•  25 Apr 2024
  •  ദീപം 57
  •  നാളം 7
സഞ്ചാരം

മൊഹാക് വര്‍ഗക്കാരുടെ ലില്ലിപ്പുഷ്പം

റീസ്‌വീലിലെ രക്തസാക്ഷിമണ്ഡപത്തില്‍നിന്നു വളരെ അകലെയല്ലായിരുന്നു കത്തേരിയുടെ ജന്മസ്ഥലം.  കത്തേരിയുടെ പിതാവ്, മൊഹാക് വര്‍ഗക്കാരുടെ നേതാവായിരുന്നു; അയാള്‍ ക്രൈസ്തവരെ ശത്രുക്കളായി കണ്ടു. പിന്നീട് സുവിശേഷത്തിലെ സാവൂളിനെപ്പോലെ മാനസാന്തരപ്പെട്ട്, ക്രിസ്തുമതം ആശ്ലേഷിച്ചുവെന്നും പറയപ്പെടുന്നു.

കത്തേരിയുടെ അമ്മ, അല്‍ഗോംഗ്വിന്‍ വര്‍ഗത്തില്‍പ്പെട്ട നല്ലൊരു ക്രിസ്ത്യന്‍ മഹതിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കത്തേരിക്കു മൂന്നു വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയുടെ  ഉറ്റമിത്രമായിരുന്ന അനസ്താസിയാ എന്ന കത്തോലിക്കാസ്ത്രീയാണ് കത്തേരിയുടെ സംരക്ഷണവും വളര്‍ത്തലും ഏറ്റെടുത്തത്. അനസ്താസിയായുടെ മേല്‍നോട്ടത്തില്‍ കത്തേരി നല്ലൊരു കത്തോലിക്കാബാലികയായി വളര്‍ന്നുവന്നു.
നാലാംവയസ്സില്‍ കത്തേരിക്ക് മസൂരി പിടിപെട്ടു; ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ രോഗവിമുക്തയായി. മുഖത്ത് കുറെ പാടുകള്‍ അവശേഷിച്ചു. കാഴ്ചയ്ക്കും കുറെ ഭംഗം നേരിട്ടു. സാമാന്യം നല്ല ക്രൈസ്തവവിദ്യാഭ്യാസവും അനസ്താസിയായില്‍നിന്നു ലഭിച്ചിരുന്നു.
കത്തേരി പതിനൊന്നാം വയസിലെത്തിയപ്പോള്‍ കുറെ കത്തോലിക്കാവൈദികര്‍ അവിടെയെത്തി. കത്തേരിയുള്‍പ്പെടെ അവിടെ ഓറീസ് വീലില്‍ ഉണ്ടായിരുന്നവരെ പ്രബുദ്ധരാക്കി, ക്രമമായി വേദപാഠം പഠിപ്പിക്കാനും തുടങ്ങി; എട്ടൊന്‍പതുവര്‍ഷം അങ്ങനെ നീങ്ങി. പുതുതായി കത്തോലിക്കാസഭയെ ആശ്ലേഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, കുട്ടികളായാല്‍പ്പോലും വേദപഠനത്തില്‍ സുശിക്ഷിതരായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. കാരണം, മിഷന്‍രംഗങ്ങളില്‍ മാമ്മോദീസ സ്വീകരിക്കുന്നവരെപ്പറ്റി ഒരു സംസാരം പ്രചരിച്ചിരുന്നു: 'മാമ്മോദീസാ വഴിയുള്ള ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ ക്രിസ്തുമത നിഷേധികളെയാണു നമുക്കു ലഭിക്കുന്നത്.'
മതപഠനവിദ്യാര്‍ത്ഥികളുടെയിടയില്‍ കത്തേരി വളരെ മുമ്പിലായിരുന്നു. ക്രിസ്തുമതകാര്യങ്ങളെക്കുറിച്ച് കത്തേരിക്കുള്ള വ്യക്തമായ അറിവും, അവളുടെ സൗശീല്യവും കര്‍ത്താവീശോയ്ക്കു പൂര്‍ണമായി സ്വയം സമര്‍പ്പിക്കുവാനുള്ള ദൃഢനിശ്ചയവുമെല്ലാം  വേദപാഠാധ്യാപകരെ വിസ്മയിപ്പിച്ചു. വിവാഹവാഗ്ദാനവുമായി പല യുവാക്കന്മാരും മുമ്പോട്ടുവന്നെങ്കിലും കത്തേരി അവരോടെല്ലാം വ്യക്തമായ 'നോ' പറഞ്ഞുവിട്ടു.
ഈയവസരത്തിലാണ് 1676 ല്‍ പണ്ഡിതനായ ഈശോസഭാ വൈദികന്‍ ഫാ. ലാംബര്‍വീല്‍ ഓറീസ്‌വീലില്‍ എത്തുന്നത്. അദ്ദേഹം, കത്തേരിയുമായി മതവിഷയങ്ങളെപ്പറ്റി വ്യക്തമായി സംസാരിച്ചു. കര്‍ത്താവീശോയ്ക്കുവേണ്ടി പൂര്‍ണമായി സ്വയം സമര്‍പ്പണം ചെയ്ത്, ആജീവനാന്തം ബ്രഹ്മചര്യം അനുഷ്ഠിച്ചു ജീവിക്കാനുള്ള ദൃഢനിശ്ചയം കത്തേരി ഫാദര്‍ ലാംബര്‍വീലിനെ അറിയിച്ചു. അതേസമയം, ഓറീസ്‌വീലില്‍ വീണ്ടും ക്രിസ്തുമതവിരോധം തലപൊക്കുന്ന അവസരമായിരുന്നു അത്.
ഏതായാലും, കത്തേരിക്ക്  ഉടന്‍ മാമ്മോദീസാ നല്‍കാന്‍ ഫാദര്‍ നിശ്ചയിച്ചു. കത്തേരിക്ക് അന്ന് 20 വയസ്സ് ആയിരുന്നു. മാമ്മോദീസായ്ക്കുശേഷം ചെറിയൊരു ആഘോഷവുമുണ്ടായിരുന്നു.
ആഘോഷങ്ങള്‍ക്കുശേഷം ഫാദര്‍ ലാംബര്‍വീല്‍, കത്തേരിയുടെ അടുത്ത ബന്ധുമിത്രാദികളോട് ഇങ്ങനെ പറഞ്ഞു:
''പ്രിയപ്പെട്ടവരേ, വളരെ അസാധാരണയായ ഒരു യുവതിയാണ് 'കാതറീന്‍' (മൊഹാക് ഭാഷയില്‍). കത്തേരി എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ അവള്‍ നിര്‍മലയാണ്; നിര്‍മലയായി ജീവിച്ചു മരിക്കുവാനാണ് അവള്‍ തീവ്രമായി ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇവിടെ ഈ ഓറീസ്‌വീലിലും പരിസരങ്ങളിലും ക്രിസ്തുമതവിരോധവും പീഡനവും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യങ്ങളില്‍ കത്തേരി ഇവിടെ താമസിക്കുന്നതു സുരക്ഷിതമല്ല.
''പിന്നെ എന്തു ചെയ്യണം? ഞാന്‍ ഉത്തരം പറയാം. ഇവിടെനിന്ന് 400 കി.മീ. (250 മൈല്‍) അകലെ, കാനഡായില്‍ സെന്റ് ലോറന്‍സ് നദീതടപ്രദേശങ്ങളില്‍ മുഖ്യമായും മോണ്‍ട്രിയോള്‍ പ്രദേശങ്ങളില്‍ ധാരാളം ക്രിസ്ത്യാനികള്‍, അധികവും കത്തേരിയുടെ വര്‍ഗക്കാരായ മൊഹാക്‌സ്തന്നെ സുരക്ഷിതരായി ജീവിക്കുന്നു. അതിനാല്‍ കത്തേരിയെ മോണ്‍ട്രിയോളില്‍ എത്തിക്കണം - എല്ലാം രഹസ്യമായിരിക്കണം.''
