മനഃസാക്ഷിയുടെ സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ.എല്ലാ വ്യക്തികള്‍ക്കും സ്വതന്ത്രമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുകമാത്രമല്ല, എല്ലാ മതങ്ങളെയും നിഷ്പക്ഷമായി കാണാനും ഭരണഘടന ആവശ്യപ്പെടുന്നു. പൊതുക്രമത്തെയോ ധാര്‍മ്മികതയെയോ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ പൗരന്മാര്‍ക്ക്അവരുടെ വിശ്വാസം ആചരിക്കാനും അവകാശമുണ്ട്.
അവകാശമാണ്; ഔദാര്യമല്ല
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം വ്യക്തതയോടെ നിര്‍വചിക്കുന്നതാണ്. സമത്വത്തിനുള്ള അവകാശം (ആര്‍ട്ടി.14), മതമോ വര്‍ഗമോ, ജാതിയോ ലിംഗമോ ജനനസ്ഥലമോ കണക്കാക്കിയുള്ള വിവേചനത്തിന്റെ നിരോധനം (ആര്‍ട്ടി.15), ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം (ആര്‍ട്ടി.21), മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടി.25), മതപരമായ കാര്യങ്ങളിലെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം (ആര്‍ട്ടി.26), ന്യൂനപക്ഷ താത്പര്യങ്ങളുടെ സംരക്ഷണം (ആര്‍ട്ടി.29), ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ഭരണം നടത്താനുമുള്ള അവകാശം (ആര്‍ട്ടി.30) എന്നിങ്ങനെ ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷവകുപ്പുകള്‍ ആരുടെയും ഔദാര്യമല്ല; ന്യൂനപക്ഷങ്ങളുടെ അവകാശമാണ്.
ന്യൂനപക്ഷാവകാശം ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിത്തറയായ ഭരണഘടനയുടെ അതീവപ്രാധാന്യമുള്ള വ്യവസ്ഥയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ താത്പര്യസംരക്ഷണത്തിനുവേണ്ടി ഭരണഘടനാശില്പികള്‍ ദീര്‍ഘവീക്ഷണത്തോടെ എഴുതിച്ചേര്‍ത്ത് പതിറ്റാനുകളായി തുടരുന്ന അടിസ്ഥാന നിയമസംഹിതകള്‍ ഇന്ത്യന്‍ ഭരണഘട
നയെ മഹത്തരമാക്കുന്നു. 1974 ലെ സെന്റ്സേവ്യേഴ്‌സ് കേസിലും 2002 ലെ ടിഎംഎ പൈ ഫൗണ്ടേഷന്‍ കേസിലും ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നുവെന്നു രാജ്യത്തെ ഉന്നതനീതിപീഠം സൂചിപ്പിക്കുന്നു. ജനാധിപത്യം, ബഹുത്വം,മതേതരത്വം, സമത്വം എന്നിവ അനുവദിച്ചുകൊടുക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ മൗലികാവകാശങ്ങള്‍രാഷ്ട്രത്തിന്റെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും ഭാഗമാണ്.
ന്യൂനപക്ഷപദവി മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ഔദാര്യവും ദയയുമാണെന്നു പലരും കരുതുന്നു. ഇതു തെറ്റായ കാഴ്ചപ്പാടും ചിന്തയുമാണ്. ന്യൂനപപദവിയും അവകാശവും മാനദണ്ഡങ്ങളും വലിയ സങ്കീര്‍ണതയിലേക്കു നീങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. എത്രശതമാനംവരെ ജനസംഖ്യയുണ്ടെങ്കില്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി കണക്കാക്കാം എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
ന്യൂനപക്ഷങ്ങളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തിയെടുക്കുന്നതിനാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ടി.എം.എ. പൈ. ഫൗണ്ടേഷന്‍ വിധിന്യായത്തില്‍ പറയുന്നു. ന്യൂനപക്ഷസംരക്ഷണം മൗലികാവകാശമാണെന്നിരിക്കേ സാധാരണ നിയമങ്ങളെ സമീപിക്കുന്ന രീതിയിലും കാഴ്ചപ്പാടിലും ന്യൂനപക്ഷസംരക്ഷണത്തെ സമീപിച്ചു ദുര്‍ബലപ്പെടുത്തുന്നതും വ്രണപ്പെടുത്തുന്നതും ശരിയല്ല.
