•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

കുരിശിന്റെ വഴിയേ

മാര്‍ച്ച്  17 നോമ്പുകാലം ആറാം ഞായര്‍
നിയ 8:1-10  2 മക്ക 6:18-31
1 പത്രോ 4:12-19   മര്‍ക്കോ 8:31-9:1

നോമ്പുകാലം ആറാം ഞായറാഴ്ചയിലെ വചനവായനകളുടെയെല്ലാം പ്രധാന പ്രമേയം സഹനമാണ്. ഒന്നാം വായനയില്‍ (നിയ. 8:1-10) ഇസ്രയേല്‍ജനത്തിനു മരുഭൂമിയില്‍ നേരിടേണ്ടിവന്ന സഹനങ്ങളെക്കുറിച്ചും; രണ്ടാം വായനയില്‍ (2 മക്ക. 6:18-31) കര്‍ത്താവിനോടുള്ള ഭക്തിയാല്‍ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കുന്ന എലെയാസറിനെക്കുറിച്ചും; മൂന്നാംവായനയില്‍ (1 പത്രോ. 4:12-19), ക്രിസ്ത്യാനിയെന്ന നിലയില്‍ ഒരുവന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട സഹനമനോഭാവത്തെക്കുറിച്ചും; നാലാം വായനയില്‍ (മര്‍ക്കോ. 8:31-9:1), ഈശോമിശിഹായുടെ പീഡാസഹന, മരണോത്ഥാനരഹസ്യങ്ങളെക്കുറിച്ചുള്ള ഒന്നാം പ്രവചനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ജീവിതസഹനങ്ങളെ എപ്രകാരം കാണണമെന്ന് ഈ വചനഭാഗങ്ങള്‍ വായനക്കാരനെ പഠിപ്പിക്കുന്നു.
നിയമാവര്‍ത്തനം 8:1-10: 'മോശയുടെ അഞ്ചാംപുസ്തകം' എന്ന പേരില്‍ അറിയപ്പെടുന്ന നിയമാവര്‍ത്തനപ്പുസ്തകം ഇസ്രയേല്‍ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ വിശകലനമാണ്. മോശ ഇസ്രയേല്‍ജനത്തോടു പറയുന്ന പ്രഭാഷണരൂപത്തിലുള്ള ഉള്ളടക്കം ഇസ്രയേലിന്റെ ജീവിതത്തെത്തന്നെ വരച്ചുകാട്ടുന്നു. ഇന്നത്തെ വായനയില്‍ നാം ശ്രവിക്കുന്നത് ഇസ്രയേല്‍ജനം മരുഭൂമിയില്‍ ചെലവഴിച്ച നാല്പതുവര്‍ഷത്തെ അനുഭവങ്ങളെ ദൈവശാസ്ത്രപരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നതാണ്.
ഇസ്രയേലിന്റെ ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങളിലൊന്ന് കര്‍ത്താവിന്റെ പ്രമാണങ്ങളായിരുന്നു. 'പ്രമാണം, കല്പന' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ മിത്‌സ്‌വാ (ാശെേ്മവ) എന്ന പദം സൂചിപ്പിക്കുന്നത് ദൈവികപ്രമാണങ്ങളെയാണ്. ഈ കല്പനകള്‍ പാലിച്ചാല്‍ ഇസ്രയേല്‍മക്കളുടെ ജീവിതത്തില്‍ ചില അനുഗ്രഹങ്ങള്‍ സംജാതമാകും: 1. അവര്‍ ജീവിച്ചിരിക്കും 2. എണ്ണത്തില്‍ വര്‍ധനയുണ്ടാകും; 3. കാനാന്‍ദേശത്തു പ്രവേശിച്ച് അത് അവകാശമാക്കും (8:1). മോശ നല്‍കിയ കല്പനകളെല്ലാം ദൈവികകല്പനകളാണ്. അവയോടുള്ള അനുസരണവും വിധേയത്വവും അനുഗ്രഹദായകമാണ്.
