•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

ഉത്ഥിതനായ മിശിഹായും ശൂന്യമായ കല്ലറയും

മാര്‍ച്ച്  31
ഉയിര്‍പ്പുകാലം ഒന്നാം ഞായര്‍
എസെ 37:1-10  യോനാ 2:1-10
ശ്ലീഹാ 2:22-28   യോഹ 20:1-10

ക്ഷകനായ ഈശോമിശിഹായുടെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ എല്ലാവരും വളരെയധികം സന്തോഷിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും കാലമാണ് ഉയിര്‍പ്പുകാലം. ഈ കാലത്തിലെ ഒന്നാം ഞായര്‍ വായനകളെല്ലാം ഉയിര്‍പ്പിനെക്കുറിച്ചും ജീവനെക്കുറിച്ചുമാണു പ്രതിപാദിക്കുന്നത്. ഒന്നാംവായനയില്‍ (എസെ. 37:1-10), ഉണങ്ങിവരണ്ട അസ്ഥികളില്‍ ജീവശ്വാസം പതിച്ചപ്പോള്‍ അവയ്ക്കു ജീവനുണ്ടായെന്ന എസക്കിയേല്‍ പ്രവാചകന്റെ ദര്‍ശനത്തെക്കുറിച്ചും; രണ്ടാംവായനയില്‍ (യോന. 2:1-10), മത്സ്യം കരയിലേക്കു ഛര്‍ദിച്ചിടുന്ന യോനായെക്കുറിച്ചും; മൂന്നാം വായനയില്‍ (ശ്ലീഹ. 2:22-28), ദൈവം ഉയിര്‍പ്പിച്ച മിശിഹായെക്കുറിച്ചു പ്രസംഗിക്കുന്ന പത്രോസിനെക്കുറിച്ചും; നാലാം വായനയില്‍ (യോഹ. 20:1-10), മരണത്തെ പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ ഈശോയുടെ ശൂന്യമായ കല്ലറയെക്കുറിച്ചും നാം ധ്യാനിക്കുന്നു. പുതുജീവനാണ് എല്ലാ വായനകളിലെയും പ്രധാന പ്രമേയം.
     എസെക്കിയേല്‍ 37:1-10: എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നാലു ദര്‍ശനവിവരണങ്ങളുണ്ട്. അതില്‍ മൂന്നാമത്തേതാണ് അസ്ഥികളുടെ താഴ്‌വര (The Valley of Dry Bones)  എന്ന പേരില്‍ അറിയപ്പെടുന്ന വിവരണം. ഈ വചനഭാഗം ജീവന്റെ തുടിപ്പിനെക്കുറിച്ചാണു സംസാരിക്കുന്നത്.
      ''കര്‍ത്താവിന്റെ കരം എന്റെമേല്‍ വന്നു'' (37:1) എന്ന ഒരു പ്രസ്താവനയോടെയാണ് ഈ ദര്‍ശനം ആരംഭിക്കുന്നത്. പ്രവാചകനെ നയിക്കുന്നത് യഹോവയായ ദൈവമാണെന്നും ഈ ദര്‍ശനം ദൈവികമാണെന്നും ഇവിടെ നടക്കുന്ന പ്രവൃത്തികള്‍ ദൈവപ്രേരിതമാണെന്നും ഇതു സ്പഷ്ടമാക്കുന്നു. പ്രവാചകനെ നയിക്കുന്നത് 'റൂഹാ' ആണ് - യഹോവയുടെ റൂഹാ. ഇത് പരിശുദ്ധ റൂഹാ ആണ്. 'ബെറുവാഹ് യാഹ്‌വെ' എന്നാണ് ഹീബ്രുഭാഷയില്‍ ഇവിടെ കുറിച്ചിരിക്കുന്നത്.
പ്രവാചകന്‍ നയിക്കപ്പെടുന്നത് ഉണങ്ങിവരണ്ട അസ്ഥികളുടെ താഴ്‌വരയിലേക്കാണ്. യബേഷ് (yabesh) എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം  വരണ്ടത് എന്നാണ്. 'ജീവന്‍' ഇല്ലാത്ത അവസ്ഥയാണിത്. മൃതമായതും പ്രതീക്ഷയില്ലാത്തതുമായ പരിതസ്ഥിതിയാണിത്. മൃതശരീരങ്ങളുടെ ഇടങ്ങള്‍ പൊതുവെ അശുദ്ധിയുടെ ഇടമെന്നാണു പറയുന്നത്. അങ്ങനെയെങ്കില്‍ ഈ താഴ്‌വര 'വിശുദ്ധി' കുടികൊള്ളാത്ത ഇടംതന്നെയാണ്.
