പുതുക്കലുകളും വിളക്കിച്ചേര്‍ക്കലുകളും അടര്‍ത്തിമാറ്റലുകളുമൊക്കെ കൂടിച്ചേര്‍ന്ന് വരുംകാലങ്ങളിലേക്കുള്ള കടന്നുചെല്ലലുകളാണ് ഓരോ പുതുവര്‍ഷവും.
ജീവിതം ഏതൊക്കെഘട്ടങ്ങളിലൂടെകടന്നുപോയാലും പ്രത്യാശാനിര്‍ഭരമായ ഒരു നല്ല കാലത്തേക്കു പ്രതീക്ഷയോടെയുള്ള കടന്നുചെല്ലലാണത്. നിതാന്തമായ ജാഗ്രതയും അളവില്ലാത്ത പ്രത്യാശയും തുറവുള്ള മനസ്സും ജീവിതത്തോടുള്ള ആഗ്രഹവുംആര്‍ജവവുമൊക്കെ ഉള്‍ച്ചേര്‍ത്തുവേണം നാം പുതിയൊരു പുതുവര്‍ഷപ്പുലരിയിലേക്കു മിഴിതുറക്കാന്‍. നമ്മുടെ കാലഘട്ടം എല്ലാവിധത്തിലും മുന്‍തലമുറകളുടെ ആവേഗവും ആവേശവും കാത്തുസൂക്ഷിക്കുന്നുïോ? ഇപ്പോള്‍ വിലയിരുത്തപ്പെടേï ചിലവസ്തുതകളിലേക്കൊരു പിന്‍വാതില്‍നോട്ടവും മുന്‍വാതില്‍പ്രതീക്ഷയും എന്തായിരിക്കാം? ഇരുളിലെ മെഴുകുതിരിനാളം തേടുക എന്നതുതന്നെയാണ് ഉചിതമായ യുക്തി. നെല്‍ക്കതിരുകള്‍ തലയുയര്‍ത്തുമോ? ചേറില്‍ വീണ വിയര്‍പ്പുതുള്ളികള്‍ നെല്ലായി കൊയ്‌തെടുക്കുന്ന കര്‍ഷകന് തന്റെ അധ്വാനഫലം ബാങ്കുവായ്പയായി ലഭിക്കുന്ന വിചിത്രമായ പി.ആര്‍.എസ്. പദ്ധതി അങ്ങേയറ്റംഅപലപനീയമാണെങ്കിലും അതു പോലും കൃത്യമായി നടപ്പാക്കാന്‍ സാധിക്കാത്തവിധം പരാജയപ്പെട്ടിരി ക്കുന്ന സര്‍ക്കാര്‍, കോടികളാണ് നെല്‍ക്കര്‍ഷകര്‍ക്കു കുടിശ്ശികയായി നല്‍കാനുള്ളത്. ബാങ്കുകളുടെ വായ്പാപരിധി
എത്തിയെന്നതിന്റെ പേരില്‍ പല കര്‍ഷകര്‍ക്കും പണം നല്‍കുന്നില്ലെന്നുമാത്രമല്ല, കൊയ്ത നെല്ലു സംഭരിക്കുന്നതിലെ വീഴ്ചമൂലം കണക്കില്ലാ ത്തത്ര നെല്ലാണ് മഴയില്‍ കുതിര്‍ന്നത്.
പുതിയ പ്രതീക്ഷയും വാഗ്ദാനവും കിടങ്ങൂര്‍ റൈസ് പാര്‍ക്കിന്റെ നിര്‍മാണമാണ്. കാര്യക്ഷമമായ നെല്ലുസംഭരണത്തിനു സഹായിച്ചേക്കാമെന്നു കരുതുന്നുവെങ്കിലും ഈ പദ്ധതി ഇപ്പോഴും പേപ്പറില്‍തന്നെയാണ്. അയല്‍സംസ്ഥാ നങ്ങളില്‍ കൃഷിയുള്ളപ്പോള്‍ കേരളത്തിലെന്തിന് എന്ന വിചിത്രചിന്താഗതികളില്‍നിന്നു നമ്മുടെ ഭരണാധികാരികള്‍ വിമോചിതരാകുമെന്നു പ്രത്യാശിക്കാം.
