•  2 May 2024
  •  ദീപം 57
  •  നാളം 8
സഞ്ചാരം

പേപ്പര്‍ വന്ന വഴി

പ്പിറസ്, പേപ്പറിന്റെ ആദ്യരൂപമാണെന്നു പറയാം. ആദ്യകാലഗ്രന്ഥങ്ങളില്‍ ചിലത് എഴുതപ്പെട്ടത് പപ്പിറസ് താളുകളിലാണ്. ഉദാഹരണമായി വിശുദ്ധ ബൈബിളിന്റെ പുരാതനമായ കൈയെഴുത്തുപ്രതികളില്‍ ചിലത് പപ്പിറസിലാണ് എഴുതിയിരിക്കുന്നത്. പേപ്പര്‍ എന്ന വാക്കുണ്ടായത് പപ്പിറസ് എന്ന പേരില്‍ നിന്നാണ് ഈജിപ്തിലെ നദീതീരത്തും ചെങ്കടലിന്റെ തീരത്തും വളരുന്ന ഒരുതരം ഞാങ്ങണച്ചെടിയില്‍നിന്നാണ് പപ്പീറസ് താളുകള്‍ ഉണ്ടാക്കിയിരുന്നത്. എങ്ങനെയാണ് പപ്പിറസ് കടലാസ് ഉണ്ടാക്കുന്നത് എന്നു കാണിച്ചുതരുവാനുള്ള സംവിധാനങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ച കീ ഓഫ് ലൈഫ് പപ്പിറസ് എന്ന ഫാക്ടറിയിലുണ്ട്. ഫാക്ടറിയുടെ പരിസരത്തായി വെള്ളം നിറച്ച ടാങ്കുകളില്‍ പപ്പിറസ് ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. രണ്ടുമൂന്നടി ഉയരവും കൈവിരല്‍ വണ്ണവുമുള്ള തണ്ടുകളോടുകൂടിയ ചെടിയാണിത്. തണ്ടിന് നല്ല പച്ചനിറമാണ്. യന്ത്രസഹായത്താല്‍ തണ്ടുകള്‍ ചതച്ചു നാരുകള്‍ വേര്‍പെടുന്ന അവസരത്തില്‍ അവയെ വിടര്‍ത്തി അത്തരം പല തണ്ടുകള്‍ തലങ്ങും വിലങ്ങുമായി ചേര്‍ത്തുവച്ച് ആവശ്യത്തിനു വലുപ്പമാകുമ്പോള്‍ അവയ്ക്കുമുകളില്‍ വിലങ്ങനെ വീണ്ടും നാരുകള്‍ വേര്‍പെടുത്തിയ തണ്ടുകള്‍ അടുക്കിവച്ച് ഉണങ്ങുന്നതുവരെ പ്രസ് ചെയ്തു വയ്ക്കുന്നു. ഉണങ്ങുമ്പോള്‍ വെളുത്ത നിറമുള്ള പേപ്പറുപോലെ ചുരുട്ടിയെടുക്കാന്‍ സാധിക്കും. പപ്പിറസില്‍ എഴുതിയ ബൈബിള്‍ ഭാഗങ്ങളും ചിത്രങ്ങളുമൊക്കെ ഫാക്ടറിയിലെ ഷോറൂമില്‍ വില്പനയ്ക്കു വച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചുവരുമ്പോള്‍ സമ്മാനം കൊടുക്കുവാനും മറ്റുമായി പലരും അവയൊക്കെ വാങ്ങുകയുണ്ടായി. ഈജിപ്തിലെ പുരാതന ചിത്രലിപികളില്‍ ആലേഖനം ചെയ്ത ബൈബിള്‍ ഭാഗങ്ങളും വില്പനയ്ക്കു വച്ചിട്ടുണ്ട്. പപ്പിറസ് ഫാക്ടറി സന്ദര്‍ശിച്ചതിനുശേഷം ഞങ്ങള്‍ ഒരു പെര്‍ഫ്യൂം ഫാക്ടറി സന്ദര്‍ശിക്കുകയുണ്ടായി.
പെര്‍ഫ്യൂം ഫാക്ടറി
സ്വാഭാവികപൂക്കളില്‍നിന്നും സുഗന്ധവസ്തുക്കളില്‍നിന്നും വിലയേറിയ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയാണിത്. ഞങ്ങളുടെ ഗ്രൂപ്പിനെ സ്വീകരിച്ച് ചായ നല്‍കി സത്കരിച്ചശേഷം അവിടെയുണ്ടാക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ സവിശേഷതകള്‍ ഒരാള്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്നു. തികച്ചും പ്രകൃതിദത്തമായ സുഗന്ധദ്രവ്യങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മാര്‍ക്കറ്റില്‍ കിട്ടുന്ന സുഗന്ധദ്രവ്യങ്ങളില്‍ യഥാര്‍ത്ഥ സുഗന്ധദ്രവ്യങ്ങള്‍ വെറും പത്തു ശതമാനമേ കാണുകയുള്ളൂ. ബാക്കി ആല്‍ക്കഹോളം (80%), കെമിക്കലു(10%)കളുമാണ് എന്നവര്‍ വിവരിച്ചു. മനോഹരമായ കുപ്പികളില്‍ നിറച്ച് ശുദ്ധമായ സുഗന്ധദ്രവ്യങ്ങള്‍ വില്പനയ്ക്കു വച്ചിട്ടുണ്ട്. ചിലരെല്ലാം വലിയ വില കൊടുത്ത് അവയൊക്കെ വാങ്ങുന്നതു കണ്ടു.