    വരണ്ട ഇടങ്ങളില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു തുടര്‍ന്നുവരുന്ന ഭാഗങ്ങളില്‍ പ്രതിപാദിക്കുന്നു: ''ഇതാ ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും. 'റുവാഹ്' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'ജീവശ്വാസം' എന്നാണ്. ജീവന്‍ നല്‍കുന്നത് ദൈവമാണ്. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു (ഉത്പ. 2:7).
     ദൈവകല്പനകള്‍ക്ക് ഉത്തരം കൊടുക്കുമ്പോള്‍, അതനുസരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അദ്ഭുതങ്ങള്‍ സംഭവിക്കുന്നു. എസെക്കിയേല്‍ പ്രവാചകനോടു നാലു കാര്യങ്ങള്‍ ആജ്ഞാപിക്കാനാണു പറഞ്ഞത്: a) ഞരമ്പുകള്‍ വച്ചു പിടിപ്പിക്കും b) മാംസം വളര്‍ത്തും c) ചര്‍മം പൊതിയും d) പ്രാണന്‍ നിവേശിപ്പിക്കും. പ്രവാചകന്‍ ഇവ അരുള്‍ചെയ്തപ്പോള്‍ അസ്ഥികളെല്ലാം ഒരുമിച്ചുകൂടി; എന്നാല്‍, അവയ്ക്കു ജീവനുണ്ടായിരുന്നില്ല.
     ജീവന്‍ പ്രദാനം ചെയ്യുന്ന 'റൂവാഹ്' നെ ശരീരങ്ങളിലേക്കു ക്ഷണിക്കുമ്പോളാണ് ജീവശ്വാസം ലഭിച്ച അസ്ഥികള്‍ക്കു ജീവനുണ്ടാകുന്നതും അവ എഴുന്നേറ്റു നില്‍ക്കുന്നതും (37:10).  ഈ റൂവാഹ് അവരിലേക്കു നിശ്വസിക്കപ്പെടണം. ഉത്പ 2:7 ല്‍ ആദത്തിന് ദൈവം ജീവന്‍ നല്കുമ്പോള്‍ 'നിശ്വസിച്ചു' എന്നു പറയുന്ന ഹീബ്രുഭാഷയിലെ നപാഹ് എന്ന ക്രിയാപദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. റൂവാഹ് നമ്മളിലേക്കു പ്രവേശിക്കുമ്പോഴാണ് നമുക്കു പൂര്‍ണമായും സജീവമായ ജീവന്‍ ലഭിക്കുന്നത്.
    യോനാ 2:1-10: യോനാ ഒരു പ്രവാചകനാണ്. യോനാ എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം 'പ്രാവ്' എന്നാണ്. ഈ പുസ്തകം യോനാപ്രവാചകന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രതീകാത്മക അവതരണമാണ്. മരണത്തിന്റെ മൂന്നാംനാള്‍ ഉത്ഥാനം ചെയ്ത ഈശോമിശിഹായുടെ മുന്‍മാതൃകയായിട്ടാണ് മത്സ്യത്തിന്റെ ഉദരത്തിലുള്ള യോനായുടെ വാസത്തെ കണക്കാക്കുന്നത്. അന്ധകാരത്തിന്റെയും മരണത്തിന്റെയും ഇടത്തില്‍നിന്നു പ്രകാശത്തിന്റെയും ജീവന്റെയും തലത്തിലേക്കുള്ള ഒരു പ്രതീകാത്മകയാത്രയാണ് യോനായുടേത്.
