കഥയും ശ്രീബാലയും ഒരുമിച്ചാണ് മഴത്തണുപ്പ് ചിതറിവീണ ജനാലയിലൂടെ പുറത്തെ ഇരുളിലേക്കു നോക്കിയിരുന്നത്...
''നീയെന്നെ ഒറ്റയ്ക്കിരിക്കാന്‍ അനുവദിക്കില്ലാന്നു തോന്നുന്നു.''
ശ്രീബാല കഥയോടു പരിഭവം പറഞ്ഞു.
''ഇയാളുടെ ഉള്ളില്‍ ഘനീഭവിച്ചതൊക്കെ പെയ്തുതീരാതെ പോകാനാവതില്ല ബാലാ.''
പിന്നെ തോളറ്റം മുറിച്ചിട്ട ബാലയുടെ മുടിയില്‍ തലോടി.
''പാവം എത്ര മോഹിച്ചതാ...''
ബാല മേശമേലിരുന്ന വാല്‍ക്കണ്ണാടി എടുത്തുനോക്കി. നെറ്റിയുടെ വലതുവശത്തേക്ക് വീണുകിടന്ന നരമുടികളൊക്കെ മുറിച്ച് രണ്ടാഴ്ച മുന്നേതന്നെ തയ്യാറായപ്പോഴാണ് ഹരികൃഷ്ണന്റെ നീരസം കലര്‍ന്ന ഒരു നോട്ടം തന്റെ നേര്‍ക്കു നീണ്ടുവരുന്നതു കണ്ടത്. ഇത്തരം സാഹസികതയുടെയോ ചാപല്യത്തിന്റെയോ ആവശ്യം ഒരു മധ്യവയസ്‌കയ്ക്ക് ഇല്ലെന്നു പറയുന്ന ആ നോട്ടത്തില്‍നിന്നു തെന്നിമാറി ബാല വീണ്ടും നരമുടികള്‍ ശ്രദ്ധയോടെ മുറിച്ചുമാറ്റി.
അല്ലെങ്കിലും നാല്പതുകള്‍ക്കപ്പുറം തന്റെ സൗന്ദര്യവും വ്യക്തിത്വവും മങ്ങിപ്പോകുന്നോ എന്ന ആശങ്കയില്‍ ആരാണ് അല്പം നര മറയ്ക്കാനും മുഖം മിനുക്കാനും ശ്രമിക്കാത്തത്!
സുമിത്രയും പറഞ്ഞു.
മുഖത്തു പടരുന്ന കറുപ്പാവുമോ അതോ മനസ്സിലുറയുന്ന തണുപ്പാവുമോ ഒരു സ്ത്രീയെ കൂടുതല്‍ വേദനിപ്പിക്കുക?
ബാല ഓര്‍ത്തു.
സുമിത്രയാണ് മൂന്നു മാസം മുമ്പേ ഈ യാത്രയ്ക്കു മുന്നൊരുക്കം നടത്തിയതും ബാലയെ കോളജിലേക്കു ഡ്രൈവ് ചെയ്തുകൊണ്ടുപോകാമെന്ന് ഏറ്റിരുന്നതും. പെട്ടെന്ന് തീരുമാനിക്കപ്പെട്ട ഒരു സര്‍ജറിയോടെ ബെഡ് റെസ്റ്റില്‍ ആയിപ്പോയ സുമിത്രയുടെ വാക്കുകളിലാകെ കണ്ണുനീര്‍ അടര്‍ന്നുകിടന്നിരുന്നതു കണ്ടാണ് തലേന്ന് ആ വീട്ടില്‍ നിന്നു മടങ്ങിയത്.
സ്ത്രീത്വമപ്പാടെ കൈമോശം വന്നവളെപ്പോലെയാണ് അവള്‍ വിങ്ങിയത്.
'അല്ലെങ്കിലും ഗര്‍ഭപാത്രം മുറിച്ചുമാറ്റപ്പെടാവുന്ന ഒരു വെറും അവയവമല്ലല്ലോ ഒരു സ്ത്രീയ്ക്കും. സ്വജീവനില്‍ മറ്റൊരു ജീവന്‍ കുരുത്തയിടമല്ലേ?
ഒരാശ്വാസവാക്കിനും പ്രസക്തിയില്ലാത്തവിധം വ്യസനവും മരുന്നിന്റെ മണവും സുമിയുടെ മുറിയില്‍ ഇടകലര്‍ന്നു കിടന്നിരുന്നു.
സുമിയെ കണ്ട് തിരികെപ്പോരുംവഴിയാണ് ശാലിനിയുടെ കാള്‍ വന്നത്. ശാലിനിയുടെ ഭര്‍ത്താവ് കുളിമുറിയില്‍ തെന്നി വീണ് കാലിനു ഫ്രാക്ചറായത്രേ.
