കേരളത്തിന്റെ പ്രധാന വരുമാനം എന്താണെന്നന്വേഷിച്ചാല്‍ ചെന്നെത്തുക വായ്പയെടുക്കുന്ന തുകയാണെന്ന ഉത്തരത്തില്‍ എത്തിച്ചേരും. വരവറിയാതെകടമെടുത്തു ചെലവഴിച്ചാല്‍ കുടുംബങ്ങളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും സര്‍ക്കാരാണെങ്കിലും ചെന്നെത്തുക പടുകുഴിയിലേക്കായിരിക്കും. കടം വാങ്ങുന്ന തുകകൊണ്ട് ബിസിനസ് ചെയ്താല്‍ ലാഭം കിട്ടുന്ന പണത്തില്‍ നിന്നു പലിശയും മുതലും തിരിച്ചടയ്ക്കാന്‍ കഴിയും. എന്നാല്‍, വായ്പയെടുക്കുന്ന തുക മുഴുവന്‍ ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി നീക്കിവച്ചാല്‍ തിരിച്ചടവ് എങ്ങനെ, ആരുനടത്തും എന്ന ചോദ്യത്തിനു ഭരണാധികാരികള്‍ക്കു മറുപടിയില്ല. ഈ ബാധ്യത മുഴുവന്‍ അടുത്ത തലമുറയുടെ ചുമലിലേക്കു കൈമാറുന്നതു ശരിയാണോ?
1968 - 2023 കാലഘട്ടത്തില്‍ നെല്ലിന്റെവില വര്‍ധിച്ചത് 19 ഇരട്ടി. റബര്‍വില കൂടിയത് 33 ഇരട്ടി. സ്വര്‍ണവില കൂടിയത് 50ഇരട്ടി. ശമ്പളവര്‍ധനവിനായി ഉപയോഗി
ക്കുന്ന വിലക്കയറ്റത്തിന്റെ അളവുകോലായി പരിഗണിക്കപ്പെടുന്ന ഉപഭോക്തൃവിലസൂചിക കൂടിയത് 7 ഇരട്ടിമാത്രം. സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളസ്‌കെയിലെ കുറഞ്ഞ ശമ്പളം 1968-2023 കാലഘട്ടത്തില്‍ വര്‍ധിച്ചത് 328 ഇരട്ടിയാണെങ്കില്‍ (70 രൂപയില്‍നിന്ന് 23000 രൂപയിലേക്ക്) കുറഞ്ഞ ശമ്പളസ്‌കെയിലിലെ കൂടിയ ശമ്പളം വര്‍ധിച്ചത് 436 ഇരട്ടിയാണ് (115 രൂപയില്‍നിന്ന് 50200 രൂപയിലേക്ക്). എന്നാല്‍, 1968 ല്‍ ഒരു കിലോ റബര്‍ ഷീറ്റിന് 4.66 രൂപയുണ്ടായിരുന്നത് 2023 ല്‍
157 രൂപയായി വര്‍ധിച്ചു (33 ഇരട്ടി).നെല്ലിന്റെ വില 1.40 രൂപയില്‍നിന്ന് 28.20 രൂപയിലേക്ക് (19 ഇരട്ടി) വര്‍ധിച്ചു.
