമയുടെ ക്രിസ്റ്റി ചോദിച്ചു. 
''കൃത്യമായ വിവരം അന്വേഷണറിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞേ പറയാന്‍ കഴിയൂ. എസ്.പി. മഹേഷ് ചന്ദ്രനെ ഈ വിഷയം അന്വേഷിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്''.
''മേഡം, ചാര്‍ജെടുത്ത ദിവസംതന്നെ തര്‍ക്കത്തിലിരിക്കുന്ന ഒരു വീട്ടിലെത്തി വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് ഒരു പരാതി ഉയര്‍ന്നതായി കേള്‍ക്കുന്നു.'' മാതൃഭൂമിയിലെ ജോസി ചോദിച്ചു.
''ഞാന്‍ വൈകല്യമുള്ള ഒരു കുട്ടിയെ കാണുകയോ ഭയമുണ്ടാകുന്നവിധം സംസാരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു പരാതി എനിക്കെതിരേ നിലവിലില്ല.''
''ജിനേഷ് എന്ന ഒരു പരിസ്ഥിതിപ്രവര്‍ത്തകന് അര്‍ദ്ധരാത്രിയില്‍തന്നെ പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പാടാക്കിയെന്നറിയുന്നു.'' എക്‌സ്പ്രസിന്റെ വിധു ചോദിച്ചു.
''ജീവനു ഭീഷണിയുണ്ടെന്ന് ഒരാള്‍ പരാതിപ്പെട്ടാല്‍ പോലീസ് പ്രൊട്ടക്ഷന്‍ നല്‍കിയത് തെറ്റാണെന്നാണോ?''
''തെറ്റല്ല. അഭിനന്ദനാര്‍ഹമായ കാര്യമാണ്.''
''താങ്ക്‌യൂ''
വാര്‍ത്താലേഖകര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സലോമി കൃത്യമായ മറുപടി നല്‍കിക്കൊണ്ടിരുന്നു. അതേസമയം പുഴക്കര ബംഗ്ലാവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വാര്‍ത്ത കണ്ടുകൊണ്ടിരുന്ന വക്കച്ചന്‍ അസ്വസ്ഥനായി. ചാനലുകള്‍ മാറ്റിയപ്പോള്‍ മിക്കതിലും അയര്‍ക്കുന്നം സംഭവം ലൈവായി നില്‍ക്കുകയാണ്. 
''സലോമി നല്ല സുന്ദരിക്കുട്ടിയാണല്ലോ മമ്മീ. എന്തു കഴിവാ അവള്‍ക്ക്? എനിക്കിഷ്ടം തോന്നുന്നു.'' വാര്‍ത്ത കാണുന്നതിനിടെ മീര പറഞ്ഞു.
''നീയെന്താ മോളേയീ പറയുന്നേ? ആ മരമാക്രിയാണോ സുന്ദരി? എനിക്കറപ്പാകുകാ ആ ജന്തുവിനെ കണ്ടിട്ട്.'' വക്കച്ചന്‍ വിറച്ചു.
''എന്താ പപ്പായിങ്ങനെ? എനിക്കവളെപ്പോലെ ഒരു പവര്‍ഫുള്‍ ഗേളാകാന്‍ കൊതിയുണ്ടായിരുന്നു...'' മീര പറഞ്ഞു.
''നമ്മുടെ വീടിടിച്ചു നിരത്താന്‍ വന്നവളാണോടീ പവര്‍ ഫുള്‍? കാണണ്ട. ആ വൃത്തികെട്ടവളുടെ മോന്ത ഒരുത്തനും കാണണ്ട.
വക്കച്ചന്‍ ക്രുദ്ധനായി ടെലിവിഷന്‍ ഓഫാക്കി.  

  (തുടരും)

 

Login log record inserted successfully!