സുമിത്രയില്ലെങ്കിലും സാരമില്ല നമുക്കൊരുമിച്ചുപോകാമെന്നു തലേന്നുംകൂടി പറഞ്ഞത് ശാലിനിയാണ്.
''ചിലനേരത്തു ചില കാര്യങ്ങള്‍ കാലേകൂട്ടി തീരുമാനിച്ചുറപ്പിച്ചാല്‍ ഒന്നും നടക്കില്ലെടോ. അതങ്ങനെയാ.'' ശാലിനിയുടെ ശബ്ദത്തില്‍ നിരാശ അടിഞ്ഞുകൂടിക്കിടന്നു.
അവ്യക്തമായ എന്തോ മെല്ലെപ്പറഞ്ഞ് ഒരു കാറ്റ് മൂളിയകന്നു.
എന്തു വന്നാലും ഇക്കുറി താന്‍ യാത്ര മാറ്റിവയ്ക്കില്ലെന്നു ഹരിയോടു തറപ്പിച്ചുപറഞ്ഞതാണ്. സുഖമില്ലാത്ത അമ്മായിയുടെ ഒരു ദിവസത്തെ കാര്യങ്ങളൊക്കെ ഹരി തന്നെ നോക്കണം എന്ന് പലവുരു ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ഇതൊന്നും നടക്കില്ലെന്ന മട്ടില്‍ ഹരിയുടെ ചുണ്ടത്തു നിറഞ്ഞ ചിരിയെ കണ്ടില്ലെന്നു നടിച്ചു. എന്നിട്ടിപ്പോള്‍...
വഴിയോരത്തെ വൃദ്ധസദനത്തിനു മുന്നിലെത്തിയപ്പോള്‍ മഴ പെയ്തു.
പുതുതായി വന്ന ഒരു അന്തേവാസി കാറില്‍നിന്നിറങ്ങുന്നതും, തുകല്‍ബാഗ് എടുത്ത് ഒരാള്‍ അകത്തേക്കു കയറുന്നതും ബാല റോഡില്‍നിന്നു കണ്ടു
റിട്ടയര്‍ ആവാന്‍ ഇനി ആറു കൊല്ലംകൂടി. മധ്യവയസ്സിനും വൃദ്ധസദനത്തിനും ഇടയില്‍ വലിയ ദൂരമില്ലെന്നു ബാലയ്ക്കു തോന്നി.
അകാലത്തില്‍ വാര്‍ധക്യം ബാധിച്ചവളെപ്പോലെ കാലുകള്‍ ഭാരപ്പെട്ട് വലിച്ചു ബാല നടന്നു.
വീട്ടുമുറ്റത്തെ മാവിന്‍ചുവടു നിറയെ അപ്പോള്‍ വീശിയ കാറ്റില്‍ അടര്‍ന്നുവീണ നാട്ടുമാമ്പഴങ്ങള്‍ ബാലയെ മധുരമോഹത്തിന്റെ ബാല്യത്തിലേക്കു കൂട്ടി കൊണ്ടുപോയി.
മൂന്നാല് മാമ്പഴങ്ങള്‍ പെറുക്കിയെടുത്ത് വീട്ടിനുള്ളിലേക്കു കയറി.
അമ്മായിയുടെ ഹോം നേഴ്‌സ് ഒഴിവിനു നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തിരുന്നു. ബാല വന്നതും സ്വതേയുള്ള കൂര്‍ത്ത മുഖത്തോടെ ഞാനിറങ്ങുന്നു എന്നു പിറുപിറുത്തു ബാഗുമെടുത്ത് ഇറങ്ങിപ്പോയി.
പലകുറി ആലോചിച്ചുനോക്കി. ഒറ്റയ്ക്കായാലും പോകണോ അതോ യാത്ര മാറ്റിവയ്ക്കണോ എന്ന്.
ഒരു തീരുമാനത്തിനും മനസ്സ് വഴങ്ങിയില്ല.
വെറുതെ ഫോണില്‍ വിരല്‍ കൊണ്ടു കോറിയിരുന്നു. ഓരോരോ ജാലകങ്ങളിലൂടെ അലസമായിട്ടങ്ങനെ കയറിയിറങ്ങി.
യു ട്യൂബില്‍ സെലിബ്രിറ്റി ആവാന്‍ ജീവിതത്തിന്റെ എല്ലാ ജാലകങ്ങളും തുറന്നിട്ട് ആദ്യചുംബനം, ഗര്‍ഭം, പ്രസവം ഒക്കെ ലേലം ചെയ്യുന്നവര്‍.