ജനാധിപത്യഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍, ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണകവചമാണ് ഇന്ത്യന്‍ ഭരണഘടന വളരെ ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തെക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
സംരക്ഷണം വേണ്ടതാര്‍ക്ക്?
സ്വാതന്ത്ര്യം പ്രാപിച്ച് 45 വര്‍ഷത്തിനുശേഷം 1992 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏതെന്നു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളെ മതന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചു. പിന്നീട് ജൈനരും ഇക്കൂടെ വന്നു. ഇങ്ങനെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളാണ് ഔദ്യോഗികമായി ഇന്ത്യയിലിന്നു നിലവിലുള്ളത്. തുടര്‍ന്നിങ്ങോട്ട് ന്യൂനപക്ഷക്ഷേമവകുപ്പുകള്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുകള്‍, 2005 ല്‍ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്കും വിധവകള്‍ക്കും യുവാക്കള്‍ക്കുംമാത്രമല്ല മതന്യൂനപക്ഷവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കെല്ലാമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് ബജറ്റില്‍ പണം വകയിരുത്തി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കി. സംസ്ഥാനങ്ങളിലാകട്ടെ ന്യൂനപക്ഷക്ഷേമവകുപ്പും മന്ത്രിമാരും ന്യൂന
പക്ഷ കമ്മീഷനും നിലവില്‍വന്നു.
ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവിന്റെ അളവുകോല്‍ ജനസംഖ്യയാണ്. അംഗസംഖ്യയുടെ കുറവാണ് ദുര്‍ബലാവസ്ഥയുടെ പ്രധാന കാരണമെന്ന്
ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ സംരക്ഷണം വേണ്ടതാര്‍ക്ക്? ജനസംഖ്യ കുറയുന്നവര്‍ക്കോ ജനസംഖ്യ കുതിച്ചുയരുന്നവര്‍ക്കോ? ഇന്ത്യയിലെ ന്യൂനപക്ഷമതവിഭാഗങ്ങളിലെ ഭൂരിപക്ഷ മതവിഭാഗമൊഴിച്ച് മറ്റ് അഞ്ചു വിഭാഗങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്ന ചോദ്യത്തിന് വര്‍ഗീയ വോട്ടുരാഷ്ട്രീയത്തിന്റെ അട്ടിപ്പേറ് അവകാശവുമായി അധികാര സ്വപ്‌നങ്ങള്‍ താലോലിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ക്കു മറുപടിയില്ല.
ഭരണഘടനയെ അട്ടിമറിച്ച് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷത്തെ സംരക്ഷിക്കുന്ന നയമാണ് കാലങ്ങളായി രാഷ്ട്രീയനേട്ടത്തിനായി ഭരണാധികാരികള്‍ സ്വീകരിച്ചത്. ഇതിനായി കണ്ടുപിടിച്ച കുറുക്കുവഴിയാണ് ജനസംഖ്യയുടെ കുറവിന് അപ്പുറമുള്ള സാമൂഹികപിന്നാക്കാവസ്ഥ. സാമൂഹികപിന്നാക്കാവസ്ഥയുടെ ആഴമനുസരിച്ച് പട്ടികവിഭാഗങ്ങള്‍, മറ്റു പിന്നാക്കവിഭാഗങ്ങള്‍ എന്ന് രണ്ടായി തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാവളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം. ന്യൂനപക്ഷാവകാശങ്ങളോടൊപ്പം ഭരണഘടനവിഭാവനം ചെയ്യുന്ന ന്യൂനപക്ഷസംരക്ഷണം ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ക്കാകണം. പ്രത്യേകിച്ച്, അംഗബലം കുറയുന്ന മൈക്രോ മൈനോരിറ്റി വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കണം. മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം, വിശ്വാസം, മൂല്യങ്ങള്‍ എന്നിവ കാത്തുസൂക്ഷിക്കുന്നതിനും വരുംതലമുറയ്ക്ക് കൈമാറുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം, പലപ്പോഴും രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ ധാര്‍ഷ്ട്യത്തിനുമുമ്പില്‍ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബലികഴിക്കേണ്ടിവരുന്നതിന്റെ അനന്തരഫലം ഭാവിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി പലരും മറന്നുപോകുന്നു. കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും ലോകത്ത് അനേകരുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ബാക്കിപത്രമാണ് രാജ്യത്ത് പടുത്തുയര്‍ത്തിയിരിക്കുന്ന ക്രൈസ്തവരുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹികസേവനസ്ഥാപനങ്ങളെന്നുള്ള ബോധ്യമില്ലായ്മയും വലിയ അപകടത്തിലേക്കാണു നയിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവിപോലും നിര്‍ണയിക്കുന്നത് പഠിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും അതേ മതന്യൂനപക്ഷ വിദ്യാര്‍ഥികളായാല്‍ മാത്രമേ ലഭ്യമാകൂ എന്ന സ്ഥിതിവിശേഷവും കടന്നുവരുന്നു. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരക്ഷരഗ്രാമീണസമൂഹമായിരിക്കുമെന്നു പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. കേരളവും ആ സ്ഥിതിയിലേക്കു വരികയാണ്.
ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനനിരോധനനിയമം അടിച്ചേല്പിച്ച് ക്രൈസ്തവന്യൂനപക്ഷത്തെ നിരന്തരം ആക്രമിക്കുന്ന ക്രൂരത ആവര്‍ത്തിക്കുന്നു. മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട് വിശ്വാസികളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുന്നു. ജനിച്ചുവീണ മണ്ണ് ഉപേക്ഷിച്ച് ക്രൈസ്തവര്‍ ചില സംസ്ഥാനങ്ങളില്‍നിന്നു പലായനം ചെയ്യുന്നു. ആരാധനാലയങ്ങളും ക്രൈസ്തവസ്ഥാപനങ്ങളും അടിച്ചുതകര്‍ക്കുന്നു. കടന്നാക്രമങ്ങള്‍ക്കെതിരേ നടപടികളില്ലാതെ ഭരണസംവിധാനങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നു. ഭരണഘടനാദത്തമായ അവകാശങ്ങളുടെ ധ്വംസനമല്ലേ ഈ ക്രൂരതകള്‍? മതപരിവര്‍ത്തന നിരോധനനിയമം ക്രൈസ്തവരെ ആക്രമിക്കാനുള്ള ലൈസന്‍സാണോ?
ഏതു മതത്തിലും വിശ്വസിക്കാന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശത്തെ ദളിതരായി എന്ന കാരണത്താല്‍ നിഷേധിക്കുകയും പതിറ്റാണ്ടുകളായി കോടതിവ്യവഹാരത്തിലേക്ക് ഇവരെ തള്ളിവിടുകയും ചെയ്യുന്നതു നീതികേടാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രംഗനാഥ് മിശ്ര അധ്യക്ഷനായി 2005 ല്‍ രൂപീകരിച്ച മത, ഭാഷാ, ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്ന ദളിത് വിഭാഗങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കാന്‍ 2007 ല്‍ കമ്മീഷന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് വീണ്ടും ഒരു പഠനക്കമ്മീഷനെ വച്ചിരിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്.
2023 മേയ് 3 മുതല്‍ മണിപ്പുരില്‍ ലോകമനഃസാക്ഷിയെ വെല്ലിവിളിച്ച് അരങ്ങേറിയ ക്രൂരതകള്‍ക്ക് ഇന്നും ശമനമായിട്ടില്ല. വംശീയകലാപമെന്നു വ്യാഖ്യാനിക്കുന്നെങ്കിലും ഇരകളായി കൊലചെയ്യപ്പെട്ടവരില്‍ ഏറെയും ക്രൈസ്തവരും തകര്‍ക്കപ്പെട്ടത് ക്രൈസ്തവദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ്. സംസ്ഥാന ഭരണകൂടവും ഈ ക്രൂരത നേരിടുന്നതിലും അടിച്ചമര്‍ത്തുന്നതിലും പരാജയപ്പെട്ടു.
ക്രൈസ്തവപഠന റിപ്പോര്‍ട്ടെവിടെ?
ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ വിവേചനം, ന്യൂനപക്ഷ ധനകാര്യസ്ഥാപനങ്ങളില്‍ ഇരട്ടനയം എന്നിങ്ങനെ സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമവകുപ്പ് ക്രൈസ്തവരെ കറിവേപ്പിലയാക്കി വലിച്ചെറിയാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റാണ് ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനും ജസ്റ്റിസ് ജെ.ബി.കോശി അധ്യക്ഷനായ മൂന്നംഗക്കമ്മറ്റിയെ 2020 നവംബര്‍ 5 ന് സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചത്.
2021 ഫെബ്രുവരി 9 ന് കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. 2021 ജൂലൈ 30 നുള്ളില്‍ സംസ്ഥാനത്തെ വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് 2021 ഫെബ്രുവരി 9 ലെ ഉത്തരവിലുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധികളും സര്‍ക്കാരില്‍നിന്നു കമ്മീഷനു നല്‍കേണ്ട അനുബന്ധക്രമീകരണങ്ങളുടെ കാലതാമസംമൂലവും റിപ്പോര്‍ട്ട് വൈകി രണ്ടര വര്‍ഷത്തിനുശേഷം 2023 മേയ് 17 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു.
ജെ.ബി.കോശി കമ്മീഷന്റെ ക്രൈസ്തവക്ഷേമപദ്ധതി നിര്‍ദേശങ്ങള്‍മാത്രമല്ല, സംസ്ഥാനത്ത് കമ്മീഷന്‍ നടത്തിയ പഠനവും വളരെ പ്രാധാന്യമേറിയതാണ്. ഭരണസംവിധാനങ്ങള്‍ പൂര്‍ണറിപ്പോര്‍ട്ടു പുറത്തുവിടാതെ ഒളിച്ചോട്ടം നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. 2024 മാര്‍ച്ചില്‍ റിപ്പോര്‍ട്ടിന്റെ നടത്തിപ്പിനായി മൂന്നംഗക്കമ്മിറ്റിയെ വച്ചു. എന്നിട്ടും തുടര്‍നടപടികളില്ല.
'കേരള സ്റ്റോറി' വിവാദം
ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച് പ്രദര്‍ശനം അനുവദിച്ച സിനിമയാണ് കേരള സ്റ്റോറി. സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശനിലൂടെ പൊതുസമൂഹത്തിനൊന്നാകെ കാണാന്‍ അവസരമൊരുക്കിയ ഫിലിം. പ്രണയത്തിന്റെ പിന്നിലെ ചതിക്കുഴികള്‍ യുവതലമുറയെ ബോധ്യപ്പെടുത്താന്‍ ഇടുക്കി രൂപത വിശ്വാസപരിശീലന ഇന്റന്‍സീവ് കോഴ്‌സില്‍ ഉയര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കായി വിലയിരുത്തി പ്രതികരണമറിയിക്കാന്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചത് വിവാദമാക്കാന്‍ ശ്രമിക്കുന്നവരുടെ വിവരക്കേട് രാഷ്ട്രീയ അടിമത്തവും ഭീകരതയെ പുല്‍കലുമാണ്.
പ്രണയക്കെണികളെക്കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിച്ചാല്‍ മതസൗഹാര്‍ദം നഷ്ടപ്പെടുമെന്ന് ചാനല്‍ ചര്‍ച്ചകളിലും രാഷ്ട്രീയവേദികളിലും പുലമ്പുന്നവരാണ് ഈ നാട്ടില്‍ അരാജകത്വത്തിന്റെ വിത്തുകള്‍ പാകുന്നത്. സമൂഹത്തില്‍ മതസൗഹാര്‍ദം സംരക്ഷിച്ചു നിലനിര്‍ത്താന്‍ എക്കാലവും ഉറച്ച നിലപാടെടുത്ത സമൂഹമാണ് ക്രൈസ്തവര്‍. സ്വന്തം മക്കളെ പ്രണയക്കെണികളെക്കുറിച്ചു ബോധവത്കരിച്ചാല്‍ മതസൗഹാര്‍ദം നഷ്ടപ്പെടുമെന്നു നാടുനീളെ വിലപിച്ചു വെല്ലുവിളിയുയര്‍ത്തുന്നവരാണ് സമൂഹത്തില്‍ ഭിന്നിപ്പും വെറുപ്പും സൃഷ്ടിക്കുന്നവര്‍. ഇവരാണ് നാശത്തിന്റെ വിത്തുവിതറുന്നവര്‍.