ബാങ്കിങ്‌മേഖലയിലെ 1989 മുതലുള്ളകണക്കുകള്‍ ലഭ്യമായതിനാല്‍ അതുവച്ചുള്ള പഠനമാണ് നടത്താന്‍ കഴിഞ്ഞത്. അക്കാലത്തെ സര്‍ക്കാര്‍ജീവനക്കാരന്റെ ശമ്പളം 750 രൂപയില്‍നിന്ന് 23000 ആയി വര്‍ധിച്ചപ്പോള്‍ (30 ഇരട്ടി) ബാങ്കിങ് മേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പളം 815 ല്‍നിന്ന് 14500 ആയി (17 ഇരട്ടി) വര്‍ധിച്ചു. ഈ കണക്കുകള്‍ ആരിലും അസ്വസ്ഥതയുളവാക്കാന്‍ വേണ്ടിയല്ല; മറിച്ച്, സംസ്ഥാനത്തെ കര്‍ഷകരുടെ പരിതാപകരമായ അവസ്ഥ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇടതുപക്ഷഭരണത്തില്‍ എപ്പോഴുംകൃഷി ഭക്ഷ്യ, റവന്യൂ വകുപ്പുകള്‍ ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. അടുത്ത കാലംവരെ വനംവകുപ്പുംഅവര്‍ക്കുതന്നെയായിരുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാതിരുന്ന'പരിസ്ഥിതിലോലപ്രദേശനിയമം' കൊണ്ടുവന്ന് കര്‍ഷകരെ അവന്റെ ഭൂമിയില്‍നിന്ന് ഒരു നഷ്ടപരിഹാരവും നല്‍കാതെ കുടി യൊഴിപ്പിച്ചത് ഈ വകുപ്പു ഭരിച്ചിരുന്ന മന്ത്രിമാര്‍തന്നെയാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ മങ്കുട്ടി കണ്ണനെ 50 സെന്റ് ആധാരഭൂമിയില്‍നിന്ന് ഇറക്കി വിട്ടതും 5.5 ഏക്കര്‍ ഭൂമിയുടെ ഉടമയായ പാറയ്ക്കല്‍ തോമസിനെ കുടിയിറക്കിയതും ഇ എഫ്എല്‍ നിയമത്തിന്റെ പേരിലായിരുന്നു. ഈ കര്‍ഷകന്‍ ഇന്നു ഭൂരഹിതനായി മകന്റെ സംരക്ഷണത്തില്‍ കഴിയുകയാണ്. ഇങ്ങനെ നൂറുകണക്കിനു കര്‍ഷകകുടുംബങ്ങള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുണ്ട്.
കാലാകാലങ്ങളായി ഉത്പാദനച്ചെലവുപോലും ലഭിക്കാത്ത കര്‍ഷകര്‍ വര്‍ഷാവര്‍ഷം കൃഷിയിറക്കുന്നതിനായി എടുത്ത വായ്പാഭാരം താങ്ങാനാവാതെ
ആത്മഹത്യാവക്കിലെത്തി നില്‍ക്കുന്നു. കേരളത്തിലെ കര്‍ഷകരുടെ ആളോഹരികടത്തെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ (നാഷണല്‍ സാമ്പിള്‍
സര്‍വെ ഓര്‍ഗനൈസേഷന്‍ സ്ഥിതിവിലയിരുത്തല്‍ സര്‍വേ 2021, ദേശീയവായ്പനിക്ഷേപതാരതമ്യസര്‍വേ) പ്രകാരം കേരളത്തിലെ ഒരു കര്‍ഷകന്റെ ശരാശരി കട
ബാധ്യത 5.46 ലക്ഷം രൂപയാണ്. ദേശീയതലത്തില്‍ ഇന്ന് 1.82 ലക്ഷം രൂപമാത്രം.
കര്‍ഷകര്‍ കൈവശം വച്ചിരിക്കുന്നത് കയ്യേറ്റഭൂമിയാണെന്നാണ് പല കര്‍ഷകവിരുദ്ധസംഘടനകളുടെയും പ്രചാരണം. ഭൂമി എല്ലാം രാജാവിന്റേതായിരുന്നു. അവിടെ കൃഷി ചെയ്യാന്‍ ഭൂമി പാട്ടത്തിനു നല്‍കിവരുകയെന്നതായിരൂന്നു രാജാക്കന്മാര്‍ ചെയ്തിരുന്നത്. രാജാവിനു താത്പര്യം തോന്നുന്നവര്‍ക്ക് ചിലയവസരങ്ങളില്‍
ഭൂമി പതിച്ചു നല്‍കുകയും ചെയ്തിരുന്നു.