വീഡിയോ ഇടാനും സബ്‌സ്‌ക്രിപ്ഷന്‍ കിട്ടാനും മാത്രം യാത്രപോകുന്നവര്‍.
വെറൈറ്റിക്കുവേണ്ടി അലുവയ്ക്കിത്തിരി ഉപ്പിട്ടും മത്തിക്കറി പഞ്ചസാര ചേര്‍ത്തും വയ്ക്കുന്നവര്‍.
നന്മയ്ക്കുനേരേ പുറംതിരിഞ്ഞു നില്‍ക്കാനും, സത്യത്തെ പുച്ഛിക്കാനും, ആഡംബരത്തെ പുണരാനും, സഹജീവികളെ പുറംകാല്‍കൊണ്ടു തട്ടിമാറ്റാനും ഒക്കെ നാം എത്രവേഗമാണ് ശീലിക്കുന്നത്...
പെട്ടെന്നാണ് കാളിങ്‌ബെല്‍ ശബ്ദിച്ചത്. ഹരി വന്നിരിക്കുന്നു.
അമ്മായി മുറിയില്‍നിന്ന് ബാലയെ വിളിച്ചുകൊണ്ടിരുന്നു.
രാത്രിഭക്ഷണനേരത്തോ കിടക്കാന്‍നേരമോ താന്‍ ഒന്നും പറയാത്തതില്‍നിന്ന് ഹരി തന്റെ പിന്‍വാങ്ങല്‍ തിരിച്ചറിഞ്ഞ പോലെ തോന്നി ബാലയ്ക്ക്.
കാലത്ത് വൈകി ഉണര്‍ന്നതുകണ്ട് ഹരി ഇതൊക്കെ താന്‍ മുന്‍കൂട്ടി കണ്ടതുപോലെ ചിരിച്ചു.
ബാലയുടെ ഉന്മേഷമൊക്കെ കെട്ടുപോയിരുന്നു. കാലത്തെ മേല്‍ തുടച്ചുവൃത്തിയാക്കി ചാരിയിരുത്തി കഞ്ഞി കോരി കൊടുക്കുന്നതിനിടെ അമ്മായി ചോദിച്ചു:
''ബാലയ്ക്കു പോകാമായിരുന്നില്ലേ?''
താനാണ് മരുമകളുടെ യാത്ര മുടക്കിയതെന്നു പാവം അമ്മായി നിനച്ചിരിക്കാം.
വാട്‌സ്ആപ്പ് ചാറ്റ് നിറയെ ആഹ്ലാദാരവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും.
കൊതിപ്പിക്കുന്ന പൊട്ടിച്ചിരികളുടെ മുഴക്കം. ക്യാമറയുടെ കണ്ണില്‍പ്പോലും മിന്നുന്ന സന്തോഷത്തിളക്കം...
വയറോ വണ്ണമോ നരയോ ഒന്നും കെടുത്തിക്കളയാത്ത ശുഭകാമനകള്‍ തിളങ്ങുന്ന കണ്ണുകള്‍...
ബാലയുടെ കണ്ണുകള്‍ ബാലിശമായി നിറയാന്‍ വെമ്പി നിന്നു.
ദുബായില്‍നിന്നു നീന, യു എസ്സില്‍നിന്ന് കിരണ്‍, സിങ്കപ്പൂര്‍ നിന്ന് ശേഖര്‍ എല്ലാവരും എത്തിയിട്ടുണ്ട്.
എല്ലാവരുടെ കണ്ണിലും മുഖത്തും തുടിക്കുന്ന സൗഹൃദച്ചുവപ്പ്.
മുന്നറിയിപ്പില്ലാതെ പെയ്ത ചാറ്റല്‍മഴ നനഞ്ഞുനടക്കുന്ന കീര്‍ത്തിയും സുമയും.
വാകച്ചോട്ടില്‍ ഒരു ചെറിയ കൂട്ടം. അവര്‍ക്കു നടുവില്‍ പഴയ പ്രസരിപ്പ് വിടാതെ രമണിറ്റീച്ചറും സരസറ്റീച്ചറും. രണ്ടുപേരും ഞങ്ങള്‍ ശിഷ്യര്‍ക്ക് എന്നും ഉണര്‍വും വെളിച്ചവും പകര്‍ന്നവര്‍.
ഗ്രൂപ്പില്‍ നിറഞ്ഞ ഫോട്ടോകള്‍ കണ്ട് ആദ്യം വിളിച്ചത് സുമിത്രയാണ്.
''ബാലേ, നീ കണ്ടോ മൈഥിലിയും കിരണും പഴയ ബസ് ഷെഡിനു മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ.''
''രണ്ടുപേരും മെയിഡ് ഫോര്‍ ഈച് അദര്‍ എന്നു തോന്നും അല്ലേ. എന്തൊരു ചേര്‍ച്ചയാണ്.''