ഇസ്രയേല്‍ജനത്തിനു നാല്പതു സംവത്സരങ്ങള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യേണ്ടതായിവന്നു. അതു സഹനങ്ങളുടെയും നിസ്സഹായാവസ്ഥയുടെയും യാത്രയായിരുന്നു. ഇത്തരത്തിലുള്ള സഹനയാത്രയ്ക്കുപിന്നില്‍ വിവിധ ദൈവികപദ്ധതികളുണ്ടായിരുന്നുവെന്നാണ് മോശയുടെ ഭാഷ്യം. 1. സ്വന്തം ശക്തിയില്‍ ആശ്രയിക്കുന്നതിനുപകരം കര്‍ത്താവില്‍ ആശ്രയിക്കണമെന്നു പഠിപ്പിക്കാന്‍ 2. തങ്ങളെത്തന്നെ ദൈവതിരുമുമ്പില്‍ എളിമപ്പെടുത്താന്‍ 3. കര്‍ത്താവിനോട് അവിശ്വസ്തരാകുമ്പോള്‍, അനുസരണക്കേടു കാട്ടുമ്പോള്‍ ക്ലേശങ്ങള്‍ സ്വയം വരുത്തിവയ്ക്കുന്നുവെന്നു കാണിച്ചുകൊടുക്കാന്‍ 4. ഭൗതികമായ ഭക്ഷണംകൊണ്ടുമാത്രമല്ല, ദൈവവചനംകൊണ്ടാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നതെന്നു മനസ്സിലാക്കിക്കൊടുക്കാന്‍ 5. ഒന്നും തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്നും; മറിച്ച്, എല്ലാം ദൈവത്തിന്റെ ദാനമാണെന്നും പഠിപ്പിക്കാന്‍.
ദൈവജനത്തിന്റെ ജീവിതത്തിന്റെ ശൈലി എപ്രകാരമായിരിക്കണമെന്നും മോശ ഓര്‍മിപ്പിക്കുന്നുണ്ടിവിടെ. 1. ദൈവമായ കര്‍ത്താവിന്റെ മാര്‍ഗത്തിലൂടെ ചരിക്കണം 2. അവിടുത്തെ ഭയപ്പെടണം 3. കര്‍ത്താവിന്റെ കല്പനകള്‍ പാലിക്കണം (8:6). ദൈവത്തില്‍ ആശ്രയിക്കുന്നവന് ഒന്നിനും കുറവുണ്ടാവുകയില്ല.
ദൈവത്തില്‍ ആശ്രയിക്കുന്നവനു ജീവിതത്തില്‍ തൃപ്തി ലഭിക്കുമ്പോള്‍ അവന്‍ ദൈവമായ കര്‍ത്താവിനെ സ്തുതിക്കണം (8:10). 'സ്തുതിക്കുക, മുട്ടുകുത്തുക' എന്നര്‍ഥം വരുന്ന ഹീബ്രുഭാഷയിലെ 'ബറക്'  എന്ന പദം സൂചിപ്പിക്കുന്നത് ദൈവമക്കള്‍ക്കുണ്ടായിരിക്കേണ്ട നന്ദിയുടെ ഭാവത്തെയാണ്.
2 മക്കബായര്‍ 6:18-31:- ഇസ്രയേല്‍ ജനത്തിനു മതമര്‍ദനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമൊക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ സഹനങ്ങളും ക്ലേശങ്ങളും അവര്‍ നേരിടേണ്ടതായിവന്നിട്ടുണ്ട്. എങ്കിലും ഏറെപ്പേര്‍ വിശ്വാസസംരക്ഷണത്തിനുവേണ്ടി രക്തസാക്ഷിത്വം  വരിച്ച് കര്‍ത്താവിനുവേണ്ടി നിലകൊള്ളുകയും, വിജാതീയവിശ്വാസങ്ങള്‍ക്കും അധികാരങ്ങള്‍ക്കും കീഴ്‌പ്പെടാതിരിക്കുകയും ചെയ്തു. എലെയാസര്‍ അതിന് ഒരു ഉത്തമോദാഹരണമാണ്.
'ദൈവം സഹായിച്ചു' എന്നര്‍ഥം വരുന്ന പേരോടുകൂടിയ  എലെയാസര്‍ ഉന്നതസ്ഥാനീയനായ ഒരു നിയമജ്ഞനും കുലീനനും വയോധികനുമായ ഒരു യഹൂദനായിരുന്നു. യഹൂദനിയമത്തിലും ദൈവശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുള്ള വ്യക്തിയായിരുന്നതിനാല്‍ അദ്ദേഹത്തെ 'ഗ്രമാത്തെയൂ' എന്നാണു വിളിച്ചിരുന്നത്. ജീവിതപക്വതയുള്ളവനായിരുന്നു  എലെയാസര്‍. 'ഹെലികിയാ' എന്ന ഗ്രീക്കുപദം അദ്ദേഹത്തിന്റെ പ്രായപക്വതയെയും വിശ്വാസപക്വതയെയും സ്വഭാവസമഗ്രതയെയും ആര്‍ജവത്തെയും കുറിക്കുന്നു.
കാപട്യത്തിന്റെ അഭിനയജീവിതംവഴി മനുഷ്യശിക്ഷയില്‍നിന്ന് ഒഴിവാകാമെങ്കിലും സര്‍വശക്തനായ ദൈവത്തിന്റെമുമ്പില്‍ വിശ്വാസത്തോടെ ജീവിച്ചു നിത്യരക്ഷ നേടാന്‍ ആര്‍ജവം കാണിച്ചയാളാണ് എലെയാസര്‍ (8:26). സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനുവേണ്ടി സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കാന്‍ തയ്യാറായിക്കൊണ്ട് വിശ്വാസത്തിന്റെ മാതൃക എല്ലാവര്‍ക്കും കാണിച്ചുകൊടുത്തവനാണ് എലെയാസര്‍ (8:28). ശക്തമായ പ്രഹരത്തില്‍ ശരീരം വേദനിച്ചെങ്കിലും കര്‍ത്താവിനോടുള്ള ഭക്തിയാല്‍ അതു സഹിച്ചവനാണ്, ആത്മാവില്‍ സന്തോഷിച്ചവനാണ് എലെയാസര്‍ (8:3). അത് അവന് നിത്യരക്ഷ സമ്മാനിച്ചു. 
1 പത്രോസ് 4:12-19: പത്രോസ് ശ്ലീഹായുടെ ഒന്നാമത്തെ ലേഖനത്തിന് പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. 1. ക്രിസ്തീയവിളിയുടെ ശ്രേഷ്ഠതയും കടമയും (1:3-2:10); 2. ക്രിസ്തീയപെരുമാറ്റവും കടമകളും (2:11-3:12); 3. ക്രിസ്ത്യാനികളും പീഡനങ്ങളും (3:13-5:1). ഈ മൂന്നു ഭാഗങ്ങളില്‍ മൂന്നാമത്തെ തലത്തില്‍ ക്രിസ്ത്യാനികള്‍ എങ്ങനെ പീഡനങ്ങളോടു പ്രതികരിക്കണമെന്നും (3:13-4:11); സഹനങ്ങളെ എങ്ങനെ യാഥാര്‍ഥ്യബോധത്തോടെ നേരിടണമെന്നും (4:12-5:11) പത്രോസ് ശ്ലീഹാ പഠിപ്പിക്കുന്നു. സഹനമെന്ന സമസ്യയെക്കുറിച്ചും, സഹനങ്ങളില്‍ വിശ്വാസി സ്ഥിരതയോടെ നില്‍ക്കേണ്ടതിനെക്കുറിച്ചും ഇന്നത്തെ വചനഭാഗത്ത് ശ്ലീഹാ പങ്കുവയ്ക്കുന്നു.
ക്രിസ്തീയജീവിതത്തില്‍ വിശ്വാസികള്‍ക്കു വിവിധ തരത്തിലുള്ള പരീക്ഷകളുണ്ടാകുമ്പോള്‍ അവര്‍ പരിഭ്രമിക്കരുത്. 'പരിഭ്രാന്തനാവുക, ആശ്ചര്യഭരിതനാവുക' എന്നീയര്‍ഥങ്ങള്‍ വരുന്ന ഗ്രീക്കുഭാഷയിലെ 'ക്‌സെനിക്‌സോ' എന്ന ക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (4:12). ക്രിസ്ത്യാനികള്‍ സഹനം നേരിട്ടവന്റെ മക്കളാണെന്നും, സഹനങ്ങള്‍ ഏറ്റെടുക്കുന്നവരാണെന്നും, ക്രിസ്തീയകൂട്ടായ്മയില്‍ സഹനങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ ആരും വിജാതീയരെപ്പോലെ പരിഭ്രമം കാണിക്കുന്നവരാകരുതെന്നുമുള്ള ആഹ്വാനമാണിത്.
ജീവിതത്തില്‍ സഹനങ്ങളുണ്ടാകുമ്പോള്‍ അത് ഈശോമിശിഹായുടെ പീഡാസഹനങ്ങളിലുള്ള  നമ്മുടെ പങ്കുചേരലാണ് (4:13). 'കൂട്ടായ്മ, പങ്കാളിത്തം' എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ 'കൊയ്‌നോനെയോ' എന്ന ക്രിയാപദമാണ് ഇവിടെ ശ്ലീഹാ ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ സഹനങ്ങള്‍ വിശ്വാസിയുടെ സഹനങ്ങള്‍ക്കു മാതൃകയാണ്. 
ഈശോയുടെ നാമത്താല്‍ നിന്ദിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ് (4:14). കാരണം, അവരില്‍ മഹത്ത്വത്തിന്റെ ആത്മാവ്, ദൈവാത്മാവ് വസിക്കുന്നു. 'അനുഗ്രഹിക്കപ്പെട്ടവന്‍' എന്നര്‍ഥം വരുന്ന 'മക്കാരിയോയി' എന്ന പദം യുഗാന്ത്യമാനമുള്‍ക്കൊള്ളുന്നതാണ്. ''നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്താ. 5:10).
