''നമ്മുടെ സ്വാതന്ത്ര്യം
മാധ്യമസ്വാതന്ത്ര്യത്തെ
ആശ്രയിച്ചിരിക്കുന്നു.
അതു പരിമിതപ്പെടുത്താ
നാവില്ല.'' - തോമസ് ജഫേഴ്‌സണ്‍.
മേയ് മൂന്നിന് ഒരു പത്രസ്വാതന്ത്ര്യദിനംകൂടി കടന്നുപോയി. 1993 ല്‍ യു.എന്‍. ജനറല്‍ അസംബ്ലി പത്രസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ളആക്രമണങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ദിനം മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് അഭിമാനത്തോടെ നെഞ്ചേറ്റുന്നു. ഏതൊരു ജനാധിപത്യരാജ്യത്തിന്റെയും അടിസ്ഥാനശിലയാണ് സ്വതന്ത്രമായ മാധ്യമങ്ങള്‍. അതില്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറ തകരുന്നതിനൊപ്പം ജനങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യും. ഈയൊരു കാഴ്ചപ്പാടില്‍ സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര ശുഭദായകമായ ഒരു മാധ്യമ ആവാസവ്യവസ്ഥയല്ല നിലവിലുള്ളത്.
രാജ്യാന്തര മാധ്യമനിരീക്ഷണ ഏജന്‍സിയായ ആര്‍.ഡബ്ലിയു.ബി (റിപ്പോര്‍ട്ട് വിത്തൗട്ട് ബോര്‍ഡേഴ്‌സ്) തയ്യാറാക്കിയ 2023 ലെ ലോകമാധ്യമസ്വാതന്ത്ര്യസൂചികയില്‍ 180 രാഷ്ട്രങ്ങളുടെ പട്ടികയില്‍ 161-ാം സ്ഥാനത്താണ് ഇന്ത്യ. ഇത് നടുക്കുന്നതുതന്നെയാണ്. പാക്കിസ്ഥാന്‍ 150-ാമതും അഫ്ഗാനിസ്ഥാന്‍ 152-ാമതും സ്ഥാനത്താണ് എന്നതു മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ നില്‍ക്കുന്ന തീരം എത്രത്തോളം അപകടം നിറഞ്ഞതാണെന്നു നാം തിരിച്ചറിയുന്നത്. ഒന്നാം സ്ഥാനം നോര്‍വേയും 180-ാം സ്ഥാനത്ത് സ്വാഭാവികമായും ഉത്തരകൊറിയുമാണ്.
ലോകത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി ഭരിക്കുന്ന ഉത്തരകൊറിയയുമായുള്ള 19 സ്ഥാനങ്ങളുടെ വ്യത്യാസം അത്ര വലുതൊന്നുമല്ല. നരേന്ദ്രമോദി ഭരണമേറിയതിനുശേഷം 2015 ല്‍ 136-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, എട്ടുവര്‍ഷംകൊണ്ട് 25 സ്ഥാനങ്ങള്‍ താഴേക്കുപോയി
161 ലെത്തിയെന്നത് നമ്മുടെ ഗമനം എങ്ങോട്ടാണെന്നുള്ളതിന്റെ സൂചനയാണ്.
നാല്പതുവര്‍ഷംമുമ്പത്തെ അസൂയാവഹമായ മാധ്യമസ്വാതന്ത്ര്യം ഇന്നൊരു മിത്തായി മാറിയിരിക്കുന്നു. 'അവര്‍ കുനി
യാന്‍ പറഞ്ഞാല്‍ മാധ്യമങ്ങള്‍ മുട്ടിലിഴയും'
എന്നാണ് അടിയന്തരാവസ്ഥക്കാലത്തെ മാധ്യമസ്വാതന്ത്ര്യത്തെ ബിജെപിയുടെ ഉന്നതനേതാവായ എല്‍കെ അദ്വാനി വിശേഷിപ്പിച്ചത്. നരേന്ദ്രമോദി ഭരണത്തിലേറിയ2014 മുതല്‍ മറ്റൊരു രീതിയിലാണ് ഈ അടി
ച്ചമര്‍ത്തല്‍ നടക്കുന്നത് എന്നുമാത്രം.
ഭരണകൂടതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍മാത്രം നിലനില്‍ക്കപ്പെടുന്ന അവസ്ഥ രാജ്യത്തു സംജാതമായതോടെ സത്യം പറയുന്നവരുടെ നില
നില്പ് അപകടത്തിലായി. വാര്‍ത്തകള്‍ ഉത്പന്നമായി മാറുകയും കച്ചവടതാത്പര്യങ്ങള്‍ സുരക്ഷിതമാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍മാത്രം ന്യൂസ് റൂമില്‍ നിലനില്‍ക്കപ്പെടുകയും ചെയ്യുന്നതാണ് അവസ്ഥ. മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുന്ന കോര്‍പ്പറേറ്റുകളും രാഷ്ട്രീയകച്ചവടതാത്പര്യങ്ങള്‍ വിനിയോഗിക്കുന്ന കേന്ദ്രഭരണകൂടവും സൃഷ്ടിച്ച മാറ്റങ്ങളാണവ. അഴിമതി-വര്‍ഗീയവിരുദ്ധ നിലപാടെടുക്കുന്നവര്‍ രാജ്യദ്രോഹികളും പിന്തിരിപ്പന്മാരുമാകുന്ന വിചിത്രമായ ഒരു രാജ്യ
സ്‌നേഹം നമ്മുടെ രാജ്യത്ത് സ്ഥാപിതമായിട്ടു കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ.
സര്‍ക്കാരുകളുടെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജോലികൂടി ഇപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഭരണകൂടം പറയുന്നതെന്തും അപ്പാടെ പകര്‍ത്തി പ്രസിദ്ധീകരിക്കുന്ന ഫോട്ടോസ്റ്റാറ്റ് മെഷീനുകളായി മാധ്യമങ്ങള്‍ മാറിയതോടെ അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ കാലം അസ്തമിച്ചുതുടങ്ങി. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗണ്യമായ ഒരു വിഭാഗം അഴിമതി നിറഞ്ഞതും അഴിമതിക്കു വഴങ്ങുന്നവരുമാണെന്ന് 'കോബ്രപോസ്റ്റി'ന്റെ (ഇന്റര്‍നെറ്റ് ന്യൂസ് പോര്‍ട്ടല്‍) അന്വേഷണത്തില്‍ കണ്ടെത്തി. പരസ്യ വരുമാനത്തിനായി കണ്ണടച്ചുകൊണ്ട് വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പിനും മാധ്യമരംഗം തയ്യാറാകുന്നു.
ഇന്ത്യയിലെ മാധ്യമരംഗം ഇങ്ങനെ തലകീഴായി മറിയാന്‍ എന്താവും കാരണം? ഒന്നുരണ്ട് ഉദാഹരണങ്ങള്‍ ശ്രദ്ധിക്കാം. എന്‍.ഡി.ടി.വി, ശ്രീനിവാസന്‍ ജയ്ന്‍ എന്ന തങ്ങളുടെ പ്രഗല്ഭ റിപ്പോര്‍ട്ടറെ പുറത്താക്കിയത് അമിത്ഷായുടെ മകന് കേന്ദ്രസര്‍ക്കാര്‍ അനധികൃതമായി നല്‍കിയ വായ്പയെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തു എന്നതിനാലാണ്. കൊവിഡ്കാലത്ത് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗതയെ പരാമര്‍ശിച്ച് മാഗസിന്‍ കവര്‍ ചിത്രീകരിച്ചതിന് ഔട്ട് ലുക്ക് മാഗസിന്റെ പ്രഗല്ഭനായ എഡിറ്റര്‍ റൂബന്‍ ബാനര്‍ജിക്കു ജോലി നഷ്ടപ്പെട്ടു എന്നുമാത്രമല്ല, മറ്റൊരു മാധ്യമസ്ഥാപനവും ഭരണകൂടഭീഷണിക്കു വഴങ്ങി അദ്ദേഹത്തിനു ജോലി നല്‍കിയതുമില്ല. കൊവിഡ് സംബന്ധിച്ച് വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ ചെയ്ത അമ്പതോളം മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയുണ്ടായി.