കേരള സ്റ്റോറി കേരളസമൂഹം കാണട്ടെ; വിലയിരുത്തട്ടെ. ഇതൊരു സിനിമയാണ്, ഡോക്യുമെന്ററിയല്ല. സിനിമയിലെ കഥാപാത്രങ്ങള്‍ക്കു സമൂഹത്തില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങളുമായി ബന്ധം തോന്നിക്കുന്നെങ്കില്‍ പരിഭവിച്ചിട്ടെന്തുകാര്യം? ഈ പരിഭവവും എതിര്‍പ്പും ചൂണ്ടിക്കാട്ടുന്നത് കേരള സ്റ്റോറി യാഥാര്‍ഥ്യമാണെന്നല്ലേ? തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്താന്‍ തയ്യാറാകാതെ എതിര്‍ത്തുതോല്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഭീകരവാദത്തെ പാലൂട്ടുന്നവര്‍തന്നെ. ഈയവസ്ഥയിലേക്ക് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതാക്കളും ചാനല്‍ ജഡ്ജിമാരും തരംതാഴുന്നത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക അധഃപതനമാണ്.
വിരട്ടല്‍ വിലപ്പോവില്ല
ക്രൈസ്തവസഭകളുടെ ആഭ്യന്തരകാര്യമായ വിശ്വാസപരിശീലനത്തെപ്പോലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന ക്രൈസ്തവവിരുദ്ധകേന്ദ്രങ്ങള്‍ ശക്തിപ്രാപിക്കുന്നത് വെറുതെ നോക്കിയിരിക്കാനാവില്ല. ക്രൈസ്തവര്‍ക്കുേനരേ ഉറഞ്ഞുതുള്ളുന്നവര്‍ക്ക് മറ്റു മതസമൂഹങ്ങളുടെ മതപഠനത്തെ വിലയിരുത്താനുള്ള തന്റേടമുണ്ടോ? ഇവര്‍ വിളമ്പുന്ന വിദ്വേഷങ്ങള്‍ക്കും നല്‍കുന്ന ഭീകരവാദപരിശീലനങ്ങള്‍ക്കും മുമ്പില്‍ നട്ടെല്ലുവളഞ്ഞോ? സമാധാനവും സൗഹാര്‍ദവും ആഗ്രഹിക്കുന്ന ക്രൈസ്തവസമൂഹത്തിന്റെമേല്‍ എന്തുമാകാമെന്നു കരുതുന്നതു മൗഢ്യമാണ്. ക്രൈസ്തവവിശ്വാസിയുടെ നിശ്ശബ്ദതയില്‍ അടിഞ്ഞുകൂടുന്ന കനലുകളുടെ കനം അളക്കാനാവാത്തതാണ്. ഒരു കാര്യം വ്യക്തം, കേരള സ്റ്റോറിക്കെതിരേ ശബ്ദിക്കുന്നവര്‍ ഭീകരവാദത്തെ പുല്‍കുന്നവര്‍തന്നെ. ആഗോളഭീകരവാദത്തിന്റെ അടിവേരുകളെവിടെയെന്ന് ജനമറിയുന്നതില്‍ ഭയപ്പെടുന്നതെന്തിന്? യുവത്വത്തിന്റെ തിളപ്പിലും ആവേശത്തിലും ആകര്‍ഷണവലയിലും അകപ്പെട്ട് എല്ലാം നഷ്ടപ്പെടുന്നവരുടെ ചിത്രം വരച്ചുകാട്ടുമ്പോള്‍ മതവികാരം വ്രണപ്പെടുകയല്ല; ഇതല്ല തങ്ങളുടെ മതമെന്ന് വിളിച്ചുപറയുവാന്‍ തന്റേടം കാണിക്കുകയാണ് വിവരമുള്ള യഥാര്‍ഥമത സ്‌നേഹികള്‍ ചെയ്യേണ്ടത്. മനുഷ്യനെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന ആഗോള ഭീകരതയ്ക്കെതിരേ സ്വരമുയര്‍ത്താനും യുവത്വത്തെ കശാപ്പുചെയ്യുന്ന കൊടുംക്രൂരതയ്‌ക്കെതിരേ പ്രതികരിക്കാനും മുന്നോട്ടു വരുകയാണു വേണ്ടത്.
കവര്‍സ്റ്റോറി
കരങ്ങള്‍ കോര്‍ക്കാം ആഗോള ഭീകരതയ്ക്കെതിരേ