1701 മുതല്‍ നാളിതുവരെ കയ്യേറിയ സര്‍ക്കാര്‍ഭൂമിയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും സ്വന്തം ഭൂമി എന്നു പറയുന്നത്. രാജഭരണത്തിനുശേഷം ജനാധിപത്യഭരണക്രമത്തിലും ഇങ്ങനെ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാട്ടില്‍ ഭക്ഷ്യധാന്യലഭ്യത കുറഞ്ഞപ്പോള്‍ ഇടുക്കിയിലെ കാടുപിടിച്ചു കിടന്ന റവന്യൂഭൂമി പട്ടം താണുപിള്ള എന്ന മുഖ്യമന്ത്രി കര്‍ഷകര്‍ക്കു നല്‍കി. കപ്പ, നെല്ല് പോലെയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാനുള്ള പണവും നല്‍കിയാണ് കര്‍ഷകരെ കുടിയേറ്റിയത്.
''ആദ്യം കയ്യേറുക പിന്നെ നിയമാനുസൃതമാക്കുക'' എന്ന 1701 മുതലുള്ള സ്ഥിരം പതിവിനെ ചോദ്യം ചെയ്യാതെ 1964 നു ശേഷമുള്ളതുമാത്രം നിയമാനു
സൃതമല്ല എന്ന ഇരട്ടത്താപ്പ് ശരിയല്ല. കേരളത്തിലെ ഭൂവിസ്തൃതിയുടെ 54 ശതമാനം വനാവരണമാണ്. ദേശീയതലത്തില്‍ ഇത് 24 ശതമാനം.
1972 ലെ വന്യജീവിസംരക്ഷണനിയമത്തിലെ 11(2) വകുപ്പുപ്രകാരം ജീവനുഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്ന അധികാരമുപയോഗപ്പെടുത്തണം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ ഓരോ ദിവസവും വളരെ ഭീതിയോടെയാണു കഴിയുന്നത്. ജല്ലിക്കെട്ടുവിഷയത്തില്‍ കേന്ദ്രനിയമത്തിനു സമാന്തരമായി സംസ്ഥാനങ്ങള്‍ സ്വതന്ത്രനിയമനിര്‍മാണം നടത്തണമെന്നതാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
കേന്ദ്രപരിസ്ഥിതിവകുപ്പ് രണ്ടുവര്‍ഷം കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടിന്റെ 2021 ലെ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സര്‍ക്കാര്‍ വനവിസ്തൃതി 9679ചതുരശ്രകിലോമീറ്റര്‍ രേഖപ്പെടുത്തുമ്പോള്‍ സംസ്ഥാനവനംവകുപ്പിന്റെ കണക്കില്‍ അത് 11521.9 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ കയ്യേറ്റം എന്നത് 50 ചതുരശ്രകിലോമീറ്റര്‍ (0.5 ശതമാനം) മാത്രമാണ്.
ഇത്തരത്തിലുള്ള ആക്ഷേപങ്ങളൊക്കെ കേട്ടശേഷവും കര്‍ഷകന്‍ ഇവിടത്തെ ജനങ്ങളെ തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. നെല്‍ക്കൃഷി ആദായകരമാകണമെങ്കില്‍ ഉത്പാദനച്ചെലവിനെക്കാള്‍ കുടിയ താങ്ങുവില പ്രഖ്യാപിച്ച് അതു സംഭരിക്കണം. അതിനുപകരം കേന്ദ്രത്തെ കുറ്റംപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാനബജറ്റിലെ വാര്‍ഷികച്ചെലവ് 255386 കോടി രൂപയാണ്. കേരളത്തിലെ മൊത്തം നെല്ലുത്പാദനം 592684 മെട്രിക് ടണ്ണാണ്. 28.20 രൂപ നിരക്കില്‍ നെല്ലുവാങ്ങാന്‍ സംസ്ഥാനം ചെലവാക്കേണ്ടത് 1671 കോടി രൂപ. നെല്ല് അരിയാക്കി വിറ്റ് ഒരു മാസത്തിനുള്ളില്‍ പണം ഖജനാവിലെത്തും. 1671 കോടി രൂപയ്ക്ക് 8 ശതമാനം പലിശവച്ചു കണക്കാക്കിയാല്‍ പതിനൊന്നു കോടി രൂപമാത്രമാണ് ചെലവഴിക്കേണ്ടിവരുക.