അഴിമതി-വര്‍ഗീയവിരുദ്ധ നിലപാടുകളുള്ള മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം
വേട്ടയാടപ്പെടുകയാണ്. ഒന്നുകില്‍ കൊല്ലപ്പെടുന്നു അല്ലെങ്കില്‍ ജോലി നഷ്ടപ്പെടുകയും കേസുകളാല്‍ വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, നൂറുകണക്കിനു സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാണു ജോലി നഷ്ടമായത്. മാധ്യമങ്ങള്‍ക്കു നേര്‍ക്കുള്ള തുടര്‍ച്ചയായ മാനനഷ്ടക്കേസുകളും സാമ്പത്തികസമ്മര്‍ദങ്ങളുമൊക്കെ രാഷ്ട്രീയനേതൃത്വത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കാനും അവരുടെ അപ്രീതിക്കു പാത്രമായ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കാനും മാധ്യമസ്ഥാപന ഉടമകളെ നിര്‍ബന്ധിതരാക്കുന്നു. 1931 ല്‍ ഒരു കലാപത്തിനിടെ ബ്രിട്ടീഷ് ഗൂഢാലോചനയില്‍ വധിക്കപ്പെട്ട ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി എന്ന പത്രാധിപരിലൂടെ ഗൗരി ലങ്കേഷിലും, ധബോള്‍ക്കറിലും, കല്‍ബുര്‍ഗിയിലും ഒക്കെ മരണത്തിന്റെദൂതര്‍ എത്തിയത് അവര്‍ ജനാധിപത്യ പത്രപ്രവര്‍ത്തനത്തിനായി നിലകൊണ്ടതിനാലാണ്. 2017 മുതല്‍ 2022 വരെയുള്ള മോദിക്കാലത്ത് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 28 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഈ രാജ്യത്തു വിയോജി ക്കുന്നവരോടുള്ള അസഹി ഷ്ണുത കൂടിക്കൊണ്ടിരിക്കുക യും അഭിപ്രായപ്രകടനത്തി നുള്ള സാധ്യതകള്‍ അടഞ്ഞുകൊണ്ടിരിക്കുകയുമാണ്. നിങ്ങള്‍ക്കു സത്യസന്ധമായി കാര്യങ്ങള്‍ പറയാം... ഒരിക്കല്‍ മാത്രം... പിന്നെ കാത്തിരിക്കു ന്നത് യു.എ.പി.എ കേസോ രാജ്യദ്രോഹക്കുറ്റമോ ആണ്.
നമ്മുടെ രാജ്യത്തിന്റെ ധ്രുവീകരണത്തിന് ആക്കംകൂട്ടാന്‍ മാത്രമേ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം പിടിക്കല്‍ സഹായിക്കൂ. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും വക്താക്കളാകണം എന്ന കാഴ്ചപ്പാടാണ് അവരെ നയിക്കേണ്ടത്. പൊതുസമൂഹം എന്തു കാണണം, എന്തു കേള്‍ക്കണം, എന്തു വായിക്കണം, എന്തറിയണം എന്നൊക്കെ അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കുന്ന ഈ വേളയില്‍ ഭരണകൂടത്തിന്റെ സ്തുതിപാഠകരായ മാധ്യമങ്ങളുടെമേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും അസ്തമിച്ചുതുടങ്ങി എന്നതും ചിന്തിക്കണം. കാരണം, മാധ്യമങ്ങള്‍ എന്നും പ്രതിപക്ഷമായിത്തന്നെ തുടരുന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിത.