•  2 May 2024
  •  ദീപം 57
  •  നാളം 8
സഞ്ചാരം

വിശുദ്ധരും രക്തസാക്ഷികളും

പോര്‍ട്ടുഗീസുകാരുടെ മുന്‍ഗാമികളായിരുന്ന ഡച്ചുകാര്‍, കേരളത്തില്‍വന്ന് മാര്‍ത്താണ്ഡവര്‍മരാജാവുമായി ''കുളച്ചല്‍യുദ്ധം'' നടത്തി, പരാജിതരായതിന്റെ സത്ഫലമായി ''ഡിലെനായി'' എന്ന യുദ്ധക്യാപ്റ്റന്‍, മാര്‍ത്താണ്ഡവര്‍മ്മയുടെ ആശ്രിതനായി കുളച്ചലില്‍ (ഇപ്പോള്‍ തമിഴ്‌നാട്ടില്‍) ജീവിച്ചുമരിച്ചു. ഡിലെനായിയുമായി സമ്പര്‍ക്കത്തില്‍ വന്ന ദേവസഹായംപിള്ള  കത്തോലിക്കനായി, ക്രിസ്തുവിന്റെ രക്തസാക്ഷിയായി. ഉടനെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിതനാകും.
കത്തേരി തെക്കാക് വീത്താ
വടക്കേ അമേരിക്കയിലെ പ്രഥമ ആദിവാസി വിശുദ്ധ. വെറും 24 സംവത്സരജീവിതകാലത്ത് വിശുദ്ധിയുടെ ഉന്നതസോപാനത്തിലെത്തിയ ആദിവാസി സുന്ദരി.
അമേരിക്കയിലെ ന്യൂയോര്‍ക്ക് മഹാനഗരത്തില്‍നിന്ന് 65 കിലോമീറ്റര്‍ വടക്കായി ഓറീസ് വീല്‍ എന്നൊരു ഇടത്തരം ടൗണിലാണ്, കത്തേരി തെക്കാക് വീത്തായുടെ ജനനം - ജനനവര്‍ഷം 1656; ദിവംഗതയായത് 1680 ലും.
മിഷന്‍പ്രവര്‍ത്തനസംബന്ധമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു രമണീയപട്ടണമാണ് ഓറീസ് വീല്‍. തൊട്ടടുത്തുകൂടി മോഹാക് നദി ഒഴുകുന്നു. നദീതീരത്തായി ഒരു മൊട്ടക്കുന്ന്, കുന്നിന്റെ മുകളില്‍ കര്‍ത്താവീശോയുടെ വലിയൊരു ക്രൂശിതരൂപം. ക്രൂശിതരൂപത്തെത്തുടര്‍ന്ന് പ്രസിദ്ധമായ രക്തസാക്ഷിമണ്ഡപം - ''മര്‍ട്ടയേഴ്‌സ് ഷ്രൈന്‍''.  ഇതിനു ചുറ്റിലും പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ തീര്‍ഥാടകര്‍ക്കു താമസിച്ചുപ്രാര്‍ഥിക്കാനുള്ള സൗകര്യങ്ങള്‍.
രക്തസാക്ഷികള്‍
1930-ാമാണ്ട് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ച മൂന്ന് ഈശോസഭാമിഷനറിമാരുടെ പ്രതിരൂപങ്ങളാണ് അടുത്തെല്ലാമുള്ളത്.
അടുത്തുതന്നെ 'കത്തേരി തെക്കാക് വീത്താ' എന്ന അടിയെഴുത്തോടുകൂടി നമ്മുടെ ആദിവാസി വിശുദ്ധയുടെ പ്രതിരൂപവും കാണാം.
രക്തസാക്ഷിവിശുദ്ധര്‍
മൊട്ടക്കുന്നിന്റെ ഉച്ചിയിലെ ക്രൂശിതരൂപം പ്രധാനമായും രക്തസാക്ഷിനേതാവായ ഫാദര്‍ ഷോഗ് എന്ന വൈദികന്റേതാണ്. അവിടെത്തന്നെ ബ്രദര്‍ റെനേ ഗൂപില്‍. മൂന്നാമതായി യുവാവായ ലാലന്‍ഡിന്റെയും. അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു വായിക്കുക.
1. Fr. Issac Jogues, S.J. +1646, Oct. 18
2. Bro. Rene Goupil, S.J. + 1642, Sept 29
3. John Lalande + 1646, Oct.19
ചുറ്റുപാടുമെല്ലാം മറ്റു വേദസാക്ഷികളുടെയും പ്രതിരൂപങ്ങളുണ്ട്; നേരത്തേ സൂചിപ്പിച്ചതുപോലെ വിശുദ്ധ കത്തേരി തെക്കാക് വീത്തായുടെ പ്രതിമയും ആ കാമ്പസിലുണ്ട്. കത്തേരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വലിയൊരു പെയിന്റിംഗും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൂന്ന് രക്തസാക്ഷികളെക്കുറിച്ച് രണ്ടു വാക്ക്. ഫാ. ഷോഗ് രണ്ടു തവണ മൊഹാക്ക് ആദിവാസിനേതാവിന്റെ തടങ്കല്‍പ്പാളയത്തില്‍ കഴിച്ചുകൂട്ടി. ആദ്യത്തെ തവണ ഡച്ചുകാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാല്‍, പിറ്റേവര്‍ഷം ഫാ. ഷോഗ് വീണ്ടും മൊഹാക്ക് വര്‍ഗക്കാരുടെ പക്കലേക്കു ചെന്നു. കാരണം, അവരുടെയിടയില്‍ മതപീഡനം അനുഭവിക്കുന്ന കുറെ ക്രിസ്ത്യാനികളുണ്ടായിരുന്നു. രണ്ടാംപ്രാവശ്യം മൊഹാക്ക് വര്‍ഗക്കാരുടെ പക്കലെത്തിയപ്പോള്‍ ആ വര്‍ഗത്തിന്റെ ക്രൂരനേതാവ് ഫാ. ഷോഗിനെ അതിമൃഗീയമായി വധിച്ചു, 1946 ഒക്‌ടോബര്‍ 18 ന്.
ബ്രദര്‍ 'റെനെ'യുടെ മരണകാരണം വിചിത്രമായിരുന്നു. ഒരിക്കല്‍ ഒരു ആദിവാസി പെണ്‍കുട്ടി വന്ന് ആശീര്‍വാദം അപേക്ഷിച്ചു. ബ്രദര്‍ റെനെ അവളുടെമേല്‍ കുരിശുവരച്ച് അവളെ ആശീര്‍വദിച്ചു. അതായിരുന്നുപോലും വലിയ കുറ്റം.
യുവാവായ ലാലന്‍ഡ് ഒരു കലാകാരന്‍കൂടിയായിരുന്നു. മിഷന്‍പ്രവര്‍ത്തനരംഗത്തുള്ള വലിയ പൈന്‍വൃക്ഷങ്ങളുടെ പുറന്തൊലിയില്‍ കുരിശിന്റെ രൂപവും ഈശോയുടെ രൂപവും ഭംഗിയായി ചിത്രീകരിക്കുക, ലാലന്‍ഡിന്റെ വിനോദമായിരുന്നു. മൊഹാക്ക് കുട്ടികള്‍ക്ക് സാധനപാഠമായിരുന്ന കലാരൂപങ്ങളുടെ പേരില്‍ ആ യുവാവും മൃഗീയമായി വധിക്കപ്പെട്ടു. കര്‍ത്താവിനെപ്രതിയാണ് അയാള്‍ മരണം വരിച്ചത്.
(തുടരും)

 

Login log record inserted successfully!