ഫാദര്‍ ലാംബര്‍വീലിന്റെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. പക്ഷേ, കത്തേരിയെ എങ്ങനെ 400 കി.മീ. അകലെയുള്ള മൊഹാക് ക്രിസ്ത്യന്‍ സമൂഹത്തിലെത്തിക്കും? നദിയില്‍ക്കൂടി വള്ളത്തിലാണു യാത്ര. ''കര്‍ത്താവേ, സുരക്ഷിതമായ ഒരു മാര്‍ഗം കാണിച്ചുതരണമേ.'' എല്ലാവരും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ദൈവപരിപാലന പ്രകടമായി. അദ്ഭുതമെന്നു പറയട്ടെ: മോണ്‍ട്രിയോള്‍ മിഷനില്‍നിന്ന്, മൂന്ന് അല്മായമതോപദേശകര്‍ ഓറീസ്‌വീലില്‍ എത്തിയിരിക്കുന്നു. ഓറീസ് വീലിലെ മിഷന്റെ കാര്യം അന്വേഷിക്കുവാനും ആവശ്യമെങ്കില്‍ സഹായിക്കുവാനുമായി മോണ്‍ട്രിയോളിലെ അച്ചന്മാര്‍ അവരെ അയച്ചതാണ്. ഈ മൂന്നുപേര്‍ ഒരാഴ്ചയോളം ഓറീസ്‌വീലില്‍ വേദപാഠം പഠിപ്പിക്കുകയും ചെയ്തു.
ഇവര്‍ മോണ്‍ട്രിയോളിലേക്കു തിരിച്ചുപോകാനുള്ള സമയമായപ്പോള്‍ ഇവിടെ ഓറീസ്‌വീലില്‍ നിന്നു രണ്ടു പേര്‍കൂടി ചേരാന്‍ തീരുമാനിച്ചു. കത്തേരിയും കത്തേരിയുടെ ഒരു മാതൃസഹോദരനും. ഈ അഞ്ചുപേരുംകൂടി മൂന്നു പേര്‍ ഇങ്ങോട്ടുവന്ന അതേ വള്ളത്തില്‍ കുറെ ഭക്ഷണസാധനങ്ങളുമൊക്കെയായി  ജലയാത്ര ആരംഭിച്ചു. ക്രിസ്തുമതവിരോധികളായ മൊഹാക്‌വര്‍ഗക്കാര്‍ വസിക്കുന്ന വനമധ്യത്തില്‍ക്കൂടിയായിരുന്നു അവരുടെ നദീയാത്ര. ഏതാനും ദിവസങ്ങള്‍ക്കകം അഞ്ചുപേരും സുരക്ഷിതരായി മോണ്‍ട്രിയോള്‍ മിഷനിലെത്തി. കാനഡായില്‍ മോണ്‍ട്രിയോളിലെ മൊഹാക് വര്‍ഗക്കാരും മിഷനധികാരികളും കത്തേരിയെ സസന്തോഷം സ്വീകരിച്ചു. 1675 മുതല്‍ മരണംവരെ കത്തേരി ഇവിടെയാണു ജീവിച്ചത്.
മൊഹാക് വര്‍ഗക്കാരുടെ 
ലില്ലിപ്പുഷ്പം
മൊണ്‍ട്രിയോള്‍ മിഷനിലെ ജീവിതം കത്തേരിക്ക് അങ്ങേയറ്റം ഇഷ്ടപ്പെട്ടു. സന്തോഷസമന്വിതവും സമാധാനപൂര്‍വകവുമായിരുന്നു അവളുടെ അവിടത്തെ ജീവിതം. അതുപോലെ, മിഷനിലെ ആളുകള്‍ കത്തേരിയെ അവരുടെ സമൂഹത്തിനു വലിയൊരു മുതല്‍ക്കൂട്ടായി പരിഗണിച്ചു. തയ്യല്‍ജോലി ചെയ്യുക, വേദപാഠം പഠിപ്പിക്കുക, കൊന്തനമസ്‌കാരവും കീര്‍ത്തനങ്ങളും ആലപിക്കുക... ഇങ്ങനെ പല സേവനങ്ങളും സന്തോഷത്തോടെ കത്തേരി, പ്രാര്‍ത്ഥനാസമന്വിതം നിര്‍വ്വഹിച്ചു.