കാര്‍ഷികവിളകളില്‍നിന്ന് ഏറ്റവും കൂടുതല്‍ സംസ്ഥാനവരുമാനം നേടിത്തരുന്ന റബര്‍ക്കൃഷി സംസ്ഥാനത്തിനുള്ളില്‍ത്തന്നെ അവഗണിക്കപ്പെടുകയാണ്. റബറിന്റെ ഇറക്കുമതിച്ചുങ്കം കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 8985 കോടി രൂപയാണ് റബര്‍ ഇറക്കുമതിച്ചുങ്കത്തിലൂടെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച വരുമാനം. ഇതിന്റെ 6738 കോടി രൂപ (75 ശതമാനം) കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. 2016 നു ശേഷം റബര്‍ കര്‍ഷക ഉത്തേജനപദ്ധതിക്കായി 3000 കോടി രൂപയാണ് ഇടതുസര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചതെങ്കിലും നാളിതുവരെ വിതരണം ചെയ്തത് 1989 കോടി രൂപമാത്രം.
എല്ലാത്തരം കര്‍ഷകരെയും ജന്മിമാരായാണ് ഇടതുപക്ഷം കണക്കാക്കിപ്പോരുന്നത്. ഇവിടെ 25000 മുതല്‍ രണ്ടരലക്ഷംവരെ പ്രതിമാസശമ്പളം പറ്റുന്നവര്‍ തൊഴിലാളിയും പ്രതിവര്‍ഷം 10000 രൂപ വരുമാനം കിട്ടുന്ന കര്‍ഷകന്‍ ജന്മിയുമാണ്. ഈ കാഴ്ചപ്പാടാണ് കേരളസമൂഹത്തിന്റെയും കര്‍ഷകന്റെയും ദുര്യോഗം.
കൃഷിക്കാര്‍ക്കുവേണ്ടി കേരളബജറ്റില്‍ 402 കോടി നീക്കി വച്ചപ്പോള്‍ ശമ്പളത്തിനായി 40051 കോടി രൂപയാണ് വകകൊള്ളിച്ചത്. ഇവര്‍ക്കു ശമ്പളം നല്‍കാനായി ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത നികുതിയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഇന്ത്യയിലെ ആളോഹരി ആവറേജ് നികുതി 13022 രൂപ ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 20795 രൂപയാണ്. ബംഗാളില്‍ 8047 രൂപയും യുപിയില്‍ 9458 രൂപയും മാത്രമാണ്.