മൈഥിലിയും കിരണും പഠിക്കുന്ന കാലത്ത് പ്രണയ ബദ്ധരായിരുന്നു.
പക്ഷേ, ആ ബന്ധം വിവാഹംവരെ എത്തിയില്ല. പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍ രണ്ടു പേരും വിവാഹ മോചിതരായി.
ഇന്നിപ്പോള്‍ ഈ ഗെറ്റ് ടുഗതെറിന്റെ ഹൈലൈറ്റ്തന്നെ അവര്‍ പഴയ പ്രണയികള്‍ വിവാഹിതരാവുന്നു എന്നതാണ്.
പതിനൊന്നുമണിയോടെ ഹാളില്‍ നിരത്തിയിരുന്ന കസേരകളില്‍ എല്ലാവരും അണിനിരന്നു.
മൈഥിലിയും കിരണും അടുത്തടുത്ത കസേരകളില്‍ ഇരുന്ന് ചിരിക്കുന്ന ചിത്രങ്ങള്‍ കണ്ടു ശാലിനിയും വിളിച്ചു.
''നോക്ക് ബാലേ, അവര്‍ പരസ്പരം ചേരേണ്ടവര്‍തന്നെ അല്ലെ.''
''കണ്ടില്ലേ അവരുടെ കണ്ണിലെ നക്ഷത്രതിളക്കം...ആ പ്രസന്നമായ ചിരി.''
ബാലയ്ക്കു വല്ലാത്ത സന്തോഷം തോന്നി.
ഒത്തുപോവാനാവില്ലെന്നു കണ്ടാല്‍ പരസ്പരബഹുമാനത്തോടെ മാറിക്കൊടുക്കണം. അല്ലേ ബാലേ? ഓരോരുത്തരുടെയും അവകാശങ്ങളെക്കുറിച്ച് ശാലിനി വാചാലമായി.
അല്ലെങ്കിലും അവരവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതിലെന്താ തെറ്റ്..
വീട്ടുകാരുടെ നിബന്ധനകളൊക്കെ ഒരു പ്രായംവരെയേ ഉണ്ടാവൂ.
ശാലിനി തുടര്‍ന്നു.
പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഒരിടി വെട്ടിയതും കറന്റ് പോയതും.
പുറത്തു നല്ല കാറ്റുണ്ടായിരുന്നു. ചന്നംപിന്നം പെയ്തു തുടങ്ങിയ മഴ പിന്നെ കനത്തു പെയ്തു.
വൈകുന്നേരം എല്ലാവരും പിരിയുംവരെയും ഗ്രൂപ്പ് നിറയെ ചിത്രങ്ങള്‍ തുടരെത്തുടരെ വന്നു കൊണ്ടിരുന്നു.
ഇടതിങ്ങി വളരുന്ന മരങ്ങള്‍ നിറഞ്ഞ കാമ്പസ്സിന്റെ വശ്യത ഒന്നു വേറേതന്നെ ആയിരുന്നു.
ആകാശത്തെ തൊടാനെന്ന പോലെ കൈനീട്ടുന്ന അവരോടൊപ്പം തങ്ങളൊക്കെ എത്ര ആകാശങ്ങള്‍ സ്വപ്നം കണ്ടു!
പ്രണയസൗരഭ്യം നിറഞ്ഞ കാലത്തെ വീണ്ടും വരവേല്‍ക്കാന്‍ കസവുകരയുടെ തിളക്കമുള്ള സാരിയും നാണം കലര്‍ന്ന ഒരു ചിരിയും മൈഥിലിയെ പൊതിഞ്ഞുനിന്നു. കിരണിന്റെ മുഖത്തും ഒരു നവവരന്റെ കൗതുകം തുടുത്തുനിന്നിരുന്നു.
രാത്രി വൈകുവോളം ബാല ചിത്രങ്ങളൊക്കെ വീണ്ടും വീണ്ടും കണ്ടിരുന്നു.
മഴ തോര്‍ന്നിരുന്നില്ല...
ഒരു ദീര്‍ഘനിശ്വാസത്തോടെ കഥ അവളുടെ തോളത്തു മെല്ലെ തലോടി.
അടുത്ത സൗഹൃദസംഗമത്തിന്റെ കാല്പനികതയിലേക്ക് ബാല ആകാംക്ഷയോടെ എത്തി നോക്കവേ തുറന്നിട്ടവാതിലിലൂടെ വാര്‍മുകിലിന്റെ വെള്ളിപ്പാദസരത്തിന്റെ കിലുക്കത്തിനൊപ്പം കഥ ഇറങ്ങിനടന്നു.