താഴെ വീഴാതെ റബറും കുരുമുളകും ഡല്‍ഹി - മുംബൈ മാര്‍ക്കറ്റുകളില്‍ വില കുതിച്ചുയര്‍ന്നതോടെ കറുത്ത സ്വര്‍ണം മുഖം മിനുക്കി. മുന്‍വര്‍ഷത്തേതിനെക്കാള്‍ 42 ടണ്‍ കുരുമുളകിന്റെ കുറവനുഭവപ്പെട്ട വിപണിയില്‍ ഇടനിലക്കാരുടെ പൂഴ്ത്തിവയ്പ്പുംകൂടിയായപ്പോള്‍ ഇന്ത്യന്‍കുരുമുളകിന്റെ കയറ്റുമതിവില ടണ്ണിന് 450 ഡോളറിലെത്തി. ബ്രസീലിലെ കൊടുംവരള്‍ച്ച ബ്രസീലിയന്‍കുരുമുളകിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതും വിയറ്റ്‌നാംകുരുമുളകിന്റെ ഗുണമേന്മയില്ലായ്മയും ഇന്ത്യന്‍കുരുമുളകിന്റെ വിപണിമൂല്യം കൂട്ടി. വയനാട്, ഹൈറേഞ്ച് കര്‍ഷകര്‍ക്ക് ഏറെ പ്രത്യാശ പകര്‍ന്നുകൊï് കൊച്ചി മാര്‍ക്കറ്റില്‍ പുതിയ കുരുമുളക് കിലോയ്ക്ക് 586 രൂപയ്ക്കും അണ്‍ഗാര്‍ബിള്‍ഡ് 616രൂപയ്ക്കും വില്പന നടന്നുവെന്നത് ശുഭോദര്‍ക്കമാണ്.താഴെ വീണുകിടക്കുന്ന അവസ്ഥയില്‍നിന്നു വീïും കുഴിയിലേക്കു പോയില്ല എന്നതുമാത്രമാണ് 2023 മറയുമ്പോള്‍ റബറിന്റെ ആശ്വാസം. കിലോയ്ക്കു മിനിമം 250 രൂപ കിട്ടിയാല്‍മാത്രം ലാഭകരമാകുന്ന റബര്‍വിലയില്‍ പുതുവര്‍ഷസമ്മാനമായി ലഭിച്ച വര്‍ധന ആര്‍.എസ്.എസ്. ഫോറിന് രïു രൂപമാത്രം.രാജ്യാന്തരതലത്തില്‍ ടയര്‍കമ്പനികള്‍ വില ഉയര്‍ത്തിയതിന്റെ നിഴലില്‍ ഇന്ത്യന്‍കമ്പനികള്‍ നേരിയ വര്‍ധനയ്ക്കു നിര്‍ബന്ധിതരായെങ്കിലും അവര്‍ വില താഴ്ത്താനുള്ള പ്രവണതയാണു കാണിക്കുന്നത്. പുതുവത്സരത്തില്‍ റബ്ബര്‍ കര്‍ഷകനുള്ള ഏക പ്രതീക്ഷ, തറവില പ്രഖ്യാപനം സംബന്ധിച്ചു വിളിച്ചുചേര്‍ക്കാന്‍പോകുന്ന മന്ത്രിസഭായോഗവും വരാനിരിക്കുന്ന ബജറ്റുമാണ്. ഇവിടൊക്കെ പ്രധാനമായി നാം ശ്രദ്ധ കൊടുക്കേïത് രാഷ്ട്രീയേതര കര്‍ഷകസംഘടനകളുടെ ശക്തിപ്പെടുത്തലുകളും ഒരുമനസ്സോടെയുള്ള അണിചേരലുമാണ്.
ശബരി വിമാനത്താവളം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ഏറെ നേട്ടം കൊയ്യാവുന്ന എരുമേലി ശബരിഗിരി വിമാനത്താവളമാണ് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു പദ്ധതി. ശബരിമലയാത്രികര്‍, പ്രവാസികള്‍, ബിസിനസുകാര്‍ തുടങ്ങി നിരവധി പേര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി ഒരു വലിയ ഭൂപ്രദേശത്തിന്റെ സമ്പൂര്‍ണവികസനത്തിന്റെ വാതില്‍പ്പടിയാണ്. ബലമുള്ള മണ്ണ്, വെള്ളം, ഗതാഗതം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗക
ര്യങ്ങള്‍ സുലഭമായ ഈ 'ടേബിള്‍ ടോപ്പ്പീഠഭൂമി' വിമാനത്താവളപദ്ധതിക്ക് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകും എന്നതുതന്നെയാണ് ആകര്‍ഷകമായ കാര്യം. 2023 ല്‍കേന്ദ്രവ്യോമയാനമന്ത്രാലയം സൈറ്റ്ക്ലി യറന്‍സ് നല്‍കിയ ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ കേരളത്തിലെ ആറാമത്തെ അന്താരാഷ്ട്രവിമാനത്താവളമാകും. ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാനുള്ള ബി.ജെ.പി. താത്പര്യം വിമാനത്താവളപദ്ധതിക്ക് ആക്കം പകരുമെങ്കിലും കേരളസര്‍ക്കാര്‍ കടന്നുപോകുന്ന കടമെടുത്തു 'കഞ്ഞികുടിക്കല്‍' എന്ന ഖജനാവുദാരിദ്ര്യവും ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ചുള്ള കോടതിവ്യവഹാരങ്ങളും പദ്ധതിയുടെ വേഗം കുറയ്ക്കുമെന്നു നിശ്ചയമാണ്. എന്നാല്‍ 49 ശതമാനം സ്വകാര്യ ഓഹരിപങ്കാളിത്തമെന്നതും സിയാന്‍ മോഡല്‍ പദ്ധതി എന്ന നിലയില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം നമുക്കുമുമ്പില്‍ തലയുയര്‍ത്തിനില്‍ക്കുന്നതും നമ്മുടെ പ്രതീക്ഷകള്‍ക്കു ജീവന്‍ നല്‍കുന്നു.
വന്യമൃഗശല്യം : കണ്ണുതുറക്കുമോ സര്‍ക്കാര്‍?
പാളുന്ന പ്രതിരോധത്തിന്റെയും അശാസ്ത്രീയമായ കരുതല്‍നടപടികളുടെയും ബാക്കിപത്രമാണ് കേരളത്തിന്റെ മനുഷ്യ ആവാസമേഖലകളില്‍ കൃഷിക്കും മനുഷ്യജീവനും ഭീഷണിയായ വന്യമൃഗശല്യം. വനത്തിലെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതാണു വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നു പറയുന്ന വനംവകുപ്പധികൃതര്‍ ആ അവസ്ഥയിലേക്കെത്തിച്ചേരാന്‍ തങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ സൗകര്യാര്‍ഥം മറന്നു. കോടികള്‍ മുടക്കി നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വൃഥാവിലായത് എങ്ങനെയെന്നും മിണ്ടുന്നില്ല. 2016 നുശേഷം ഇടുക്കിജില്ലയില്‍മാത്രം വന്യജീവി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു പത്തുകോടിയിലേറെ രൂപ ചെലവഴിച്ച വനംവകുപ്പ് ആവാസവ്യവസ്ഥ പുനര്‍നിര്‍മാണം, കാടുവെട്ട്, ഫയര്‍ ബ്രേക്കിങ്, ട്രഞ്ച് പാത്ത് തുടങ്ങി പല പേരുകളില്‍ പല പദ്ധതികള്‍ നടപ്പാക്കിയെങ്കിലും പല കോടികള്‍ മുടക്കിയതല്ലാതെ ഒന്നും സംഭവിച്ചില്ല. നിബന്ധനകള്‍ക്കു വിധേയമായി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയെങ്കിലും പലരുടെയും ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല എന്ന പരാതിയും ബാക്കിയാകുന്നു.
തോട്ടവനങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവികനിബിഡവനങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന പോംവഴി. വനാതിര്‍ത്തികളില്‍ ഹാങ്ങിങ് ഫെന്‍സിങ്ങുകള്‍ സ്ഥാപിച്ചാല്‍ കാട്ടാനശല്യം കുറയ്ക്കുന്നതിനു സാധിക്കും. വനത്തിനുള്ളില്‍ കുളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കോടികളുടെ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിലുള്ള അലംഭാവം കുറ്റകരംതന്നെ. കോടികള്‍ പാഴാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുവശത്തു നടക്കുമ്പോള്‍ ഇപ്പുറം കൃഷിനാശത്തിനും ജീവഹാനിക്കും ലഭിക്കുന്ന നഷ്ടപരിഹാരം അങ്ങേയറ്റം ലജ്ജാകരമാണ്. ഒരു കര്‍ഷകന്റെ ജീവനു ലഭിക്കുന്ന തുക വെറും പത്തു ലക്ഷംമാത്രം. ഹ്രസ്വകാലവിളകളുടെ നാശത്തിനു കൃഷിവകുപ്പു നല്‍കുന്ന നഷ്ടപരിഹാരം പരിഹാസ്യമാണ്. ജനങ്ങളുടെ വിശപ്പകറ്റാന്‍ കൃഷി ചെയ്യുന്നവന്റെ രോദനങ്ങള്‍ നവകേരളവക്താക്കളുടെ കര്‍ണപുടങ്ങളില്‍ തീയായിപ്പതിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
ടൂറിസം മേഖല സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്
ഉത്തരവാദടൂറിസം എന്നത് കേരളത്തിന്റെ ടൂറിസം നയമാണെങ്കിലും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ആ മേഖലയില്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നുവെന്നതാണ് സങ്കടകരമായ യാഥാര്‍ഥ്യം. ചില പ്രത്യേക ഡെസ്റ്റിനേഷനുകളില്‍മാത്രം ശ്രദ്ധ ചെലുത്താതെ പ്രകൃതിഭംഗിയാലും വിഭവങ്ങളാലും സാംസ്‌കാരികപൈതൃകത്താലും സമ്പന്നമായ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളും ഒരു ഏകീകൃത ടൂറിസംനയത്തിനു കീഴില്‍ കൊണ്ടുവരാനുള്ള നയരൂപീകരണമാണ് അഭികാമ്യം. കോട്ടയം, ഇടുക്കി ജില്ലകളെ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. കുമരകവും മൂന്നാറും കാന്തല്ലൂരും വാഗമണ്ണും മാത്രമല്ലല്ലോ ഈ ജില്ലകളുടെ മുഖമുദ്ര.
കുറഞ്ഞ കാലത്തിനുള്ളില്‍ വന്‍വിജയമായ വാട്ടര്‍മെട്രോ പടിഞ്ഞാറന്‍മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. കോട്ടയം, പോര്‍ട്ട് കേന്ദ്രമാക്കി ഈ പദ്ധതി കോട്ടയം ആലപ്പുഴ ജില്ലകളില്‍ ഫലപ്രദമായി നടപ്പാക്കാനാവും. ഈ ജില്ലകളിലെ ടൂറിസംപദ്ധതിക്കു പുതിയ മുഖച്ഛായ നല്‍കാന്‍ ഇതുകൊണ്ടു സാധിക്കും. ഒപ്പം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് കൊച്ചി മെട്രോയുടെ പാത ദീര്‍ഘിപ്പിക്കല്‍ പദ്ധതി. വൈക്കത്തെ തൃപ്പൂണിത്തുറയുമായി ബന്ധിപ്പിക്കാനുള്ള ഈ സ്വപ്നപദ്ധതി മധ്യതിരുവിതാംകൂറിന്റെ യാത്രാദിശകളില്‍ സമൂലപരിവര്‍ത്തനം സാധ്യമാക്കിയേക്കാം.
ഇത്തവണ ശബരിമലയിലും ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച ഗതാഗതനിയന്ത്രണത്തിലും സംഭവിച്ച താളപ്പിഴകള്‍ സമാനതകളില്ലാത്തതായിരുന്നു. കേരളത്തിന്റെ മുഖച്ഛായയ്‌ക്കേറ്റ ഒരു കറുത്ത പാടാണത്. വരുംവര്‍ഷങ്ങളില്‍ അതുണ്ടാവില്ലെന്നു നമുക്ക് ആശിക്കാം.
പ്രവാസികളുടെ സ്വന്തം കേരളമോ?
ഒരു കുടിയേറ്റസംസ്‌കാരം ഉള്ളില്‍ പേറുന്ന ജനതതിയാണ് കേരളത്തിലേത്. എങ്കിലും, നാടുവിട്ടുപോകുന്നതും തിരിച്ചുവരുന്നതുമായ തലമുറകള്‍ ഭാവിയില്‍ സമ്മാനിക്കുക ഒരു വൃദ്ധകേരളത്തെയായിരിക്കും. വിദ്യാഭ്യാസത്തിനുശേഷം മികച്ച വരുമാനമുള്ള ഒരു ജോലി അന്വേഷിച്ചുമാത്രം വിദേശത്തെ നിധിതേടിപ്പോയിരുന്ന മുന്‍തലമുറകളെ അപേക്ഷിച്ച്, അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം തുടര്‍വിദ്യാഭ്യാസവും ജോലിയും സ്ഥിരതാമസവും തേടിയാണ് ഇപ്പോള്‍ അവര്‍ പോകുന്നത്. എന്താണ് അതിനു കാരണമെന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. പ്രശാന്തമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം, സര്‍ക്കാര്‍ജോലികളടക്കം വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലിയുടെ അഭാവം തുടങ്ങിയവയൊക്കെ ഇതിനു കാരണമാണ്. രാജ്യത്തിന്റെ പുരോഗതി തുടര്‍ന്നുവരുന്ന വര്‍ഷങ്ങളില്‍ ഇതേ നിരക്കില്‍ മുമ്പോട്ടുപോയാല്‍ 2027 കഴിയുമ്പോള്‍ അഞ്ചു മില്യന്‍ ഡോളര്‍ സാമ്പത്തികവ്യവസ്ഥയിലേക്ക് ഇന്ത്യ ഉയരുമെന്നും തുടര്‍ന്നുവരുന്ന 25 വര്‍ഷക്കാലം ഇതേ വ്യവസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ വിദേശനിക്ഷേപവും വ്യവസായങ്ങളും മികച്ച തൊഴിലവസരങ്ങളുമുണ്ടാവുമെന്നുമുള്ള പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശവിദഗ്ധന്‍ സഞ്ജീവ് സന്യാലിന്റെ വാക്കുകള്‍ ഈ പുതുവര്‍ഷത്തില്‍ ശുഭോദര്‍ക്കമാണ്.
കാലാവസ്ഥ
കാലാവസ്ഥയെ സംബന്ധിച്ച് മനുഷ്യന്റെ നിസ്സംഗത ആയുസ്സെത്തുംമുമ്പേ ഭൂമിയെ അന്ത്യത്തിലേക്കെത്തിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കാലാവസ്ഥാപരമായി അത്ര സുഖകരമായ ഒരു വര്‍ഷമല്ല നമുക്കു വരാന്‍പോകുന്നത്. എല്‍നിനോ ദുര്‍ബലമാകാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത ഉഷ്ണകാലമാണ് കാത്തിരിക്കുന്നത്. കടുത്ത വേനലിനൊപ്പം ദുര്‍ബലമായ മണ്‍സൂണ്‍കൂടി പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ അനുഭവപ്പെട്ടേക്കാവുന്ന ജലദൗര്‍ലഭ്യം അത്ര നിസ്സാരമാവാന്‍ സാധ്യതയില്ല. ഈ പുതുവര്‍ഷത്തില്‍ നാം എടുക്കേണ്ട പ്രതിജ്ഞ പ്രകൃതിക്കുവേണ്ടി നിലകൊള്ളും എന്നതാണ്. വരുംതലമുറയ്ക്കായി സ്വത്തുക്കള്‍ വാരിക്കൂട്ടുകയും രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതകാലത്തിനപ്പുറം അവര്‍ക്കു നാം കരുതേണ്ടത് ശുദ്ധവായുവും നിര്‍മലമായ വെള്ളവും ഉഷ്ണശാന്തി പകരുന്ന ഇളംകാറ്റുമാണ്.