മര്‍ക്കോസ് 8:31-9:1: ആരാണ് മിശിഹാ എന്നതിനെക്കുറിച്ച് ശരിയായ ഒരു ധാരണ തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുവാന്‍ ഈശോ പരിശ്രമിക്കുകയാണ് ഈ വചനഭാഗത്ത്. സമയത്തിന്റെ പൂര്‍ത്തിയില്‍ മഹിമപ്രതാപങ്ങളോടെ വരാനിരിക്കുന്ന രാജാവായ മിശിഹായെക്കുറിച്ചുള്ള ശിഷ്യന്മാരുടെ പൊതുധാരണ മാറ്റി, മിശിഹാ സഹനദാസനാണെന്ന് ഈശോ ഇവിടെ പഠിപ്പിക്കുന്നു. പീഡാനുഭവത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും ഈശോ നടത്തുന്ന മൂന്നു പ്രവചനങ്ങളില്‍ ഒന്നാമത്തേതാണിത് (8:31-33). ഇതേത്തുടര്‍ന്ന് ശിഷ്യത്വം ആവശ്യപ്പെടുന്ന സഹനങ്ങളെക്കുറിച്ചും ഇന്നത്തെ വായനയില്‍ ഈശോ ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട് (8:34-9:1).
പീഡാനുഭവപ്രവചനത്തില്‍ ഈശോ 'മനുഷ്യപുത്രന്‍' എന്ന പദമാണ് തനിക്കുവേണ്ടി ഉപയോഗിക്കുന്നത്. ദൈവികാധികാരത്തെ സൂചിപ്പിക്കുന്ന ഇടങ്ങളിലും (2:10;2:28) പീഡാസഹനവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്ന തലത്തിലും ഈ പദം ഈശോ ഉപയോഗിക്കുന്നു. മനുഷ്യപുത്രനായ ഈശോ ഒരേസമയം ദൈവമാണെന്നും സഹിക്കുന്നവനും മരിക്കുന്നവനും ആണെന്ന വസ്തുത ഈശോ ശിഷ്യന്മാര്‍ക്കു പകര്‍ന്നുല്‍കുകയാണ്. കൂടാതെ, 'ബാര്‍നാഷ്' എന്ന അറമായപദം (മനുഷ്യപുത്രന്‍ എന്നര്‍ഥം) ഒരാളുടെ എളിമയെയും, വിനയത്തെയും സൂചിപ്പിക്കാനായി ''ഞാന്‍'' എന്ന വാക്കിനു പകരമായി ഉപയോഗിക്കുന്ന രീതി ഗലീലിയിലും പാലസ്തീനായിലും ഉണ്ടായിരുന്നു. 'മനുഷ്യപുത്രന്‍' എന്ന ഈശോയുടെ പ്രയോഗം അവിടുത്തെ വിനയഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്. അതു  രാജാവിന്റെ അധികാരഭാവമല്ല.
മനുഷ്യപുത്രന്‍ സഹനങ്ങള്‍ ഏറ്റെടുക്കണം; തിരസ്‌കരണങ്ങള്‍ നേരിടണം; വധിക്കപ്പെടണം - ഇത് മാനുഷികതലങ്ങളാണ്. എന്നാല്‍, മനുഷ്യപുത്രന്‍ മൂന്നാംനാള്‍ ഉയിത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു -  ഇതു ദൈവികതലമാണ്. ഈ തലങ്ങളെല്ലാം ദൈവികപദ്ധതതിയുടെ ഭാഗമാണ്. പൂര്‍ത്തീകരിക്കപ്പെടേണ്ട കാര്യങ്ങളാണിവയെല്ലാം. 'ചെയ്യേണ്ടിയിരിക്കുന്നു' എന്നര്‍ഥം വരുന്ന ഗ്രീക്കുഭാഷയിലെ 'ദെയ്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. പീഡാനുഭവ മരണ ഉത്ഥാനസംഭവങ്ങള്‍ സംഭവിക്കേണ്ട ദൈവികപദ്ധതിയുടെ ഭാഗങ്ങളാണെന്നാണതിന്റെ സൂചന. ഏശയ്യാ പ്രവാചകന്‍ പറയുന്നതുപോലെ ഈശോ 'സഹനദാസനാണ്' (ഏശയ്യാ 52:13-53:12). ക്രിസ്തീയശിഷ്യത്വം സ്വീകരിക്കുന്നവര്‍ക്കു വെല്ലുവിളികള്‍ നേടിടേണ്ടതുണ്ടെന്ന സത്യവും ഈശോ എല്ലാവരെയും പഠിപ്പിക്കുന്നു: സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് മരണംവരെ ഈശോയെ പിന്തുടരാന്‍ കഴിയുന്നവര്‍ക്കുമാത്രമേ യഥാര്‍ഥ ശിഷ്യരായിരിക്കാന്‍ സാധിക്കുകയുള്ളൂ.

Login log record inserted successfully!