റവന്യൂച്ചെലവ് കുറയ്ക്കാതെ കേരളത്തിനു മുമ്പോട്ടുപോകാന്‍ കഴിയില്ല. 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 160638 കോടി രൂപയായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആളോഹരി കടം 45897 രൂപ. 2024-25 സാമ്പത്തികവര്‍ഷത്തെ കടം കണക്കാക്കിയിരിക്കുന്നത് 507435 കോടിയാകുമെന്നാണ്. ഓരോ മലയാളിയുടെയും കടം 143749 രൂപയായി വര്‍ധിച്ചു. ഇത്രയും ബാധ്യത ഓരോ മലയാളിക്കും വച്ചുനീട്ടിയശേഷം വീണ്ടും കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഭരണഘടനാബഞ്ചിനു വിടുകയാണുണ്ടായത്. സാമ്പത്തികസ്വയംഭരണാവകാശത്തില്‍ കേന്ദ്രം ഇടപെടുന്നത് തടയണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാനം എടുക്കുന്ന കടം തിരിച്ചടച്ചില്ലെങ്കില്‍ അതിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിനാണെന്നും 2014 ല്‍ കൊച്ചി മെട്രോറെയിലിനായെടുത്ത വായ്പയുടെ കുടിശ്ശിക ഒഴിവാക്കാന്‍ കേന്ദ്രമാണു പണം അടച്ചതെന്നുമാണ് കൂടുതല്‍ കടം എടുക്കുന്നതിനെ എതിര്‍ക്കുന്നവരുടെ വാദം. ചില വിദേശരാജ്യങ്ങളിലെ സംസ്ഥാനങ്ങള്‍ വരുത്തിവച്ച സാമ്പത്തുകബാധ്യത ആ രാജ്യത്തെത്തന്നെ കടക്കെണിയിലാക്കിയെന്നും പറയപ്പെടുന്നു. 1980-90 കളില്‍ ബ്രസീലിലും 1991 ല്‍ അര്‍ജന്റീനയിലും 1995 ല്‍ മെക്‌സിക്കോയിലും 1998 ല്‍ റഷ്യയിലുമുണ്ടായ സാമ്പത്തികപ്രതിസന്ധിക്കു കാരണം ആ രാജ്യങ്ങളിലെ ഓരോ സംസ്ഥാനവും വരുത്തിവച്ച കടക്കെണിയാണ്. അതുകൊണ്ട് കേരളം ഉണ്ടാക്കുന്ന കടം ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെപ്പോലും ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
വരുമാനം കുറയുമ്പോള്‍ ചെലവു കുറയ്ക്കുക എന്നതാണ് ഏകമാര്‍ഗം. സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ 25000 രൂപയായി നിശ്ചയിച്ചാല്‍ നിലവിലെ പെന്‍ഷന്‍ചെലവില്‍നിന്ന് 12859 കോടി രൂപ മിച്ചം വയ്ക്കാനാവുമെന്നും ഈ പണം ഉപയോഗിച്ച് 10 ലക്ഷം ചെറുകിടനാമമാത്രകര്‍ഷകരടക്കം കേരളത്തില്‍ പുതുതായി 214367 ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനുമാകുമെന്നുമാണു കണക്കാക്കപ്പെടുന്നത്. ഭൂപരിഷ്‌കരണനിയമംപോലെ ഒരു ''പെന്‍ഷന്‍ പരിമിതപ്പെടുത്തല്‍ നിയമം'' കേരളത്തിന്റെ ഭാവിക്കാവശ്യമാണ്.
കേരളത്തിന്റെ ഇന്നത്തെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാനകാരണം കഴിഞ്ഞ ശമ്പളപരിഷ്‌കരണംതന്നെ. ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൂട്ടിക്കൊടുക്കുന്നത് എതിര്‍ത്താല്‍ തിരഞ്ഞെടുപ്പില്‍ കിട്ടാവുന്ന ഏതാനും വോട്ടുകള്‍ നഷ്ടപ്പെടുമോ എന്നു ഭയന്ന് പ്രതിപക്ഷവും വര്‍ധനവിനെ എതിര്‍ക്കില്ല. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും എങ്ങനെയാണ് ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയതെന്നു നോക്കാം. 2016 ല്‍ ശമ്പളപരിഷ്‌കരണം നടത്തിയ തമിഴ്‌നാട് അതിന് പ്രാബല്യം നല്‍കിയത് 2017 മുതല്‍. 2017 ല്‍ ശമ്പളപരിഷ്‌കരണം നടത്തിയ കര്‍ണാടകം അതു പ്രാബല്യത്തില്‍ വരുത്തിയത് 2018 ല്‍. കേരളത്തില്‍ 2021 ലെ പരിഷ്‌കരണത്തിന് 2019 മുതലുള്ള മുന്‍കാലപ്രാബല്യം നല്‍കിയതുമൂലം ഖജനാവിന് ഉണ്ടായ നഷ്ടം 89278 കോടി രൂപ.