മത്സ്യത്തിന്റെ ഉദരത്തില്‍നിന്നുള്ള യോനായുടെ കീര്‍ത്തനത്തോടെയാണ് ഈ വചനഭാഗം ആരംഭിക്കുന്നത്. ''എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി'' (സങ്കീ. 120:1). ഇതു യോനായുടെ സങ്കീര്‍ത്തനമാണ്. കഷ്ടതകളില്‍ ആരെ വിളിക്കണമെന്നുള്ള പാഠമാണ് ഇവിടെ യോനാ പകര്‍ന്നുനല്‍കുന്നത്. 'യാഹ്‌വെ' യാണു രക്ഷകന്‍. അത് അവന്റെ എലോഹിം - ദൈവം - ആണ് (2:2).
യോനാ എടുത്തെറിയപ്പെട്ടത് സമുദ്രമധ്യത്തിലേക്കാണ്. സമുദ്രപ്രവാഹം അവനെ വളയുകയും തിരമാലകള്‍ അവന്റെ മുകളിലൂടെ കടന്നുപോവുകയും ചെയ്തു (2:3). 'മായിം' എന്ന ഹീബ്രുപദമാണ് 'സമുദ്രം' എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സമുദ്രത്തെ ദൈവത്തിന്റെ ശത്രുവായിട്ടാണു പുരാതനമധ്യപൂര്‍വദേശത്തു കണക്കാക്കിയിരുന്നത്. ദൈവത്തിനെതിരായി യുദ്ധം ചെയ്യുന്നവര്‍ സമുദ്രത്തില്‍ വസിക്കുന്നുവെന്ന കാഴ്ചപ്പാട് പണ്ടുകാലത്തുണ്ടായിരുന്നു. ദൈവത്തില്‍നിന്ന് ഓടിമാറുന്ന യോനാ വസിക്കുന്നത് ദൈവത്തെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലാണ്. ദുഷ്ടതയുടെ പ്രതീകമായ സമുദ്രത്തിലാണ് യോനാ.
    പരിതാപകരമായ അവസ്ഥയിലുള്ള യോനാ രക്ഷകനായ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് അവനെ രക്ഷിക്കുന്നു (9-10). 'രക്ഷ' എന്നര്‍ഥം വരുന്ന 'യെഷുവാ' എന്ന പദമാണ് ഒന്‍പതാം വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കര്‍ത്താവില്‍നിന്നാണ് രക്ഷ. ഈശോ രക്ഷകനാണ്. അവിടുന്ന് നമ്മെ രക്ഷിക്കുന്നവനാണ്.
ശ്ലീഹാ 2:22-28: പന്തക്കുസ്താദിനം ശിഷ്യന്മാരുടെമേല്‍ പരിശുദ്ധാരൂപി നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണമനുസരിച്ചു വിവിധ ഭാഷകളില്‍ അവര്‍ സംസാരിച്ചു. ഈ സമയം പത്രോസ് എഴുന്നേറ്റുനിന്ന് എല്ലാവരോടുമായി ഉച്ചസ്വരത്തില്‍  സംസാരിച്ചു. ഈ പ്രസംഗമാണ് മൂന്നാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. പത്രോസിന്റെ ഉദ്ഘാടനപ്രസംഗമാണിത്; മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ 'കന്നി'പ്രസംഗം (2:14-41).
    ഇസ്രയേല്‍ ജനങ്ങളെ പല പ്രാവശ്യം അഭിസംബോധന ചെയ്തുകൊണ്ടാണ് പത്രോസ് പ്രസംഗിക്കുന്നത്. ഈശോയുടെ പരസ്യജീവിതവും, പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമെല്ലാം  ഈ പ്രസംഗത്തില്‍ ഉള്‍ച്ചേര്‍ക്കുന്നു. ഇത് ഒരു 'പെസഹാരഹസ്യ' പ്രസംഗമാണ്. ഈശോയുടെ പരസ്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായിരുന്നുവെന്ന് പത്രോസ് പറയുന്നുണ്ട്. Mighty works എന്നര്‍ഥം വരുന്ന ഗ്രീക്കിലെ ദുനാമീസ്, sign എന്നര്‍ഥം വരുന്ന സെമെയ്‌യോന്‍, wonders  എന്നര്‍ഥം വരുന്ന തെറാസ് എന്നീ മൂന്നു പദങ്ങള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ട് (2:22). ഈ പ്രവര്‍ത്തനങ്ങളെല്ലാം  ഈശോയെക്കുറിച്ചുള്ള ദൈവത്തിന്റെ സാക്ഷ്യങ്ങളായിരുന്നു.