ആഗോളീകരണത്തിന്റെ ഈ വല്ലാത്ത കാലഘട്ടത്തില്‍ ലോകത്തിന്റെ അതിവിദൂരകോണുകളിലെ സ്പന്ദനങ്ങള്‍പോലും ഒരു പ്രവാസിആശ്രയ സംസ്ഥാനം എന്ന നിലയില്‍ നമ്മെ ബാധിച്ചേക്കാം. യുദ്ധം കുറെ നാള്‍കൂടി നീണ്ടുനില്‍ക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വരം ഉറച്ചതുതന്നെയാണ്. ചില പ്രീണനനയങ്ങളുടെ ഭാഗമായി നമ്മുടെ മാധ്യമങ്ങള്‍ ഇസ്രായേല്‍വിരുദ്ധത കുത്തിനിറച്ച് പേജുകള്‍ രക്താങ്കിതമാകുമ്പോള്‍ അവര്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം താളുകള്‍ക്കുപിന്നില്‍ മറച്ചുപിടിക്കുന്നു. നിലവിലുള്ള സാഹചര്യങ്ങളില്‍ ഒരു മാറ്റമുണ്ടായി മറ്റു സഖ്യരാജ്യങ്ങള്‍കൂടി യുദ്ധമുന്നണിയില്‍ നേരിട്ടു പങ്കാളികളാവാന്‍ തുനിഞ്ഞാല്‍ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങള്‍ നമുക്കു ശുഭദായകമായിരിക്കില്ല.
പുതുവര്‍ഷം നമുക്കു പുതിയ ആകാശവും പുതിയ ഭൂമിയും സമ്മാനിക്കട്ടെ എന്നുമാത്രമേ പരസ്പരം ആശംസിക്കാവൂ. അങ്ങനെയേ ആഗ്രഹിക്കാവൂ. കേരളത്തിന്റെയും ഭാരതത്തിന്റെയും ഭാവി സമ്മോഹനമാവുകതന്നെ ചെയ്യണം. നമുക്ക് അഞ്ചു മില്യണ്‍ ഡോളര്‍ ഇക്കോണമി വേണം. ലോകത്തിന്റെ നിറുകയില്‍ നമ്മുടെ പതാക പാറണം. പക്ഷേ, വേദനയോടെയെങ്കിലും നാം മലയാളികള്‍ക്ക് ഒരു ബോധ്യം ഉണ്ടാവണം. 30 ലക്ഷം മലയാളികള്‍ ഇന്ത്യയ്ക്കു വെളിയിലുണ്ട.് അതുകൊണ്ടുതന്നെ വ്യോമയാന ഗതാഗതം മുമ്പോട്ടു കുതിക്കുന്നു. നാലു ലക്ഷത്തിലേറെ അതിഥിത്തൊഴിലാളികളുള്ള കേരളത്തില്‍ 29 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു.
ഇതൊന്നുമല്ല പ്രധാനകാര്യം, ഈ പുതുവര്‍ഷത്തില്‍ ഓരോ കേരളീയനും 1.20 ലക്ഷം രൂപയുടെ കടക്കാരനാവും. അതായത്, കേരള സര്‍ക്കാരിന്റെ അധികബാധ്യത 4.30 ലക്ഷം കോടി രൂപ. കിഫ്ബിയടക്കമുള്ള മറ്റു കടമെടുപ്പുകൂടി കണക്കില്‍പ്പെടുത്തിയാല്‍ മറ്റൊരു മുപ്പതിനായിരം കോടികൂടി വരും.
പുതുവര്‍ഷം നമുക്കായി ഒരു സാമ്പത്തിക അടിയന്തരാവസ്ഥ കാത്തുവയ്ക്കാതിരിക്കട്ടെ. നമ്മുടെ സ്വപ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും നിറവേറട്ടെ.