മോണ്‍ട്രിയോള്‍ മിഷന്‍ സുപ്പീരിയറായിരുന്ന ഫാ. കൊളോണിയോട്ടിനോട്, 1679 മാര്‍ച്ച് 25 ന് കത്തേരി അഭ്യര്‍ത്ഥിച്ചു: ''ഞാന്‍ എന്റെ ബ്രഹ്മചര്യസമര്‍പ്പണവും പൂര്‍ണമായ ആത്മസമര്‍പ്പണവും കര്‍ത്താവീശോയ്ക്കു നിര്‍വഹിക്കുവാന്‍  അനുവദിച്ചാലും,'' അച്ചന്‍ സമ്മതിച്ചു. കര്‍ത്താവിന്റെയും പരിശുദ്ധ കന്യാമാതാവിന്റെയും പ്രിയദാസിയായി അവള്‍ മരണപര്യന്തം ജീവിച്ചു.
1680 വലിയ ആഴ്ചയില്‍ കത്തേരിക്ക് ശ്വാസസംബന്ധമായി വിഷമം അനുഭവപ്പെട്ടു. രോഗീലേപനവും പരിശുദ്ധ കുര്‍ബാനയും കത്തേരിക്കു നല്‍കപ്പെട്ടു. 'കര്‍ത്താവീശോയേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു' എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് 1680 പെസഹാവ്യാഴാഴ്ച കത്തേരി തെക്കാക് വീത്താ ദിവംഗതയായി. അന്നുതന്നെ ആ ലില്ലി ഓഫ് മൊഹാക് അവിടെ സിമിത്തേരിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു.
വാഴ്ത്തപ്പെട്ടവള്‍, വിശുദ്ധ
രാഷ്ട്രീയപ്രതിസന്ധികളും കാലത്തിന്റെ ഗതിവിഗതികളും നിമിത്തം കത്തേരിയുടെ ജീവിതകഥ, വത്തിക്കാനിലെത്തിയത് നൂറ്റാണ്ടുകള്‍ക്കുശേഷമാണ്. ഓറീസ്‌വീലില്‍ രക്തസാക്ഷിയായി മരിച്ച (1646 ല്‍) ഐസക് ഷോഗും സഹപ്രവര്‍ത്തകരും രക്തസാക്ഷി വിശുദ്ധരായി വത്തിക്കാന്‍ പ്രഖ്യാപിച്ചത് 1930 ലാണ് എന്നോര്‍ക്കുക. തദനന്തരം കത്തേരിയുടെ കാര്യവും വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടു. തത്ഫലമായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1980 ജൂണ്‍ 22 ന് കത്തേരി തെക്കാക് വീത്തയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. അതിനുശേഷം 2012 ഒക്‌ടോബര്‍ 21 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ കത്തേരിയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അങ്ങനെ 'മൊഹാക് വര്‍ഗക്കാരുടെയിടയിലെ ലില്ലിപ്പുഷ്പം' ആഗോളകത്തോലിക്കാസഭയിലെ വിശുദ്ധയായി വണങ്ങപ്പെടുന്നു. ന്യൂയോര്‍ക്ക് നഗരമധ്യത്തില്‍ (ഫിഫ്ത് അവന്യൂ) വിശ്വവിഖ്യാതമായ സെന്റ് പാട്രിക് ബസിലിക്കയുടെ ആനവാതിലിലെ പിച്ചളപ്പലകയില്‍ കത്തേരിയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

Login log record inserted successfully!