     മരണത്തിന് ഈശോയുടെമേല്‍ ആധിപത്യമില്ല. ഈശോയ്ക്കാണു മരണത്തിന്മേല്‍ ആധിപത്യമുള്ളതും അതിനെ വിജയിക്കുന്നതും. 'ക്രാത്തെയോ' എന്ന ഗ്രീക്കുക്രിയാപദത്തിന്റെ അര്‍ഥം കീഴടക്കുക, പിടിച്ചടക്കുക എന്നൊക്കെയാണ്. യാതൊന്നിനും മിശിഹായെ ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. ''...മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതു യാഥാര്‍ഥ്യമാകും. മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ'' (1 കോറി. 15:46യ55)
യോഹന്നാന്‍ 20:1-10: ഈശോ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തുവെന്നതിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നാണ് ഈശോയുടെ ശൂന്യമായ കല്ലറയും (20:1-10) അതു സംബന്ധിച്ചുള്ള ഒരു സ്ത്രീയുടെ സാക്ഷ്യവും (20:11-18). ശൂന്യമായ കല്ലറയെക്കുറിച്ചുള്ള പ്രതിപാദനമാണ് ഇന്നത്തെ സുവിശേഷവായനയില്‍ നാം ശ്രവിക്കുന്നത്.
    ശവകുടീരത്തിന്റെ അടുത്തെത്തിയെങ്കിലും, കല്ലറയുടെ കല്ലു മാറ്റപ്പെട്ടതായി കണ്ടുവെങ്കിലും മഗ്ദലനമറിയം അതിനുള്ളില്‍ പ്രവേശിച്ചില്ല. ആരോ ഈശോയുടെ ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്നതായിരുന്നു അവളുടെ ചിന്ത. യഹൂദരുടെയിടയില്‍ ഇതുമായി ബന്ധപ്പെട്ട സമാനചിന്ത അന്നും ഇന്നും പ്രചാരത്തിലുണ്ട് (മത്താ. 28:11-15). സാഹചര്യം മനസ്സിലാക്കിയ മഗ്ദലനമറിയം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് പത്രോസ് ശ്ലീഹായോടാണ്; ഒപ്പം, ഈശോ സ്‌നേഹിച്ചിരുന്ന ശിഷ്യനായ യോഹന്നാനോടും.
    പത്രോസും യോഹന്നാനും കല്ലറയിങ്കലേക്ക് 'ഒരുമിച്ച് ഓടി' എന്നാണു പറയുന്നത് (20:3). ത്രെഖോ എന്ന ഗ്രീക്കുക്രിയാപദത്തിന്റെ  അര്‍ഥം 'ഓടുക' എന്നാണ്. ഇതു സ്‌നേഹത്തിന്റെയും തീക്ഷ്ണതയുടെയും ഓട്ടമാണ്. ഈശോയെ കണ്ടുമുട്ടാനുള്ള ആഗ്രഹത്തില്‍നിന്നുള്ള യാത്രയാണ്.  യോഹന്നാന്റെ ഓട്ടം faster ആയിരുന്നു. താക്കിയോന്‍  എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'അതിവേഗം' എന്നാണ്. യോഹന്നാന്റെ സ്‌നേഹത്തിന്റെ കൂടുതലാണ് ഇത് അര്‍ഥമാക്കുന്നത്. ഈശോയുടെ സ്‌നേഹം സ്വീകരിച്ചവന്റെ ഈശോയോടുള്ള സ്‌നേഹത്തിന്റെ പ്രത്യുത്തരവും പ്രതികരണവുമാണിത്.
    കല്ലറയില്‍ കണ്ട കച്ചയും തൂവാലയും ഉത്ഥിതനായ ഈശോയുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങളാണ്. ഉത്ഥിതനായ ശരീരം മഹത്ത്വീകരിക്കപ്പെട്ട ശരീരമാണ്. അതിനു ഭൗതികവസ്ത്രം ആവശ്യമില്ല. ഈശോയുടേത് ആത്മീയശരീരമാണ്; അതു മഹത്ത്വീകരിക്കപ്പെട്ടതാണ്.

Login log record inserted successfully!