ഈജിപ്തിലെ സന്ദര്‍ശനങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കുവാനായി ഹോട്ടലിലേക്കു നീങ്ങി. ഈജിപ്തില്‍നിന്നു പുറപ്പെടുവാന്‍ ഉദ്ദേശിച്ചിരുന്ന സമയമെല്ലാം തെറ്റി. ഇനിയുള്ള യാത്ര ഈജിപ്തില്‍നിന്ന് ഇസ്രായേലിലേക്കാണ്. ആ യാത്രയുടെ ആദ്യഘട്ടം പ്രസിദ്ധമായ സീനാമല വരെയാണ്. ഈജിപ്തിനോടു യാത്ര പറയുകയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായിരുന്ന പിരമിഡുകളും, ഈജിപ്തിനെ നടുവേ വിഭജിച്ചുകൊണ്ട് ഒഴുകുന്ന നൈല്‍നദിയും തിരുക്കുടുംബത്തിന്റെ പാദസ്പര്‍ശംകൊണ്ടനുഗൃഹീതമായ ഹോളിഫാമിലി ദൈവാലയവും പരി. കന്യാമറിയം പ്രത്യക്ഷപ്പെട്ട വിര്‍ജിന്‍ മേരീസ് പള്ളിയും കണ്ട സംതൃപ്തിയോടെ ബൈബിള്‍ വിവരണങ്ങളിലൂടെ ചിരപരിചിതമായ സീനാമലയുടെ നേരേയാണ് ഞങ്ങളുടെ അടുത്ത യാത്ര.
ഇസ്രായേല്‍ജനം മോശയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചനം നേടി കാനാന്‍ ദേശത്തേക്കു സഞ്ചരിച്ച മാര്‍ഗ്ഗത്തില്‍നിന്ന് അല്പം മാറിയാണ് ഞങ്ങളുടെ യാത്ര തുടങ്ങുന്നത്. സൂയസ് കനാലിനു നേരേയാണു ഞങ്ങള്‍ക്കു സഞ്ചരിക്കേണ്ടത്. കെയ്‌റോയില്‍നിന്ന് സൂയസ് കനാലിലേക്ക് 30 കിലോമീറ്ററോളം വരും. പുറപ്പാടിന്റെ പുസ്തകത്തിലെ വിവരണമനുസരിച്ച് ഇസ്രായേല്‍ജനം (ഉദ്ദേശം 6 ലക്ഷംപേര്‍) റംസേയില്‍നിന്ന് സുക്കോത്തിലേക്ക് കാല്‍നട യാത്ര ചെയ്തു. ഫിലിസ്ത്യരുടെ നാട്ടില്‍ പ്രവേശിക്കാതെ മരുഭൂമിയിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞ് അവര്‍ ചെങ്കടലിനുനേരേ നടന്നു. ചെങ്കടലിന്റെ തീരത്ത് അവര്‍ പാളയമടിച്ചു. ഇതു ബാല്‍സെഫാന്‍ (Baal Zefan) ആയിരിക്കണം എന്നാണ് ബൈബിള്‍ ഗവേഷകര്‍ കരുതുന്നത്. അവിടെ അവര്‍ വലിയ ഒരു അദ്ഭുതത്തിനു സാക്ഷികളായി. ദൈവനിര്‍ദ്ദേശമനുസരിച്ച് മോശ തന്റെ വടി ചെങ്കടലിനു നേരേ നീട്ടിയതും ചെങ്കടല്‍ രണ്ടായി വിഭജിച്ചതും ഇസ്രായേല്‍ജനം സുരക്ഷിതരായി ചെങ്കടല്‍ കടന്നതും ബൈബിളിലെ വിവരണങ്ങളിലൊന്നാണ്.
ഞങ്ങളുടെ വാഹനം സൂയസ് കനാലിനു നേരേ നീങ്ങി. ഈജിപ്തില്‍നിന്ന് ഇസ്രായേലിലേക്കുള്ള ഇപ്പോഴത്തെ തീര്‍ത്ഥാടനപാത തുടങ്ങുന്നത് സൂയസ് കനാല്‍ മുതലാണ്. മാറാ(Mara)യില്‍ എത്തുമ്പോഴേക്ക് പുറപ്പാടിന്റെ കാലത്ത് ഇസ്രായേല്‍ജനം സഞ്ചരിച്ച അതേ സഞ്ചാപാതയിലേക്ക് എത്തിച്ചേരും.

(തുടരും)

Login log record inserted successfully!